മലങ്കരസഭയിലെ കത്തനാര്‍ വി. കുര്‍ബ്ബാന ചൊല്ലുന്ന 1861-ലെ ഒരു അപൂര്‍വ്വ ചിത്രം

1861-ല്‍ ബ്രിട്ടീഷ് സൈന്യത്തിലെ ലഫ്-കേണല്‍ സ്റ്റീവന്‍സണ്‍ എടുത്ത ശ്രദ്ധേയമായ ഒരു ഫോട്ടോഗ്രാഫ് ഉണ്ട്. ആ വര്‍ഷം ഫെബ്രുവരി 14-നു (സുറിയാനി കണക്കില്‍ മായല്‍ത്തോ പെരുന്നാളിന്) കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ പള്ളിയില്‍ ഗീവര്‍ഗീസ് യാക്കോബ് കത്തനാര്‍ വി. കുര്‍ബാനയ്ക്കിടയിലെ വാഴ്വ് നല്‍കുന്നതിന്‍റെ ചിത്രമാണിത്.

പാശ്ചാത്യ സുറിയാനി ആരാധനാസങ്കേതമനുസരിച്ചുള്ള അംശവസ്ത്രങ്ങളാണ് ഇദ്ദേഹം ധരിച്ചിരിക്കുന്നത്. എങ്കിലും ചില പ്രത്യേകതകള്‍ ഇവയിലുണ്ട്. കൈയുറകള്‍ക്ക് ഇപ്പോഴുള്ളതിലും നീളമുണ്ട്. അരപ്പട്ടയ്ക്കു പകരം വണ്ണമുള്ള ഒരു ചരടാണ് ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും ശ്രദ്ധേയം തൊപ്പിയാണ്. ഇന്ന് ചില പള്ളികളില്‍ മാത്രം പെരുന്നാള്‍ പ്രദക്ഷിണത്തിന് ഉപയോഗിക്കുന്ന വെട്ടുതൊപ്പി എന്ന ആലങ്കാരിക ശിരോമകുടമാണ് ഇത്. ഇപ്പോള്‍ പ്രദക്ഷിണമദ്ധ്യേ ധൂപപ്രാര്‍ത്ഥന നടത്തുമ്പോള്‍ വെട്ടുതൊപ്പി എടുത്തുമാറ്റി കറുത്ത വട്ടത്തൊപ്പി വയ്ക്കുകയാണ് പതിവ്.

കല്‍ദായ-ലത്തീന്‍ പാരമ്പര്യങ്ങളില്‍ നിന്നു മലങ്കരയില്‍ രൂപപ്പെടുത്തിയ വെട്ടുതൊപ്പി, നസ്രാണിയെ കെട്ടിലും മട്ടിലും അറബിവല്‍ക്കരിക്കാന്‍ കഠിനശ്രമം നടത്തിയ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിനു വെറുപ്പായിരുന്നു. അതിനാല്‍ അദ്ദേഹം വെട്ടുതൊപ്പി നിരോധിച്ചു. അതോടൊപ്പം കത്തനാരന്മാര്‍ പീത്തയുണ്ടാക്കി അരയ്ക്കു കെട്ടുന്നതും നിരോധിച്ചു. ഇക്കാരണത്താലാണ് ധൂപപ്രാര്‍ത്ഥന നടത്തുമ്പോള്‍ വെട്ടുതൊപ്പിയെ പടിക്കു പുറത്താക്കുന്നത്.

പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ മലങ്കര സന്ദര്‍ശനത്തിനു മുമ്പ് (1876-77) വെട്ടുതൊപ്പിയാണ് പാശ്ചാത്യ സുറിയാനി ആരാധനാക്രമം അനുസരിച്ചുള്ള ശുശ്രൂഷകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്നുള്ളതിന്‍റെ വ്യക്തമായ തെളിവാണ് ഈ ചിത്രം.

1864-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച The Christians of St. Thomas and their Liturgies എന്ന ഗ്രന്ഥത്തിലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1861-ല്‍ കേരളം സന്ദര്‍ശിച്ച റവ. ജി. ബി ഹൊവ്വാര്‍ഡാണ് ഗ്രന്ഥകര്‍ത്താവ്.

  • ഡോ. എം. കുര്യന്‍ തോമസ്

The Christians of St. Thomas and Their Liturgies / G. B. Howard