അടുപ്പുട്ടി സെന്റ് ജോർജ് പള്ളി പെരുന്നാൾ

 അടുപ്പുട്ടി സെന്റ് ജോർജ് പള്ളി പെരുന്നാൾ തുടങ്ങി

കുന്നംകുളം ∙ അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് തുടക്കം.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് മുഖ്യകാർമികനായി. പെലക്കാട്ടുപയ്യൂർ, പുതുശേരി, കാണിപ്പയ്യൂർ, പയ്യൂർ സ്കൂൾ, മാന്തോപ്പ്, പുത്തനങ്ങാടി, തോമാച്ചൻ റോഡ്, ടൗൺ, കൊട്ടി‍ൽപ്പടി കുരിശ് എന്നിവിടങ്ങളിലെ കുരിശുപളളികളിൽ ധൂപപ്രാർഥനയോടെയാണ് പെരുന്നാൾ തുടങ്ങിയത്.
സന്ധ്യാനമസ്കാരത്തിനു ശേഷം പള്ളിയിൽ നിന്ന് കൊടിയും സ്ലീബായും പുറപ്പെട്ട് പള്ളിനട പരുമല കുരിശുപള്ളി വഴി തിരിച്ചു പള്ളിയിലെത്തി. പിന്നിട് ശ്ലൈഹിക വാഴ്‌വിനു ശേഷം വിവിധ ദേശക്കാരുടെ പെരുന്നാൾ ആഘോഷം ആരംഭിച്ചു. വിവിധ ദേശങ്ങളിൽ നിന്നുള്ള കമ്മിറ്റികളാണ് ആഘോഷത്തിൽ പങ്കാളിയായത്.
ഇന്ന് പ്രഭാത നമസ്കാരത്തിനു ശേഷം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാനയർപ്പിക്കും. തുടർന്ന് കൊടിയും സ്ലീബായും ,ആശീർവാദം, നേർച്ച. ഉച്ചയ്ക്ക് 12 ന് തുടങ്ങുന്ന ദേശക്കാരുടെ എഴുന്നള്ളിപ്പുകൾ വൈകിട്ട് 5.30ന് സമാപിക്കും. വനം വകുപ്പ് അനുമതി നൽകിയ ആനകളെ മാത്രമാണ് എഴുന്നള്ളിക്കാൻ അനുവദിക്കുക. വികാരി ഫാ. ഗീവർഗീസ് തോലത്ത്, കൈസ്ഥാനി പി.കെ. പ്രജോദ്, സെക്രട്ടറി ബിനോയ് കെ. കൊച്ചുണ്ണി എന്നിവരടങ്ങിയ കമ്മിറ്റിനേതൃത്വം നൽകും