ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത: പ്രയത്നശാലിയായ പിതാവ് / ഐസക് മാര്‍ ഒസ്താത്തിയോസ്

അഭിവന്ദ്യ മോര്‍ പക്കോമിയോസ് തിരുമേനിയും ഞാനും സമകാലികരായി ജീവിച്ചിരുന്നിട്ടുള്ളത് കേവലം പതിനഞ്ചു വര്‍ഷമാണ്. എന്നേക്കാള്‍ അന്‍പതു വയസ്സ് പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ അദ്ദേഹവുമായുള്ള എന്‍റെ കുടുംബ ബന്ധം മൂലം (എന്‍റെ പിതൃസഹോദരിയുടെ ഭര്‍തൃസഹോദരന്‍) എനിക്കു ഓര്‍മ്മവച്ചകാലം മുതല്‍തന്നെ അദ്ദേഹത്തെ കാണുവാനും പരിമിതമായെങ്കിലും ഇടപഴകുവാനും സാധിച്ചിട്ടുണ്ട്. കൂടാതെ എന്‍റെ പിതാവിന്‍റെ പിതൃസഹോദരന്‍ അഭിവന്ദ്യ തോമസ് മോര്‍ ഒസ്താത്തിയോസ് തിരുമേനിയും അദ്ദേഹവും ഒരേ സമയത്ത് മേല്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടവരുമായിരുന്നു. ആ അനുഭവസമ്പത്തും അദ്ദേഹത്തെ കുറിച്ചുള്ള അറിവിന് ആക്കം കൂട്ടിയിട്ടുണ്ട്. എല്ലാറ്റിനുമുപരി എന്‍റെ മാതൃഭദ്രാസനമായ കണ്ടനാട്മെ ത്രാപ്പോലീത്തായും ആയിരുന്നുവല്ലോ അദ്ദേഹം – സംഘര്‍ഷഭരിതമായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു എന്നുമാത്രം.

കഠിനപ്രയത്നശാലിയായിരുന്നു അദ്ദേഹമെന്നതാണ് എനിക്ക് ആദ്യമായി മനസ്സില്‍ തട്ടിയിട്ടുള്ള അദ്ദേഹത്തിന്‍റെ സ്വഭാവവൈശിഷ്ട്യം. പല വൈതരണികളെയും പിന്നിട്ടാണ് അദ്ദേഹം ഉന്നതവിദ്യാഭ്യാസം കൈവരിച്ചത്. ഒരു വൈദികന്‍ ആയി പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളിലെ പള്ളികളില്‍ ശുശ്രൂഷിച്ചുകൊണ്ടിരിക്കേയാണ് ബിരുദാനന്തരബിരുദങ്ങള്‍ നേടുന്നതും വൈദികവിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതും. സമര്‍പ്പിതമനസ്സോടെ, ഏകാഗ്രതാബുദ്ധിവൈഭവം കാട്ടുന്നവര്‍ക്കു മാത്രമേ ഇപ്രകാരമുള്ള ഉന്നതശ്രേണികള്‍ കയറുവാന്‍ സാധിക്കുകയുള്ളൂ.

ഓര്‍ത്തഡോക്സ് വിശ്വാസത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതിപത്തിയാണ് എന്നെ ആകര്‍ഷിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ സദ്ഗുണങ്ങളില്‍ വേറൊന്ന്. അദ്ദേഹം എഴുതിയിട്ടുള്ള പല ലേഖനങ്ങളിലും ഈ വൈശിഷ്ട്യം പ്രകാശമാനമായി നിലകൊള്ളൂന്നു. മാമോദേീസായെപ്പറ്റി എഴുതിയിട്ടുള്ള ഒരു ലേഖനത്തില്‍ “ഓര്‍ത്തഡോക്സ് മാമോദീസായെയോ മൂറോന്‍കൂദാശയെയോ കര്‍ബ്ബാനയെയോ വിവാഹത്തെയോ മറ്റു കൂദാശകളെയോ പറ്റി പുരാതനകാലം മുതല്‍ മനസ്സിലാക്കിയിട്ടുള്ളതും പഠിപ്പിച്ചിട്ടുള്ളതുമായ ഉപദേശങ്ങളും അവയ്ക്കടിസ്ഥാനമായ കാര്യങ്ങളും കുറെയൊക്കെ അഗണ്യകോടിയില്‍ തള്ളി” എന്നു പറഞ്ഞിരിക്കുന്നതില്‍ നിന്നും ഓര്‍ത്തഡോക്സ് വിശ്വാസത്തെ അദ്ദേഹം എത്രമാത്രം മാനിച്ചിരുന്നു എന്നു കാണാം. വേറൊരു ലേഖനത്തില്‍ സഭ സിനോഡിക്കല്‍ (Synodical) ആയിരിക്കണമെന്നും അത് വെറുമൊരു സൊസൈറ്റി ആവാന്‍ പാടില്ലെന്നും അദ്ദേഹം ഉദ്ഘോഷിക്കുന്നു. അതേ ലേഖനത്തില്‍ സഭ ലിറ്റേര്‍ജിക്കലാണ് (Church is Liturgical) എന്നും വീക്ഷിച്ചിരിക്കുന്നു.

ഇദ്ദേഹത്തിന്‍റെ ആരാധനസൗകുമാരികതയെക്കുറിച്ച് ഞാന്‍ വളരെ കേട്ടിട്ടുണ്ട്. മാധുര്യവും ഭക്തിരസം നിറഞ്ഞുനിന്നിരുന്നതുമായിരുന്നു അത് എന്ന് നേരില്‍ കണ്ടിട്ടുള്ളവരില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കൃത്രിമത്വം അശേഷം ഉണ്ടായിരുന്നില്ല. ആരാധനയിലുള്ള ഈ ആകര്‍ഷണീയത ഒരു വൈദികനെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധാര്‍ഹവും അനുകരണീയവും ആകുമ്പോള്‍തന്നെ അത് ദൈവികാനുഗ്രഹം കൂടിയാകുന്നു എന്നത് അദ്ദേഹത്തിന്‍റെ മികവിനെ ഇരട്ടിപ്പിക്കുന്ന ഒന്നത്രേ.

കഠിനാദ്ധ്വാനവും ഓര്‍ത്തഡോക്സ് വിശ്വാസത്തോടുള്ള അകൈതവമായ പ്രതിബദ്ധതയും ആരാധനാപാടവവും ഒപ്പം ആകാരസൗഷ്ഠവവും അദ്ദേഹത്തെ മേല്പട്ടസ്ഥാനത്തിലെത്തിച്ചു എന്നതില്‍ അതിശയിക്കത്തക്കതായി ഒന്നുമില്ല. ആ സ്ഥാനത്തിനൊത്തവണ്ണം അദ്ദേഹം ഉയര്‍ന്ന്, അതിനോട് ആത്മാര്‍ത്ഥത പുലര്‍ത്തി എന്നതിന് തെളിവാണല്ലോ അദ്ദേഹം വഹിച്ചിട്ടുള്ള അനേകപദവികള്‍: യുവജനപ്രസ്ഥാനം ഉപാദ്ധ്യക്ഷന്‍, സഭാവര്‍ക്കിംഗ് കമ്മറ്റി അംഗം, വിവാഹകോടതി അംഗം, കാതോലിക്കേറ്റ് കോര്‍പ്പറേറ്റ് സ്കൂളുകളുകളുടെ മാനേജര്‍, ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മറ്റി അംഗം, എല്ലാറ്റിനും ഉ

പരി, കാതോലിക്കായുടയും മലങ്കരമെത്രാപ്പോലീത്തായുടെയും അസിസ്റ്റന്‍റ് എന്നീ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനമാനങ്ങള്‍ ആ പ്രതിഭയുടെ മഹത്ത്വത്തെ വിളിച്ചോതുന്നതും സഭ അദ്ദേഹത്തിന് നല്കിയ അംഗീകാരത്തിന്‍റെ പ്രത്യക്ഷ സാക്ഷ്യങ്ങളുമാണ്.

അകാലത്ത് ദൈവസന്നിയിലേക്ക് വാങ്ങിപ്പോയ അദ്ദേഹത്തെ ദൈവംതമ്പുരാന്‍ തൃക്കൈകളില്‍ സ്വീകരിക്കുമാറാകട്ടെ. ജീവിതകാലം നീട്ടി നല്കപ്പെട്ടിരുന്നെങ്കില്‍ സഭാചരിത്രത്തിലെതന്നെ മിന്നിത്തിളങ്ങുമായിരുന്ന ഒരു താരമാകാന്‍ സര്‍വ്വഥാ യോഗ്യമാകുമായിരുന്നു എന്നതാണ് എന്‍റെ വിശ്വാസം.