ദുരന്ത ബാധിതരെ സഹായിക്കണം: പ. കാതോലിക്കാ ബാവാ

അനേകം മനുഷ്യരുടെ ജീവനെടുത്തും കോടികണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയും കടന്നുപോയ ഓഖി ചുഴലിക്കാറ്റില്‍ ദുരന്തം ബാധിച്ചവരെയും കുടുംബങ്ങളെയും സഹായിക്കുന്നതിന്, (പരാതികള്‍ പറഞ്ഞും പരസ്പരം പഴിചാരിയും സമയം കളയാതെ,) സത്വര നടപടികള്‍ കൈക്കൊളളണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചും പരമ്പരാഗത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ څകടലറിവ്چ പ്രയോജനപ്പെടുത്തിയും പുനരധിവാസ പദ്ധതികളും പ്രതിരോധ നടപടികളും എടുക്കണം. സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളും ജീവകാരുണ്യ സംഘടനകളും ഈ കാര്യത്തില്‍ ശ്രദ്ധിക്കണം. ആശ്വാസമായി എത്തിയവരെയും സാഹസികമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയും അദ്ദേഹം അഭിനന്ദിച്ചു.

തിരുവനന്തപുരം ഭദ്രാസനത്തിനും കാരുണ്യ സെന്‍ററിനും വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പരിശുദ്ധ ബാവാ അറിയിച്ചു. മരണപ്പെട്ടവര്‍ക്കും ദുരിതബാധിതര്‍ക്കും വേണ്ടി ഡിസംബര്‍ 10-ാം തീയതി ഞായറാഴ്ച്ച (നാളെ) ദേവാലയങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഇതിനായി പ്രത്യേകം സംഭാവന ശേഖരിച്ച് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ, പ്രസിഡന്‍റ്, മിഷന്‍ ബോര്‍ഡ് സെന്‍റ് പോള്‍സ് മിഷന്‍ ട്രെയിനിംഗ് സെന്‍റര്‍, തട്ടാരമ്പലം പി.ഒ. മാവേലിക്കര- 690103 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.