മോശയുടെ അമ്മായിയപ്പനും മലങ്കരസഭയും / ഡോ. എം. കുര്യന്‍ തോമസ്


പഴയനിയമത്തിലെ അപ്രധാന വ്യക്തികളില്‍ ഒരാളാണ് മിദ്യാന്യ പുരോഹിതനായ യിത്രോ. അദ്ദേഹത്തിനു മലങ്കരസഭയുമായി എന്തു ബന്ധം എന്നു ചോദിക്കുന്നതിനു മുമ്പ് അദ്ദേഹം എന്തു ചെയ്തു എന്നു മനസിലാക്കണം.

യിത്രോയുടെ പുത്രിയായ സിപ്പോറാ ആയിരുന്നു യഹൂദരുടെ വിമോചന നായകനായ മോശയുടെ ഭാര്യ എന്നതൊഴികെ മറ്റു പങ്കൊന്നും അദ്ദേഹത്തിനു പ്രത്യക്ഷമായി പഴയനിയമത്തില്‍ ഇല്ല. എന്നാല്‍ ഇന്ന് ലോകമെങ്ങുമുള്ള മാനേജ്മെന്‍റ് പാഠശാലകളില്‍ ആദ്യപാഠത്തിലെ നായകനാണ് യിത്രോ. ലോകത്തിലെ ആദ്യ മാനേജ്മെന്‍റ് ഉപദേശകനായി ആണ് യിത്രോ വിശേഷിപ്പിക്കപ്പെടുന്നത്.

പുറപ്പാട് പുസ്തകം 18-ാം അദ്ധ്യായത്തിലാണ് ഈ സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നത്. …എന്നാല്‍ മോശയുടെ അമ്മായപ്പനായ യിത്രോ അവന്‍റെ പുത്രന്മാരോടും അവന്‍റെ ഭാര്യയോടും കൂടി മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയില്‍ ദൈവത്തിന്‍റെ പര്‍വ്വതത്തിങ്കല്‍ അവന്‍റെ അടുക്കല്‍ വന്നു… പിറ്റെന്നാള്‍ മോശെ ജനത്തിനു ന്യായം വിധിപ്പാന്‍ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു. അവന്‍ ജനത്തിനുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പന്‍ കണ്ടപ്പോള്‍: നീ ജനത്തിനുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്തു? നീ ഏകനായി വിസ്തരിപ്പാന്‍ ഇരിക്കയും ജനം ഒക്കെയും രാവിലെ തുടങ്ങി വൈകുന്നേരം വരെ നിന്‍റെ ചുറ്റും നില്‍ക്കയും ചെയ്യുന്നതു എന്തു എന്നു അവന്‍ ചോദിച്ചു. മോശെ തന്‍റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാന്‍ ജനം എന്‍റെ അടുക്കല്‍ വരുന്നു. അവര്‍ക്കു ഒരു കാര്യം ഉണ്ടാകുമ്പോള്‍ അവര്‍ എന്‍റെ അടുക്കല്‍ വരും. അവര്‍ക്കു തമ്മിലുള്ള കാര്യം ഞാന്‍ കേട്ടു വിധിക്കയും ദൈവത്തിന്‍റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു. അതിന്നു മോശെയുടെ അമ്മായപ്പന്‍ അവനോടു പറഞ്ഞതു: നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവര്‍ത്തിപ്പാന്‍ നിനക്കു കഴിയുന്നതല്ല. ആകയാല്‍ എന്‍റെ വാക്കു കേള്‍ക്ക; ഞാന്‍ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടു കൂടെ ഇരിക്കും; നീ ജനത്തിനുവേണ്ടി ദൈവസന്നിധിയില്‍ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയില്‍ കൊണ്ടുചെല്ലുക. അവര്‍ക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക. അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തില്‍ നിന്നും തെരഞ്ഞെടുത്തു അവരെ ആയിരംപേര്‍ക്കു അധിപതിമാരായും നൂറുപേര്‍ക്കു അധിപതിമാരായും അമ്പതുപേര്‍ക്കു അധിപതിമാരായും പത്തുപേര്‍ക്കു അധിപതിമാരായും നിയമിക്ക. അവര്‍ എല്ലാ സമയത്തും ജനത്തിനു ന്യായം വിധിക്കട്ടെ; വലിയ കാര്യം ഒക്കെയും അവര്‍ നിന്‍റെ അടുക്കല്‍ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവര്‍ തന്നേ തീര്‍ക്കട്ടെ; ഇങ്ങനെ അവര്‍ നിന്നോടുകൂടെ വഹിക്കുന്നതിനാല്‍ നിനക്കു ഭാരം കുറയും. നീ ഈ കാര്യം ചെയ്കയും ദൈവം അതു അനുവദിക്കയും ചെയ്താല്‍ നിനക്കു നിന്നു പൊറുക്കാം. ഈ ജനത്തിന്നൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകയുമാവാം. മോശെ തന്‍റെ അമ്മായപ്പന്‍റെ വാക്കു കേട്ടു, അവന്‍ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു. മോശെ എല്ലാ യിസ്രായേലില്‍ നിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ ആയിരം പേര്‍ക്കു അധിപതിമാരായും നൂറുപേര്‍ക്കു അധിപതിമാരായും അമ്പതു പേര്‍ക്കു അധിപതിമാരായും പത്തുപേര്‍ക്കു അധിപതിമാരായും ജനത്തിനു തലവന്മാരാക്കി. അവര്‍ എല്ലാ സമയത്തും ജനത്തിനു ന്യായം വിധിച്ചു വന്നു; വിഷമമുള്ള കാര്യം അവര്‍ മോശെയുടെ അടുക്കല്‍ കൊണ്ടുവരും; ചെറിയ കാര്യം ഒക്കെയും അവര്‍ തന്നെ തീര്‍ക്കും. അതിന്‍റെ ശേഷം മോശെ തന്‍റെ അമ്മായപ്പനെ യാത്ര അയച്ചു… ഇതാണ് യിത്രോ പറഞ്ഞതും മോശ പ്രവര്‍ത്തിച്ചതും.

അടിസ്ഥാന മാനേജ്മെന്‍റ് തത്വങ്ങളില്‍പ്പെട്ട തൊഴില്‍ വിഭജനം (Division of Labour), അധികാര ശ്രേണി (Scalar Chain), അധികാരവും ഉത്തരവാദിത്വവും (Authority & Responsibility) ഇവയൊക്കെ യിത്രോയുടെ ഈ ഉപദേശത്തില്‍ കടന്നുവരുന്നുണ്ട്. യിത്രോയുടെ ഉപദേശം കേട്ടു അതു പ്രാവര്‍ത്തികമാക്കിയ മോശ ആദ്യത്തെ പ്രൊഫഷണല്‍ മാനേജര്‍ ആയി ആണ് പരിഗണിക്കപ്പെടുന്നത്.

ആദിമസഭയില്‍ത്തന്നെ അധികാര-ഉത്തരവാദിത്വ വിഭജനം നടപ്പാക്കിയിരുന്നു (അധികാരവും ഉത്തരവാദിത്വവും അവിഭാജ്യമായി പരസ്പരബന്ധിതമാണ്. ഉത്തരവാദിത്വമില്ലാത അധികാരമോ, അധികാരമില്ലാതെ ഉത്തരവാദിത്വമോ ഇല്ല). ആദിമ ക്രൈസ്തവര്‍ ഒരു സഭയായി രൂപപ്പെട്ടപ്പോള്‍തന്നെ ഇത് നടപ്പാക്കി. ഏഴു ശെമ്മാശന്മാരെ നിയോഗിച്ചത് (അപ്പോ. പ്രവ. 6:1-6) ഈ കാഴ്ചപ്പാടോടെയാണ്.

നിഖ്യാ സുന്നഹദോസോടെ കേന്ദ്രീകൃത സ്വഭാവം വന്ന റോമാ സാമ്രാജ്യത്തിലെ സഭയില്‍ അധികാര വിഭജനവും അധികാരശ്രേണിയും രൂപപ്പെട്ടത് റോമാ സാമ്രാജ്യ സിവില്‍ ഭരണ സംവിധാനത്തിനു സമാനമായാണ്. അതനുസരിച്ച് നാലു പാത്രിയര്‍ക്കീസുമാര്‍, അവര്‍ക്കു താഴെ മെത്രാപ്പോലീത്താമാര്‍, എപ്പിസ്ക്കോപ്പാമാര്‍, കശീശാമാര്‍ എന്നിങ്ങനെ വൈദീകശ്രേണി (Hierarchy) രൂപമെടുത്തു. കാലക്രമേണ അവയെ നിയന്ത്രിക്കുന്ന നിയമസംഹിതകളും (Code of Canons) വികസിച്ചു. ഇന്ന് ലോകമെങ്ങുമുള്ള എപ്പിസ്ക്കോപ്പല്‍ സഭകളില്‍ നിലനില്‍ക്കുന്നത് ഈ സംവിധാനമാണ്.

അധികാരം ഇപ്രകാരം ശൃംഘലാബന്ധിതമായെങ്കിലും നയരൂപീകരണം (Policy Making) കൂട്ടായ തീരുമാനം (Synodical) ആയിരുന്നു. കാലക്രമേണ അവൈദികരും കശീശാമാരും ഈ പ്രക്രിയയില്‍ നിന്നും പുറത്തായി. സുന്നഹദോസ് വെറും എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആയി ചുരുങ്ങി. ഇന്നും നിലനില്‍ക്കുന്നത് ഈ സംവിധാനമാണ്.

റോമാസാമ്രാജ്യത്തില്‍ നിന്നും വിദൂരമായിരിക്കുന്ന മലങ്കരയില്‍ ഈ ഭരണ സംവിധാനമൊന്നും നിലവില്‍ വന്നില്ല. പോര്‍ട്ടുഗീസ് കാലഘട്ടംവരെ ഒരു സഭ എന്ന നിലയില്‍പ്പോലും നസ്രാണികള്‍ സംഘടിച്ചില്ല. ദേശത്തു പള്ളികളും അവയുടെ പള്ളിയോഗങ്ങളുമായിരുന്നു അടിസ്ഥാന ഘടകം. നമ്പൂതിരി കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയില്‍ നസ്രാണികള്‍ സംഘടിച്ചത് ഒരു ജാതി ആയിട്ടാണ്. അതാകട്ടെ പരിമിതമായെങ്കിലും നിയന്ത്രിക്കപ്പെട്ടിരുന്നത് മലങ്കര പള്ളിയോഗം, ജാതിക്കു തലവന്‍ എന്നിവയാലും. നയരൂപീകരണം, പരാതികളും വിധികളും ഇവ സമൂഹത്തിന്‍റെ – പള്ളിയോഗത്തിന്‍റെ – കൂട്ടായ തീരുമാനമായിരുന്നു. യെറുശലേം സുന്നഹദോസ് (അപ്പോ. പ്രവ. 15:6) ആയിരുന്നു നസ്രാണി നയരൂപീകരണ സംവിധാനത്തിന്‍റെ മാതൃക.

1599-1653 കാലഘട്ടത്തിലെ റോമന്‍ കത്തോലിക്കാ ഭരണം നസ്രാണികള്‍ക്കിടയില്‍ സഭ എന്ന സംവിധാനത്തെ അവതരിപ്പിച്ചെങ്കിലും കാര്യമായ ചലനമൊന്നും സൃഷ്ടിക്കാന്‍ അതിനു സാധിച്ചില്ല. പക്ഷേ ഒരു മെത്രാന്‍റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഇതിനു സാധിച്ചു എന്നതിനാലാണ് 1653-ല്‍ അന്നത്തെ ജാതിക്കു തലവനെ മെത്രാനാക്കിയത്. തുടര്‍ നൂറ്റാണ്ടുകളില്‍ വളരെ മന്ദഗതിയിലാണ് സഭ എന്ന ഭരണ സംവിധാനം നസ്രാണികള്‍ക്കിടയില്‍ വേരൂന്നിയത്.

1809-ലെ കണ്ടനാട് പടിയോല വരെ ഇടവക ഭരണത്തിന് കമ്മിറ്റി എന്ന സംവിധാനം പോലും ഇല്ലായിരുന്നു. പള്ളിയോഗം മൊത്തമായി ആയിരുന്നു കാര്യനിര്‍വഹണം നടത്തിയിരുന്നത്. 1853-ലെ ചട്ടവര്യോല അതിനു …1-മത. അതാതു പള്ളികളിലെ പട്ടക്കാറരും അയിമ്മെനികാറരും കൂടുംപൊള്‍ യൊഗമാകുന്നു. എങ്കിലും എല്ലാവരും എല്ലാ സമയത്തും യൊഗംകൂടി എല്ലാ കാര്‍യ്യങ്ങളും നടത്തിപ്പാന്‍ എളുപ്പമല്ലായ്കകൊണ്ടു, ആത്മസംബന്ധമായുള്ള കാര്യങ്ങള്‍ ചുമതലപ്പട്ടു നടത്തുവാനായിട്ടു പള്ളിതൊറും വിഗാരിമാരെയും, മുതല്‍ സംബന്ധമായുള്ള കാര്യങ്ങള്‍ ചുമതലപ്പെട്ട നടത്തുവാനായിട്ടു പള്ളിതൊറും മുതല്‍കെട്ടു കൈയ്ക്കാറന്മാരെയും നിശ്ചയിച്ച കല്പിയ്ക്കണം… എന്നു കൂടുതല്‍ വ്യക്തത നല്‍കി. ഇതിന്‍റെ ചുവടുപിടിച്ച് 1934-ലെ സഭാ ഭരണഘടനയാണ് ഇന്നു കാണുന്ന ഭരണസംവിധാനം ഇടവകതലത്തില്‍ ക്രമപ്പെടുത്തിയത്.

കേന്ദ്രതലത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടു വരെ മലങ്കര മെത്രാനും മലങ്കരപള്ളിയോഗവും ചേര്‍ന്ന് നയരൂപീകരണം നടത്തിവന്നു. പ്രായോഗിക ഭരണം മലങ്കര മെത്രാനില്‍ ഒതുങ്ങി. പഴയസെമിനാരിയും വട്ടിപ്പണ പലിശയും ഉണ്ടാകുന്നതു വരെ ഭരിക്കുവാന്‍ പൊതുമുതല്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ അതൊരു വിഷയമായിരുന്നില്ല. പരമ്പരാഗതമായി പകലോമറ്റം കുടുംബത്തില്‍നിന്നും മാര്‍ത്തോമ്മാ മെത്രാന്മാരെ വാഴിച്ചുവന്നതിനാല്‍ തിരഞ്ഞെടുപ്പ് എന്ന പ്രശ്നവും ഉണ്ടായില്ല. പാരമ്പര്യ വാഴ്ച അവസാനിച്ചതോടെ മെത്രാനെ തിരഞ്ഞെടുക്കാനുള്ള അധികാരം മലങ്കരപള്ളിയോഗം കൈയാളി.

പഴയസെമിനാരി, വട്ടിപ്പണപലിശ എന്നീ പൊതുമുതലുകള്‍ ഉണ്ടായതോടെ അവയുടെ കൈകാര്യനിര്‍വഹണത്തെക്കുറിച്ചു പരാതികളും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് 1840-ലെ കൊച്ചി പഞ്ചായത്ത് വിധിയില്‍ മെത്രാനോടൊപ്പം ഒരു കത്തനാരും ഒരു അവൈദികനും കൂട്ടുട്രസ്റ്റിമാരായി ഉണ്ടാകണം എന്ന നിര്‍ദ്ദേശം വന്നത്. പക്ഷേ അതനുസരിച്ച് ആദ്യം തിരഞ്ഞെടുപ്പു നടക്കുന്നത് 1869-ല്‍ മാത്രമാണ്. ആ വര്‍ഷം വട്ടിപ്പണപലിശയുടെ ഭീമമായ കുടിശിക കൈപ്പറ്റിയപ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ ഒരു കമ്മിറ്റിയേയും നിയമിച്ചു. പക്ഷേ ഈ കമ്മിറ്റി അല്പായുസ് ആയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മെത്രാന്മാരുടെ ഏകനായകത്വം എന്ന വിവാദം സഭയില്‍ ഉയര്‍ന്നുവന്നത്. ഇത്തരം ഏകാധിപത്യപ്രവണതകള്‍ക്കു തടയിടാനാണ് പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ 1873-ല്‍ പരുമല കൂടിയ മലങ്കര പള്ളിയോഗത്തില്‍ മെത്രാന്മാരുടെ ഏകനായകത്വത്തിനു എതിര്‍ശക്തിയായിയായി മലങ്കര അസോസിയേഷനും, അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിക്കും രൂപംകൊടുത്തത്. 1876-ലെ മുളന്തുരുത്തി സുന്നഹദോസോടുകൂടി എടത്തിലെ മര്യാദയുടെ മാത്രം അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന മലങ്കരപള്ളിയോഗം വ്യക്തമായ നിയമാവലിയോടുകൂടിയ അസോസിയേഷനു വഴിമാറി. അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി നസ്രാണിയുടെ നയരൂപീകരണ വേദിയായി.

1889-ലെ റോയല്‍ കോടതി വിധിമുതല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി ആരംഭിച്ച അധികാര വടംവലിയില്‍ മലങ്കര മെത്രാന്‍റെ ഏറ്റവും വലിയ ശക്തി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി ആയിരുന്നു. കോടതി നിരാകരിച്ച പാത്രിയര്‍ക്കീസിന്‍റെ ലൗകികാധികാരം സ്ഥാപിച്ചു കിട്ടുവാനുള്ള എല്ലാ ശ്രമങ്ങളേയും അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി നിരാകരിച്ചു. ഈ പശ്ചാത്തലത്തില്‍ വേണം അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി, തന്‍റെ അധികാരിയും ഉപദേശകനും സഹായിയും ആണ് എന്ന പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ പരാമര്‍ശനത്തെ വിലയിരുത്താന്‍. ആണ്ടില്‍ രണ്ടു പ്രാവശ്യമെങ്കിലും മാനേജിംഗ് കമ്മിറ്റി കൂടണമെന്നു ഭരണഘടന 81-ാം വകുപ്പുപ്രകാരം വ്യവസ്ഥ ചെയ്യുന്നു.

പത്രോസ് പാത്രിയര്‍ക്കീസ് 1876-77 കാലത്ത് മലങ്കരയെ ഏഴ് ഇടവകകളായി തിരിച്ചതും ആറു മെത്രാന്മാരെക്കൂടി വാഴിച്ചതും മലങ്കരയെ ഉദ്ധരിക്കാന്‍ ഒന്നും ആയിരുന്നില്ല, മറിച്ച് തന്‍റെ സാമ്രാജ്യത്വ മോഹങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ആയിരുന്നു. പക്ഷേ നയകോവിദനായ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ അവരെ തന്‍റെ കീഴ്സ്ഥാനികളും സഹായികളും ആക്കുന്നതില്‍ വിജയിച്ചു. എങ്കില്‍പ്പോലും വ്യവസ്ഥാപിതമായ ഒരു എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് മലങ്കര സഭയില്‍ ഉണ്ടാകുന്നത് 1934-ലെ ഭരണഘടനപ്രകാരമാണ്. അതോടെ ലൗകികഭരണം മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷനായ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി നടത്തുമ്പോള്‍ സഭയുടെ ആത്മിക ഭരണം പൗരസ്ത്യ കാതോലിക്കാ അദ്ധ്യക്ഷനായ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ നിക്ഷിപ്തമായി. ഹൂദായ കാനോന്‍ അനുസരിച്ച് (ഏഴാം കെപ്പാലയോന്‍, രണ്ടാം പെസൂക്കാ, ശ്ലീഹന്മാര്‍ 34) കിഴക്കിന്‍റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മോ മാത്യൂസ് പ്രഥമന്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആണ്ടില്‍ രണ്ടു പ്രാവശ്യം കൂടണമെന്നു വ്യവസ്ഥ ചെയ്തു.

ഇവയൊക്കെയും ക്രമീകരിച്ചത് മുഖ്യമായും സഭാദ്ധ്യക്ഷന്‍റെ ഭരണസമ്മര്‍ദ്ദം (Administrative stress) കുറയ്ക്കുവാന്‍ വേണ്ടിയാണ്. ആത്മീയ-ലൗകിക ഭരണം യഥാക്രമം കാതോലിക്കായ്ക്കും മലങ്കര മെത്രാപ്പോലീത്തായ്ക്കുമായി വേര്‍തിരിച്ച മലങ്കരസഭ ഈ രണ്ടു സ്ഥാനവും വഹിക്കുന്നതിന് ഒരാളെ ചുമതലപ്പെടുത്തി ഇരട്ട അധികാരകേന്ദ്രങ്ങളുടെ (Duel authority centres) പ്രശ്നം ഒഴിവാക്കി. സഭാദ്ധ്യക്ഷനെ ദൈനംദിന ഭരണത്തില്‍ സഹായിക്കാന്‍ ആത്മിക വിഷയങ്ങളില്‍ സിനഡ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയേയും ലൗകികങ്ങളില്‍ വര്‍ക്കിംഗ് കമ്മിറ്റിയേയും ക്രമീകരിച്ച് ഭരണസംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഭരണഘടനാ ശില്പികള്‍ ശ്രദ്ധിച്ചു. കടുത്ത യാഥാസ്ഥിതികനായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ എണ്ണ സേവിച്ച് വി. കുര്‍ബാന അര്‍പ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയില്‍ ഇരിക്കുമ്പോള്‍പോലും സിനഡ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ഡയറിക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നുണ്ട്. അത്ര ഗൗരവമായി ആണ് പിതാക്കന്മാര്‍ ഈ സംവിധാനത്തെ കണ്ടിരുന്നത്.

ഭരണസമ്മര്‍ദ്ദം ലഘൂകരിക്കുക എന്നതിലുപരി സിനോഡിക്കലായി നയരൂപീകരണവും വിധിപ്രഖ്യാപനങ്ങളും ക്രമീകരിച്ചത് അവയിലെ വ്യക്തിപരമായ പിഴവുകള്‍ (Error in judgement) ഒഴിവാക്കാനാണ്. ഒരാള്‍ നടത്തുന്ന വിധിപ്രഖ്യാപനത്തില്‍ തെറ്റു വരാം. അതിനാലാണ് പിഴവുകള്‍ അസംഭാവ്യമെങ്കിലും … പിതാവും ഞാനും കൂടിയാണ് ന്യായം വിധിക്കുന്നത്… രണ്ടുപേരുടെ സാക്ഷ്യം സത്യമാകുന്നുവല്ലോ… എന്നു കര്‍ത്താവ് തന്നെ പറഞ്ഞത്. അധികാരം വിഭജിച്ചു നല്‍കുമ്പോള്‍ ഉത്തരവാദിത്വവും തദനുസൃതമായി വിഭജിക്കപ്പെടും. തെറ്റുകളുടെ ഉത്തരവാദിത്വം സഭാദ്ധ്യക്ഷന്‍റെ തലയില്‍ നിന്നും സമിതികളിലേയ്ക്കു മാറ്റപ്പെടും. ഭരണഘടനാ നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തത് അതാണ്.

സഭാദ്ധ്യക്ഷനെ സഹായിക്കാന്‍ കാര്യാലോചനാ സമിതിയെ വയ്ക്കുക എന്നത് നസ്രാണി പണ്ടു മുതലെ അനുവര്‍ത്തിച്ചു വന്ന ഒരു നടപടിയാണ്. 1653-ല്‍ മാര്‍ത്തോമ്മാ ഒന്നാമനെ വാഴിച്ചപ്പോള്‍ ..അന്നത്തെ വിചാരക്കാറര്‍ കടുത്തുരുത്തില്‍ കടവില്‍ ചാണ്ടി കത്തനാരും, കുറവിലങ്ങാട്ടു പള്ളിവീട്ടില്‍ ചാണ്ടി കത്തനാര്‍, അങ്കമാലിക്കരെ വെങ്ങുര ഗീവറുഗീസു കത്തനാരും, കല്ലിച്ചെരില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരും. ഈ വിചാരകര്‍ മൂവാണ്ടില്‍ കൂടിവിചാരം ഉണ്ടാകുമ്പോള്‍ മാറിക്കല്‍പിക്കയും… എന്ന് ക്രമപ്പെടുത്തുകയാണ് നസ്രാണികള്‍ ചെയ്തത്. വീണ്ടും 1809-ല്‍ മാര്‍ത്തോമ്മാ എട്ടാമന്‍റെ കാര്യവിചാരകരായി കായംകുളം പീലിപ്പോസ് റമ്പാനെയും പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനെയും മലങ്കര പള്ളിയോഗം നിയമിച്ചു. ഇതൊന്നും മലങ്കര മെത്രാനെ ഒതുക്കാന്‍ ആയിരുന്നില്ല. പകരം അതത് കാലത്ത് ഏറ്റവും പ്രഗ്തഭരായവരെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയത് സഭാദ്ധ്യക്ഷനെ തെറ്റുകുറ്റങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ആയിരുന്നു. ഇന്നും സഭ ചെയ്യുന്നത് അതാണ്. ചിലര്‍ ചിന്തിക്കുന്നത് മറിച്ചാണെങ്കിലും.

ഇനി യിത്രോയിലേയ്ക്കു മടങ്ങാം. അദ്ദേഹം മഹാപുരോഹിതനായ മോശയ്ക്ക് നല്‍കിയ ഉപദേശത്തിലെ മലങ്കരസഭയ്ക്ക് വര്‍ത്തമാനകാലത്തില്‍ പ്രസക്തമായ ഏതാനും വസ്തുതകളിലേയ്ക്കു കണ്ണോടിയ്ക്കാം.

1. …നീ ജനത്തിനുവേണ്ടി ദൈവസന്നിധിയില്‍ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയില്‍ കൊണ്ടുചെല്ലുക. അവര്‍ക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക… അതാണ് മലങ്കരസഭാദ്ധ്യക്ഷനില്‍ നിന്നും നസ്രാണികള്‍ പ്രതീക്ഷിക്കുന്നത്. പ. പിതാവിനെ അതിനു സജ്ജനാക്കാനാണ് വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ – കൂട്ടു ട്രസ്റ്റിമാര്‍, സിനഡ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി ഇവയെ സഭ ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഭദ്രാസന മെത്രാപ്പോലീത്താമാരുമുണ്ട്. നിസാരകാര്യങ്ങള്‍ അവര്‍ ചെയ്യട്ടെ. അതിന്‍റെ പ്രതികരണവും അവര്‍ അനുഭവിക്കട്ടെ. അത്യുന്നത മഹാപുരോഹിതന്‍ ദൈവത്തിനും ജനത്തിനും മദ്ധ്യേ ഇരിക്കുക മാത്രം ചെയ്യുക. ദൈനംദിന കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ ആരും ഉപദ്രവിക്കരുത്.

2. …നീയും നിന്നോടു കൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവര്‍ത്തിപ്പാന്‍ നിനക്കു കഴിയുന്നതല്ല… ഈ യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം. എടുത്താല്‍ പൊങ്ങാത്ത ഭാരമാണ് ഇന്നു പ. പിതാവിന്‍റെമേല്‍ കെട്ടിവെയ്ക്കുന്നത്. അദ്ദേഹം ക്ഷീണിക്കുമ്പോള്‍ ബലഹീനമാവുന്നത് പ. സഭയാണെന്നത് തുമ്പിയേക്കൊണ്ട് കല്ലെടുപ്പിക്കുന്നവര്‍ മനസിലാക്കണം. ഭദ്രാസന മെത്രാപ്പോലീത്താമാരും വ്യവസ്ഥാപിത സമിതികളും ചെയ്യേണ്ട കടമകള്‍ അവര്‍ നിര്‍വഹിക്കട്ടെ. അതിന് പ. പിതാവിനെ ഉപദ്രവിക്കരുത്.

3. … സകലജനത്തില്‍ നിന്നും തെരഞ്ഞെടുത്തു അവരെ … നിയമിക്ക. അവര്‍ എല്ലാ സമയത്തും ജനത്തിനു ന്യായം വിധിക്കട്ടെ; വലിയ കാര്യം ഒക്കെയും അവര്‍ നിന്‍റെ അടുക്കല്‍ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവര്‍ തന്നേ തീര്‍ക്കട്ടെ… ഇത് മനസിലാക്കിയാണ് പ. സഭ സമിതികളേയും സ്ഥാനികളേയും നിയോഗിച്ചിരിക്കുന്നത്. അതു മറികടന്ന് എന്തിനും ഏതിനും ദേവലോകത്തേയ്ക്ക് ഓടുന്നവര്‍ ചെയ്യുന്നത് വേദഗ്രന്ഥത്തിനു വിരുദ്ധമായ നടപടിയാണ്.

4. ഭരണനിര്‍വഹണ സ്ഥാനങ്ങളിലേയ്ക്ക്… ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ… തിരഞ്ഞെടുക്കാനാണ് യിത്രോ മോശയെ ഉപദേശിക്കുന്നത്. ഇതനുസരിച്ച …മോശെ എല്ലാ യിസ്രായേലില്‍ നിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ … ജനത്തിനു തലവന്മാരാക്കി… സഭയും പ്രതീക്ഷിക്കുന്നത് ഇതാണ്. അതിനാണ് സമിതികളും സ്ഥാനികളും. അല്ലാതെ വട്ടേന്നു വീണതും വാവലു ചപ്പിയതും സഭയുടെ നയങ്ങളും പ. പിതാവിന്‍റെ പരിപാടികളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതുമല്ല സഭയുടെ ക്രമീകരണം.

ജോലിഭാരവും സമ്മര്‍ദ്ദവും കൊണ്ട് മോശ തകരുകയും തന്‍റെ മകള്‍ വിധവയാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് യിത്രോ തൊഴില്‍ വിഭജനത്തിന്‍റെ പ്രായോഗിക നിര്‍ദ്ദേശം തന്‍റെ മരുമകനു നല്‍കിയത്. മോശ ആ ഉപദേശം സ്വീകരിച്ചു. അതു വിജയിക്കുകയും ചെയ്തു. മലങ്കരസഭ വിധവയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് പ. സഭ തന്നെ വിവിധ സമിതികളേയും സ്ഥാനികളെയും നിയോഗിച്ചിരിക്കുന്നത്. അവരെ നിയോഗിക്കുന്നവരും നിയോഗിക്

കപ്പെട്ടവരും അതു മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ സഭയ്ക്കു നല്ലത്. ഒന്നു വ്യക്തമാക്കാം. വിധവയാകാന്‍ മലങ്കരസഭ ആഗ്രഹിക്കുന്നില്ല. അതിനു വഴിയൊരുക്കുന്നവരെ ഇന്നു ജനം തിരിച്ചറിയുന്നുണ്ടെന്നു മനസിലാക്കുക. അവരെ കാലം വെറുതെ വിടില്ല.

(കുറിപ്പ്: ഈ ലേഖനം വായിക്കുന്നവര്‍ പുറപ്പാട് പുസ്തകം 18-ാം അദ്ധ്യായം ഒന്നു കൂടി മനസിരുത്തി വായിക്കുക)