സ്ലീബാ സഭയുടെ ആരാധനാവര്‍ഷത്തില്‍ / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ പുരാതന സഭകളും സ്ലീബാപ്പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. സെപ്റ്റംബര്‍ 14 തന്നെയാണ് പെരുന്നാള്‍ദിനം. സ്ലീബായുടെ മഹത്വീകരണത്തിന്‍റെ പെരുന്നാള്‍ (Feast of the Exaltation of the Cross) എന്നാണ് ഇത് അറിയപ്പെടുന്നത്. ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ (അതായത്, ഗ്രീക്ക്, റഷ്യന്‍, റുമേനിയന്‍, ബള്‍ഗേറിയന്‍ ആദിയായ ഓര്‍ത്തഡോക്സ് സഭകള്‍) സെപ്റ്റംബര്‍ 14 കൂടാതെ ആഗസ്റ്റ് ഒന്നാം തീയതിയും വലിയനോമ്പിന്‍റെ മൂന്നാം ഞായറാഴ്ചയും സ്ലീബായുടെ പെരുനാളുകളായി വേര്‍തിരിച്ചിരിക്കുന്നു. റോമന്‍ കത്തോലിക്കാ സഭയില്‍ എല്ലാ വെള്ളിയാഴ്ചയും സ്ലീബായോടുള്ള ആദരവിന്‍റെ നമസ്ക്കാരം നടത്തുന്നുണ്ട്; കര്‍ത്താവിന്‍റെ പീഡാനുഭവത്തെ അനുസ്മരിക്കുന്നതിനു വേണ്ടിയാണ് ഈ ശുശ്രൂഷ.

നമ്മുടെ സഭയില്‍ സ്ലീബായുടെ കാലം എന്നൊരു ഘട്ടം തന്നെ സഭാവര്‍ഷത്തില്‍ (Ecclesiastical Year) ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ലീബാപ്പെരുന്നാള്‍ മുതല്‍ സഭാശുദ്ധീകരണപ്പെരുന്നാള്‍ (കൂദോശ് ഈത്തോ) വരെയുള്ള കാലഘട്ടമാണിത്. ഈ കാലഘട്ടത്തിലും ഉയിര്‍പ്പു മുതല്‍ സ്ലീബാപ്പെരുന്നാള്‍ വരെയുള്ള കാലഘട്ടങ്ങളിലും വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനയുടെ ഒന്നാം കൗമാ സ്ലീബായോടുള്ള ആദരവിന്‍റെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആണ്. വെള്ളിയാഴ്ചപ്രാര്‍ത്ഥനകളിലെല്ലാം തന്നെ സ്ലീബായെ സ്മരിക്കുന്ന പ്രാര്‍ത്ഥനകള്‍ ഉണ്ട്. ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭകള്‍ വലിയനോമ്പിന്‍റെ മൂന്നാം ഞായറാഴ്ച സ്ലീബായുടെ പെരുന്നാള്‍ ആയി ആചരിക്കുന്നു. ഇതിനു സമാനമായി നമ്മുടെ സഭയില്‍ വലിയനോമ്പില്‍ മൂന്നാം ഞായറാഴ്ച കഴിഞ്ഞുവരുന്ന ബുധനാഴ്ച (വലിയനോമ്പിന്‍റെ പകുതി ബുധനാഴ്ച) സ്ലീബാ ആഘോഷം നടത്തി ദേവാലയമദ്ധ്യത്തില്‍ സ്ലീബാ പ്രതിഷ്ഠിക്കുന്നു. നമ്മുടെ കര്‍ത്താവിന്‍റെ ക്രൂശാരോഹണത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും പെരുന്നാളുകളിലേക്ക് നോമ്പനുഷ്ഠിച്ചും ക്രൂശില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ജീവിതത്തെ ഒരുക്കണം എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ക്രൂശിനെ മുന്‍കണ്ടുകൊണ്ടാണ് കര്‍ത്താവ് യറുശലേമിലേക്കു പോകുന്നത്. അവന്‍റെ വചനം കേട്ടും അതിനനുസരണമായി ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടും നാം കര്‍ത്താവിനെ അനുയാത്ര ചെയ്യുന്നു. കര്‍ത്താവിനോടൊപ്പം ക്രൂശിന്‍റെയും പുനരുത്ഥാനത്തിന്‍റെയും അനുഭവത്തില്‍ പങ്കുചേരാനാണ് നമ്മുടെ യാത്ര. വലിയ വെള്ളിയാഴ്ച (ദുഃഖവെള്ളിയാഴ്ച) സ്ലീബാ വന്ദനത്തിന്‍റെ ശുശ്രൂഷ നടത്തുകയും ക്രൂശിതനായ യേശുവിനെ ചുംബിക്കുന്നതിന്‍റെ ലക്ഷ്യമായി സ്ലീബാ ചുംബിക്കുകയും ചെയ്യുന്നു. ഉയിര്‍പ്പുപെരുന്നാള്‍ മുതല്‍ സ്വര്‍ഗ്ഗാരോഹണപ്പെരുന്നാള്‍ വരെ വി. മദ്ബഹായില്‍ സ്ലീബാ ഉയര്‍ത്തിവച്ചിരിക്കുന്നു. വലിയനോമ്പിന്‍റെ കാലഘട്ടത്തില്‍ സ്ലീബാ സ്വയപരിത്യാഗത്തിന്‍റെയും മറ്റുള്ളവരെ പ്രതി കഷ്ടമനുഭവിക്കുന്നതിന്‍റെയും, ആത്മസംസ്ക്കരണത്തിന്‍റെയും ചിന്തകളാണ് നമ്മുടെ മനസ്സില്‍ ഉണര്‍ത്തുന്നതെങ്കില്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന സ്ലീബാ മരണത്തിന്മേലുള്ള ജയത്തിന്‍റെയും രക്ഷയുടെയും പൈശാചികശക്തികളിന്മേലുള്ള വിജയത്തിന്‍റെയും പ്രതീകമായി നില്‍ക്കുന്നു. ഈ രണ്ട് ആശയങ്ങളും ഒരുപോലെ സംവേദിപ്പിക്കേണ്ടതുകൊണ്ട് ക്രൂശിതരൂപം ഇല്ലാത്ത കുരിശ് ആണ് ഏറെ അര്‍ത്ഥപൂര്‍ണ്ണം. പൗരസ്ത്യ സഭകളില്‍ ഏറിയപങ്കും ക്രൂശിതരൂപം ഇല്ലാത്ത കുരിശുകളാണ് ഉപയോഗിക്കുന്നത്. പാശ്ചാത്യസഭ യേശുക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ പ്രതീകമായിട്ടാണ് മുഖ്യമായും ക്രൂശിനെ കാണുന്നത്. അതുകൊണ്ട് ക്രൂശിതരൂപം ഉള്ള ക്രൂശ് ആണ് അവരെ സംബന്ധിച്ച് ഏറെ പ്രസക്തം.

ക്രൂശിന്‍റെ ചരിത്രത്തിലെ രണ്ട് ഘട്ടങ്ങള്‍

ക്രിസ്ത്വബ്ദം 326-ലാണ് കര്‍ത്താവിനെ കുരിശിച്ച ക്രൂശ് യറുശലേമില്‍ നിന്ന് കണ്ടെടുക്കുന്നത്. ഇത് കുരിശിന്‍റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സംഭവമായിത്തീര്‍ന്നു. ഈ സംഭവത്തിനു മുമ്പ് കുരിശ് ഒരു ചിഹ്നമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ കുരിശ് കണ്ടെടുത്തതിനു ശേഷമാണ് കുരിശ് വന്ദനവ് ആരംഭിക്കുന്നത്.

നാലാം നൂറ്റാണ്ടു വരെ വ്യക്തിപരമായ ആരാധനയ്ക്ക് കുരിശ് ഉപയോഗിച്ചിരുന്നു. എന്നാല്‍ പൊതു ആരാധനയ്ക്ക് വളരെ വിരളമായേ ഉപയോഗിച്ചിരുന്നുള്ളൂ. ക്രൂശിതരൂപം ഉള്ള കുരിശുകള്‍ ആദികാലങ്ങളില്‍ ഉപയോഗിച്ചിരുന്നില്ല. അഞ്ചാം നൂറ്റാണ്ടില്‍ മാത്രമേ ക്രൂശിതരൂപം ഉള്ള കുരിശ് ഉപയോഗിച്ചുവന്നതിന്‍റെ ആദ്യരേഖകള്‍ കാണാന്‍ കഴിയുന്നുള്ളൂ. മേശമേല്‍ കുരിശു വച്ച് വി. കുര്‍ബാന അനുഷ്ഠിക്കുന്ന പതിവ് അഞ്ചാം നൂറ്റാണ്ടില്‍ സിറിയയില്‍ നിലനിന്നിരുന്നതായി കാണുന്നു. എന്നാല്‍ പാശ്ചാത്യ സഭയില്‍ ഈ പതിവ് വളരെക്കാലം കഴിഞ്ഞാണ് ആവിര്‍ഭവിക്കുന്നത്. അഞ്ചും ആറും നൂറ്റാണ്ടുകളില്‍ ക്രൂശിന്‍റെ ശ്രേഷ്ഠത വെളിവാക്കുന്ന പല കലാരൂപങ്ങളും ഉണ്ടാവാന്‍ തുടങ്ങി. ക്രൂശ് ജയത്തിന്‍റെയും ജീവന്‍റെയും പ്രതീകമായി ചിത്രീകരിക്കുന്നതാണ് അവ. കുരിശു വഹിക്കുന്ന കുഞ്ഞാടിന്‍റെ ചിത്രം വെളിപാടു ഗ്രന്ഥത്തിലെ ജയശാലിയായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നു. ക്രൂശിന്‍റെ ചുവട്ടില്‍ നിന്നും മുളച്ച് രണ്ടു വശങ്ങളിലേക്കും വളര്‍ന്നു പടര്‍ന്നു കിടക്കുന്ന മുന്തിരിത്തണ്ടിന്‍റെ ചിത്രം കുരിശ് ജീവവൃക്ഷമാണെന്ന് കാണിക്കുന്നു. ഈ രണ്ടു പ്രതീകങ്ങളും വിരിക്കൂട്ട്, ചിത്തോല ആദിയായ ആരാധനയ്ക്കുപയോഗിക്കുന്ന വിശേഷ വസ്ത്രങ്ങളിലും സാധനങ്ങളിലും ഇന്നും ഉപയോഗിച്ചുവരുന്നുണ്ടല്ലോ.

കുരിശുവരയേപ്പറ്റി

കുരിശു വരക്കുന്ന പതിവ് രണ്ടാം നൂറ്റാണ്ടു മുതല്‍തന്നെ ഉണ്ടായിരുന്നു. തള്ളവിരലോ ചൂണ്ടുവിരലോ ആണ് ഉപയോഗിക്കുന്നത്. ആറാം നൂറ്റാണ്ടു മുതലാണ് മൂന്നു വിരല്‍കൊണ്ട് കുരിശുവരയ്ക്കുന്ന പതിവുണ്ടായത്; ത്രിയേകനായ ദൈവത്തിലുള്ള വിശ്വാസം എടുത്തുകാണിക്കുന്നതിനു വേണ്ടിയാണ് മൂന്നുവിരല്‍ ഒന്നായി ചേര്‍ത്ത് കുരിശുവരയ്ക്കുന്നത്. കുരിശുവരയ്ക്കുമ്പോള്‍ പ്രധാനമായും രണ്ടു പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുവന്നിരുന്നു. ‘പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും തിരുനാമത്തില്‍ തനിക്കു സ്തുതി’ എന്ന പ്രാര്‍ത്ഥനയും ‘ദൈവമേ നീ പരിശുദ്ധനാകുന്നു’ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയും. ഇന്നും ഈ പതിവ് നിലനിന്നുവരുന്നു.

കര്‍ത്താവിന്‍റെ കുരിശു കണ്ടെടുക്കുന്നതിനു വളരെ മുമ്പു മുതല്‍ തന്നെ കുരിശു വരയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു എന്നുള്ളതിന് വേണ്ടത്ര തെളിവുകള്‍ എടുത്തുകാണിയ്ക്കാന്‍ കഴിയും. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭം മുതലെങ്കിലും ഇതുണ്ടായിരുന്നിരിക്കണം. എന്തായിരുന്നാലും വി. പൗലോസ് അപ്പോസ്തോലന്‍റെ ലേഖനങ്ങളില്‍ ക്രൂശ് സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും രക്ഷയുടെയും പ്രതീകമാണ്; സ്വയപരിത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ചിഹ്നം. കുരിശുവരയ്ക്കുന്നതിനെ സംബന്ധിച്ചോ, കുരിശു വന്ദനവിനെ സംബന്ധിച്ചോ പുതിയനിയമത്തില്‍ വ്യക്തമായ സൂചനകളില്ലെങ്കിലും കുരിശിനെ സംബന്ധിച്ച ചിന്തയില്‍ വ്യക്തമായ വികാസം ഉണ്ടാകുന്നതായി കാണാം. ശാപത്തിന്‍റെയും ശിക്ഷയുടെയും പ്രതീകമായ കുരിശുമരം അനുഗ്രഹത്തിന്‍റെയും രക്ഷയുടെയും പ്രതീകമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. യേശുവിനെ വധിക്കാനുപയോഗിച്ച ഒരു ഉപാധിയായല്ല വി. പൗലോസ് അപ്പോസ്തോലന്‍ കുരിശിനെ കാണുന്നത്. പിന്നെയോ, കുരിശിലൂടെ കര്‍ത്താവ് ചെയ്ത രക്ഷാകരപ്രവര്‍ത്തനങ്ങളുടെയെല്ലാം പ്രതീകമായിട്ടത്രെ. പുനരുത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ മാത്രമേ ഈ രൂപാന്തരം വിശദമാക്കാനാവൂ.

കുരിശുവരയ്ക്കുന്ന അനുഷ്ഠാനത്തെ സംബന്ധിച്ചും അതിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ചും പല പിതാക്കന്മാരും എഴുതിയിട്ടുണ്ട്. അവരില്‍ വി. തെര്‍ത്തുല്യന്‍, വി. ബസേലിയോസ് എന്നീ പിതാക്കന്മാര്‍ എഴുതപ്പെട്ട പാരമ്പര്യങ്ങളോടൊപ്പം പ്രാധാന്യം എഴുതപ്പെടാത്ത പാരമ്പര്യങ്ങള്‍ക്ക് ഉണ്ടെന്നും കുരിശുവര അങ്ങനെയുള്ള പാരമ്പര്യങ്ങളില്‍ പ്രഥമവും പ്രധാനവുമാണെന്നും ഊന്നിപ്പറയുന്നുണ്ട്.

മൂന്നാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ എഴുതപ്പെട്ട ‘അപ്പോസ്തോലികപാരമ്പര്യം’ എന്ന ഗ്രന്ഥത്തില്‍ കുരിശു വരയ്ക്കുന്നതിനെ സംബന്ധിച്ച് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ‘പരീക്ഷിക്കപ്പെടുമ്പോള്‍ ഭക്തിയോടെ നെറ്റിയില്‍ കുരിശുവരയ്ക്കുക; കാരണം അതു കര്‍ത്താവിന്‍റെ പീഡാനുഭവത്തിന്‍റെ ചിഹ്നമാകുന്നു. വിശ്വാസത്തോടും ശ്രദ്ധയോടും ചെയ്യുമ്പോള്‍ അത് പിശാചിനെതിരെ അറിയപ്പെട്ടതും തെളിയിക്കപ്പെട്ടതുമായ പരിചയത്രെ. നെറ്റിയിലും കണ്ണിലും കൈകള്‍കൊണ്ട് കുരിശുവരയ്ക്കുന്നതു വഴി; മോശ കുഞ്ഞാടിന്‍റെ രക്തംകൊണ്ട് യിസ്രായേല്‍ ഭവനങ്ങളില്‍ നിന്നും സംഹാരദൂതനെ അകറ്റി നിര്‍ത്തിയതുപോലെ നമ്മെ പരീക്ഷിക്കുന്നതിന് ശ്രമിക്കുന്നവനെ നാം അകറ്റിനിര്‍ത്തുന്നു’.1 ‘അപ്പോസ്തോലിക പാരമ്പര്യ’ത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് റോമിലെ വി. ഹിപ്പോലിറ്റസ് (എ. ഡി. 170-236) ആണ്. അപ്പോസ്തോലിക കാലം മുതല്‍ സഭയില്‍ നിലനിന്നുവരുന്ന പാരമ്പര്യം സമാഹരിക്കുന്നതിന് വി. ഹിപ്പോലിറ്റസ് ശ്രമിക്കുന്നു. അതായത് രണ്ടാം നൂറ്റാണ്ടിന്‍റെ പ്രാരംഭം മുതല്‍ എങ്കിലും സഭയിലുണ്ടായിരുന്ന അനുഷ്ഠാനങ്ങള്‍ ആണ് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.

ഉത്തരാഫ്രിക്കയിലെ വി. തെര്‍ത്തുല്യന്‍ (എ. ഡി. 145-220), എഴുതപ്പെടാത്ത ധാരാളം അനുഷ്ഠാനങ്ങള്‍ സുപ്രധാനമായിത്തന്നെ സഭാജീവിതത്തില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു; ഒരു നല്ല ഉദാഹരണം കുരിശുവര തന്നെ. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘മുന്നോട്ടുള്ള ഓരോ കാല്‍വയ്പിലും നീക്കത്തിലും അകത്തേക്കു വരുമ്പോഴും പുറത്തേക്കു പോകുമ്പോഴും വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുമ്പോഴും കിടക്കയിലും ഇരിപ്പിടത്തിലും അനുദിനജീവിതത്തിന്‍റെ എല്ലാ സാധാരണ പ്രവൃത്തിയിലും നാം നെറ്റിയില്‍ കുരിശിന്‍റെ ചിഹ്നം വരക്കുന്നു.’2

‘അപ്പോസ്തോലിക പാരമ്പര്യ’ത്തിലും തെര്‍ത്തുല്യന്‍റെ ഗ്രന്ഥങ്ങളിലും കാണുന്ന ആശയങ്ങള്‍ യറുശലേമിലെ വി. കൂറിലോസിന്‍റെ ഗ്രന്ഥങ്ങളിലും കാണാന്‍ കഴിയും. ക്രിസ്ത്വബ്ദം 350-നോടടുത്ത് വി. സ്നാനത്തിനായി ഒരുങ്ങുന്നവര്‍ക്കുവേണ്ടി നടത്തിയ പ്രഭാഷണപരമ്പരയില്‍ ഒരു ഭാഗത്ത് കുരിശുവരയ്ക്കുന്നതിനെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു: ‘ആകയാല്‍ നമുക്ക് ക്രിസ്തുവിന്‍റെ ക്രൂശിനെ സംബന്ധിച്ച് ലജ്ജിക്കേണ്ടതില്ല. മറ്റൊരാള്‍ അത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും നിങ്ങള്‍ പാരമ്പര്യമായി നിങ്ങളുടെ നെറ്റിയില്‍ മുദ്രയിടുക തന്നെ ചെയ്യുന്നു. കാരണം ആ രാജകീയ ചിഹ്നം കണ്ട് പിശാചുക്കള്‍ ഭയന്നു വിറച്ച് അകന്നുപോകുന്നു. അതുകൊണ്ടു നിങ്ങള്‍ ഭക്ഷിക്കുമ്പോഴും കുടിക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും, എഴുന്നേല്ക്കുമ്പോഴും, സംസാരിക്കുമ്പോഴും, നടക്കുമ്പോഴും, ഒറ്റവാക്കില്‍ എല്ലാ പ്രവൃത്തിയിലും ഈ ചിഹ്നം വരയ്ക്കുക.’3

ഏഷ്യാമെനറിലുള്ള കൈസറിയയിലെ മെത്രാപ്പോലീത്താ വലിയ മാര്‍ ബസേലിയോസ് (എ. ഡി. 330-379) ‘പരിശുദ്ധാത്മാവിനെക്കുറിച്ച്’ എന്ന ഗ്രന്ഥത്തില്‍ കുരിശുവരയെ സംബന്ധിച്ച് സാന്ദര്‍ഭികമായി പരാമര്‍ശിക്കുന്നുണ്ട്. എഴുതപ്പെട്ട പാരമ്പര്യങ്ങള്‍ മാത്രം ആധികാരികമായിക്കരുതി എഴുതപ്പെടാത്ത പാരമ്പര്യങ്ങള്‍ നിരാകരിക്കുന്ന പ്രവണതയെ വി. ബസേലിയോസ് വിമര്‍ശിക്കുന്നു. എഴുതപ്പെടാത്ത പാരമ്പര്യങ്ങളെ നിരാകരിക്കുന്നപക്ഷം സുവിശേഷത്തിന്‍റെ മര്‍മ്മം നമുക്ക് ഗ്രഹിക്കാന്‍ കഴിയാതെ വരും. സഭയുടെ വിശ്വാസത്തിന്‍റെ പൂര്‍ണ്ണതയെ ഒരു പദഘടനയില്‍ ഒതുക്കാനാവില്ല. സഭയുടെ ‘രഹസ്യങ്ങളി’ലേക്ക് ഉപനീതരാവുന്നവര്‍ക്കു മാത്രമേ സുവിശേഷത്തിന്‍റെ പൂര്‍ണ്ണരൂപം വെളിപ്പെട്ടു വരുന്നുള്ളൂ. ഇങ്ങനെ സഭ അതിന്‍റെ ജീവിതത്തില്‍ കാത്തുവരുന്ന എഴുതപ്പെടാത്ത ചില പാരമ്പര്യങ്ങളെ സംബന്ധിച്ച് വി. ബസേലിയോസ് ഉദാഹരണമായി പരാമര്‍ശിക്കുന്നു. അവയില്‍ ഒന്നാമത്തേതും വളരെ സാധാരണയായി അനുഷ്ഠിച്ചു വരുന്നതുമാണ് കുരിശുവര. വി. ബസേലിയോസ് ചോദിക്കുന്നു: ‘കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിച്ചിട്ടുള്ളവര്‍ കുരിശുചിഹ്നം വരയ്ക്കണമെന്ന് ആരെങ്കിലും നമ്മെ എഴുതി പഠിപ്പിച്ചിട്ടുണ്ടോ? പ്രാര്‍ത്ഥിക്കുമ്പോള്‍ കിഴക്കോട്ടു തിരിഞ്ഞു നില്‍ക്കണമെന്ന് ഏതു ഗ്രന്ഥമാണ് നമ്മെ പഠിപ്പിക്കുന്നത്?’4

കുരിശുവരയെ സംബന്ധിച്ച് പരാമര്‍ശിക്കുന്ന ഈ രേഖകള്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധേയമായിക്കാണുന്നു. മിക്കപ്പോഴും ‘കുരിശിന്‍റെ ചിഹ്നം’ എന്നു പറയുന്നതിനു പകരം ‘ചിഹ്നം’ (വേല ശെഴി) എന്നു മാത്രമേ പറയുന്നുള്ളൂ. ഇത് ‘കുരിശിന്‍റെ ചിഹ്നം’ തന്നെയാണെന്നുള്ളതിന് സംശയമൊന്നുമില്ല; സന്ദര്‍ഭവും വിശദീകരണവും അത് അസന്നിഗ്ധമായി എടുത്തുകാട്ടുന്നു. ‘ചിഹ്നം’ എന്നു മാത്രം പറയുന്നതുകൊണ്ട് അനുവാചകര്‍ക്ക് വളരെ സുപരിചിതമായ ഒരു പദമാണ് ഉപയോഗിക്കുന്നത് എന്നു തെളിയിക്കുന്നു.

കുസ്തന്തീനോസും കുരിശിന്‍റെ ചിഹ്നവും

കുരിശിന്‍റെ ചരിത്രത്തില്‍ നിര്‍ണായകമായ വ്യതിയാനം വരുത്തിയ സംഭവം കുസ്തന്തീനോസ് ചക്രവര്‍ത്തിയുടെ മാതാവായ ഹെലനി രാജ്ഞി യരുശലേമില്‍ നിന്ന് കര്‍ത്താവിനെ ക്രൂശിച്ച കുരിശ് കണ്ടെടുക്കുന്നതാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഹെലനി രാജ്ഞിയെ ഇതിന് പ്രേരിപ്പിച്ചത് കുസ്തന്തീനോസ് ചക്രവര്‍ത്തി ആകാശത്തില്‍ കുരിശിന്‍റെ ചിഹ്നം കാണുന്നതിനിടയായതാവണം. എ.ഡി. 312-ലാണ് ഇതുണ്ടായത്. മാക്സെന്‍റിയസ് രാജാവുമായി കുസ്തന്തീനോസ് യുദ്ധത്തിലേര്‍പ്പെട്ടിരുന്ന സമയം. ഒരു ദിവസം ഉച്ചകഴിഞ്ഞ് കുസ്തന്തീനോസ് രാജാവ് ആകാശത്തില്‍ കുരിശാകൃതിയില്‍ ഒരു പ്രകാശം കണ്ടു. കുരിശിന്‍റെ ചിഹ്നത്തോടൊപ്പം ‘ഇതിനാല്‍ ജയിക്കുക’ (ഇീിൂൗലൃ യ്യ വേശെ) എന്നും എഴുതിയിരുന്നു. രാജാവു മാത്രമല്ല കൂടെയുണ്ടായിരുന്ന സേനാംഗങ്ങളും ഇതു കാണുകയുണ്ടായി. ഈ അടയാളത്തിന്‍റെ അര്‍ത്ഥം എന്തെന്ന് ചിന്തിച്ച് വിഷമിച്ചിരിക്കുമ്പോള്‍ രാജാവ് സ്വപ്നത്തില്‍ ഒരു ദര്‍ശനം കണ്ടു. ആകാശത്തില്‍ കണ്ട അതേ കുരിശിന്‍റെ ചിഹ്നം; യേശുക്രിസ്തുവും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. യേശു, രാജാവിനോട് താന്‍ കണ്ട മാതൃകയില്‍ ഒരു കുരിശ് ഉണ്ടാക്കുന്നതിന് ആവശ്യപ്പെട്ടു. അതനുസരിച്ച് സ്വര്‍ണ്ണം കൊണ്ടും വില കൂടിയ കല്ലുകള്‍ കൊണ്ടും രാജാവ് ഒരു കുരിശുണ്ടാക്കി. പിന്നീട് ഈ അടയാളം രാജാവ് തന്‍റെ പടച്ചട്ടയിലും സൈനികരുടെ തൊപ്പിയിലും തുന്നിച്ചേര്‍ത്ത് ധരിച്ചു. യുദ്ധത്തില്‍ രാജാവ് ജയിച്ചു. അങ്ങനെ സ്ലീബായുടെ ശക്തികൊണ്ട് രാജാവ് ശത്രുവില്‍ നിന്ന് ജയം നേടി. റോമാ പട്ടണത്തില്‍ സ്ഥാപിക്കുന്ന തന്‍റെ തന്നെ പ്രതിമയില്‍ കൈയില്‍ ഒരു കുരിശുംകൂടെ രാജാവ് പിന്നീട് ഘടിപ്പിക്കുകയുണ്ടായി. അതില്‍ ഇങ്ങനെ എഴുതിവച്ചു: ‘ധീരതയുടെ അടയാളമായ ഈ ചിഹ്നത്താല്‍ അടിമനുകത്തില്‍ നിന്ന് നിങ്ങളുടെ പട്ടണത്തെ ഞാന്‍ സംരക്ഷിച്ച് സ്വതന്ത്രമാക്കിയിരിക്കുന്നു. മാത്രമല്ല റോമന്‍ സൈനറ്റിനെയും ജനങ്ങളെയും ഞാന്‍ സ്വതന്ത്രമാക്കി അവരുടെ പ്രതാപവും പ്രഭാവവും വീണ്ടെടുത്ത് അവര്‍ക്കു തിരികെ നല്‍കിയിരിക്കുന്നു.’5 ഈ സംഗതികള്‍ എല്ലാം ചരിത്രകാരനായ യൗസേബിയോസ് (എ.ഡി. 260-340) ‘കുസ്തന്തീനോസിന്‍റെ ജീവചരിത്രം’ എന്ന ഗ്രന്ഥത്തില്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. കുരിശു ചിഹ്നം ആകാശത്തില്‍ കണ്ട സംഭവം കുസ്തന്തീനോസ് ചക്രവര്‍ത്തിയില്‍ നിന്നും നേരിട്ട് കേട്ടിട്ടുള്ളതാണെന്നും രാജാവ് നിര്‍മ്മിച്ച കുരിശ് നേരിട്ട് കണ്ടിട്ടുണ്ടെന്നും യൗസേബിയോസ് പ്രത്യേകം എടുത്തുപറയുന്നുണ്ട്.’6 എ.ഡി. 313-ല്‍ ഒരു വിളംബരത്തിലൂടെ (മിലാനിലെ വിളംബരം) രാജാവ് ക്രിസ്ത്യാനികള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കുരിശിലൂടെ വധശിക്ഷ നടപ്പിലാക്കുന്ന രീതി നിര്‍ത്തല്‍ ചെയ്തു. മൂന്നു നൂറ്റാണ്ടുകളായി പീഡനമനുഭവിച്ചുവന്ന സഭ സ്വതന്ത്രമാവുന്നതോടെ അതിന്‍റെ ചരിത്രത്തില്‍ ഒരു നൂതനാദ്ധ്യായത്തിന് തുടക്കം കുറിക്കുകയുണ്ടായി.

കര്‍ത്താവിന്‍റെ കുരിശ് കണ്ടെടുക്കുന്നു

ഹെലനിരാജ്ഞി കുരിശു കണ്ടെടുത്ത കഥ മൂന്നുനാലു വിവിധ വിവരണങ്ങളില്‍ കുറെ വ്യത്യാസങ്ങളോടെ നമുക്കിന്നു ലഭ്യമാണ്. ഹെലനി രാജ്ഞിയുമായി ബന്ധപ്പെടുത്തിയിട്ടുള്ളവയാണ് എല്ലാം. വി. ആമ്പ്രോസ് (എ. ഡി. 339-397) ആണ് ആദ്യമായി ഈ സംഭവം രേഖപ്പെടുത്തുന്ന ഗ്രന്ഥകാരന്‍. സഭാചരിത്രകാരനായ സോസോമെന്‍, സോക്രട്ടീസ് എന്നിവരും റൂഫിനസ്, പൗലിനസ് തുടങ്ങിയവരും ഈ സംഭവം രേഖപ്പെടുത്തുന്നു. ഇത് സുറിയാനി ഭാഷയിലും രേഖപ്പെടുത്തിയിട്ടുണ്ട്. കഥാസംഗ്രഹം ഇങ്ങനെയാണ്: കുസ്തന്തീനോസ് രാജാവിന്‍റെ അമ്മയായ ഹെലനി രാജ്ഞി യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെടുക്കാം എന്ന പ്രത്യാശയില്‍ റോമില്‍നിന്നും യരുശലേമിലേക്കു വന്നു. പലരുടെയും സഹായത്തോടെ സ്ഥലനിര്‍ണ്ണയം നടത്തി. അവിടെയുണ്ടായിരുന്ന പുറജാതി ദേവാലയം നീക്കം ചെയ്ത്, കുഴിച്ചുനോക്കിയപ്പോള്‍ മൂന്ന് കുരിശുകള്‍ കണ്ടെത്തി. ഒന്ന് യേശുവിന്‍റെയും മറ്റ് രണ്ടെണ്ണം യേശുവിന് ഇടവും വലവും കുരിശിച്ച രണ്ടു കള്ളന്മാരുടേതുമാവാം എന്ന നിഗമനത്തില്‍ എത്തി. എന്നാല്‍ യേശുവിന്‍റെ കുരിശ് ഇതില്‍ ഏതാണെന്ന് എങ്ങനെ കണ്ടുപിടിക്കും? യരുശലേമിലെ മെത്രാപ്പോലീത്താ ആയിരുന്ന വി. മക്കാറിയോസ് യേശുവിന്‍റെ ക്രൂശ് തിരിച്ചറിയുന്നതിന് ഒരു അടയാളത്തിനു വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ആ സമയം സമീപപ്രദേശത്ത് ദീര്‍ഘകാലമായി രോഗം ബാധിച്ച് ആസന്നമരണയായി കിടക്കുന്ന ഒരു സ്ത്രീ ഉണ്ടെന്നറിവു കിട്ടി. കുരിശുകള്‍ ഓരോന്നായി സ്ത്രീയുടെ ശരീരത്തു വച്ചു. ആദ്യത്തെ രണ്ടു കുരിശുകളുടെ സ്പര്‍ശനം കൊണ്ട് രോഗിയില്‍ വ്യത്യാസം ഒന്നും കണ്ടില്ല. എന്നാല്‍ മൂന്നാമത്തെ ക്രൂശ് സ്പര്‍ശിച്ചപ്പോള്‍ രോഗി സുഖംപ്രാപിച്ച് എഴുന്നേറ്റു. അങ്ങനെ അത് യേശുവിന്‍റെ ക്രൂശ് തന്നെയാണെന്ന് ഉറപ്പായി.7

കര്‍ത്താവിന്‍റെ ക്രൂശ് കണ്ടെടുത്ത സ്ഥാനത്ത് ഒരു കുരിശും, അതിനോട് ചേര്‍ന്ന് മാര്‍ട്ടീറിയം (Martyrium – രക്തസാക്ഷിയുടെ സ്ഥലം) എന്ന പേരിലും കര്‍ത്താവിനെ കബറടക്കിയ സ്ഥാനത്ത് അനസ്റ്റാസിസ് (Anastasis – പുനരുത്ഥാനം) എന്ന പേരിലും രണ്ടു ദേവാലയങ്ങളും കുസ്തന്തീനോസ് രാജാവ് പണികഴിപ്പിച്ചു. മാര്‍ട്ടീറിയത്തോടു ചേര്‍ന്ന് പണികഴിപ്പിച്ചിരിക്കുന്ന കുരിശ് (കുരിശുപള്ളി എന്നു പറയുന്നതാവും കുറെക്കൂടി യുക്തം) കാല്‍വറി എന്നാണ് അറിയപ്പെട്ടിരുന്നത്. മാര്‍ട്ടീറിയം ബൃഹത്തായ ഒരു ദേവാലയമായിരുന്നു. അനസ്റ്റാസിസ് അതിനടുത്തു തന്നെ വൃത്താകൃതിയിലുള്ള ഒരു ദേവാലയവും.8 ഈ പള്ളികളുടെ പ്രതിഷ്ഠാ കര്‍മം ക്രിസ്ത്വബ്ദം 335 സെപ്റ്റംബര്‍ 14-ാം തീയതി വളരെ ആഘോഷപൂര്‍വ്വം നടത്തി. സെപ്റ്റംബര്‍ 14-ാം തീയതി പ്രതിഷ്ഠാ ശുശ്രൂഷ നടത്തുന്നതിന് തെരഞ്ഞെടുക്കുന്നതിനുള്ള കാരണം ഗോഗുല്‍ത്തായില്‍ നിന്ന് ഹെലനി രാജ്ഞിയുടെ നേതൃത്വത്തില്‍ എ. ഡി. 326-ല്‍ കുരിശ് കണ്ടെടുത്തത് ഇതേ തീയതിയില്‍ത്തന്നെ ആയിരുന്നതിനാലാണ്. കുരിശു കണ്ടെടുത്തതിന്‍റെ വാര്‍ഷിക ദിനത്തില്‍ത്തന്നെ അവിടെ സ്ഥാപിച്ചിരിക്കുന്ന ദേവാലയത്തിന്‍റെ കൂദാശാകര്‍മവും നടന്നത് സമുചിതമായി കരുതപ്പെട്ടു.9 ഇവിടെ ആണ്ടുതോറും സെപ്റ്റംബര്‍ 14 പെരുന്നാളായി ആഘോഷിക്കുന്നതിനു തുടങ്ങി. ഇതു ലോകത്തിന്‍റെ മറ്റു പല ഭാഗത്തേക്കും വ്യാപിച്ചു. ആദ്യമൊക്കെ പ്രസ്തുത ദേവാലയങ്ങളുടെ പ്രതിഷ്ഠയുടെ ഓര്‍മ്മപ്പെരുന്നാള്‍ എന്നാണ് അറിയപ്പെട്ടതെങ്കിലും പിന്നീട് അത് കുരിശിന്‍റെ മഹത്വീകരണത്തിന്‍റെ പെരുന്നാള്‍ ആയിത്തന്നെ അറിയപ്പെടുവാന്‍ തുടങ്ങി. സഭയുടെ പല പെരുന്നാളുകളുടെയും ഉല്‍പ്പത്തിയും വളര്‍ച്ചയും ഇന്നും അവ്യക്തങ്ങളായി അവശേഷിക്കുന്നു. എന്നാല്‍ സ്ലീബാ പെരുന്നാളിനെ സംബന്ധിച്ച് വ്യക്തമായ ചരിത്രം നമുക്ക് ലഭിക്കുന്നുണ്ട്.

ഹെലനി രാജ്ഞി കുരിശു കണ്ടെടുക്കുന്ന സംഭവം വിവരിക്കുന്ന കഥകളെ സംബന്ധിച്ച് ഒരു കുറിപ്പ് ഇവിടെ ആവശ്യമാണ്. ഈ കഥകളുടെ അതിശയോക്തിപരമെന്ന് തോന്നാവുന്ന പ്രതിപാദനരീതിയും കഥകളുടെ പല പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇവയുടെ ആധികാരികതയെ സംബന്ധിച്ച് സംശയങ്ങളുളവാകുന്നുണ്ട്. ഈ സംശയം ബലപ്പെടുത്തുന്ന മറ്റൊരു സംഗതി, ചരിത്രകാരനായ യൗസേബിയസ് തന്‍റെ ഗ്രന്ഥങ്ങളില്‍ ഒന്നുംതന്നെ ഈ സംഭവം രേഖപ്പെടുത്തുന്നില്ല എന്നുള്ളതാണ്. ആ കാലഘട്ടത്തില്‍ വളരെയധികം പ്രചാരത്തിലിരുന്നതെന്നു കരുതാവുന്ന ഈ സംഭവം എന്തുകൊണ്ട് യൗസേബിയസ് വിട്ടുകളഞ്ഞിരിക്കുന്നു? അതേസമയം കുസ്തന്തീനോസ് ചക്രവര്‍ത്തി കര്‍ത്താവിനെ ക്രൂശിച്ച സ്ഥലത്തും കബറടക്കിയ സ്ഥലത്തും യെരുശലേമില്‍ മറ്റു പലയിടങ്ങളിലും പള്ളികള്‍ പണിയുന്നതിനെ സംബന്ധിച്ചും മാര്‍ട്ടീറിയം, അനാസ്റ്റാസിസ് എന്നീ പള്ളികളുടെ പ്രതിഷ്ഠാ ശുശ്രൂഷയെ സംബന്ധിച്ചും വിവരിക്കുന്നുണ്ട്.10 ഹെലനി രാജ്ഞി യെരുശലേമിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും യൗസേബിയസ് എഴുതുന്നു. മാത്രമല്ല, കുസ്തന്തീനോസ് രാജാവു തന്നെ യെരുശലേമിലെ മെത്രാപ്പോലീത്താ മാര്‍ മക്കാറിയോസിന് എഴുതുന്ന ഒരു കത്തില്‍ ആയിടെ കണ്ടെത്തിയ കര്‍ത്താവിന്‍റെ കബറിടത്തിന്‍റെ സ്ഥാനത്ത് ഒരു ദേവാലയം പണിയുന്നതിനെ സംബന്ധിച്ചും അതിന്‍റെ അലങ്കാരപ്പണികളെ സംബന്ധിച്ചും എഴുതുന്നുണ്ടെങ്കിലും കര്‍ത്താവിന്‍റെ കുരിശ് കണ്ടെടുത്തതിനെ സംബന്ധിച്ച് പരാമര്‍ശിക്കുന്നതേയില്ല.11

ചരിത്രരേഖകള്‍ തമ്മിലുള്ള ഈ പൊരുത്തമില്ലായ്മ കുരിശു കണ്ടെത്തിയ സംഭവകഥയുടെ ആധികാരികതയെ സംബന്ധിച്ച് ഒരു തീര്‍പ്പു കല്പിക്കുക ദുഷ്ക്കരമാക്കിയിരിക്കുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ കുരിശ് കണ്ടെത്തിയെന്നതിന് ഉപോല്‍ബലകമായി കുരിശിന്‍റെ (തടിയുടെ) ശകലങ്ങള്‍ യെരുശലേമിലും മറ്റു പല ഭാഗത്തും ഉണ്ടായിരുന്നതായി ചില പിതാക്കന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

യെരുശലേമിലെ മാര്‍ കൂറിലോസ് എ.ഡി. 350-ല്‍ വലിയനോമ്പു കാലത്ത് സ്നാനത്തിനൊരുങ്ങുന്ന വിശ്വാസപഠിതാക്കള്‍ക്കു നല്‍കുന്ന പ്രഭാഷണങ്ങളില്‍ ഒന്നില്‍ ഇങ്ങനെ പറയുന്നു: “അവന്‍ യഥാര്‍ത്ഥമായും നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടു. എന്തെന്നാല്‍ നിങ്ങള്‍ അതു നിഷേധിക്കുന്നുവെങ്കില്‍ നിങ്ങള്‍ സമ്മേളിച്ചിരിക്കുന്ന ഈ ധന്യമായ ഗോഗുല്‍ത്താ (മാര്‍ട്ടീറിയം ദേവാലയം) ഇവിടെ ക്രൂശിതനായവനുവേണ്ടി അതു തെളിയിച്ചു തരും; ലോകം മുഴുവനും കുരിശിന്‍റെ (തടിയുടെ) ശകലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.”12 കര്‍ത്താവിന്‍റെ ക്രൂശ് ഗോഗുല്‍ത്തായില്‍ സ്ഥിതിചെയ്യുന്ന മാര്‍ട്ടീറിയം ദേവാലയത്തില്‍ ഉണ്ടെന്നും അതിന്‍റെ ശകലങ്ങള്‍ ലോകത്തെമ്പാടും വിതരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ആദ്യമായി രേഖപ്പെടുത്തുന്നത് വി. കൂറിലോസ് ആണെന്നുവേണം മനസ്സിലാക്കാന്‍.

നിസ്സായിലെ വി. ഗ്രീഗോറിയോസ് (335-395) ക്രൂശിന്‍റെ (തടിയുടെ) ശകലങ്ങള്‍ വഴി പല അത്ഭുതങ്ങളും നടക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ സംഗ്രഹിക്കാം: “കര്‍ത്താവിനെ ക്രൂശിക്കുന്നതിന് ഉപയോഗിച്ച കുരിശുമരം, അറിയുന്നിടത്തോളം മറ്റ് പല മരങ്ങളെക്കാളും വില കുറഞ്ഞതും നിസ്സാരവുമാണ്. എന്നാല്‍ ക്രൂശിന്‍റെ മരത്തടി രക്ഷാദായിയാണ്. അത് ആത്മാവോ, സ്പര്‍ശന ശക്തിയോ ഇല്ലാത്ത വെറും പദാര്‍ത്ഥമാണ്. എന്നാലത് ദൈവികശക്തി പ്രാപിച്ചു കഴിയുമ്പോള്‍ വലിയ അതിശയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് പര്യാപ്തമായ ഉപകരണമായി രൂപാന്തരപ്പെടുന്നു.”13

സീബ്ലാ വന്ദനവ്

കര്‍ത്താവിന്‍റെ കുരിശ് യെരുശലേമില്‍ മാര്‍ട്ടീറിയം ദേവാലയത്തില്‍ സൂക്ഷിച്ചിരുന്നുവെന്നും അതിന്‍റെ ശകലങ്ങള്‍ റോമിലും മറ്റു പല ഭാഗത്തും ഉണ്ടായിരുന്നുവെന്നും നാലാം നൂറ്റാണ്ടിന്‍റെ അവസാനഘട്ടത്തില്‍ എഴുതപ്പെട്ട ഒരു യാത്രാവിവരണത്തില്‍ നിന്നും അറിയാന്‍ കഴിയുന്നുണ്ട്. ഈ ഗ്രന്ഥത്തിന്‍റെ പ്രധാനപ്പെട്ട സംഭാവന കുരിശുവന്ദനവിനെ സംബന്ധിച്ച് വ്യക്തമായ ഒരു വിവരണം ഇതില്‍ നിന്നു ലഭിക്കുന്നുവെന്നുള്ളതാണ്. എതേറിയ എന്ന ഒരു തീര്‍ത്ഥാടക (സ്പെയിന്‍ സ്വദേശിയും, ഒരു സന്യാസിനിയോ, സന്യാസിനി സമൂഹത്തിന്‍റെ അധിപതിയോ ആണെന്നും കരുതപ്പെടുന്നു) ക്രിസ്ത്വബ്ദം 400-നോടടുത്ത് എഴുതിയതാണീ ഗ്രന്ഥം. ഈജിപ്റ്റ്, യെരുശലേം, എഡേസാ, ഏഷ്യാമൈനര്‍, കുസ്തന്തീനോസ് എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവിടെയുള്ള സ്ഥലങ്ങളുടെയും ആരാധനക്രമങ്ങളുടെയും ഒരു വിവരണം ഈ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തില്‍ 24-ാം ഖണ്ഡിക മുതല്‍ യെരുശലേമിലെ ആരാധനാ സമ്പ്രദായത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പീഡാനുഭവവാരത്തിലെ ആരാധനക്രമത്തെ സംബന്ധിച്ചാണ് 30-ാം അദ്ധ്യായം മുതലുള്ള പ്രതിപാദ്യം. ആരാധനകള്‍ ഏറിയപങ്കും മാര്‍ട്ടീറിയത്തിലും അനാസ്റ്റാസിസിലുമായാണ് നടത്തപ്പെടുന്നത്. പീഡാനുഭവത്തെ “വലിയ ആഴ്ച” (The Great Week)) എന്നാണ് വിളിച്ചിരുന്നത്. ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രൂഷകളുടെ വിവരണത്തില്‍ നിന്ന് പ്രസക്തമായ ഒരു ഭാഗം ഇവിടെ സംക്ഷിപ്തമായി പറയട്ടെ: ഗോഗുല്‍ത്തായിലുള്ള മാര്‍ട്ടീറിയം ദേവാലയത്തോടു ചേര്‍ന്ന് തെക്കുകിഴക്ക് സ്ഥാപിച്ചിരിക്കുന്ന കുരിശിനടുത്ത് രാവിലെ എട്ടു മണിക്ക് വിശ്വാസികള്‍ എത്തുന്നു. ഉച്ചയ്ക്ക് 12 മണി വരെ യേശുവിനെ ക്രൂശിച്ച കുരിശ് വന്ദിക്കുന്നതിനുള്ള സമയമാണ്. അതിനുശേഷം വൈകുന്നതുവരെയുള്ള സമയം പ്രാര്‍ത്ഥനയ്ക്കും വേദവായനയ്ക്കുമായി വേര്‍തിരിച്ചിരിക്കുന്നു. കുരിശ് വന്ദനവിനെ സംബന്ധിച്ച് എതേറിയ ഇങ്ങനെ വിവരിക്കുന്നു: മാര്‍ട്ടീറിയത്തോടു ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന കുരിശിന്‍റെ പിമ്പിലായി ഒരു കസേരയില്‍ മെത്രാപ്പോലീത്താ ഉപവിഷ്ടനാകും. അദ്ദേഹത്തിനു മുമ്പില്‍ വെള്ള വിരിച്ച ഒരു മേശ വച്ചിരിക്കുന്നു. മേശയ്ക്കു ചുറ്റും ശെമ്മാശന്മാര്‍ നില്‍ക്കുന്നുണ്ട്. കര്‍ത്താവിന്‍റെ ക്രൂശ് അടക്കം ചെയ്ത വെള്ളി പൊതിഞ്ഞ പെട്ടി അപ്പോള്‍ അവിടേക്കു കൊണ്ടുവരുന്നു. പെട്ടിതുറന്ന് മെത്രാപ്പോലീത്താ കര്‍ത്താവിന്‍റെ കുരിശെടുത്ത് പിടിച്ചുകൊണ്ടിരിക്കും. വിശ്വാസികള്‍ ഓരോരുത്തരായി വന്ന് കുരിശ് ചുംബിച്ച് കടന്നുപോകുന്നു. ആളുകള്‍ കുനിഞ്ഞ് കുരിശു വന്ദിക്കുമ്പോള്‍ അതിന്‍റെ കോണുകള്‍ അടര്‍ത്തിയെടുത്തുകൊണ്ടുപോകാതിരിക്കാന്‍ വേണ്ടിയാണു ശെമ്മാശന്മാര്‍ ചുറ്റും കാവല്‍നില്‍ക്കുന്നത്.14 ഇന്നു കാണുന്ന ദുഃഖവെള്ളിയാഴ്ചയിലെ സ്ലീബാ വന്ദനവ് ഈ പാരമ്പര്യത്തില്‍ നിന്നും ആവിര്‍ഭവിച്ചതാവണം. കുരിശുമരത്തില്‍ നിന്നും ഇറക്കിയ ക്രൂശിതനായ കര്‍ത്താവിനെ കന്യകമറിയാമും മറ്റും ചുംബിച്ചതിന്‍റെ ലക്ഷണമായി കുരിശു ചുംബിക്കുന്നു എന്നതാണ് അതിന്‍റെ ആന്തരാര്‍ത്ഥം. യേശുക്രിസ്തുവിന്‍റെ ഈലോക ജീവിതത്തോടു ബന്ധപ്പെട്ട വസ്തു എന്ന നിലയിലാണു കര്‍ത്താവിന്‍റെ കുരിശിന് ഇത്രയും പൂജനീയത ലഭിച്ചത്.

ആത്മികായുധം

കുരിശുവരയ്ക്കുന്നതിലൂടെയും ഉപയോഗിക്കുന്നതിലൂടെയും ക്രൂശിനെ ശക്തമായ ആത്മീകായുധമായി സഭ കാണുന്നു. അത് – പൈശാചിക ശക്തികളെ അകറ്റിനിര്‍ത്തുന്ന പരിചയും മുദ്രയുമാണ്. സ്വയപരിത്യാഗത്തിന്‍റെയും, മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ജീവാര്‍പ്പണത്തിന്‍റെയും പൈശാചിക ശക്തികളിന്മേലും മരണത്തിന്മേലുമുള്ള വിജയത്തിന്‍റെയും പ്രതീകമായി കുരിശു നിലകൊള്ളുന്നു. കുരിശിനെപ്പറ്റി പറയുമ്പോള്‍ പ്രതീകം, ചിഹ്നം എന്നീ പദങ്ങള്‍ സാധാരണയായി നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ വാക്കുകള്‍ക്ക് സഭയുടെ ആരാധനാ ഭാഷയില്‍ സാധാരണ വ്യവഹാരഭാഷയിലുള്ളതിലും ആഴമായ അര്‍ത്ഥമുണ്ട്. കുരിശ് യേശുവിന്‍റെ രക്ഷാകരപ്രവര്‍ത്തനങ്ങള്‍ നമ്മെ അനുസ്മരിപ്പിക്കുക മാത്രമല്ല, അവയില്‍ സംബന്ധികളാക്കുക കൂടി ചെയ്യുന്നു. കര്‍ത്താവ് ക്രൂശ് മരണത്തിലൂടെ നേടിത്തന്ന പൈശാചികശക്തികളിന്മേലുള്ള വിജയത്തെ അത് ഓര്‍മ്മിപ്പിക്കുക മാത്രമല്ല, പൈശാചികശക്തികളെ അകറ്റുകയും അവയില്‍നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇവിടെ, കുരിശിനെ യേശുക്രിസ്തുവിന്‍റെ സ്ഥാനത്താക്കി വയ്ക്കുകയല്ല, ദൈവികശക്തികള്‍ സംവഹിക്കുന്നതിന് ചേതനയില്ലാത്ത ഈ വസ്തുക്കള്‍ക്കും കഴിയുന്നു എന്ന മഹത്തായ രഹസ്യം വിളിച്ചറിയിക്കുകയാണ്. പ്രതീകങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും സഭ നല്കുന്ന അര്‍ത്ഥവും സ്ഥാനവും വിഗ്രഹാരാധനയില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടു നില്ക്കുന്നു എന്ന് ഇതില്‍നിന്നും വ്യക്തമാവുന്നു. കുരിശ് ഒരു വശത്ത് കര്‍ത്താവിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളിലേക്ക് നമ്മെ നിരന്തരം ക്ഷണിക്കുന്ന ശക്തമായ സൂചികയാണ്; മറുവശത്ത് കര്‍ത്താവിന്‍റെ രക്ഷാകര ശക്തികളെ കുരിശ് സംവഹിക്കുകയും ചെയ്യുന്നു.

കുറിപ്പുകള്‍

1. Hippolytus of Rome, Apostolic Tradition, para 48.
French Translation in Sources Chretiennes Vol. 11, Cerf (1968).
2. De Corona, 3 in the Ante – Nicene Fathers Vol. IV (1956).
3. St. Cyril of Jerusalem, Catechetical Lectures IV, 14, in Nicene and Post-Nicene
Fathers Vol. VII (1955).
4. St. Basil the Great, On the Spirit, Chapter 27 in Nicene and Post – Nicene
Fathers Vol. VIII.
5. Life of Constantine 1, 40 in Nicene and Post – Nicene Fathers Vol. 1, (1952).
6. Ibid 1, 28 – 31.
7. Socrates, Church Histories 1, 17 in Nicene and Post – Nicene Fathers Vol. II
(1957).
8. Etherie, Journal de Voyage, Sources Chretiennes 21, Introduction pp. 58-60,
Cerf (1948).
9. Etherie, Ibid Para 48.
10. Life of Constantine, op. cit., III, 25-40.
11. Life of Constantine III, 29-30.
12. St. Cyril of Jerusalem, op. cit., IV, 10; cf X, 19, XIII, 4.
13. St. Gregory of Nyssa, On the Baptism of Christ in Nicene and Post –
Nicene Fathers Vol. V.
14. Etherie op. cit., Para 37.