കാതോലിക്കേറ്റ് സ്ഥാപനം: ഒരു കത്ത് / കോനാട്ട് മാത്തന്‍ മല്‍പാന്‍


“പൂര്‍വ്വിക സുറിയാനി ജാതി മുഴുവന്‍റെ മേല്‍ അധികൃതനായിരിക്കുന്ന രണ്ടാമത്തെ അബ്ദേദ്മിശിഹാ എന്നു തിരുനാമമുള്ള അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ പിതാവായ ഭാഗ്യവാനായ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് തിരുമനസ്സിലേക്ക്, തിരുമനസ്സിലെ മഹാപുരോഹിത സ്ഥാനമാഹാത്മ്യത്തെ ശ്രേഷ്ഠമാക്കി ചെയ്യുന്നവനായ കര്‍ത്താവിന്‍റെ നാമത്തില്‍ എഴുതിക്കൊള്ളുന്നത്. തിരുമനസ്സിലെ പ്രാര്‍ത്ഥന ഞങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.

തിരുമനസ്സുകൊണ്ട് ശരിയായ പാത്രിയര്‍ക്കീസാകുന്നു. തിരുമേനി ഞങ്ങളെക്കുറിച്ച് ഉദാസീനനായിരിക്കുന്നു എങ്കില്‍ ഞങ്ങള്‍ എവിടേക്കു പോകേണ്ടു. ഞങ്ങള്‍ പാപ്പാ മതക്കാരെയോ ഞങ്ങളെ കൈക്കൊള്ളാന്‍ പ്രതീക്ഷിച്ചിരിക്കുന്നവരും ഞങ്ങളെ ക്ഷണിക്കുന്നവരുമായ മറ്റുള്ളവരെയോ അനുഗമിക്കട്ടേ?

… തിരുമനസ്സുകൊണ്ട് പിതാവും ഞങ്ങള്‍ മക്കളുമാകുന്നു എങ്കില്‍ ദിവ്യമായ തീക്ഷ്ണതയോടുകൂടി ഞങ്ങള്‍ക്കുവേണ്ടി തിരുമനസ്സുകൊണ്ട് എഴുന്നേല്‍ക്കുകയും അബ്ദള്ളാ പാത്രിയര്‍ക്കീസിന്‍റെ ഞങ്ങളുടെ അടുക്കലേക്കുള്ള വരവിനെ തടയുകയും അദ്ദേഹത്തെക്കുറിച്ച് നിങ്ങളുടെ രാജാവിന്‍റെ മുമ്പില്‍ ആവലാതി ബോധിപ്പിച്ചു വ്യവഹരിച്ച് അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നു അദ്ദേഹത്തെ നിഷ്കാസനം ചെയ്യിക്കയും തിരുമനസ്സുകൊണ്ട് അതില്‍ ഇരിക്കുകയും ചെയ്യേണ്ടതാണ്. …

ഇപ്പോള്‍ തിരുമനസ്സുകൊണ്ട് എഴുന്നേറ്റ് ശക്തിപ്പെട്ടു പൗരുഷത്തോടുകൂടി നിങ്ങളുടെ അടുക്കലുള്ള ഇംഗ്ലീഷ് സ്ഥാനപതി മുഖാന്തിരം ലണ്ടനില്‍ എഡ്വര്‍ഡ് രാജാവിന്‍റെ അടുക്കലും, ഇന്ത്യാക്കാര്‍ക്കു വേണ്ടി ലണ്ടനിലുള്ള അദ്ദേഹത്തിന്‍റെ സെക്രട്ടറിയുടെ അടുക്കലും എഴുത്തയച്ചു ശരിയാംവണ്ണമല്ലാത്ത പാത്രിയര്‍ക്കീസായിരിക്കുന്നവന്‍ ഞങ്ങളുടെ അടുക്കല്‍ വരുന്നതിനെ തടയുന്നതിനുവേണ്ടി ബോധിപ്പിക്കണം. … മലയാളത്തുകാരായ ഞങ്ങള്‍ തിരുമേനിയോടു ചേര്‍ന്നു നടന്നുകൊള്ളാം. പ്രത്യേകിച്ചും മലങ്കരയിലെ വടക്കര്‍ ബലഹീനനായ എന്നോടുകൂടെ ഒന്നായി നില്‍ക്കുന്നതാണ്. ആയതുകൊണ്ടു വടക്കര്‍ തിരുമേനിയെ വിട്ടകന്നു പോകുന്നതല്ല. …

വീണ്ടും തിരുമനസ്സിലെ അടുക്കല്‍ ഞാന്‍ അറിയിക്കുന്നതെന്തെന്നാല്‍, എന്‍റെ ഉത്തമമായ ആലോചനപ്രകാരം ചെയ്യുകയും ദൈവത്തില്‍നിന്ന് തിരുമനസ്സുകൊണ്ടു കൃപ പ്രാപിക്കയും ചെയ്യുന്നു എന്നു വരികില്‍ തിരുമേനി ഞങ്ങളുടെ അടുക്കല്‍ വരികയും ഞങ്ങളുടെ സകല നടപടികളെയും ശരിപ്പെടുത്തുകയും ചെയ്യണം. തിരുമേനിക്കു മനസ്സില്ലാതിരിക്കയോ വാര്‍ദ്ധക്യം നിമിത്തം ഞങ്ങളുടെ അടുക്കല്‍ വരുന്നതില്‍ കഴിവില്ലാതിരിക്കയോ ചെയ്യുന്നപക്ഷം ഇന്നാരെ വേണമെന്നു ഞങ്ങള്‍ പിന്നാലെ ബോധ്യപ്പെടുത്തുന്നപ്രകാരം ഞങ്ങളില്‍ നിന്നുതന്നെ ഒരാളെ ഞങ്ങള്‍ക്കു മപ്രിയാന (കാതോലിക്കാ) ആയി തരണം. ഞങ്ങള്‍ക്കു മപ്രിയാനായില്ലെന്നു വരികില്‍ ഞങ്ങള്‍ എങ്ങനെയാണു മെത്രാപ്പോലീത്തന്മാരേയും എപ്പിസ്ക്കോപ്പന്മാരെയും വാഴിക്കേണ്ടത്? ദൂരദേശത്തേക്കു പോകുന്നതിന് മലയാളത്തുകാര്‍ ഭയമുള്ളവരാണ്. അതു നിമിത്തം ഞങ്ങളില്‍ ഒരുത്തനും മെത്രാനാകുന്നതിന് നിങ്ങളുടെ അടുക്കലേക്കു വരുന്നതിന് മനസ്സില്ലാതെ വരുന്നപക്ഷം ഞങ്ങളുടെ സഭയ്ക്കു വൈധവ്യം ഭവിക്കുന്നതാണ്.

തിരുമേനി അറിഞ്ഞിരിക്കുന്നപ്രകാരം മുന്‍കാലത്ത് തിഗ്രീസു സിംഹാസനത്തില്‍ വാണിരുന്ന കിഴക്കിന്‍റെ മപ്രിയാനായാണ് മലങ്കരയെ ഭരിച്ചുവന്നത്. ഇപ്പോള്‍ തിഗ്രീസിലെ മപ്രിയാനാ ഇല്ലാതിരിക്കുന്നു എങ്കിലും ഞങ്ങളുടെ പിതാവായ മാര്‍ ബസ്സേലിയോസ് എന്ന് തുബ്ദേനില്‍ അദ്ദേഹത്തിന്‍റെ പേരിനെ നാം ഓര്‍ക്കുന്നു. മപ്രിയാനാ ഇല്ലെങ്കില്‍ എന്തിനായിട്ടാണ് അദ്ദേഹത്തിന്‍റെ പേരിനെ നാം ഓര്‍ക്കുന്നത്? അദ്ദേഹത്തിന്‍റെ പേരിനെ ഓര്‍ക്കുന്നു എങ്കില്‍ മപ്രിയാനാ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അന്ത്യോക്യയിലിരുന്ന പാത്രിയര്‍ക്കാ സിംഹാസനം മര്‍ദ്ദീനിലേക്കു നീക്കപ്പെട്ടുവെങ്കില്‍ തിഗ്രീസിലെ സിംഹാസനം ഇന്ത്യയിലേക്കു നീക്കുന്നത് ശരിയല്ലെന്നു വരുന്നതെങ്ങനെ? ആയതുകൊണ്ട് തിഗ്രീസിലെ സിംഹാസനം ഇന്ത്യയില്‍ സ്ഥാപിച്ച് ഞങ്ങളില്‍നിന്ന് ഒരാളിനെ ഞങ്ങള്‍ക്കു മപ്രിയാനായായി വാഴിച്ചു തരണമെന്നും കിഴക്കിന്‍റെ മാര്‍ ബസ്സേലിയോസ് മപ്രിയാനാ എന്നു നാമകരണം ചെയ്യണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു. എന്‍റെ വചനങ്ങള്‍ തിരുമനസ്സിലേക്ക് ഇഷ്ടമായാലും അല്ലെങ്കിലും ഞങ്ങള്‍ക്ക് അനുഗ്രഹ കല്‍പന അയച്ചുതരണമെന്നും കൃപാസമ്പൂര്‍ണ്ണമായിരിക്കുന്ന വലത്തു കൈനീട്ടി ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കണമെന്നും തിരുമനസ്സിലെ കുര്‍ബാനകളിലും നമസ്കാരങ്ങളിലും ഞങ്ങളെ ഓര്‍ക്കണമെന്നും എന്നേക്കുമുള്ള ക്ഷയരഹിതമായ ജീവന്‍ പ്രാപിക്കുന്നതിന് യോഗ്യന്മാരായി തീരുന്നതിന് ഞങ്ങള്‍ക്കുവേണ്ടിയും പാപപരിഹാര പ്രാര്‍ത്ഥന കഴിക്കണമെന്നും അപേക്ഷിച്ചുകൊള്ളുന്നു.”

(1908 ധനു മാസം 30-ാം തീയതി അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയച്ച കത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍)