ഹൃദയ കണ്ണുകള്‍ ദൈവത്തില്‍. എന്തെല്ലാം ദുരിതങ്ങളും കഷ്ടതകളും ഉണ്ടായാലും അതെല്ലാം ദൈവകുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹമായിട്ടേ തീരുകയുള്ളു. നമുക്കാപത്തുണ്ടായാലും ദാരിദ്ര്യം ഉണ്ടായാലും നമ്മുടെ ഉള്‍ക്കണ്ണുകള്‍ ദൈവത്തില്‍ നിന്നു പറിക്കാതെ ജീവിക്കുന്നിടത്തോളം കാലം നമുക്ക് യാതൊരു ദോഷത്തേയും ഭയന്നിട്ടു കാര്യമില്ല.
കുരിശ്. സമസൃഷ്ടങ്ങള്‍ക്കുവേണ്ടി തങ്ങളെത്തന്നെ ബലി കഴിക്കുന്നതാണ് സാക്ഷാല്‍ കുരിശ്. കുരിശ് വിനയത്തിന്‍റെയും ക്ഷമയുടെയും അടയാളമാകുന്നു. സത്യത്തിനും നീതിക്കും വേണ്ടി എന്തു കഷ്ടതയും സഹിക്കുവാന്‍ തയ്യാറാകുന്നതാണ് കുരിശ്. ക്രിസ്ത്യാനികള്‍ക്ക്, സ്ളീബാ ജയത്തിന്‍റെ അടയാളവും കൊടിയും ആകുന്നു. നമ്മുടെ അഭയസ്ഥാനവും ആശ്രയവും സ്ളീബാ ആകുന്നു.
പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ ശക്തി വലിയതാകുന്നു. നമ്മുടെ ഹൃദയങ്ങളെ സ്രഷ്ടാവായ ദൈവത്തിങ്കലേക്കുയര്‍ത്തി തന്നോടു കൂടെ സംസര്‍ഗ്ഗം ചെയ്യുന്നതാകുന്നു പ്രാര്‍ത്ഥന.
നാം അവനവനു വേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ രക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നവരായിരിക്കണം. നമ്മുടെ പ്രാര്‍ത്ഥന നമ്മെക്കുറിച്ചു മാത്രം ആയിരിക്കരുത്.
ഞാനും എനിക്കുള്ള സകലതും നശിച്ചാലും എന്‍റെ പ്രാര്‍ത്ഥനകളും പ്രവൃത്തികളും കര്‍ത്താവിന്‍റെ നാമം മഹത്വപ്പെടുന്നതിനു വേണ്ടിയായിരിക്കട്ടെ എന്ന ചിന്ത ഓരോരുവനെയും ഭരിക്കട്ടെ.
ത്യാഗം. നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി കര്‍ത്താവിനെ പ്രതി എന്തു സഹിക്കേണ്ടി വന്നാലും നമ്മുടെ രക്തം ചിന്തേണ്ടി വന്നാലും നാം അതു ചെയ്യണം.
ഏതു കാര്യത്തിനുവേണ്ടി എന്‍റെ ആയുസ്സ് ഉപയോഗിച്ചുവോ ആ കാര്യത്തിനുവേണ്ടി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നതാണ് മനസ്സിന് സ്വസ്ഥതയും ആശ്വാസവും. അങ്ങനെയല്ലെങ്കില്‍ മനസ്സിന് സമാധാനക്കുറവും നീറ്റലുമാണ്.
സമുദായത്തിന്‍റെ ഉന്നതി അതിനായി പ്രയത്നിക്കുന്ന ആളുകളുടെ സ്വയപരിത്യാഗത്തിന്‍റെ ആധിക്യത്തിന്മേല്‍ ആശ്രയിച്ചിരിക്കുന്നുവെന്നുള്ളത് നിസ്സംശയമായ ഒരു സംഗതിയാകുന്നു.
എന്തെങ്കിലും വിരുദ്ധതയുള്ളപ്പോള്‍ ചുമതല വിട്ടുപോകുമെന്നു പറയുന്നത് ബുദ്ധിയല്ല.
സമാധാനം. എന്‍റെ ജീവന് ഒരുവേള അപകടം സംഭവിച്ചാലും മലങ്കര സഭയില്‍ സമാധാനമുണ്ടാക്കുവാന്‍ കഴിയുമെങ്കില്‍ അത് സാധിക്കണമെന്ന് എനിക്കതിയായ താല്പര്യമുണ്ട്.
സമാധാനത്തിനുവേണ്ടി നാമോരോരുത്തരും നമ്മെത്തന്നെ ബലികഴിക്കേണ്ടവരാണ്. എന്നാല്‍, സമാധാനത്തിന്‍റെ നാമത്തില്‍ എന്തെങ്കിലും മനസ്സാക്ഷിക്ക് ചേരാത്തത് ചെയ്തിരുന്നെങ്കില്‍ എനിക്ക് ദുഃഖവും വേദനയും ഉണ്ടാകുമായിരുന്നു. സമാധാനത്തിനു വേണ്ടി ഒരുത്തന്‍ തന്‍റെ വിശ്വാസം ഉപേക്ഷിക്കുകയോ മനസ്സാക്ഷിക്കെതിരായി പ്രവര്‍ത്തിക്കുകയോ ചെയ്യുവാന്‍ പാടില്ല.
അനുതാപം. സത്യ അനുതാപം എന്നു പറയുന്നത് ചെയ്തുപോയ പാപങ്ങള്‍ക്കുവേണ്ടി ദുഃഖിച്ചു മാപ്പു ചോദിക്കുകയും ചെയ്തുവരുന്ന പാപങ്ങളില്‍ നിന്നു ഒഴികയും, മേലില്‍ ദൈവത്തിനിഷ്ടമാം വണ്ണം പരമാര്‍ത്ഥമുള്ള അനുസരണത്തില്‍ നടക്കുമെന്ന് മനസ്സില്‍ ഉറയ്ക്കുകയും ചെയ്യുന്നതാകുന്നു.
സഭ. നമ്മുടെ സഭ ദൈവത്തിന്‍റെ വകയാണെന്നും അത് ഒരിക്കലും നശിച്ചുപോകാനിടയില്ലെന്നും നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കേണ്ടതാണ്.