മാത്യൂസ് മാര്‍ അത്താനാസ്യോസ് (പ. മാത്യൂസ് പ്രഥമന്‍ ബാവാ) ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്താ എന്ന നിലയില്‍ 1974-ല്‍ തന്‍റെ കീഴിലുള്ള പള്ളികള്‍ക്കു കോട്ടയത്തു നിന്ന് അയച്ചുകൊടുത്ത കത്ത്:
“നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ അറിയുന്നതു പത്രങ്ങളില്‍ നിന്നും ഇവിടെ നിന്നും ലഭിക്കുന്ന കത്തുകളില്‍ നിന്നുമായിരിക്കുമല്ലോ. ആദ്യം തന്നെ നമുക്കു നിങ്ങളെ ഗുണദോഷിക്കുവാനുള്ളതു പത്രറിപ്പോര്‍ട്ടുകളെ ആശ്രയിച്ചു മലങ്കരസഭാകാര്യങ്ങളെ സംബന്ധിച്ച് എന്തെങ്കിലും തീരുമാനിക്കരുത് എന്നാണ്. കേരളത്തില്‍ നിന്നും പുറത്തു നിന്നും പുറപ്പെടുന്ന ഇംഗ്ലീഷ്-മലയാളം പത്രങ്ങളില്‍ വരുന്നതായ വാര്‍ത്തകള്‍ പലപ്പോഴും അവാസ്തവങ്ങളും അബദ്ധങ്ങളും അയഥാര്‍ത്ഥങ്ങളുമാണെന്നുള്ളതാണു സത്യാവസ്ഥ. പ്രചരണം ഒരു തന്ത്രമാകയാല്‍ സഭയുടെ എതിരാളികള്‍ അതു വേണ്ടവണ്ണം ഉപയോഗിച്ചു നമ്മുടെ ആളുകളെ വഴിതെറ്റിക്കാന്‍ ആവോളം ശ്രമിക്കുന്നു. ഈ അവസരത്തില്‍ ‘മലയാള മനോരമ’ ഒഴിച്ചുള്ള പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രസ്താവനകളും വാര്‍ത്തകളും സൂക്ഷിച്ചു വേണം വിശ്വസിക്കുവാനെന്നു ഗുണദോഷിക്കേണ്ടി വന്നതില്‍ നമുക്കു ഖേദമുണ്ട്.
1958-ല്‍ ഉണ്ടായ സമാധാനം സഭാമക്കളില്‍ വളരെയധികം സന്തോഷവും ഒട്ടേറെ പ്രതീക്ഷകളും ഉളവാക്കിയിരുന്നല്ലോ. എന്നാല്‍ വളര്‍ച്ചയുടെ പുതിയ പാതയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സഭയുടെ ഭരണസ്വാതന്ത്ര്യം ഇല്ലാതാക്കി ഇവിടെ അധികാരം സ്ഥാപിക്കുന്നതിനും ഇവിടുത്തെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനുമുള്ള ശ്രമങ്ങള്‍ പാത്രിയര്‍ക്കീസ് ബാവാ സമാധാനം ഉണ്ടായിക്കഴിഞ്ഞ് അധികം താമസിക്കുന്നതിനു മുമ്പുതന്നെ ആരംഭിച്ചു. മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷനായ കാതോലിക്കാബാവ കേവലം പാത്രിയര്‍ക്കീസിനു വിധേയനായ കീഴ്സ്ഥാനിയാണെന്നും ആ നിലയില്‍ അദ്ദേഹത്തിന്‍റെ കല്‍പനയനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ കടമയുള്ളവനാണെന്നുമാണ് പാത്രിയര്‍ക്കീസ് ബാവായുടെ ഭാവം. കാനോനും സഭാഭരണഘടനയ്ക്കും പാരമ്പര്യങ്ങള്‍ക്കും എതിരായി അവകാശപ്പെടുന്ന ഈ അധികാരം സ്ഥാപിക്കുന്നതിനുവേണ്ടി ഇതിനകം പല നടപടികളും എടുത്തു കഴിഞ്ഞു. സഭയുടെ ഐക്യവും ഐശ്വര്യവും ആഗ്രഹിച്ചിരുന്ന സഭാംഗങ്ങള്‍ പാത്രിയര്‍ക്കീസ് ബാവായുടെ ചുവടുതെറ്റിയ കാല്‍വെയ്പുകളെക്കുറിച്ചു വലിയ പ്രസിദ്ധീകരണം കൊടുക്കാതെ ഒതുക്കിവെയ്ക്കുകയാണ് ചെയ്തത്. തന്മൂലം സഭ പുരോഗതിയില്‍നിന്നു പുരോഗതിയിലേക്കു പ്രവേശിച്ചു. എന്നാല്‍ സമാധാന ഉടമ്പടികള്‍ക്ക് എതിരായുള്ള പാത്രിയര്‍ക്കീസ് ബാവായുടെ അവകാശവാദങ്ങളിന്മേല്‍ നാം മൗനം അവലംബിച്ചു സമാധാനം സംരക്ഷിച്ചുകൊണ്ടിരുന്നതു കൂടുതല്‍ കടന്നാക്രമണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. പക്ഷേ 12 വര്‍ഷം കഴിഞ്ഞപ്പോള്‍ ആ വ്യവസ്ഥിതിക്കു കാലഹരണമുണ്ടായതായി അദ്ദേഹം ചിന്തിച്ചോ എന്തോ?
പാത്രിയര്‍ക്കീസ് ബാവായുടെ തുറന്നാക്രമണത്തിന്‍റെ ഏറ്റവും പ്രധാന ഘട്ടമുണ്ടായത് 1970-ല്‍ ആണ്. ഈ സഭയുടെ സ്ഥാപകനായ മാര്‍ത്തോമ്മാശ്ലീഹായ്ക്കു പട്ടവുമില്ല, സിംഹാസനവുമില്ല എന്നുള്ള അദ്ദേഹത്തിന്‍റെ 1970-ലെ 203-ാം നമ്പര്‍ കല്‍പനയായിരുന്നു ആ കടന്നാക്രമണം. പരിശുദ്ധ തോമ്മാശ്ലീഹാ ഒരു അപ്പസ്തോലനും പ്രധാനാചാര്യനും പിതാക്കന്മാരുടെ പിതാവും മലങ്കരസഭയുടെ സ്ഥാപകനും ആണെന്നും സഭയുടെ സിംഹാസനം അദ്ദേഹത്തിന്‍റേതാണെന്നും ഈ സഭ എക്കാലവും വിശ്വസിച്ചിട്ടുണ്ട്. സഭ സംബന്ധിച്ചുള്ള എല്ലാ രേഖകളും അവ സമ്മതിക്കുന്നതുമാണ്. മലങ്കര മെത്രാപ്പോലീത്താമാര്‍ പൂര്‍വ്വകാലം മുതല്‍ മലങ്കര സിംഹാസനത്തില്‍ ഉപവിഷ്ടരാണെന്നു അവകാശപ്പെട്ടിരുന്നു എന്നു കാണിക്കുന്ന രേഖകള്‍ അനവധിയാണ്. ഇവിടെ കാതോലിക്കാ സിംഹാസനം ഉണ്ടായശേഷം കാതോലിക്കാമാര്‍ മാര്‍ത്തോമ്മായുടെ സിംഹാസനത്തില്‍ ആരൂഢരാണെന്നുള്ള കാര്യം സഭാംഗങ്ങള്‍ക്കു ചിരപരിചയവുമായിത്തീര്‍ന്നിട്ടുണ്ട്.
1972-ല്‍ ഒരു ഡെലിഗേറ്റിനെ ഇങ്ങോട്ടയച്ചതോടുകൂടി കടന്നാക്രമണം ഒരു പടി കൂടി മുന്നോട്ടു കടന്നു. ശീമക്കാരായ മെത്രാപ്പോലീത്താമാര്‍ കാലാകാലങ്ങളില്‍ മലങ്കരയില്‍ വരികയും ആദരപൂര്‍വ്വം സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഇവിടെ വന്നവരില്‍ പലരും മലങ്കരസഭയുടെ ഭരണം കൈയടക്കുന്നതിനും മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനം അപഹരിക്കുന്നതിനും ശ്രമിച്ചിട്ടുണ്ടെന്നുള്ളത് പരസ്യമായ രഹസ്യം മാത്രമാണ്. അവരില്‍ ചിലര്‍ പാത്രിയര്‍ക്കാ പ്രതിനിധികളാണെന്നു സ്വയം പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ സഭ അവരെ അപ്രകാരം അംഗീകരിച്ചിട്ടില്ല. ഈ സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ കാതോലിക്കാ ആയിരിക്കുകയും ഇവിടുത്തെ ഭരണം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ പാത്രിയര്‍ക്കീസിന്‍റെ ഡെലിഗേറ്റിന് ഒരു പ്രകാരത്തിലും സ്ഥാനമില്ലെന്നുള്ളത് നിഷ്പക്ഷമതികള്‍ സമ്മതിക്കാതിരിക്കില്ല. ഡെലിഗേറ്റ് ഇന്ത്യ വിടേണ്ടിവന്നപ്പോള്‍ പാത്രിയര്‍ക്കീസ് ബാവാ എടുത്ത നടപടി കുറച്ചുകൂടി കഠിനമായിരുന്നു. സഭയുടെ ആഭ്യന്തരകാര്യത്തിലേക്കു കടന്നിട്ടു കടവില്‍ പോള്‍ റമ്പാനും, പെരുമ്പള്ളി പള്ളി വികാരി ഗീവറുഗീസ് കശ്ശീശായ്ക്കും, സി. എം. തോമസ് കശ്ശീശായ്ക്കും, മേല്‍പട്ടം കൊടുക്കുകയാണദ്ദേഹം ചെയ്തത്. മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുക്കുന്ന ആളിനു മാത്രം മേല്‍പട്ടം കൊടുക്കുന്ന പതിവാണു നമ്മുടേത്. ഭദ്രാസന ഇടവകപ്പള്ളി പ്രതിപുരുഷയോഗം തെരഞ്ഞെടുക്കുന്ന രീതി മുന്‍ പാത്രിയര്‍ക്കീസ് ഭാഗത്തിനുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഇതൊന്നും കൂടാതെ ഭരണഘടനയും കാനോനും ഉടമ്പടികളുമെല്ലാം ലംഘിച്ച് മൂന്നുപേരെ രഹസ്യമായി വിളിച്ച് ഇവിടെ കുഴപ്പം സൃഷ്ടിക്കുന്നതിനു മേല്‍പട്ടം കൊടുത്ത് ഇങ്ങോട്ടയച്ചത് എത്രമാത്രം ഗൗരവതരമാണെന്നു പറയേണ്ടതില്ലല്ലോ.
അവസാനമായി 92 വയസ്സുള്ള പ. കാതോലിക്കാ ബാവായോടു 13 കാര്യങ്ങള്‍ ഉന്നയിച്ചും മറുപടി ചോദിച്ചുകൊണ്ട് അയച്ചിട്ടുള്ള കത്താണ്. ഈ സഭയിലെ മേലദ്ധ്യക്ഷന്മാരുടെമേലും കാതോലിക്കാബാവായുടെ മേലും ശിക്ഷണനടപടിയെടുക്കണമെങ്കില്‍ അതിനുള്ള അധികാരം ഇവിടുത്തെ സുന്നഹദോസിനാണെന്നു സഭാഭരണഘടന അനുശാസിക്കുമ്പോള്‍ ഇപ്രകാരം പ്രവര്‍ത്തിച്ചിട്ടുള്ളത് ഈ സഭയുടെ ആഭ്യന്തര സ്വാതന്ത്ര്യം നശിപ്പിച്ച് ഇതിന്‍റെ മേല്‍ക്കോയ്മ കരസ്ഥമാക്കുന്നതിനാണെന്നുള്ളതു സമ്മതിക്കാതിരിക്കാന്‍ തരമില്ല. മറ്റു പല കാര്യങ്ങളും പാത്രിയര്‍ക്കീസ് ബാവാ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും വിസ്തരഭയത്താല്‍ അവ വിടുകയാണ് ചെയ്യുന്നത്. പാത്രിയര്‍ക്കീസ് ബാവായെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ചത് അദ്ദേഹത്തിന്‍റെ സ്വന്ത അഭിലാഷം മാത്രമല്ല, മലങ്കരസഭയിലെ സ്ഥാനമോഹികളായ ചില പട്ടക്കാരുടെയും അത്മായരുടെയും പ്രേരണയും അതിന്‍റെ പിന്നിലുണ്ട്. 1958-ല്‍ ഉണ്ടായ സമാധാനത്തിനും 1964-ല്‍ ഉണ്ടായ കാതോലിക്കാ സ്ഥാനാരോഹണത്തിനും എതിരായി പ്രവര്‍ത്തിച്ചവരാണ് സഭയെ നശിപ്പിക്കുവാന്‍ കച്ചകെട്ടി ഇന്നും ഇറങ്ങിയിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. സഭയുടെ പുരോഗമന പ്രയാണത്തില്‍ പ്രമുഖസ്ഥാനം ആഗ്രഹിച്ചിട്ടു സാധിക്കാതെ വന്നിട്ടുള്ള പുതുമുഖങ്ങളും ഇവരിലുണ്ട്. ഈ തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തകരുടെ വിനാശ പ്രവര്‍ത്തനങ്ങള്‍ക്കു പാത്രിയര്‍ക്കീസ് ബാവാ താങ്ങായി നില്‍ക്കുന്നതു കാണുമ്പോള്‍ അതിയായ ദുഃഖം തോന്നുന്നു. എന്നാല്‍ മുന്‍ പാത്രിയര്‍ക്കീസ് ഭാഗം മുഴുവനും ഈ സംരംഭത്തില്‍ അവരോടു കൂടിയുണ്ടെന്നു വിചാരിക്കേണ്ട. ദീര്‍ഘദൃഷ്ടിയുള്ളവരും വിവേകബുദ്ധിയുള്ളവരും കാര്യങ്ങളുടെ നിജസ്ഥിതി കണ്ണുതുറന്നു മനസ്സിലാക്കാന്‍ തയ്യാറുള്ളവരും ഈ വിധ്വംസക പ്രവര്‍ത്തകരില്‍ നിന്ന് അകന്നു ഇവിടുത്തെ പരിശുദ്ധ സുന്നഹദോസിനോടു ചേര്‍ന്നു നില്‍ക്കുന്നുണ്ടെന്നുള്ളതു ആശ്വാസകരമാണ്.”