വടക്കിന്‍റെ പരുമലയിലേക്ക് ഒരു തീർഥയാത്ര / ജിജി കെ നൈനാൻ

ഈ വാരാന്ത്യം തീർഥാടന പുണ്യത്തിന്റേത്. വടക്കിന്റെ പരുമലയായ ജനക്പുരി മാർ ഗ്രീഗോറിയോസ് പള്ളിയിലേക്കുള്ള പദയാത്രകളിൽ വിശ്വാത്തിന്റെ കരുത്ത്‌ മാത്രമല്ല. മതമൈത്രിയുടെ തണലും തുണയായുണ്ട്.
പരിശുദ്ധ പരുമല തിരുമേനിയുടെ 115 മത് ഓർമ്മപെരുന്നാളും, ഇടവകയുടെ ആണ്ടുപെരുന്നാളും ഒക്ടോബർ 29 മുതൽ നവംബർ 5 ഞായറാഴ്ച വരെ നടക്കുകയാണ്. വാരാന്ത്യം നഗരവഴികൾ വടക്കിന്റെ പരുമലയിലേക്കാണ്. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയുള്ള യാത്ര. ജീവിത വേദനകളിൽ ആശ്വാസം തേടി എത്തുന്നവരുടെ തേങ്ങലുകൾ മാത്രമല്ല, ഇവിടെനിന്നുയരുന്ന മതമൈത്രിയുടെ സ്നേഹമന്ത്രവും കേൾക്കാം. ഇവിടെ പെരുന്നാൾകാലത്ത് മതവും ജനവും ഒന്നാകുന്നു.
പദയാത്രകൾക്ക് വിവിധ മത,  സാമൂഹ്യ, സാംസ്കാരിക സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകുന്നു. വികാസ്പുരിയിൽ ധർമ്മശാസ്താ സേവാ സമിതിയും, പട്ടേൽ നഗറിൽ അയ്യപ്പ പൂജ സമിതി, മായപുരിയിൽ എൻ എസ് എസ്. ഹരിനഗറിൽ ഗുരുദ്വാര പ്രബന്ധക് കമ്മറ്റി എന്നിവർ വർഷങ്ങളായി പദയാത്രകൾക്ക് സ്വീകരങ്ങൾ ഒരുക്കുന്നത് മത മൈത്രിയുടെ ഉത്തമ ഉദാഹരണമാണ്.  ജനക്പുരി ദേവാലയം സ്‌ഥിതി ചെയ്യുന്ന സ്ഥലം അതിന്റെ സംഗമസ്ഥാനമാണ്. പള്ളിക്ക് തൊട്ടടുത്ത് സനാതൻ ധർമ്മ മന്ദിർ, അതിനടുത്ത് സിക്കുകാരുടെ ഗുരുദ്വാര, ഹൈന്ദവ ക്ഷേത്രം എന്നിവ നാലും അടുത്തടുത്തായി സ്ഥിതിചെയ്യുന്നു.
ഓർത്തഡോക്സ്‌ സഭയുടെ ഡൽഹിയിലെ രണ്ടാമത്തെ ദേവാലയമാണ് ജനക്പുരിയിലേത്. നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള വിശ്വാസികളുടെ സൗകര്യർത്ഥമാണ് 1982 ൽ സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധൻ പരുമല തിരുമേനിയുടെ നാമത്തിൽ പള്ളി പണിതത്. 1985 ൽ പ.പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതുമുതൽ ജനക്പുരി പള്ളി തീർഥാടന കേന്ദ്രമായി മാറി. ഞായറാഴ്ചകളിൽ ദേവാലയത്തിന്റെ ഉള്ളിൽ നിൽക്കുന്നതിനെക്കാൾ അധികം ജനം വി.കുർബ്ബാനക്കായി പള്ളിക്ക് വെളിയിൽ നിന്ന് ആരാധിക്കുന്നത് പതിവായി. കൂടുതൽ ജനത്തെ ഉൾകൊള്ളതക്കവിധം 2013 ൽ ദേവാലയം പുതുക്കിപണിതു. ഓരോ വർഷം കഴിയുംതോറും നവംബറിലെ ആദ്യവാരം പരിശുദ്ധന്റെ അനുഗ്രഹം തേടിയെത്തുന്ന ഭക്ത സഹസ്രങ്ങളുടെ തിരക്കിലേക്ക് ജനക്പുരി അമരുകയാണ്.
പെരുന്നാൾ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി പദയാത്ര സംഘങ്ങൾ എത്തിച്ചേരുന്നു. വിവിധ മേഖലകളിൽ നിന്നും പ്രാർഥനാ യോഗങ്ങളുടെ നേതൃത്വത്തിലും, സമീപ ഇടവകകളിൽ നിന്നും വിശ്വാസികളുടെ പദയാത്രയും. അതിലുപരി ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലും പ്രാന്ത   പ്രദേശങ്ങളിലുമുള്ള  ആയിരക്കണക്കിന് വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തീർഥയാത്ര ജനക്പുരി ദേവാലയത്തിൽ എത്തിച്ചേരുന്നതോടെ പെരുന്നാൾ ശുശ്രുഷകൾക്ക്‌ തുടക്കമാകും. പെരുന്നാൾ ശുശ്രുഷകൾക്ക് അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത  മുഖ്യ കാർമ്മികത്വം വഹിക്കും.