(1982 സെപ്തംബര്‍ 2-നു നടന്ന കാതോലിക്കേറ്റ് പുനഃസ്ഥാപന സപ്തതി സമ്മേളനത്തോടനുബന്ധിച്ച് പ. മാത്യൂസ് പ്രഥമന്‍ ബാവായുമായി മനോരമ ലേഖകന്‍ നടത്തിയ അഭിമുഖം)
ഇന്ത്യയിലെ വിവിധ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കാതോലിക്കേറ്റ് പുനഃസ്ഥാപന സപ്തതി ആഘോഷം ഇടയാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനായി പ്രവര്‍ത്തിക്കാന്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ സന്നദ്ധമാണ്. അക്കാര്യത്തില്‍ മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിനു വിധേയമായി വേണ്ടതു ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
ഇന്ത്യയുടെ അപ്പസ്തോലനായ മാര്‍ത്തോമ്മാ ശ്ലീഹായോടുള്ള ഭക്തി പുലര്‍ത്തിപ്പോരുന്ന ഇന്ത്യന്‍ സഭകള്‍ സ്നേഹത്തിലും പരസ്പര വിശ്വാസ ത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കണം. അന്യോന്യം സഹകരിക്കുന്നതിന് വിശ്വാസവും ആചാരങ്ങളും ഒരു തടസ്സമാവില്ലെന്നു തന്നെയാണ് എന്‍റെ വിശ്വാസം. ഒരേ പാരമ്പര്യം പുലര്‍ത്തുന്ന സഭകള്‍ യോജിച്ചുണ്ടാകുന്ന ഒരു അഖില ഭാരത സഭയാണ് എന്‍റെ സ്വപ്നം. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖ സംഭാഷണ വേളയിലാണ് ഇങ്ങനെ പറഞ്ഞത്.
ചോ: സഭാപുരോഗതിയെ സംബന്ധിച്ചിടത്തോളം സപ്തതി ആഘോഷം ഒരു വഴിത്തിരിവായിരിക്കുമെന്നാണോ അങ്ങ് പറയുന്നത്?
ഉ: ഈ ആഘോഷം വിദേശ സഭാപ്രതിനിധികളെ സ്വീകരിക്കുന്നതിനു മാത്രമുള്ള ഒരു പരിപാടിയല്ല. എല്ലാ പള്ളികളെയും സ്ഥാപനങ്ങളെയും ഭവനങ്ങളെയും ആഘോഷത്തില്‍ പങ്കെടുപ്പിക്കത്തക്കവിധം ആത്മീയ പ്രാധാന്യം നല്‍കിയാണ് പരിപാടികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് അത് ഉത്തേജനം നല്‍കുകയും ചെയ്യും. വിദേശ സഭാ ബന്ധങ്ങള്‍ വ്യാപകമായ ഫലങ്ങള്‍ പുറപ്പെടുവിക്കാതിരിക്കില്ല. ആ സഭകളുമായി മലങ്കരസഭയ്ക്കുള്ള ബന്ധം ശക്തിപ്പെടുകയും അത് ആത്യന്തികമായി അഖിലലോക സഭൈക്യത്തിനു വഴി തെളിയിക്കുകയും ചെയ്യും.
ചോ: കാതോലിക്കാ സിംഹാസനം മലങ്കരയില്‍ പുനഃസ്ഥാപിച്ചിട്ട് 70 വര്‍ഷമായല്ലോ. ഈ കാലയളവില്‍ സഭ കൈവരിച്ച പുരോഗതി തൃപ്തികരമാണെന്ന് അങ്ങ് കരുതുന്നുണ്ടോ?
ഉ: സഭയുടെ ദൗത്യനിര്‍വഹണവും പുരോഗതിയും ദേശീയ സ്വഭാവവും അതിന്‍റെ സ്വയംശീര്‍ഷകത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിമത്ത്വത്തില്‍ കഴിയുന്ന ഒരു സഭയ്ക്ക് ഇവ മൂന്നും സ്വാംശീകരിക്കാന്‍ എളുപ്പമല്ല. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് 1912-ല്‍ കാതോലിക്കേറ്റ് മലങ്കരയിലേക്കു മാറ്റി സ്ഥാപിച്ചത്. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷം മലങ്കരസഭയെ സംബന്ധിച്ചിടത്തോളം കഠിനമായ യാതനയുടെ കാലഘട്ടമായിരുന്നു. അടുത്ത കാലത്തെങ്ങും ഇത്രമാത്രം എതിര്‍പ്പുകള്‍ മറ്റൊരു സഭയും നേരിട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരു കൈയില്‍ വാളും മറുകൈയില്‍ കുലശ്ശേരും പിടിച്ചുകൊണ്ടാണ് പരിശുദ്ധ പിതാക്കന്മാര്‍ സഭ പണിതിട്ടുള്ളത്. ഇന്നും ആ സ്ഥിതിവിശേഷം മാറിയിട്ടില്ല.
വിദേശ മേധാവിത്വത്തിന്‍റെ മറകളില്‍ നിന്നുകൊണ്ട് സ്വന്തം സഭാമക്കളില്‍ ഒരു വിഭാഗം നടത്തിപ്പോന്ന പോരാട്ടങ്ങള്‍ സഭയുടെ സപ്തനാഡികളും തകര്‍ത്തു കളഞ്ഞു. ആ നിന്ദ്യാവസ്ഥയില്‍ നിന്ന് പരിപൂര്‍ണ്ണമായി വിമുക്തി നേടാന്‍ ഇനിയും സഭയ്ക്ക് കഴിഞ്ഞിട്ടില്ല. സഭയുടെ പുരോഗതി വിലയിരുത്തുമ്പോള്‍ ഈ വക കാര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. എന്തായാലും സപ്തതി ആഘോഷം സഭയുടെ പുരോഗതിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി തീരുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
ചോ: ഭാവിപുരോഗതിക്ക് ഇപ്പോഴത്തെ വ്യവഹാരങ്ങള്‍ തടസ്സമല്ലേ?
ഉ: സഭയുടെ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും ദൗത്യനിര്‍വഹണത്തിന് അത്യന്താപേക്ഷിതമാണ്. ഇവിടത്തെ പ്രത്യേക സാഹചര്യത്തില്‍ അവ സംരക്ഷിക്കാന്‍ നീതിന്യായ കോടതികളെ പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നു. അത് ഒഴിച്ചുകൂടാന്‍ ആവാത്ത ഒരു ദുര്‍വിധിയാണ്. ഏതെങ്കിലും വിധത്തില്‍ വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചാല്‍ നന്നായിരുന്നു. എന്നാല്‍ അതിനുവേണ്ടി ഇതുവരെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്.
മേല്‍പ്പറഞ്ഞ മൗലിക തത്വങ്ങള്‍ ബലികഴിക്കാതെ സമാധാനം ഉണ്ടാവുമെങ്കില്‍ അതു വലിയൊരു അനുഗ്രഹമാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു മിക്കവാറും അസാദ്ധ്യമാണെന്നു കരുതേണ്ടിയിരിക്കുന്നു.
ചോ: വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഭാംഗങ്ങളായ പ്രഗത്ഭ വ്യക്തികളുടെ സേവനം പ്രയോജനപ്പെടുത്തുന്നത് സഭയ്ക്ക് നേട്ടമായി രിക്കില്ലേ?
ഉ: വിവിധ രംഗങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചിട്ടുള്ളവരും വഹിക്കുന്നവരുമായ സഭാംഗങ്ങളുടെ സേവനം സഭാപുരോഗതിക്ക് പ്രയോജനപ്പെടുമെന്ന അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. ആവശ്യം വരുമ്പോഴൊക്കെ അവരുടെ സഹായം തേടാറുണ്ട്. അതു കൂടുതല്‍ വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നു. സഭയുടെ ഔദ്യോഗിക സമിതികളില്‍ അങ്ങനെയുള്ളവര്‍ക്ക് കൂടുതലായി പ്രാതിനിധ്യം നല്‍കും.
ചോ: സഭാകാര്യങ്ങളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും ചുമതലയും നല്‍കുന്നതു നല്ലതല്ലേ?
ഉ: ഈ അഭിപ്രായത്തോടും പരിപൂര്‍ണ്ണമായി യോജിക്കുന്നു. യുവജന പ്രസ്ഥാനം വിദ്യാര്‍ത്ഥി പ്രസ്ഥാനം തുടങ്ങിയവ സഭാസേവനത്തിനു പുതിയ തലമുറയെ ഒരുക്കുന്ന കളരികളാണ്. എന്നാല്‍ ആധുനിക സമൂഹത്തില്‍ രാഷ്ട്രീയത്തിന്‍റെ സ്വാധീനം വര്‍ദ്ധിച്ചത് ചെറുപ്പക്കാരെ കൂടുതലായി ആ രംഗത്തേക്ക് ആകര്‍ഷിക്കുവാന്‍ കാരണമായിട്ടുണ്ട്. അതിന് പല മാതാപിതാക്കളും മക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ഇളംതലമുറയുടെ വീക്ഷണത്തെ ബാധിച്ചിട്ടുണ്ട്. സന്യാസ ജീവിതരംഗം തന്നെ ഉദാഹരണം. സഭാപുരോഗതിയെ സംബന്ധിച്ചിടത്തോളം സന്യാസജീവിതം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. എന്നാല്‍ ആ രംഗത്തേക്കു കടന്നുവരാന്‍ യുവതീയുവാക്കള്‍ അത്രയൊന്നും തല്‍പരരല്ല. ഇതിനൊരു മാറ്റം വരുത്താന്‍ മാതാപിതാക്കളാണ് മുന്‍കൈയെടുക്കേണ്ടത്.
ചോ: പ്രേഷിത പ്രവര്‍ത്തനം ക്രൈസ്തവ സഭകളുടെ മുഖ്യ ദൗത്യമാണല്ലോ. ആ രംഗത്ത് ഓര്‍ത്തഡോക്സ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണോ?
ഉ: ഈ രംഗത്തു സഭയുടെ പ്രതീക്ഷാനുസരണം ചുമതല നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. സുവിശേഷ പ്രവര്‍ത്തനം കഴിയുന്നത്ര വിപുലമാക്കാന്‍ ശ്രമിച്ചു വരുകയാണ്. വൈദിക സെമിനാരി, മാവേലിക്കര മിഷന്‍ ട്രെയിനിംഗ് സെന്‍റര്‍ എന്നിവ അതിനുവേണ്ടിയാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ അനുയോജ്യരായ യുവാക്കള്‍ കൂടുതലായി മുന്നോട്ടു വരുന്നില്ല. ദൈവവിളിയുള്ളവരെ കണ്ടെത്താന്‍ സഭ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.
ചോ: കുട്ടികള്‍ക്കു ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുന്നതിന് ഇപ്പോഴത്തെ സണ്ടേസ്കൂള്‍ പ്രസ്ഥാനം പര്യാപ്തമാണോ?
ഉ: സണ്ടേസ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കി വരികയാണ്. പാഠ്യപദ്ധതിയിലും പുസ്തകങ്ങളുടെ ഉള്ളടക്കത്തിലും മാറ്റം വരുത്തുന്നുണ്ട്.
ചോ: ആതുര സേവനരംഗത്തു സഭ എന്തെല്ലാം പരിപാടികളാണ് നടപ്പാക്കിവരുന്നത്?
ഉ: ആശുപത്രികള്‍, അഭയഭവനുകള്‍, ബാലഭവനുകള്‍, വയോജന ഭവനുകള്‍ എന്നിവയ്ക്കു പുറമെ ഭവനദാന പദ്ധതികളും സാധുക്കളായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വിദ്യാഭ്യാസ നിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്ധ്രായിലെ പുനരധിവാസ പദ്ധതി തുടങ്ങി കേരളത്തിനു വെളിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു വരുന്നു.
ചോ: വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ‘ഡൊണേഷന്‍’ സ്വീകരിക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം? ഉടുപ്പിയിലും മറ്റും ഏര്‍പ്പെടുത്തിയിട്ടുള്ളതുപോലെയുള്ള ഡൊണേഷന്‍ രീതിയാണോ ഇവിടെയും?
ഉ: ലക്ഷക്കണക്കിനു രൂപ കടമെടുത്താണ് പുതിയ കോളജുകളും മറ്റും സ്ഥാപിച്ചിട്ടുള്ളത്. തന്മൂലം സഭയ്ക്ക് സാമ്പത്തികമായ പരാധീനതകളുണ്ട്. അതുകൊണ്ടാണ് സന്മനസ്സുള്ളവരില്‍നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നത്. ആ തുക പൊതു നന്മയ്ക്കായി വിനിയോഗിക്കുന്നു. അത് ദുര്‍വിനിയോഗം ചെയ്യുന്നുമില്ല. മറ്റുള്ളവര്‍ സ്വമനസാലേ ചെയ്യുന്ന ഒരു സല്‍പ്രവൃത്തിയായി ഇതിനെ കണ്ടാല്‍ ആക്ഷേപത്തിനു സ്ഥാനമില്ല.
ചോ: സഭയുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും ചെയ്യേണ്ടതില്ലേ?
ഉ: അതിനാണ് എം.ഡി. കൊമേര്‍ഷ്യല്‍ സെന്‍റര്‍ തുടങ്ങിയ ചില പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. സഭാവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടുപോകുന്നതിനുള്ള ധനാഗമമാര്‍ഗ്ഗം എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും ഇത്തരം പരിപാടികള്‍കൊണ്ട് ഉദ്ദേശിച്ചിട്ടില്ല.
ചോ: മറ്റു സഭകളെ അപേക്ഷിച്ചു അത്മായക്കാര്‍ക്ക് ഓര്‍ത്തഡോക്സ് സഭയില്‍ പ്രത്യേകം സ്ഥാനം ഉണ്ടോ?
ഉ: സഭയുടെ എല്ലാ രംഗങ്ങളിലും അത്മായക്കാര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിവരുന്നു. അത്മായക്കാരെ ഇത്രയധികം സഹകരിപ്പിക്കുന്ന സഭകള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഇടവകപ്പൊതുയോഗം, ഇടവക മാനേജിംഗ് കമ്മിറ്റി, മലങ്കര അസോസിയേഷന്‍, മലങ്കര മാനേജിംഗ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി, ഭദ്രാസന പൊതുയോഗം, ഭദ്രാസന കൗണ്‍സില്‍ എന്നിവയിലെല്ലാം അയ്മേനികള്‍ക്കാണ് ഭൂരിപക്ഷം. കാതോലിക്കായേയും മെത്രാന്മാരേയും തെരഞ്ഞെടുക്കുന്നതും അയ്മേനികള്‍ക്കു ഭൂരിപക്ഷമുള്ള അസോസിയേഷനാണ്. സഭയുടെ മൂന്നു ട്രസ്റ്റികളില്‍ ഒരാള്‍ അയ്മേനിയാണ്.
ചോ: ഓര്‍ത്തഡോക്സ് സഭ ഒരു ഓട്ടോസെഫാലസ് ചര്‍ച്ച് ആണെന്നു പറയുന്നതിന്‍റെ അര്‍ത്ഥം എന്ത്? ആവശ്യം എന്ത്?
ഉ: മലങ്കര ഓര്‍ത്തഡോക്സ് സഭ ഒരു ഓട്ടോസെഫാലസ് ചര്‍ച്ചാണ്. അതായത് അതിനു സ്വന്തം തലവനുണ്ട്. അതു കാതോലിക്കായാണ്. മറ്റൊരു സഭയെയും ആശ്രയിക്കാതെ എല്ലാ കാര്യങ്ങളും നടത്തുന്നതിന് ഓട്ടോ സെഫാലസ് സഭയ്ക്ക് അധികാരമുണ്ട്. അതായതു സഭയുടെ ആത്മീയവും ലൗകികവും ദേശീയവുമായ എല്ലാ കാര്യങ്ങളും നടത്താനുള്ള അവകാശം.