മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു

സഭകള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്തും- ഏകോപന സമിതി രൂപീകരിക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു.

ദൈവശാസ്ത്രപഠനം, പരിശീലനം, ഗവേഷണം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ ധാരണയായി. ആഡീസ് അബാബയിലെ പാത്രിയര്‍ക്കേറ്റ് പാലസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും പരിശുദ്ധ ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് ബാവായുമാണ് ഉഭയകക്ഷി ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. ഏ.ഡി 34 ല്‍ സ്ഥാപിതമായ ഇത്യോപ്യന്‍ സഭയും, എ.ഡി 52 ല്‍ സ്ഥാപിതമായ മലങ്കര സഭയും അപ്പോസ്തോലിക പിന്തുടര്‍ച്ചയും പാരമ്പര്യവും സ്വയം ശീര്‍ഷകത്വവുമുളള സ്വതന്ത്രസഭകള്‍ എന്ന നിലയില്‍ ദേശീയതയിലും തദ്ദേശീയ സംസ്ക്കാരത്തിലും ഊന്നി സഹകരണം വളര്‍ത്തേണ്ടത് പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് ആവശ്യമാണ്. എക്യൂമെനിക്കല്‍ പ്രസ്ഥാനത്തില്‍ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ പങ്കും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നതിനായുളള നടപടികള്‍ കൈക്കൊളളും.

ഇരുസഭകളിലേയും സണ്ടേസ്ക്കൂള്‍, വിദ്യാര്‍ത്ഥിപ്രസ്ഥാനം, യുവജനപ്രസ്ഥാനം എന്നിവയുടെ സംയുക്ത സമ്മേളനങ്ങളും പരസ്പര സന്ദര്‍ശനങ്ങളും സംഘടിപ്പിക്കും. പഠനത്തിനും സേവനത്തിനുമായി പ്രവാസികളാകേണ്ടി വരുന്ന സഭാംഗങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ സഹകരിക്കും. ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്താമാരുടെ അനുവാദത്തോടെ ആരാധനയ്ക്കും പഠന പരിശീലന കാര്യങ്ങള്‍ക്കുമായി സ്ഥാപനങ്ങള്‍ ഇരു സഭകളിലെയും പ്രവാസികള്‍ക്ക് ഉപയോഗിക്കാന്‍ അവസരം നല്‍കും. ഇരുസഭകളിലെയും പ്രതിനിധികള്‍ ഉള്‍ക്കൊളളുന്നതും വര്‍ഷത്തിലൊരിക്കലെങ്കിലും യോഗം ചേരുന്നതുമായ ഏകോപന സമിതി രൂപീകരിക്കും. അഞ്ചു ദിവസത്തെ ഔദ്യോഗിക ഇത്യോപ്യന്‍ സന്ദര്‍ശനത്തിനു ശേഷം പരിശുദ്ധ കാതോലിക്കാ ബാവാ 29-ാം തീയതി ഇന്ത്യയിലേക്ക് മടങ്ങി. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും സുന്നഹദോസ് അംഗങ്ങളും സഭാഭാരവാഹികളും ചേര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഊഷ്മളമായ യാത്രഅയപ്പ് നല്‍കി.