മലങ്കരമെത്രാന്‍റെ കാര്യവിചാരകര്‍ / ഡോ. എം. കുര്യന്‍ തോമസ്

1876-ല്‍ പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ സന്ദര്‍ശനത്തിലും മുളന്തുരുത്തി സുന്നഹദോസിലും എത്തിച്ചേര്‍ന്ന സാഹചര്യം എന്തായിരുന്നു? പൊതുവെ വിശ്വസിക്കപ്പെടുന്നത് പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ നവീകരണഭ്രമമാണ് അന്നത്തെ സംഘര്‍ഷത്തിനു കാരണം എന്നാണ്. എന്നാല്‍ യഥാര്‍ത്ഥ കാരണം അതല്ല. ആ കാരണമാണ് മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനകളിലും മറ്റു സമകാലികരേഖകളിലും മെത്രാന്മാരുടെ ഏകനായകത്വം എന്നു പ്രതിപാദിച്ചിരിക്കുന്നത്. തന്നിഷ്ടം പോലെയുള്ള മെത്രാന്മാരുടെ ഭരണം എന്നാണ് ഇതുകൊണ്ട് അന്ന് അര്‍ത്ഥമാക്കിയത്. തര്‍ക്കം മൂര്‍ഛിച്ചപ്പോള്‍ ഒരു ഭാഗം മറുഭാഗത്തിനെതിരെ ഉപയോഗിച്ച ആയുധവും, മറുഭാഗം പിന്നീട് താത്വിക അടിത്തറയാക്കിയതുമായ ഒരു ഉപകരണം മാത്രമാണ് നവീകരണം.

ആദിമ ക്രൈസ്തവസഭ ഒരിക്കലും അംഗീകരിക്കാത്ത ഒന്നാണ് മെത്രാന്മാരുടെ ഏകനായകത്വം. പ. ശ്ലീഹന്മാര്‍ പോലും സുന്നഹദോസ് കൂടിയാണ് തീരുമാനം എടുത്തത്. ശ്ലീഹന്മാരില്‍ മുമ്പനായ പ. പത്രോസ് ശ്ലീഹായെ വരെ ചോദ്യം ചെയ്തതായി വി. വേദപുസ്തകം സാക്ഷിക്കുന്നു. അതിനാലാണ് പൗരസ്ത്യസഭകള്‍ അധികാരം വ്യക്തിപരമാക്കാതെ സുന്നഹദോസുകള്‍ക്ക് കൂട്ടായി നല്‍കിയത്.
മെത്രാന്മാരുടെ ഭരണാധികാരവും ഏകപക്ഷീയമായി നടപ്പാക്കുന്നത് തടയാന്‍ ഫലപ്രദമായ നിയമനിര്‍മാണം പൗരസ്ത്യ സഭകള്‍ക്കുണ്ടായിരുന്നു. പേര്‍ഷ്യന്‍ സഭയില്‍ എപ്പിസ്കോപ്പാ മുതല്‍ കാതോലിക്കാ വരെയുള്ള മേല്‍പ്പട്ടക്കാര്‍ ആത്മീയവും ലൗകികവുമായ ഭരണം നടത്തുന്നത് അര്‍ക്കദ്യക്കോനില്‍ കൂടി മാത്രമായിരിക്കണമെന്നു കര്‍ശന നിയമം നിലവിലുണ്ടായിരുന്നു.

മലങ്കരസഭയിലാകട്ടെ, പേര്‍ഷ്യന്‍ മെത്രാന്മാര്‍ പൂര്‍ണമായും നസ്രാണികളുടെ ജാതിക്കുതലവനായ അര്‍ക്കദ്യക്കോന് പേര്‍ഷ്യന്‍ സഭയുടെ കാനോനാകള്‍ അനുശാസിക്കുന്നതിനേക്കാള്‍ ഉപരിയായ അധികാരങ്ങളുണ്ടായിരുന്നു. നസ്രാണികളുടെ അര്‍ക്കദ്യക്കോന്‍ പരാതികളും വിധികളും നടത്തുന്നത് സ്വമേധയാ ആയിരുന്നില്ല; മറിച്ച് തന്‍റെ സദസ്സ് കൂട്ടമായി പരിഗണിച്ച ശേഷമായിരുന്നു. അര്‍ക്കദ്യക്കോനും സദസ്സുമെല്ലാം മലങ്കര പള്ളിയോഗമെന്ന വിശാലമായ പ്രതിനിത്യസഭയ്ക്കു വിധേയമായിരുന്നു. ആദിമസഭയുടെ ജനാധിപത്യ വ്യവസ്ഥ പാലിക്കുന്ന പൂര്‍ണ്ണമായ ഒരു എപ്പിസ്കോപ്പല്‍ സംവിധാനമായിരുന്നു അത്.

അതിരുകളില്ലാത്ത എപ്പിസ്കോപ്പല്‍ അധികാരം നസ്രാണികള്‍ ആദ്യമായി അനുഭവിക്കുന്നത് 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിനെ തുടര്‍ന്നുള്ള 54 വര്‍ഷത്തെ റോമന്‍ കത്തോലിക്കാ ഭരണകാലത്താണ്. അര്‍ക്കദ്യക്കോനെയും മലങ്കരപള്ളി യോഗത്തെയും അവഗണിച്ച് തികച്ചും റോമന്‍ രീതിയിലുള്ള എപ്പിസ്കോപ്പല്‍ ഏകാധിപത്യമാണ് അവര്‍ നടപ്പിലാക്കിയത്.

ഈ പശ്ചാത്തലത്തിലാണ് 1653-ല്‍ കൂനന്‍കരിശുസത്യം നടക്കുന്നത്. അതിനുശേഷം നസ്രാണികള്‍ തോമ്മാ അര്‍ക്കദ്യക്കോനെ മാര്‍ത്തോമ്മാ എപ്പിസ്കോപ്പായായി വാഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈയൊരു സാഹചര്യം മുമ്പുകൂട്ടി കണ്ടു. അതിനു പ്രതിവിധിയും മലങ്കരപള്ളി യോഗം നിര്‍ദ്ദേശിച്ചു. നിരണം ഗ്രന്ഥവരി ഇപ്രകാരം രേഖപ്പെടുത്തുന്നു: …. തൊമ്മാ അര്‍ക്കദുയാക്കോനെ മാര്‍ത്തോമാ മെത്രാനായിട്ടു വാഴിക്കയും ചെയ്തു. അന്നത്തെ വിചാരക്കാര്‍ കടുത്തുരുത്തില്‍ കടവില്‍ ചാണ്ടി കത്തനാരും കുറവിലങ്ങാട്ടു പള്ളിവീട്ടില്‍ ചാണ്ടി കത്തനാര്‍ അങ്ക മാലിക്കരെ വെങ്ങുര ഗീവറുഗീസു കത്തനാരും കല്ലിച്ചെരില്‍ ഇട്ടി ത്തൊമ്മന്‍ കത്തനാരും. ഈ വിചാരകര്‍ മൂവാണ്ടില്‍ കൂടിവിചാരം ഉണ്ടാകുമ്പോള്‍ മാറിക്കല്‍പിക്കയും….

അക്കാലത്തെ ഏറ്റവും പ്രഗല്‍ഭ വൈദികരായിരുന്നു ഇവരില്‍ മൂന്നുപേരെന്ന് സമകാലിക ചരിത്രം രേഖപ്പെടുത്തുന്നു. ചുരുക്കത്തില്‍, മെത്രാനെ തിരഞ്ഞെടുത്ത മലങ്കരപള്ളിയോഗം അദ്ദേഹത്തിന്‍റെ ആലോചനക്കാരെയും തിരഞ്ഞെടുത്തു. അവരെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാറ്റി നിയമിക്കാനുള്ള അധികാരവും മലങ്കര പള്ളിയോഗം നിലനിര്‍ത്തി.

ഈ സംവിധാനം എത്രകാലം തുടര്‍ന്നെന്ന് വ്യക്തമല്ല. എന്തായാലും 18-ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനങ്ങളെല്ലാം മലങ്കര പള്ളിയോഗത്തിന്‍റെ സാന്നിദ്ധ്യത്തിലാണ് നടന്നതെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. കായംകുളം പീലിപ്പോസ് റമ്പാനെ വലിയ മാര്‍ ദീവന്നാസ്യോസിന്‍റെ സന്തതസഹചാരിയായി കാണുന്നുവെങ്കിലും സ്ഥിരമായി മെത്രാന്‍റെ കാര്യവിചാരകരായി ആരെയും അക്കാലത്തെ രേഖകളില്‍ പരാമര്‍ശിക്കുന്നില്ല. ഒരുപക്ഷേ 1653-ല്‍ ഏര്‍പ്പെടുത്തിയ സംവിധാനം 18-ാം നൂറ്റാണ്ടില്‍ അസ്തമിച്ചിരിക്കാം.

മലങ്കരസഭയ്ക്ക് സമഗ്രമായ ആദ്യ ലിഖിത ഭരണഘടന രൂപപ്പെടുത്തിയത് 1809 ചിങ്ങം ഒന്നിന് കണ്ടനാട്ടു പള്ളിയില്‍ കൂടിയ മലങ്കര പള്ളിയോഗമാണ്. കണ്ടനാട് പടിയോല എന്ന ഈ നിയമസംഹിത പാസാക്കിയതിനുശേഷം നടന്നത് മാര്‍ ശിമവോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമപ്രകാരം ഇപ്രകാരമാണ്: … ഇതിന്മണ്ണം പടിഒലയും എഴുതിവച്ച മെത്രാനെ മൊതിരവും ഇടീച്ച അയിമൊസ്യമായി കുന്നംകുളങ്ങരെ പുലിക്കൊട്ടില്‍ യൗസെപ്പു കശീശായ്ക്കു റെമ്പസുഖം കൊടുത്ത പീലീപ്പൊസ റെമ്പാനും ഇവരു രണ്ടു പെരും മെത്രാന്‍റെ അടുക്കല്‍ പാര്‍ക്കത്തക്കവണ്ണവും പറഞ്ഞവച്ച അയിമൊസ്യമായി പിരികയും ചെയ്തു…

ഇവിടെയും അക്കാലത്തെ ഏറ്റവും പ്രഗല്‍ഭരായ രണ്ടു വൈദികരെയാണ് കാര്യവിചാരകരായി നിയമിക്കുന്നത്. ഇവിടെയും ശ്രദ്ധിക്കേണ്ട വസ്തുത, നിയമനം നടത്തുന്നത് മലങ്കര പള്ളിയോഗമാണെന്നതാണ്. 1653-ലെ തീരുമാനത്തില്‍നിന്നുള്ള ശ്രദ്ധേയമായ പുരോഗതി, റമ്പാന്മാരാക്കിയാണ് ഇവരെ നിയമിക്കുന്നത് എന്നാണ്. അതായത് ഇടവകയുടെ കെട്ടുപാടുകളില്‍ നിന്നു മോചിതരായി പൂര്‍ണസമയം സഭാസേവനത്തിനു സജ്ജരാക്കിയാണ് ഇവരെ നിയമിക്കുന്നത്.

കായംകുളം പീലിപ്പോസ് റമ്പാന്‍ അന്തരിക്കുകയും പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ എന്നപേരില്‍ മലങ്കര മെത്രാപ്പോലീത്തായായി വാഴിക്കപ്പെടുകയും ചെയ്തതോടുകൂടി ഈ സംവിധാനത്തിനു പ്രസക്തിയില്ലാതായി. വീണ്ടും 1818-ല്‍ മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍റെ കാലശേഷം കിടങ്ങന്‍ മാര്‍ പീലക്സീനോസ് താല്‍ക്കാലിക മലങ്കരമെത്രാനായി സ്ഥാനമേറ്റതോടെ മലങ്കര പള്ളിയോഗം ചെറുപ്പക്കാരനായ പുന്നത്ര കുര്യന്‍ കത്തനാരെ അര്‍ക്കദ്യക്കോനായി നിയമിച്ചു (വികാരി ജനറല്‍ എന്ന് ബ്രിട്ടീഷ് രേഖകളില്‍).

പുന്നത്ര മാര്‍ ദീവന്നാസ്യോസും തുടര്‍ന്ന് ചേപ്പാട് മാര്‍ ദീവന്നാസ്യോസും സ്ഥാനമേറ്റതോടെ ഈ സംവിധാനം വീണ്ടും ഇല്ലാതെയായി. ചേപ്പാട് മാര്‍ ദീവന്നാസ്യോസിനെപ്പറ്റി എതിര്‍പക്ഷം ഉന്നയിച്ച ഏറ്റവും വലിയ ആരോപണം അദ്ദേഹം തന്നിഷ്ടപ്രകാരം ഭരിക്കുന്നു എന്നാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സി.എം.എസ്. കാരുമായി ‘മുതല്‍ പങ്കുവെച്ച’ കൊല്ലം പഞ്ചായത്ത് അന്നുണ്ടായിരുന്ന ‘പൊതുമുതലി’ന്‍റെ ഭരണത്തിന് മെത്രാപ്പോലീത്തായോടൊപ്പം ഒരു കത്തനാരെയും ഒരു അയ്മേനിയേയും കൂട്ടുട്രസ്റ്റികളായി നിയമിച്ചത്.

പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് ഭരണമേറ്റതോടെ മെത്രാന്മാരുടെ ഏകനായകത്വത്തിന്‍റെ ശക്തി ഏറ്റവും രൂക്ഷമായി. അദ്ദേഹത്തിന്‍റെ ഭരണാരംഭത്തില്‍ ഇടവഴിക്കല്‍ പീലിപ്പോസു കത്തനാര്‍ മുതല്‍പേര്‍ മുന്‍കൈയെടുത്ത് 101 വകുപ്പുകളുള്ള ഒരു ചട്ടവര്യോല പാസാക്കിയെങ്കിലും ഒരു വര്‍ഷംപോലും അത് നിലനിന്നില്ല. വിരളമായി മാത്രമാണ് മാര്‍ മാത്യൂസ് അത്താനാസ്യോസ് മലങ്കരപള്ളിയോഗങ്ങള്‍ വിളിച്ചുകൂട്ടിയത്. ഈ ഏകനായകത്വത്തോടുള്ള എതിര്‍പ്പാണ് പിന്നീട് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ തിരഞ്ഞെടുത്തു വാഴിക്കാന്‍ മലങ്കരസഭയെ പ്രേരിപ്പിച്ചത്.

മാര്‍ ദീവന്നാസ്യോസാകട്ടെ ഈ ജനവികാരം ഉള്‍ക്കൊണ്ടു. 1873-ല്‍ അദ്ദേഹം പരുമലയില്‍ വിളിച്ചുചേര്‍ത്ത മലങ്കരപള്ളിയോഗം മലങ്കര അസോസിയേഷനും അതിന് നാലു കത്തനാര്‍മാരും എട്ട് അയ്മേനികളുമുള്ള ഒരു മാനേജിംഗ് കമ്മിറ്റിയും രൂപീകരിച്ചു. അതോടൊപ്പം ‘മുതല്‍ കാര്യങ്ങള്‍’ സൂക്ഷിക്കാന്‍ ഒരു ‘മുതല്‍പിടി’യെയും അസോസിയേഷന് ഒരു സെക്രട്ടറിയെയും നിയമിക്കണമെന്നും നിശ്ചയിച്ചു. കൂടാതെ ആത്മീയകാര്യങ്ങളില്‍ മെത്രാനു ആലോചനയ്ക്കും സഹായത്തിനുമായി മെത്രാനും യോഗത്തിനും സമ്മതമുള്ള ഒരാളെ നിയമിക്കണമെന്നും നിശ്ചയിച്ചു. ദൗര്‍ഭാഗ്യവശാല്‍ പരുമല സുന്നഹദോസ് നിശ്ചയങ്ങള്‍ നടപ്പാകാതെ വന്നതോടെ ഈ നിയമങ്ങളും വിസ്മൃതിയില്‍ മാഞ്ഞു. ഇവയെല്ലാം സൂചിപ്പിക്കുന്നത്, മെത്രാന്‍റെ കാര്യവിചാരകര്‍ എന്നത് മലങ്കരസഭ നൂറ്റാണ്ടുകളിലൂടെ നടപ്പാക്കാന്‍ ശ്രമിച്ച ഒരു സംവിധാനമാണെന്നാണ്.

1934-ല്‍ ഭരണഘടന പാസാക്കിയപ്പോള്‍ മെത്രാന്‍റെ കാര്യവിചാരകസ്ഥാനം വഹിക്കാന്‍ ഒരു വര്‍ക്കിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് വൈദിക-അല്‍മായ ട്രസ്റ്റികളും അസോസിയേഷന്‍ സെക്രട്ടറിയുമടക്കം പത്തുപേരടങ്ങുന്ന ഒരു സമിതി രൂപംകൊണ്ടു. ഇതിനു പുറമെ പില്‍ക്കാലത്ത് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ. പിതാവിനെ സഹായിക്കാന്‍ ഒരു എപ്പിസ്കോപ്പല്‍ ഉപസമിതിയെയും നിയമിച്ചു. ഇന്ന് ഈ സമിതികള്‍ നിലനില്‍ക്കുന്നുവെങ്കിലും ക്ലിപ്ത കാലയളവില്‍ കൂടിവിചാരം നടത്തുന്ന സഭകളായല്ല, മറിച്ച് പ്രശ്നങ്ങള്‍ ഉണ്ടായശേഷം അവയെ തരണം ചെയ്യുവാന്‍ കൂടുന്ന സമിതികളായി മാത്രം മാറിയിരിക്കുകയാണ്.

നസ്രാണികള്‍ക്ക് തദ്ദേശീയനായ മെത്രാന്‍ ഉണ്ടായതു മുതല്‍ അവര്‍ക്ക് കാര്യവിചാരകരെ നല്‍കാനുള്ള മലങ്കര പള്ളിയോഗത്തിന്‍റെ ശ്രമം ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ളതായിരുന്നു എന്ന് സമ്മതിച്ചേ തീരൂ. മലങ്കര നസ്രാണികള്‍ ലോകമെങ്ങും പരക്കുകയും, മലങ്കരസഭ ഒരു ആഗോള സഭയാവുകയും ചെയ്തതോടെ ഇന്നു മലങ്കര മെത്രാപ്പോലീത്താ – കാതോലിക്കാ കൈകാര്യം ചെയ്യേണ്ടുന്ന വിഷയങ്ങള്‍ ഒരു മനുഷ്യനും ഒറ്റയ്ക്കു കൈകാര്യം ചെയ്യാവുന്നതിനേക്കാള്‍ ബഹുലവും വിപുലവുമായിരിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ വര്‍ക്കിംഗ് കമ്മിറ്റിയും എപ്പിസ്ക്കോപ്പല്‍ സബ്കമ്മിറ്റിയും ചുരുങ്ങിയത് മാസത്തിലൊരിക്കലെങ്കിലും തീര്‍ച്ചയായും കൂടത്തക്കവിധം ചട്ടങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമായിരിക്കുന്നു. അതോടൊപ്പംതന്നെ, ദൈനംദിന ഭരണകാര്യത്തില്‍ കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്തായെ സഹായിക്കുന്നതിനായി സ്ഥിരമായ ഒരു സംവിധാനം കൂടി ഏര്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

കിഴക്കിന്‍റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമനാണ് പൗരസ്ത്യ കാതോലിക്കായ്ക്ക് ചുരുങ്ങിയതോതില്‍ ഒരു സെക്രട്ടറിയേറ്റിനു ആദ്യമായി രൂപംകൊടുത്തത്. ഒരു കശീശയും ഒരു മ്ശംശോനായും ഒരു യൗഫദ്യക്കോനും അടങ്ങിയ സംവിധാനത്തിന് അന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇന്ന് കാതോലിക്കായുടെ പ്രവര്‍ത്തനപരിധി അതിലും ബഹുവിപുലമാണ്. അതിനാല്‍ ഈ സംവിധാനവും അപര്യാപ്തമാണ്.

കാതോലിക്കായുടെ ജോലിഭാരം കുറക്കുന്നതിനും തീരുമാനങ്ങളില്‍ തെറ്റു വരാതിരിക്കുന്നതിനും ഈ ലേഖകന്‍ താഴെ പറയുന്ന മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

1. മലങ്കര മെത്രാപ്പോലീത്തായുടെ ആലോചനാസമിതിയും എപ്പിസ്കോപ്പല്‍ സബ്കമ്മിറ്റിയും നിശ്ചിത കാലയളവില്‍ (കുറഞ്ഞത് മാസത്തില്‍ ഒരിക്കല്‍) കൂടുന്നത് സ്ഥിരം സംവിധാനമാക്കണം. പ്രധാന തീരുമാനങ്ങള്‍ അവരുടെ ആലോചനയോടെ നടപ്പാക്കണം.

2. അസിസ്റ്റന്‍റ് മലങ്കര മെത്രാപ്പോലീത്താ, ദേവലോകത്ത് താമസിക്കുകയും എല്ലാ കാര്യങ്ങളിലും കാതോലിക്കായുടെ സഹായിയായിരിക്കുകയും ചെയ്യണം. പള്ളിക്കോടതിയുടെ അദ്ധ്യക്ഷനും, കാതോലിക്കായുടെ സെക്രട്ടറിയേറ്റിന്‍റെ ചുമതലക്കാരനും അദ്ദേഹമായിരിക്കണം.

3. പൗരസ്ത്യ കാതോലിക്കായ്ക്ക് വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മൂന്നു വൈദിക സെക്രട്ടറിമാര്‍ ഉണ്ടായിരിക്കണം. അവരില്‍ ഒരാളെ സ്വന്ത ഇഷ്ടപ്രകാരവും, ഒരാളെ എപ്പിസ്കോപ്പല്‍ സബ്കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരവും, ഒരാളെ ആലോചനാസമിതിയുടെ ശുപാര്‍ശപ്രകാരവും കാതോലിക്കാ നിയമിക്കണം. ഇവരില്‍ കുറഞ്ഞത് ഒരു വിവാഹിത പട്ടക്കാരനും ഒരു അവിവാഹിത പട്ടക്കാരനും ഉണ്ടായിരിക്കണം. കൂദാശാകാര്യങ്ങളില്‍ കഴിവും പരിചയവുമുള്ള ആളാവണം സെക്രട്ടറിമാരില്‍ ഒരാള്‍.

3. മുന്‍പതിവനുസരിച്ച് കാതോലിക്കായോടൊപ്പം വിശ്വസ്തനായ ഒരു മ്ശംശോനൊയും ഒരു യൗഫദ്യക്കോനും ഉണ്ടായിരിക്കുകയും അവരും കത്തനാര്‍ സെക്രട്ടറിമാരില്‍ ഒരാളും ബാവായെ എല്ലായിടത്തും അനുഗമിക്കുകയും ചെയ്യണം.

5. അസിസ്റ്റന്‍റ് മലങ്കര മെത്രാപ്പോലീത്തായുടെയും രണ്ടു കൂട്ടു ട്രസ്റ്റിമാരുടെയും അധികാരം പുനര്‍ നിര്‍വചിച്ച് സകല സാമ്പത്തിക ഇടപാടുകളും അവരുടെ ചുമതലയിലും ഉത്തരവാദിത്വത്തിലും ആക്കണം.

6. പൗരസ്ത്യ കാതോലിക്കായുടെ സകല സ്വകാര്യ ജീവനക്കാര്‍ക്കും കാതോലിക്കേറ്റ് ഓഫീസില്‍ നിന്നും വേതനം നല്‍കണം. അവര്‍ക്ക് മതിയായ താമസസൗകര്യവും ദേവലോകം അരമനയില്‍ നല്‍കണം. മുന്‍ കാലങ്ങളില്‍ …. മേശെക്കു വയ്ക്കുന്ന വെണ്‍മണി വര്‍ക്കിയും, സാധനം എഴുത്തു ശ്രാംപിക്കല്‍ കൊച്ചുവറുക്കി മുതല്‍പേരെ…. ആയിരുന്നു മലങ്കര സഭാദ്ധ്യക്ഷന്‍റെ ജീവനക്കാരെങ്കില്‍ ഇന്നാ സ്ഥാനം സെക്രട്ടറിമാര്‍ക്കും ഡ്രൈവര്‍ മുതലായവര്‍ക്കുമാണ്.

ലോകമെങ്ങും പരന്നുകിടക്കുന്ന നസ്രാണി സമൂഹത്തിന്‍റെ പ്രധാന ആചാര്യനു സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇത്തരം ഒരു സ്ഥിരം സംവി

ാനം ആവശ്യമാണ്. നിത്യഭരണത്തിന്‍റെ കെട്ടുപാടുകളില്‍ നിന്നു മോചനം നല്കിയാലേ വലിയ ഇടയനടുത്ത തന്‍റെ കടമകള്‍ സുഗമമായി പൂര്‍ത്തീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിയൂ. തീരുമാനങ്ങള്‍ ന്യായവും പ്രമാദരഹിതവുമാകാനും ഈ സംവിധാനം സഹായിക്കും.

(അല്മായവേദി, സെപ്റ്റംബര്‍, 2006)