ഹൂദായ കാനോന്‍: അവതാരിക / കോനാട്ട് ഏബ്രഹാം കത്തനാര്‍

പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളുടെ പ്രകാശം എന്ന അപരാഭിധാനത്താല്‍ സുപ്രസിദ്ധനും, പൗരസ്ത്യ കാതോലിക്കാമാരുടെ ഗണത്തില്‍ അഗ്രഗണ്യനും, അഗാധ പണ്ഡിതനുമായിരുന്ന മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്ന പരിശുദ്ധ പിതാവിനാല്‍ വിരചിതമായിട്ടുള്ള അനേകം വിശിഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഹൂദായ കാനോന്‍. “അബു അല്‍ഫ്രജ്” എന്നു കൂടി പേരുള്ള ഈ വിശുദ്ധന്‍ ക്രി. 1225-ല്‍ ഭൂജാതനായി. സ്വദേശം കപ്പദൂക്യായില്‍ മിലിത്തീനി എന്ന പട്ടണമായിരുന്നു. ഇദ്ദേഹം ഗര്‍ഭസ്ഥിതനായിരുന്ന കാലത്ത് യുദ്ധഭീതി നിമിത്തം മാതാപിതാക്കള്‍ ഒളിച്ചോടി നടക്കവെ, ഫ്രാത്ത് നദിതീരത്തുവച്ച് ഇദ്ദേഹത്തെ പ്രസവിക്കാനിടയായതു കാരണം “കടവിന്‍റെ പുത്രന്‍” എന്നര്‍ത്ഥമുള്ള ബാര്‍ എബ്രോയൊ എന്നു നാമകരണം ചെയ്യപ്പെട്ടു. അവിടെനിന്ന് അവര്‍ അന്ത്യോഖ്യാ പട്ടണത്തിലെത്തി സ്ഥിരവാസമാരംഭിച്ചു. അവിടെവച്ച് ഇദ്ദേഹം റമ്പാനായിത്തീരുകയും തുടര്‍ന്ന് എപ്പിസ്കോപ്പായായി ലാക്കാബീന്‍, ബേറോവാ, ഹലാബ് ഈ ഇടവകകളില്‍ മാറി മാറി ഭരണം നടത്തുകയും ചെയ്തു. ക്രി. 1264-ല്‍ പൗരസ്ത്യ കാതോലിക്കായായി അവരോധിക്കപ്പെട്ടു. ക്രി. 1286-ല്‍ മാറാഗാ എന്ന സ്ഥലത്തുവച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. തന്‍റെ മരണസമയത്തെ സൂചിപ്പിച്ചുകൊണ്ട് വളരെ മുമ്പുതന്നെ ഇദ്ദേഹം ഒരു പദ്യം എഴുതിവച്ചിരുന്നതായി പറയപ്പെടുന്നു. സുറിയാനി, ഗ്രീക്ക്, അറബി, ലത്തീന്‍, എബ്രായ മുതലായ പല ഭാഷകളിലും വിവിധ ശാസ്ത്രങ്ങളിലും ഇദ്ദേഹം അതിനിപുണനായിരുന്നതിനും പുറമെ ഒരു തികഞ്ഞ വാഗ്മിയും അത്ഭുതസിദ്ധികളോടു കൂടിയ ഒരു വിശുദ്ധനുമായിരുന്നു. മുപ്പതില്‍പരം വിശിഷ്ട ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ക്രി. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ വിശുദ്ധന്‍ ആ കാലത്തിനനുയോജ്യമായ നിലയില്‍ ആത്മീയവും ലൗകികവുമായ അനേകം നിയമങ്ങളെ ക്രോഡീകരിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ ഹൂദായ കാനോന്‍. ഇന്നും ആത്മീയ സംഗതികളില്‍ ഈ ഗ്രന്ഥം മാത്രമാണ് ആധാരമായിട്ടുള്ളതെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

ആധുനിക കാലത്ത് ഈദൃശ ഗ്രന്ഥങ്ങള്‍ വളരെ ദുര്‍ലഭവും, സുറിയാനി ഭാഷാപരിജ്ഞാനം തികച്ചും അപര്യാപ്തവുമാകയാല്‍ ഇതിന്‍റെ ഒരു മലയാള പരിഭാഷ ഏറ്റം അത്യാവശ്യമാണ്. പരേതനായ എന്‍റെ വന്ദ്യപിതാവ് വളരെക്കാലം മുമ്പുതന്നെ ഇതിന്‍റെ പരിഭാഷ ആരംഭിച്ച്, ജീവനിക്ഷേപം മാസികയില്‍ അത് ഖണ്ഡശ്ശഃ പ്രസിദ്ധം ചെയ്തിരുന്നു. കുറഞ്ഞ പക്ഷം പത്തദ്ധ്യായങ്ങളെങ്കിലും പ്രസിദ്ധം ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തില്‍ ആരംഭിച്ച് ആ ഉദ്യമം കൃത്യാന്തരങ്ങളാല്‍ പൂര്‍ത്തിയാക്കുവാനിടയായില്ല. ഈ സംരംഭം പൂര്‍ത്തിയാക്കിക്കണ്ടാല്‍ കൊള്ളാമെന്നാഗ്രഹമുള്ള ആളുകള്‍ നമ്മുടെ സഭയില്‍ അനേകരുണ്ട്. വൈദികരും അവൈദികരുമായ പല സ്നേഹിതന്മാരും എന്നെ അതിനു നിര്‍ബന്ധിച്ചിരുന്നു. ഇങ്ങനെ അനേകരുടെ നിര്‍ബന്ധപൂര്‍വ്വമായ അഭിലാഷത്തെ ആദരിച്ചാണ് ഞാന്‍ ഈ ഉദ്യമത്തില്‍ ഏര്‍പ്പെട്ടത്. ആദ്യത്തെ പത്തദ്ധ്യായങ്ങള്‍ ഇപ്പോള്‍ ഈ നിലയില്‍ ബഹുജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

സുറിയാനി ഭാഷാ സാഹിത്യലോകത്ത് ഇതപര്യന്തം ഉദയം ചെയ്തിട്ടുള്ളതില്‍ ഏറ്റം ഉജ്ജ്വലമായ താരം ഗ്രീഗോറിയോസ് ബാര്‍ എബ്രായയാണ്. സുറിയാനി ഭാഷ ഏറ്റം വിദഗ്ദ്ധവും ശാസ്ത്രീയവുമായി കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുള്ള നൈപുണ്യം അനാദൃശവുമാണ്. പ്രത്യേകിച്ച് ഇതൊരു നിയമഗ്രന്ഥവും. ഈ ചുറ്റുപാടില്‍ കേവലം പരിമിതമായ എന്‍റെ ഭാഷാ പരിജ്ഞാനത്തെ ആശ്രയിച്ചുകൊണ്ട് ഇതിനു ഞാന്‍ തുനിഞ്ഞത് അല്‍പം സാഹസമായിപ്പോയില്ലേ എന്നു പോലും എനിക്കു ഭീതിയില്ലാതില്ല. ഇതിനൊരു പരിഹാരമെന്നവണ്ണം, ഇതിന്‍റെ കയ്യെഴുത്തുപ്രതി ഞാന്‍ ബ. മാറാച്ചേരില്‍ ഇട്ടീരാ മല്‍പാനച്ചനെ കാണിക്കയും അദ്ദേഹം ഇത് ആദ്യവസാനം പരിശോധിക്കുകയുമുണ്ടായി. അദ്ദേഹത്തോടുള്ള എന്‍റെ ഹൃദയപൂര്‍വ്വമായ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.

മൂലഗ്രന്ഥത്തില്‍ ആകെ നാല്‍പതദ്ധ്യായങ്ങളാണുള്ളതെങ്കിലും ഇനി അവശേഷിക്കുന്ന മുപ്പതദ്ധ്യായങ്ങള്‍ മിക്കവാറും ഇക്കാലസ്ഥിതിക്കു കാര്യമായ പ്രയോജനമില്ലാത്ത ലൗകികനിയമങ്ങളാണ്. ആകയാല്‍ തല്‍ക്കാലം അവയെ ഉപേക്ഷിക്കുന്നു.

മുഖവുര

“ഒരാള്‍ വിശ്വാസത്തിന്‍റെ നിലനില്‍പ്പിനെ ലക്ഷ്യമാക്കിക്കൊണ്ട് ഒരു പ്രവൃത്തി ചെയ്തിട്ട് അത് സഭാക്രമീകരണങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ക്കു വിരുദ്ധമായി പരിണമിക്കുന്നപക്ഷം അതുകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്ന് നമ്മുടെ ഒരു മഹാന്‍ പറഞ്ഞിരിക്കുന്നു. ആകയാല്‍ ഈ നിയമഗ്രന്ഥത്തില്‍ സര്‍വ്വപ്രധാനമായി ആത്മീയവും ലൗകികവുമായ നീതിനിഷ്ഠയാണ് ലക്ഷ്യമാക്കിയിരിക്കുന്നത്. ഇവയെ ആചരിക്കാതിരുന്നാല്‍ സുപ്രധാനമായ വിശ്വാസപാലനത്തിനു കോട്ടം തട്ടുകയും അന്യമതസ്ഥരാല്‍ അതു നിന്ദിക്കപ്പെടാനിടവരികയും ചെയ്തേക്കാം. സഭാപരങ്ങളും ലൗകികങ്ങളുമായ സകല നിയമങ്ങളും നാല്‍പതദ്ധ്യായങ്ങളില്‍ ഖണ്ഡികകളായി വിഭജിച്ച്, ആവശ്യമായ “ഹൂദായ” സഹിതം, ഇതില്‍ ഞാന്‍ ക്രമീകരിച്ചിരിക്കുന്നു. ദൈവത്തിന്‍റെ സഭയ്ക്കും ശുശ്രൂഷകന്മാര്‍ക്കും പ്രത്യേക പരിഗണനയും നല്‍കിയിട്ടുണ്ട്. സഭാപരമായ നിയമങ്ങള്‍ക്കു ക്ലിമ്മീസിന്‍റെ എട്ടു ഗ്രന്ഥങ്ങളിലുള്ള ശ്ലീഹന്മാരുടെ കാനോനുകളും ആദായിയുടെ ഉപദേശവും പൊതുസുന്നഹദോസ് നിശ്ചയങ്ങളുമാണ് ഞാന്‍ അവലംബമാക്കിയിരിക്കുന്നത്. ലൗകിക നിയമങ്ങളില്‍ യൗനായ രാജാക്കന്മാരെയും ഏതു നിലയിലായിരുന്നാലും നീതിനിഷ്ഠയെ ലക്ഷ്യമാക്കിയിരിക്കുന്ന ഇതരന്മാരെയും എനിക്ക് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. ഓരോ നിയമവും അതാതിന്‍റെ നിര്‍മ്മാതാവിന്‍റെ നാമത്തില്‍ തന്നെയാണ് ഉദ്ധരിച്ചിരിക്കുന്നത്. അപ്രസിദ്ധന്മാരില്‍ നിന്ന് പരമ്പരയാ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രമാണങ്ങള്‍ ഹൂദായ എന്ന തലക്കെട്ടില്‍ ഞാന്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ പിതാക്കന്മാരില്‍ നിന്ന് ഞാന്‍ അംഗീകരിച്ചിട്ടുള്ളതുപോലെതന്നെ അസ്വീകാര്യമായ ആളുകളില്‍ നിന്നു പോലും സ്വീകാര്യങ്ങളായ നിയമങ്ങളെ ഞാന്‍ അംഗീകരിച്ചിട്

ുണ്ട്. അറിയോസുകാര്‍ അന്ത്യോഖ്യയില്‍ വച്ച് നിശ്ചയിച്ചിട്ടുള്ള 25 നിയമങ്ങള്‍, ഗന്‍ഗാറാ പട്ടണത്തില്‍ വച്ച് മക്കെദോന്യര്‍ ചെയ്ത 20 നിയമങ്ങള്‍, ലേയോന്‍റെ കൂട്ടര്‍ കല്‍ക്കീദൂനായില്‍ വച്ച് ഏര്‍പ്പെടുത്തിയ 27 നിയമങ്ങള്‍ ഇവയാണ് അത്.”

1907 – ഹൂദായ കാനോൻ / കോനാട്ട് മാത്തൻ മല്പാൻ