പള്ളിക്കും ചമയവിലയോ? / ഡോ. എം. കുര്യന്‍ തോമസ്

പാട്ടകൃഷിയും ഒറ്റിയും വ്യാപകമായിരുന്ന പഴയകാലത്ത് സര്‍വസാധാരണമായിരുന്ന ഒരു പദമായിരുന്നു ചമയവില. പാട്ട/ഒറ്റി ഭൂമിയില്‍ പാട്ടക്കാരന്‍/ഒറ്റിക്കാരന്‍ വെച്ചിട്ടുള്ള കെട്ടിടം, അയാളുടെ കൃഷി മുതലായവയുടെ മൂല്യമാണ് ചമയവില. കുഴിക്കൂറു ചമയവില എന്നൊരു പ്രയോഗവും ഈയര്‍ത്ഥത്തില്‍ ഉണ്ട്. കാലാവധി പൂര്‍ത്തിയാക്കാതെ പാട്ടം/ഒറ്റി ഒഴിപ്പിച്ചാല്‍ ചമയവില കൊടുക്കാന്‍ ഭൂവുടമ ബാദ്ധ്യസ്ഥാനായിരുന്നു.
സമീപകാലത്ത് മലങ്കരസഭയിലെ ചില ഇടവകകളില്‍ ഉയര്‍ന്നുവരുന്ന ഒരു അനാശാസ്യ പ്രവണതയാണ് ഇത്തരമൊരു കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. ഒരാള്‍ക്ക് പുതുതായി ഇടവകചേരാന്‍ നിശ്ചിത സംഖ്യ ആദ്യമേ നല്‍കണം! പലയിടത്തും അതിഭീമമായ തുകയാണ് ഇത്തരത്തില്‍ ആവശ്യപ്പെടുന്നത്. ചിലയിടങ്ങളില്‍ അതിനു മെമ്പര്‍ഷിപ്പ് ഫീസ് എന്നൊരു ഓമനപ്പേരും ഇട്ടിട്ടുണ്ട്.
ഇത്തരം ഒരു വട്ടിപ്പിരിവ് നടത്തുന്നതിന് പറയുന്നകാരണം രസാവഹമാണ്. ഞങ്ങള്‍, (അഥവാ ഞങ്ങളുടെ പൂര്‍വികര്‍) സമ്പാദിച്ച വസ്തുവും വെച്ച പള്ളിയുമാണിത്. ഇവിടെ പുതുതായി വന്ന് കയറുന്നവന്‍ അങ്ങിനെ ചുളുവില്‍ ഇതനുഭവിക്കേണ്ട. ഞങ്ങളുടെ സംഭാവനയ്ക്ക് ആനുപാതികമായ ഒരു തുക തന്നിട്ടു കയറിയാല്‍ മതി. പല സംഭവങ്ങളിലും പണം കിട്ടുക എന്നതിനേക്കാള്‍ ഇടവകാംഗത്വം നല്‍കാതിരിക്കുക എന്ന ദുര്‍ലക്ഷ്യമാണ് ഈ പിരിവിന്റെ പിന്നിലെ ലക്ഷ്യം എന്നത് ഈ ലേഖകന് നേരിട്ടറിയാം.
മലങ്കര സഭാ ഭരണഘടനയനുസരിച്ച് വോട്ടവകാശമില്ലാത്ത അംഗത്വം നല്‍കാന്‍ ആവാത്തതിനാലാണ് പലരും ഈ തന്ത്രം പ്രയോഗിക്കുന്നത്.
തികച്ചും അക്രൈസ്തവവും, അകാനോനികവും, ഭരണഘടനാ വിരുദ്ധവുമായ ഒരു നടപടിയാണിത്. യഥാര്‍ത്ഥത്തില്‍ മലങ്കര സഭയിള്‍ ഇടവകാംഗത്വം എന്നത് സാങ്കേതികമായ ഒരു വസ്തുത മാത്രമാണ്. ആത്യന്തികമായി മലങ്കര സഭയിലാണ് ഒരാള്‍ക്ക് അംഗത്വമുള്ളത്. അതിനാലാണ് മലങ്കര സഭയിലെ ഏതു വൈദീകന്റെ അടുത്തുനിന്നും ഏതു പള്ളിയിലും കൂദാശകള്‍ സ്വീകരിക്കാന്‍ സഭാംഗത്തിനാവുന്നത്. മറ്റു ചില സഭകള്‍ ഇത് അനുവദിച്ചിട്ടില്ലാ എന്ന് വസ്തുതയും കണക്കിലെടുക്കണം. കൂദാശകള്‍ നടത്തുവാനായി സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ആ പ്രദേശത്തുള്ളവര്‍ പള്ളികള്‍ വയ്ക്കുന്നു. അതിനായി ഓരോ കുടുംബവും അവരുടെ കഴിവനുസരിച്ചോ പങ്കാളിത്വമനുസരിച്ചോ സംഭാവന നല്‍കുന്നു. പരിസരവാസികള്‍ അവയില്‍ കൂടി നടക്കുന്നു. അവര്‍ അതിന്റെ നടത്തിപ്പുകാരാകുന്നു. നിത്യനിദാനത്തിനും വികസനത്തിനുമായി മാസവരി/സംഭാവന നല്‍കുന്നു. ഭരണ സൗകര്യത്തിനായി അംഗത്വും റിക്കാര്‍ഡുകളും ഉണ്ടാകുന്നു. ഇങ്ങനെയാണ് മലങ്കരയില്‍ ഇടവകപ്പള്ളികള്‍ വികസിച്ചുവന്നത്.
കാലക്രമത്തില്‍ ഇടവക, ഒരു അസ്ഥിത്വമായി മാറുകയും, ഇടവകാംഗത്വം സ്ഥായി ആവുകയും ചെയ്തു. പക്ഷേ ആവാസ വ്യവസ്ഥ വികസിക്കുന്നതനുസരിച്ച് സൗകര്യാര്‍ത്ഥം പുതിയ പള്ളികള്‍ വയ്ക്കുകയും അവ ഇടവകകളാകുകയും ചെയ്തുകൊണ്ടിരുന്നു. ഒരു പടികൂടി കടന്ന് 1853-ലെ ചട്ടവര്യോല 19-മതു നിയമമായി … ഇടവകപള്ളിവിട്ട ധൂരത്ത ഇടവകക്കാറരുണ്ടായിരിയ്ക്കയും, ഏകദെശം നൂറു വീട്ടുകാറരുവരെ ഉണ്ടായിരിക്കയും ചൈതാല്‍, അങ്ങിനെഉള്ള സ്ഥലങ്ങളില്‍ പള്ളി വയ്പ്പിക്കണം… എന്നു നിഷ്‌കര്‍ഷിച്ചു. ഈ സാഹചര്യങ്ങളിലെല്ലാം മാതൃ ഇടവക താമസം മാറ്റുമ്പോള്‍ ഇടവക മാറുക എന്നത് സര്‍വസാധാരണമായി.
മലങ്കരയിലെ ഇടവകകള്‍ക്ക് ഭൂമിശാസ്ത്രപരമായ അതിരുകളൊന്നും നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ ഇടവക മാറുക എന്നത് വ്യക്തിയുടെ സ്വന്തം സ്വാതന്ത്ര്യത്തില്‍പ്പെട്ട കാര്യമാണ്. മാതൃ ഇടവകയില്‍നിന്നും ബാദ്ധ്യതകള്‍ തീര്‍ത്ത വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങി പുതിയ ഇടവകയില്‍ ചേരാനുള്ള അപേക്ഷയോടൊപ്പം നല്‍കിയാല്‍ ഇടവകാംഗത്വം ലഭിയ്ക്കും. ചട്ടവര്യോല പ്രകാരം …56-മത. ഒരിടവകയില്‍ കൂടുന്ന യാതൊരുത്തനെ എംകിലും മറു ഇടവകയില്‍ കൂടിനടക്കണമെന്നു അപെക്ഷയുണ്ടായിരുന്നാല്‍, മെത്രാപൌലീത്തായെ ബൊധിപ്പിച്ച വിചാരണ കഴിച്ച, അതിന്മണ്ണം ദിഷ്ടതിപെട്ടിരിക്കുന്നു എന്ന തെളിഞ്ഞ, കല്പന വരുന്നതിന്മണ്ണമല്ലാതെ കൂട്ടിനടത്തിപൊകരുത… എന്നാണ് ഇതിനുള്ള നിബന്ധന. ഇന്നും ചില ഭദ്രാസനങ്ങളില്‍ ഇടവക മാറുന്നതിന് മെത്രാപ്പോലീത്തായുടെ അനുമതി വാങ്ങണമെന്ന ചട്ടം പാലിക്കപ്പെടുന്നുണ്ട്.
ഇടവക മാറുന്നതിനെക്കുറിച്ച് മലങ്കരസഭാ ഭരണഘടന 9-ാം വകുപ്പില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
…ഒരു പള്ളി ഇടവകയിലെ ഒരു അംഗത്തിന് വേറൊരു പള്ളി ഇടവകയില്‍ സ്ഥിരമായോ, ഉദ്യോഗാര്‍ത്ഥവും മറ്റും താല്‍ക്കാലികമായി സ്വന്തം പള്ളി ഇടവക വിട്ട് താമസിക്കുന്നപക്ഷം, അതതു സ്ഥലത്തുള്ള പള്ളി ഇടവകയില്‍ താല്ക്കാലികമായോ, ചേരാവുന്നതും അപ്രകാരം സ്ഥിരമായോ, താല്ക്കാലികമായോ ഇടവക ചേരുന്നത് വിട്ടുപോരുന്ന പള്ളി ഇടവകയുടെയും, ചേരുന്ന പള്ളി ഇടവകയുടെയും വികാരിമാരുടെ അനുമതിയോടുകൂടി ആയിരിക്കേണ്ടതും ഇടവക വിട്ട വിവരവും ഇടവക ചേര്‍ന്ന വിവരവും അതതു വികാരി ഇടവക മെത്രാപ്പോലീത്തായ്ക്കു റിപ്പോര്‍ട്ടു ചെയ്യേണ്ടതും ആകുന്നു. ഇടവക മാറ്റത്തിന് വികാരിയുടെ അനുമതി ലഭിക്കാത്തപക്ഷം ഇടവക മെത്രാപ്പോലീത്തായുടെ അടുക്കല്‍ അപേക്ഷിക്കാവുന്നതും ഇടവക മെത്രാപ്പോലീത്തായുടെ തീരുമാനമനുസരിച്ച് നടന്നുകൊള്ളേണ്ടതും ആകുന്നു. താല്ക്കാലികമായി ഇടവക ചേരുന്നവര്‍ക്ക് അവര്‍ അപ്രകാരം തുടരുന്നിടത്തോളം കാലം അവരവരുടെ സ്ഥിരം ഇടവകയോഗത്തില്‍ സംബന്ധിക്കുന്നതിനോ വോട്ടു ചെയ്യുന്നതിനോ അവകാശമില്ലാത്തതാകുന്നു. …
1. ഇടവക മാറാനുള്ള അവകാശം സഭാംഗത്തിനുണ്ട്.
2. ഇടവക വിടര്‍ത്താനും ചേര്‍ക്കാനുമുള്ള അധികാരം വികാരിമാര്‍ക്കാണ്.
3. വിടര്‍ത്തിയതും ചേര്‍ത്തതും അതത് ഇടവക മെത്രാപ്പോലീത്താമാരെ വികാരിമാര്‍ അറിയിക്കണം.
4. ഇടവകാംഗത്വം നിഷേധിച്ചാല്‍ അപേക്ഷകന് ഇടവക മെത്രാപ്പോലീത്താമാരുടെ അടുക്കല്‍ പരാതിപ്പെടാം.
തികച്ചും വ്യക്തമായ ഈ വകുപ്പിന്‍ പ്രകാരം ഇടവക പൊതുയോഗത്തിനോ മാനേജിംഗ് കമ്മറ്റിക്കോ ഇടവക ചേര്‍ക്കല്‍ പ്രക്രിയയില്‍ പങ്കൊന്നുമില്ല. പക്ഷേ ഇന്ന് അനേകം ഇടവകകളില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കുന്ന പ്രക്രിയയില്‍ അനധികൃതമായി മാനേജിംഗ് കമ്മറ്റി മേല്‍ക്കെയും, അപേക്ഷ അംഗീകരിക്കാനോ അംഗീകരിക്കാതിരിക്കാനോ ഉള്ള അധികാരവും നേടിയിട്ടുണ്ട്. ചമയവിലയുടെ ഉത്ഭവവും പ്രചരണവും ഈ നിയമവിരുദ്ധ നടപടിയുടെ അനന്തരഫലമാണ്.
ഇടവക വരുമാനങ്ങളെപ്പറ്റിയുള്ള ഭരണഘടനാ വകുപ്പുകളിലും ചമയവിലയെപ്പറ്റി പരാമര്‍ശനമില്ല.
10. ഒരു ഇടവകയോഗാംഗം ഏതെങ്കിലും ഇനത്തില്‍ പള്ളിക്കോ സമുദായത്തിനോ ചെല്ലേണ്ട സംഖ്യ ആറുമാസക്കാലത്തേക്കു  കൊടുക്കാതെ വീഴ്ച വരുത്തിയാല്‍ ആ അംഗത്തിന് ഇടവകയോഗത്തില്‍ സംബന്ധിക്കുന്നതിനോ വോട്ടു ചെയ്യുന്നതിനോ അവകാശമില്ലാത്തതും, ഒരു വര്‍ഷത്തേക്ക് ടി സംഖ്യ കൊടുക്കാതെ വീഴ്ച വരുത്തിയാല്‍ ആ അംഗത്തിന്റെ പേര് ഇടവകയോഗ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതും, ഇപ്രകാരം നീക്കം ചെയ്യപ്പെട്ട ഒരു അംഗം കുടിശ്ശിക മുഴുവനും കൊടുക്കുന്നതിനു മുമ്പായി സ്വന്തം ഇടവക യോഗത്തിലോ മറ്റേതെങ്കിലും ഇടവക യോഗത്തിലോ അംഗമായിരിക്കുന്നതല്ലാത്തതും ആകുന്നു. ടി അംഗത്തെ സംബന്ധിച്ച് മേലാല്‍ എന്തു ചെയ്യണമെന്ന് ഇടവക മെത്രാപ്പോലീത്തായെ വികാരി അറിയിച്ച് അദ്ദേഹത്തിന്റെ രേഖാമൂലമായ കല്പന അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാകുന്നു.
11. മേല്‍പ്രകാരം നീക്കപ്പെടുന്ന അംഗം കുടിശ്ശിക കൊടുത്തശേഷവും, പുതുതായി ചേരുന്ന അംഗം ചേര്‍ന്ന ശേഷവും, മൂന്നുമാസം കഴിയുന്നതിനു മുമ്പായി ഇടവകയോഗത്തില്‍ വോട്ടുചെയ്യുന്നതിന് അവകാശമുണ്ടായിരിക്കുന്നതല്ല.
ചുരുക്കത്തില്‍, നിലവിലുള്ള ഒരു ഇടവകാംഗത്തിനുള്ള സാമ്പത്തിക ബാദ്ധ്യത മാത്രമേ പുതുതായി ഇടവക ചേരുന്ന ഒരംഗത്തിനു ഭരണഘടനപ്രകാരം ഉള്ളു. അതേ സമയം മാതൃ ഇടവകയിലെ നിയമപരമായ സാമ്പത്തിക ബാദ്ധ്യതകള്‍ അവസാനിപ്പിക്കാത്ത പക്ഷം അംഗത്വം നിഷേധിക്കുവാനും സാധിക്കും. അംഗത്വം നല്‍കേണ്ടത് വികാരി മാത്രമാണ്. അതില്‍ ഇടപെടാന്‍ പള്ളി മാനേജിംഗ് കമ്മറ്റിക്ക് അധികാരമില്ല.
ഇതേപോലെ തന്നെയാണ് മലങ്കരസഭയില്‍ പുതുതായി അംഗത്വത്തിനു അപേക്ഷിക്കുന്നവരുടെ കാര്യത്തിലും ഇതര സഭകളില്‍ നിന്നും മടങ്ങിയെത്തുന്നവരുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളും. അവരേയും മതിയായ രേഖകളോ സത്യവാഗ്മൂലമോ സ്വീകരിച്ച്, നടപടിക്രമങ്ങള്‍ പാലിച്ച് ഇടവക ചേര്‍ക്കാനുള്ള അധികാരം വികാരിക്കു മാത്രമാണ്. അതു വികാരിയുടെ ക്രൈസ്തവമായ ബാദ്ധ്യതയുമാണ്. ഇതിന്റെ നടപടിക്രമവും 1853-ലെ ചട്ടവര്യോലയില്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്.
…59-മത. പുറജാതിക്കാര മാംമൊദിസാ മുഴുകുവാന്‍ വന്നാല്‍, വിശ്വാസ വിവരവും, നമസ്‌കാരങ്ങളുംമറ്റും പഠിപ്പിച്ച, ആ വിവരത്തിന്നു എഴുതിബൊധിപ്പിച്ച കല്പന വരുന്നതിന്‍മ്മണ്ണംമാത്രം മാംമൊദിസാ മുക്കുകയും, മുക്കിയ വിവരത്തിന്ന ഒരാധാരം എഴുതി കൈല്‍ കൊടുക്കുകയും ചൈതുകൊള്ളണം…
മലങ്കര സഭാഭരണഘടന ഇപ്രകാരം ഖണ്ഡിതമായി നിര്‍ദ്ദേശിക്കുന്നില്ലെങ്കിലും സഭാംഗത്വത്തിനുള്ള മാനദണ്ഡം നാലാം വകുപ്പില്‍ നിശ്ചയിച്ചിട്ടുണ്ട്.
…വി. മാമോദീസാ കൈക്കൊണ്ടവരും വി. ത്രിത്വത്തിന്റെ ദൈവത്വം, പുത്രന്റെ മനുഷ്യാവതാരം, പരിശുദ്ധാത്മാവിന്റെ പുറപ്പാട്, വി. സഭ എന്നിവയിലും, അവയില്‍ നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ഉപയോഗം, വി. പാരമ്പര്യങ്ങളുടെ ദൈവനിശ്വാസം, ദൈവമാതാവിന്റെയും ശുദ്ധിമാന്മാരുടെയും മദ്ധ്യസ്ഥത, മരിച്ചവരുടെ ഓര്‍മ്മ, ഏഴു കൂദാശകളുടെ കര്‍മ്മങ്ങള്‍, നോമ്പ് മുതലായി നിയമാനുസരണമുള്ള അനുഷ്ഠാനങ്ങള്‍ എന്നിവയിലും വിശ്വാസമുള്ളവരും അവയെ അനുഷ്ഠിക്കേണ്ട ബാദ്ധ്യത സ്വീകരിച്ചിട്ടുള്ളവരും ആയ എല്ലാ സ്ത്രീപുരുഷന്മാരും ഈ സഭയിലെ അംഗങ്ങള്‍ ആയിരിക്കുന്നതാകുന്നു…
സത്യവിശ്വാസം സ്വീകരിച്ച് സഭാംഗമാകാന്‍ വരുന്നവര്‍ക്ക് അതു നിഷേധിക്കാന്‍ സഭയ്ക്ക് അധികാരമില്ല. പക്ഷേ വിശ്വാസം പഠിപ്പിക്കുവാനും അതു പരിശോധിക്കുവാനുമുള്ള അധികാരം വികാരിക്കുണ്ട്. ഇതര സഭകളില്‍നിന്നും വരുന്നവരെ സ്വീകരിക്കുന്നതിനു ള്ള വ്യത്യസ്ത മാനദണ്ഡങ്ങള്‍ പാലിക്കുവാനും വികാരി ബാദ്ധ്യസ്ഥനാണ്. ഉദാഹരണത്തിന് റോമന്‍ കത്തോലിക്കാ – കല്‍ദായ  സഭകളില്‍ നിന്നും വരുന്നവര്‍ക്ക് വിശ്വാസ പ്രഖ്യാപനം മാത്രം നടത്തിയും, മാര്‍ത്തോമ്മാ – സി.എസ്.ഐ. സഭകളില്‍നിന്നും വരുന്നവര്‍ക്ക് മൂറോന്‍ അഭിഷേകവും വിശ്വാസ പ്രഖ്യാപനവും നടത്തിയും, ഇതര സഭകളില്‍ പെട്ടവര്‍ക്ക് മാമോദീസാ മുതല്‍ നടത്തിയും വേണം സ്വീകരിക്കാന്‍. അതൊഴികെ മറ്റൊരു നിബന്ധനയും ഉന്നയിക്കാന്‍ അവകാശമില്ല. തൊടുന്യായം നിരത്തിയും ചമയവില ഈടാക്കിയും ഇടവകാംഗത്വം നിഷേധിക്കുന്ന തികച്ചും അക്രൈസ്തവമായ നടപടി ഉടന്‍ അവസാനിപ്പിച്ചേ പറ്റൂ.
ഇടവക ചേര്‍ക്കുന്ന കാര്യത്തില്‍ വികാരി അഭിപ്രായം തേടേണ്ടത് ഇടവക മെത്രാപ്പോലീത്തായോടു മാത്രമാണ്. മാനേജിംഗ് കമ്മറ്റിക്കോ പള്ളി പൊതുയോഗത്തിനോ അതില്‍ ഇടപെടാനോ അംഗത്വം നിഷേധിക്കുവാനോ ചമയവില ഈടാക്കുവാനോ അവകാശമില്ല. നവ അംഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുവാനും അധികാരമില്ല. ഇതിനു വിരോധമായി പ്രവര്‍ത്തിക്കാന്‍ വികാരിമാര്‍ കൂട്ടു നില്‍ക്കുന്നുവെങ്കില്‍ അത് കര്‍ശനമായി തടയേണ്ടത് ഇടവക മെത്രാപ്പോലീത്താമാരുടെ ഉത്തരവാദിത്വമാണ്.
പള്ളിക്ക് ചമയവില ഈടാക്കുവരോട് ഒരു മറുചോദ്യമുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഇടവക വിട്ടു പോകുന്നവര്‍ക്ക് അവര്‍ മുടക്കിയ ചമയവില മടക്കി നല്‍കുമോ? എങ്കില്‍ മെമ്പര്‍ഷിപ്പ് ഫീസ് എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ചമയവിലയ്ക്ക് ഒരുന്യായീകരണം ആയേക്കും. പക്ഷേ അത് കേവലം അന്നുവരെ വിട്ടുപോകുന്ന അംഗം മുടക്കിയ തുക മാത്രമാകരുത്. അവര്‍ക്ക് ഇക്കാലം കൊണ്ട് ഉണ്ടായ ആര്‍ജ്ജിത മൂലധനത്തിന്റെ വിഹിതംകൂടി നല്‍കണം. അഥവാ ചമയവില മടക്കി നല്‍കണം. കാല്‍ നൂറ്റാണ്ടു മുമ്പ് 10 ലക്ഷം രൂപ മുടക്കി വെച്ച ഒരു പള്ളിക്ക് ഒരാള്‍ അന്ന് പതിനായിരം രൂപ നല്‍കി. ഇന്ന് അത്തരമൊരു പള്ളി വെക്കണമെങ്കില്‍ 3 കോടി രൂപയെങ്കിലും വേണം. ആ വ്യക്തി ഇന്നു പിരിഞ്ഞുപോയാല്‍ ആനുപാതി ആര്‍ജ്ജിത മൂലധനമായി 3 ലക്ഷം രൂപ മടക്കിനല്‍കാന്‍ തയാറാണോ? അങ്ങിനെ മൂലധനം നിക്ഷേപിക്കാനും പിന്‍വലിക്കാനും പള്ളിയും സഭയും ലിമിറ്റഡ് കമ്പനിയോ സഹകരണ സ്ഥാപനമോ ആണോ?
(മലങ്കരസഭാ മാസിക, ഒക്‌ടോബര്‍ 2017)