യേശുക്രിസ്തുവിനു ജോർദാൻ നദിയിൽ മാമോദീസ നൽകിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ (65) പങ്കുകൊണ്ടു. മോസ്കോയിൽനിന്നു 400 കിലോമീറ്റർ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെൻസ്കി ആശ്രമത്തിനടുത്തുള്ള സെലിഗർ തടാകത്തിൽ സ്നാനം ചെയ്താണ് ഓർത്തഡോക്സ് സഭ പരമ്പരാഗതമായി ആഘോഷിക്കുന്ന ചടങ്ങിൽ പുടിൻ പങ്കാളിയായത്.
മൈനസ് ആറ് ഡിഗ്രി തണുപ്പുണ്ടായിരുന്നതിനാൽ രോമക്കുപ്പായം അണിഞ്ഞാണ് അദ്ദേഹം എത്തിയത്. അതു നീക്കിയശേഷം അർധനഗ്നനായി പടികളിറങ്ങി. തടാകം തണുത്തുറഞ്ഞുകിടന്നിരുന്നതിനാൽ കുളിക്കാനായി മഞ്ഞുപാളി നീക്കിയിട്ടിരുന്നു. പുരോഹിതന്മാർ ആശീർവദിച്ച ജലത്തിലേക്ക് ഇറങ്ങിയ അദ്ദേഹം കുരിശുവരച്ചശേഷം മുങ്ങി. കഴുത്തിൽ കുരിശുമാലയും അണിഞ്ഞിരുന്നു.
ഓർത്തഡോക്സ് സഭാ പരിപാടികളിൽ സജീവമായി പങ്കെടുക്കാറുള്ള അദ്ദേഹം ദനഹാക്കുളി പരസ്യമായി നടത്തുന്നത് ആദ്യമാണെന്നു പറയുന്നു. എന്നാൽ ഇതിനു മുൻപും പങ്കെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വക്താവിന്റെ നിലപാട്.
ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ഉപയോഗിക്കുന്നതിനാൽ 13 ദിവസം വൈകിയാണു റഷ്യൻ തുടങ്ങിയ ഓർത്തഡോക്സ് സഭകളിൽ പെരുന്നാൾ ആഘോഷങ്ങൾ. ക്രിസ്മസ് ജനുവരി ഏഴിനും എപ്പിഫനി (ദനഹാ) 19നും ഈസ്റ്റർ മിക്ക വർഷവും വൈകിയും വരും.