കുന്നംകുളത്തെ നിത്യാക്ഷരപ്രസംഗം / പുത്തന്‍കാവില്‍ കൊച്ചുതിരുമേനി

പ്രിയരെ,

എത്രയും ചുരുങ്ങിയ സമയം കൊണ്ട് പ്രസംഗം അവസാനിപ്പി ക്കണമെന്ന് പൊതുയോഗഭാരവാഹികള്‍ നിര്‍ബന്ധിച്ചിരിക്കയാല്‍ ഈ പ്രസംഗം നീട്ടുന്നില്ല.
ദേഹത്തിന് ആരോഗ്യമില്ലാത്തതിനാല്‍ കഴിയുംവേഗം പ്രസംഗം അവസാനിപ്പിക്കണമെന്നു തന്നെയാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടായി ക്കൊണ്ടിരിക്കുന്ന നെഞ്ചുവേദനയും ഉല്‍ബോധിപ്പിക്കുന്നത്. ഉച്ചത്തില്‍ സംസാരിപ്പാന്‍ നിവൃത്തിയില്ലാതിരിക്കെ ഒരു മൈക്രോഫോണിന്‍റെ സഹായം ലഭിച്ചതു വളരെ ആശ്വാസമായി.

ബ. ശെമ്മാശ്ശന്‍ (Dn. P. S. Samuel B. Sc.) കാതോലിക്കാ സിംഹാസ നത്തെക്കുറിച്ചു ഒരു സംക്ഷിപ്തവിവരണം ചരിത്രപരമായി നിങ്ങള്‍ക്കു തന്നുകഴിഞ്ഞു. പൗരസ്ത്യദേശത്തിന്‍റെ ഒന്നാമത്തെ മേല്പ്പട്ടക്കാരന്‍ വി. മാര്‍ത്തോമ്മാശ്ലീഹായായിരുന്നു. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായ മാര്‍ ആദായിയും, മാര്‍ ആഗായിയും എഡേസ്സാ ആസ്ഥാനമായി ഭരിച്ചു. അവരുടെ പിന്‍ഗാമിയായ വി. മാറി അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നു ണ്ടായ മര്‍ദ്ദനവും പീഡയും മൂലം തന്‍റെ ഭരണസ്ഥാനം എഡേസ്സായില്‍ നിന്ന് സെലൂക്യ യിലേക്കു മാറ്റി. വി. മാറിയുടെ കാലശേഷം വി. അമ്പ്രോ സിയോസ്സും, അബ്രഹാമും, യാക്കോബും ക്രമമായി ഭരണം നടത്തി പ്പോന്നു. ഇങ്ങനെ സെലൂക്യാ സിംഹാസനത്തില്‍ ഭരിച്ചുവന്നിരുന്ന വരെയെല്ലാം കിഴക്കിന്‍റെ വലിയ മെത്രാപ്പോലീത്തന്മാര്‍ (റീശോ റാബോദ് കൊഹനെ ദ് മനഹോ) എന്നു വിളിച്ചു പോന്നു.

എന്നാല്‍ വി. ആഹൂദ് ആബൂയ് അന്ത്യോക്യായിലേക്കു മേല്പ്പട്ട സ്ഥാനം ഏല്ക്കുവാന്‍ പോയപ്പോള്‍ അന്നു പേര്‍ഷ്യയും അന്ത്യോക്യയും തമ്മിലുള്ള പരസ്പരവൈരം കൊണ്ട് ഈ വിശുദ്ധനെ പേര്‍ഷ്യന്‍ ഒറ്റുകാരനാണെന്ന് തെറ്റിദ്ധരിച്ച് അന്ത്യോക്യക്കാര്‍ കൊല്ലുവാന്‍ ശ്രമിച്ചു. ദൈവകൃപയാല്‍ അദ്ദേഹം എങ്ങിനെയോ രക്ഷപ്പെട്ട് ഊര്‍ശ്ലേമില്‍ പോയി പട്ടമേറ്റു. ഈ വിശുദ്ധനുണ്ടായ കഷ്ടതകളില്‍ മനസ്സലിഞ്ഞ ഊര്‍ശ്ലേമിന്‍റെ എപ്പിസ്കോപ്പന്മാര്‍ സെലൂക്യാ സിംഹാസനത്തിന്‍റെ സ്ഥിരതയ്ക്കായി (റീശ് റാബോദ് കൊഹനെ ദ് മദനഹോ) കിഴക്കിന്‍റെ വലിയ മെത്രാപ്പോലീത്താ മേലില്‍ കാതോലിക്കാ എന്നു നാമകരണം ചെയ്യപ്പെട ണമെന്നും പൗരസ്ത്യരില്‍ ഏതെങ്കിലും ഒരു മെത്രാപ്പോലീത്താ മരിച്ചാല്‍ ആ സ്ഥാനത്തേക്കു ഒരു സ്ഥാനിയെ വാഴിക്കുവാന്‍ പൗരസ്ത്യര്‍ക്കു തന്നെ അധികാരമുണ്ടെന്നും അന്യരാജ്യങ്ങളില്‍പ്പോയി പട്ടമേല്ക്കേണ്ടതില്ലെന്നും പ്രസ്താവിക്കുന്ന ഒരു സ്ഥാത്തി ക്കോന്‍ ആഹൂദ് ആബൂയ് വശം ഏല്പിച്ചു. ഇതനുസരിച്ചു വി. ആഹൂദ് ആബൂയ് തന്നെ ആയി ഒന്നാമത്തെ കാതോലിക്കാ. ക്രിസ്തബ്ദം 231-ല്‍ കാതോലിക്കാ സിംഹാസനം ഇങ്ങനെ പൂര്‍വ്വദേശത്തു സ്ഥാപിതമായി. ക്രിസ്തബ്ദം 325-ല്‍, അതായതു ഒരു 94 കൊല്ലം കഴിഞ്ഞതിനുശേഷം കൂടിയ നിഖ്യാ സുന്നഹദോസ് യെരുശലേം സ്ഥാത്തിക്കോനെ പ്രബലപ്പെടുത്തി. ഈ സംഭവമാണ് ഹൂദായകാനോനില്‍ സിദ്ധനായ ബാര്‍ എബ്രായ എല്ലാവര്‍ക്കും കാണുമാറു ‘നിഖ്യാ സുന്നഹദോസില്‍ പാസ്സാക്കിയ നിയമങ്ങള്‍’ എന്ന തലക്കെട്ടില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ‘മെക്കോവലഹാല്‍’ (അന്നു മുതല്‍ക്കു ഇന്നുവരെയും ഇനിയും തുടര്‍ന്നും) കാതോലിക്കാ എന്നു കിഴക്കിന്‍റെ വലിയ മെത്രാപ്പോലീത്താ അറിയപ്പെടണം.

ഇവിടെ ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. റോമിലേയും അലക്സന്ത്രിയായിലേയും, കുസ്തന്തിനോസ്സ്പോലീസിലേയും അല്ലാ നമ്മുടെ അന്ത്യോക്യായിലേയും പാത്രിയര്‍ക്കാ സിംഹാസനങ്ങളുണ്ടാകു ന്നതിനു ഒരു 94 വര്‍ഷം മുമ്പു തന്നെ പൗരസ്ത്യദേശങ്ങളില്‍ ഈ കാതോലിക്കാ സിംഹാസനം ഉണ്ടായി. പ്രിയരെ! ആരെങ്കിലും ‘നിങ്ങളുടെ ഈ കാതോലിക്കാ എന്നുണ്ടായി’ എന്നു ചോദിച്ചാല്‍ ഉടനെ പറഞ്ഞേക്കണം ‘നിങ്ങളുടെ പാത്രിയര്‍ക്കീസ് ഉണ്ടായതിനേക്കാള്‍ 94 കൊല്ലം മുമ്പ്’ എന്ന്.

ഇപ്പോള്‍ ആബാലവൃദ്ധം ആരോടു ചോദിച്ചാലും പാത്രിയര്‍ക്കീസിനെ എല്ലാവരും അറിയും. എന്നാല്‍ കാതോലിക്കാ എന്ന വാക്ക് സാമാന്യര്‍ക്കു സുപരിചിതമല്ല. അതിനും കാരണങ്ങള്‍ ഉണ്ട്. അതും കൂടി പറഞ്ഞു കൊണ്ട് പ്രസംഗം അവസാനിപ്പിച്ചു കളയാം. ഇന്നു ഈ മൈക്കിന് പറ്റിയ പോലെ ഇടയ്ക്കിടയ്ക്ക് എന്‍റെ ശബ്ദത്തിനും ചില തകരാറുണ്ടാകു ന്നുണ്ട്. എങ്കിലും പരിശുദ്ധ കാതോലിക്കാ സിംഹാസനത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ നിങ്ങള്‍ ഗ്രഹിക്കണമെന്നുള്ള എന്‍റെ ആഗ്രഹം എന്‍റെ നെഞ്ചുവേദനയെ നിസ്സാരമാക്കുന്നു. പാത്രിയര്‍ക്കീസിനേക്കാള്‍ 94 വര്‍ഷം മൂപ്പുള്ളതാണ് കാതോലിക്കാ. പിന്നെ എന്തുകൊണ്ട് ആ വാക്കു സുപരിചിതമല്ല. കാതോലിക്കാസിംഹാസനം 498-ാം മാണ്ടു വരെ തുടര്‍ന്നു. എന്നാല്‍ അവസാനത്തെ കാതോലിക്കാ നെസ്തോറിയ നായതു മുതല്‍ വളരെക്കാലം കാതോലിക്കാ ഉണ്ടായില്ല. തദവസരത്തില്‍ പൗരസ്ത്യര്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിനെ ഈ വിവരം അറിയിച്ചു. അപ്പോള്‍ പാത്രിയര്‍ക്കീസ് നിഖ്യാ സുന്നഹദോസ് നിശ്ചയപ്രകാരം ‘നിങ്ങള്‍ തന്നെ കാതോലിക്കായെ വാഴിക്കുവിന്‍’ എന്നു കല്പിച്ചതല്ലാതെ ഒരു സ്ഥാനിയെ അങ്ങോട്ട് അയക്കുവാനോ അല്ലെങ്കില്‍ തഹലുപ്പാ വഴി വാഴിക്കുവാനോ അല്ല മറുപടി നല്‍കിയത്. ഇങ്ങിനെ പൗരസ്ത്യര്‍ 629-ല്‍ കാതോലിക്കായെ വാഴിച്ചു. പിന്നീടു കുറേക്കാലത്തേക്കു കാതോലിക്കാമാര്‍ ഉണ്ടായില്ല. അതുകൊണ്ടാണ് കാതോലിക്കാ മാരുടെ ലിസ്റ്റില്‍ ചില കൊല്ലങ്ങളില്‍ ആരുടേയും പേരുകള്‍ കാണാതിരിക്കുന്നത്. പാത്രിയര്‍ക്കീസുമാരുടെ ലിസ്റ്റിലും ഇപ്രകാരം ചില വിടവുകള്‍ എല്ലാം കാണുന്നുണ്ട്. പരിശുദ്ധ കാതോലിക്കാ സിംഹാസനം പാത്രിയര്‍ക്കാ സിംഹാസനത്തെ അപേക്ഷിച്ച് കൂടുതല്‍ കാലം വൈധവ്യത്തി ന്നധീനമായി. അതുകൊണ്ട് കാതോലിക്കാ നാമം അധികമായി കേള്‍പ്പാന്‍ സാദ്ധ്യമായില്ല. അതാണ് നമുക്ക് ആ നാമം സുപരിചിതമല്ലാതിരിപ്പാന്‍ കാരണം. എന്നാല്‍ പാത്രിയര്‍ക്കീസ് എന്ന നാമം നമ്മുടെയുള്ളില്‍ കൂടുതല്‍ പതിയുകയും ചെയ്തു. അതു എന്നു മുതല്‍ക്ക് – ഒരു പാലക്കുന്നത്തു മെത്രാച്ചന്‍ മുതല്‍ക്ക് – പാലക്കുന്നത്തു മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാച്ചന്‍ അന്ത്യോക്യായില്‍ ചെന്നു സ്ഥാനം ഏറ്റു. അന്നു മുതല്‍ അന്ത്യോക്യയുടെ ഭാരമേറിയ ഇരിമ്പു നുകം നമ്മുടെ പെടലിക്കും വീണു. പാത്രിയര്‍ക്കീസ് എന്ന നാമം അതോടുകൂടി എല്ലാ പുസ്തകങ്ങളിലും പതിഞ്ഞു. ഇങ്ങനെ ഈ പാത്രിയര്‍ക്കീസ് എന്ന പേരു നമുക്കു സുപരിചിതമായി.

പ്രിയരേ, നാം ചരിത്രത്തിലേക്കു ഒന്നു കണ്ണോടിക്കുക. നമ്മുടെ സഭ വിശ്വസിക്കുന്നതായ മൂന്നു സുന്നഹദോസുകളില്‍ മലങ്കരസഭയുടെ പ്രതിനിധിയായി ഈ മലങ്കരയില്‍ നിന്നു വല്ലവനും പോയിരുന്നുവോ? അതിനെപ്പറ്റി വല്ലവനും അറിവുണ്ടോ? അവര്‍ മലങ്കരസഭയെ സുന്നഹദോസിനു ക്ഷണിച്ചിട്ടുണ്ടോ? ഇല്ല. പിന്നെ, നാം എങ്ങിനെ ആ സുന്നഹദോസുകള്‍ സ്വീകരിച്ചു. ചരിത്രം പഠിപ്പിച്ചു. നാം അതു വിശ്വസിച്ചു.

ഒരിക്കല്‍ ഒരു മനുഷ്യന്‍ തന്‍റെ മകനു രണ്ടര വയസുള്ളപ്പോള്‍ സിങ്ക പ്പൂര്‍ക്കു പോയി, വളരെക്കാലത്തേക്കു അയാളെപ്പറ്റി യാതൊരു വിവരമു ണ്ടായില്ല. അയാളുടെ മകന്‍റെ പരിപാലനം അയാളുടെ അനുജന്‍ ഏറ്റെ ടുത്തു. ആ മകന്‍ അവന്‍റെ ഇളയപ്പനെ സ്വപിതാവെന്നു ധരിച്ചു പോന്നു. ഏകദേശം 18 വര്‍ഷം കഴിഞ്ഞു സിങ്കപ്പൂര്‍ പോയ ആ മനുഷ്യന്‍ മടങ്ങി യെത്തി. 20 വയസ്സായ തന്‍റെ മകനോട് ‘ഞാനാണു പിതാവ്’ എന്ന് പറഞ്ഞു. പക്ഷേ ‘നിങ്ങളല്ല എന്‍റെ പിതാവ്, ഇദ്ദേഹമാണ്’ എന്ന് ഇളയ പ്പനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മകന്‍ വിസമ്മതിച്ചപ്പോള്‍ ഇളയപ്പനും യുവാവിനോട് അയാളുടെ ശരിയായ പിതാവ് സിങ്കപ്പൂരു നിന്നു വന്ന വനാണെന്നു പറഞ്ഞു.

പ്രിയരെ, ഈ ഒരു നില തന്നെയായിരുന്നു നമ്മുടേതും, കുറേക്കാലം മുമ്പ് കാതോലിക്കാ സിംഹാസനം ഉണ്ടായി. പാത്രിയര്‍ക്കാ സിംഹാസനം ഉണ്ടാകുന്നതിനും 94 കൊല്ലം മുമ്പ്. അതു കുറേക്കാലമായി ഇല്ലാതി രിക്കയായിരുന്നു. സാക്ഷാല്‍ പിതാവായി നാം വേറെ ആളെ ഇതേവരെ വിശ്വസിച്ചുപോന്നു – എന്നാല്‍ ഇപ്പോള്‍ നമ്മുടെ സാക്ഷാല്‍ പിതാവ് ആരെന്നു നാം സുവ്യക്തം മനസ്സിലാക്കിക്കഴിഞ്ഞു. നമ്മുടെ പിതാവ് ഇവിടെയുള്ള, ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കാതോലിക്കാ സിംഹാസ നത്തില്‍ വാഴുന്ന ആ പുണ്യദേഹം തന്നെയാണ്.

മാത്യൂസ് മാര്‍ അത്താനാസ്യോസ് ആണ് അന്ത്യോക്യാബന്ധം മല ങ്കരയില്‍ സ്ഥാപിച്ചത്. അദ്ദേഹത്തിന്‍റെ ചില ‘കുസൃതികള്‍ക്കു’ ശേഷം അദ്ദേഹവും പരലോകപ്രാപ്തനായി. കാലങ്ങള്‍ കഴിഞ്ഞുപോയി. അന്ത്യോക്യയില്‍ നിന്ന് മുടക്കുകളായ ബ്രഹ്മാസ്ത്രങ്ങള്‍ തെരുതെരെ മലങ്കരയില്‍ ചുഴറ്റിക്കൊണ്ടിരുന്നു. അപ്പോഴായിരുന്നു കര്‍മ്മധീരനും പണ്ഡിതശിരോമണിയുമായ വട്ടശ്ശേരില്‍ മാര്‍ ഗീവറുഗീസ് ദീവാന്നാ സ്യോസ് തിരുമേനിയുടെ ചങ്കിനു ഒരസ്ത്രം പതിച്ചത്. അദ്ദേഹം ചരിത്രം പഠിച്ച ആളല്ലേ? വട്ടശ്ശേരില്‍ തിരുമേനി ചോദിച്ചു ‘എന്തിനാണ് എന്നെ മുടക്കിയത്?” എന്ന്. മറുപടിയോ ‘നാം മുടക്കിയിരിക്കുന്നു’വെന്നു മാത്രം.

പ്രിയരേ, ഒന്നു ഓര്‍ത്തോളിന്‍! പാത്രിയര്‍ക്കീസില്‍ നിന്നു മാത്രമേ പട്ടമേല്‍ക്കുവാന്‍ നിയമമുള്ളൂ എന്ന ഭാവേനയും പാത്രിയര്‍ക്കീസിന്‍റെ എല്ലാ അധികാരപ്രമത്തതകള്‍ക്കും വട്ടശ്ശേരില്‍ തിരുമേനി വഴങ്ങിക്കൊ ടുത്തില്ലാ എന്ന നിരാശയും കൊണ്ടുമാണ് പാത്രിയര്‍ക്കീസ് ‘നാം മുടക്കി യിരിക്കുന്നു’വെന്നു മാത്രം ധൈര്യമായി പറയുവാന്‍ മുതിര്‍ന്നത്. ഈ മണ്ണില്‍ നിന്നു മുളച്ചുവന്ന പഴയസെമിനാരി സ്ഥാപകനായ പുലിക്കോ ട്ടില്‍ തിരുമേനിയും പുന്നത്ര, ചേപ്പാട്ട് തിരുമേനിമാരും ഏതു പാത്രിയര്‍ ക്കീസില്‍ നിന്നാണ് പട്ടമേറ്റു മലങ്കര മെത്രാപ്പോലീത്തന്മാരായി വാണത്? തൊഴിയൂര്‍ ഇടവകയുടെ കിടങ്ങന്‍ മാര്‍ പീലക്സിനോസാണ് അവരെ പട്ടം കെട്ടിയത്. ഇത് ഒന്നും ആ ശീമക്കാരന്‍ ബാവ മനസ്സിലാക്കിയില്ല. അദ്ദേഹത്തിനു അതു അറിഞ്ഞുംകൂടാ. അദ്ദേഹത്തിന്‍റെ അനുയായി കള്‍ക്കും അതു അറിവുണ്ടായിട്ടും അവര്‍ അതു മറന്നിരിക്കുമോ? ഇല്ല. കാനോനികമായ തിങ്കളാഴ്ചത്തെ നമസ്ക്കാരത്തില്‍ അവര്‍ ചൊല്ലുന്നതു എന്താണ്.

‘നെക്വൂന്‍ ഗറുമായ്മെന്‍ കബറൊ
ദാലോഹൊ യല്‍ദാസ്ബ് സുല്‍ത്തോ
വെന്‍ മെസ്സ്പ്പാല്ഗനോ എസ്ത്ലെമെന്‍
കുശ്ത്തോ വെന്‍ഇസ്സ് ബ്റേയാന്‍
പൂലോഗോ അംനെസ്തുര്‍ല് ഗീഹാനോ
എസ്സറ്മെ.

‘അമ് നെസ്തൂര്‍ ല്ഗീഹാനോ എസ്സറുമെ.’ നെസ്തറിയരോടു കൂടി നരകത്തില്‍ ഇടപ്പെടട്ടെ. നെസ്തുറിയര്‍ക്കു നരകമാണ് കൂലി എന്നു ഈ ഗീതത്തില്‍ പറയുന്നു. എന്നാല്‍ അവരുടെ വിശ്വാസത്തെ സ്വീകരി ക്കാതെ അവരുടെ പട്ടത്വത്തെ യാക്കോബായക്കാര്‍ സ്വീകരിക്കുന്നു.
എന്നാല്‍ പാത്രിയര്‍ക്കീസിനു മാത്രമേ മേല്‍പ്പട്ടം കൊടുപ്പാന്‍ അധി കാരമുള്ളൂ എന്നും അദ്ദേഹമാണ് പരമാധികാരിയെന്നും പാത്രിയര്‍ക്കീസ് ധരിച്ചു. മെത്രാന്‍പട്ടം ഏല്‍ക്കുവാന്‍ ശീമയില്‍ പോയാല്‍ മാത്രമേ സാദ്ധ്യമാകയുള്ളൂ പോലും!

നെസ്തോറിയരില്‍ നിന്ന് പട്ടം ലഭിച്ചിട്ടുള്ള മേല്‍പ്പട്ടക്കാര്‍ പോലും സഭയില്‍ ഉണ്ടായിട്ടുണ്ട്. കഷ്ടം! ഇവയെ സാധൂകരിക്കുന്ന അന്ത്യോക്യാ പാത്രിയര്‍ക്കീസു ‘തന്നില്‍ നിന്നു മാത്രമേ പട്ടമേല്ക്കാവൂ’ എന്നു ശഠിക്കുകയും പട്ടമേറ്റവരുടെ മേല്‍ ഇടതടവില്ലാതെ മുടക്കുകള്‍ വര്‍ഷിക്കുകയും ചെയ്യുന്നു. ഇവയെ നാം സ്വീകരിക്കണം പോലും! ആ ഭാഗവും നാം വിടുന്നു.
വട്ടശേരില്‍ തിരുമേനിയെ മുടക്കു കല്പിച്ച ആ പാത്രിയര്‍ക്കീസ് ആരായിരുന്നു? അദ്ദേഹത്തിന്‍റെ സ്വഭാവം എന്തായിരുന്നു? അദ്ദേഹം എങ്ങനെ പാത്രിയര്‍ക്കീസ് ആയി? ഇവയെക്കുറിച്ചു വിവരിക്കുവാന്‍ ഒട്ടും ആഗ്രഹമില്ല. ആരോഗ്യം അതിന് അനുവദിക്കുന്നുമില്ല. എന്നാല്‍ ഒന്നു മാത്രം നാം ഓര്‍ത്തിരിക്കണം. ഗവണ്‍മെന്‍റ് അധികാരികള്‍ക്കു കൈക്കൂലി കൊടുത്തു സാക്ഷാല്‍ പാത്രിയര്‍ക്കീസിന്‍റെ ഫര്‍മാന്‍ പിന്‍ വലിപ്പിച്ചതിനു ശേഷമാണ് ഒരുനാള്‍ സത്യസഭയെ ത്യജിച്ച് റോമാ സഭയില്‍ ചേര്‍ന്ന ആ ‘വന്ദ്യദേഹം’ പരിശുദ്ധ സിംഹാസനത്തില്‍ വലിഞ്ഞു കയറിയിരുന്നത് – അതും വിട്ടേക്കട്ടെ?
വട്ടശ്ശേരില്‍ തിരുമേനിയെ അന്യായമായി മുടക്കി എന്ന സംഭവം മലങ്കരയെ ആകമാനം വിറകൊള്ളിച്ചു. വിദ്യാസമ്പന്നനും ഭക്തശിരോ മണിയുമായ ആ തിരുമേനിയും മറ്റു മെത്രാപ്പോലീത്തന്മാരും ഇടവകക്കാരും കൂടി അന്ത്യോക്യാ പാത്രിയര്‍ക്കീസിന്‍റെ മലങ്കരയോടുള്ള കുതിരകയറ്റം നിര്‍ത്തുവാന്‍ പാത്രിയര്‍ക്കീസിനു സമാധികാരമുള്ളതും പാത്രിയര്‍ക്കാ സിംഹാസനത്തേക്കാള്‍ 94 വയസു കൂടുതല്‍ പ്രായമുള്ള തുമായ കാതോലിക്കാ സിംഹാസനം, മലങ്കരയില്‍ പുനഃസ്ഥാപിക്കുവാന്‍ ഉറച്ചു. മൂന്നു മെത്രാപ്പോലീത്തന്മാര്‍ക്കു ഒരു പാത്രിയര്‍ക്കീസിനേയോ ഒരു കാതോലിക്കായെയോ വാഴിക്കുവാന്‍ അധികാരമുണ്ടെന്നും, എന്നാല്‍ കാതോലിക്കാ ജീവിച്ചിരിക്കുമ്പോള്‍ പാത്രിയര്‍ക്കീസിനെ പട്ടം കെട്ടുന്ന തിന് കാതോലിക്കായെയും, പാത്രിയര്‍ക്കീസ് ജീവിച്ചിരിക്കുമ്പോള്‍ കാതോലിക്കായെ പട്ടം കെട്ടുന്നതിന് പാത്രിയര്‍ക്കീസിനേയും അന്യോന്യം ക്ഷണിക്കണമെന്നുമുള്ള കാനോന്‍ നിബന്ധനയനുസരിച്ചു പൗരസ്ത്യരായ നാം സാക്ഷാല്‍ പാത്രിയര്‍ക്കീസായ മാര്‍ അബ്ദല്‍ മിശിഹാ ബാവായെ ക്ഷണിക്കുകയും, അങ്ങിനെ കാതോലിക്കാ വാഴ്ചയില്‍ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം നമുക്കുണ്ടാകുകയും ചെയ്തു. അങ്ങിനെ പാത്രിയര്‍ക്കീസിന്‍റെയും മറ്റു തിരുമേനിമാരുടെയും സഹകരണത്തില്‍ കാതോലിക്കാ സിംഹാസനം മലങ്കരയില്‍ സ്ഥാപിതമായി. പാത്രിയര്‍ക്കാ സിംഹാസനം തന്നെ അന്ത്യോക്യായില്‍ നിന്നു മാറ്റി, ഇപ്പോള്‍ ഹോംസിലായിത്തീര്‍ന്നല്ലോ. എഡ്ഡേസ്സായില്‍ ഉണ്ടായ കാതോലിക്കാ സിംഹാസനവും ഇപ്പോള്‍ മലങ്കരയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടിരിക്കയാണ്. സ്ലീബാ മാര്‍ ഒസ്താത്തിയോസിനും മാര്‍ യൂലിയോസിനും മാര്‍ അബ്ദല്‍ മിശിഹാബാവാ മുടക്കപ്പെട്ട ആളാണെന്നു ഒരേ നിഗമനം ആസ്പദമാക്കിക്കൊണ്ട് മൊഴി കൊടുക്കുവാന്‍ സാധിച്ചിട്ടില്ലെങ്കില്‍ മാര്‍ അബ്ദല്‍ മിശിഹാബാവാ മുടക്കപ്പെട്ട ആളൊ അല്ലയൊ എന്നു തെളിയിക്കുവാന്‍ നാമും കരുതുന്നില്ല. എങ്കിലും നിങ്ങള്‍ ഒന്നു അറിഞ്ഞിരിക്കണം. വിശ്വാസവിപരീതം കൊണ്ടല്ലാതെ ഒരു പാത്രിയര്‍ക്കീസിനെ മുടക്കുവാന്‍ ആര്‍ക്കും അധികാരമില്ല. മാര്‍ അബ്ദല്‍ മിശിഹായുടെ വിശ്വാസവിപരീതം എന്തായിരുന്നുവെന്നു അന്ത്യോക്യാ ഭക്തന്മാര്‍ തെളിയിക്കട്ടെ.

പ്രിയരെ! നാം അധികം പറയുന്നില്ല. നമ്മള്‍ തന്നെയാണ് ഈ പ്രയാസം എല്ലാം വരുത്തിക്കൂട്ടിയത്. ഞാന്‍ ഒരു ദിവസം മാര്‍ യൂലി യോസു ‘ബാവാ’യുടെ അടുക്കല്‍ പോയിരുന്നു. നാമും അദ്ദേഹവും തമ്മില്‍ വലിയ അടുപ്പമാണ്. നാം മഞ്ഞനിക്കരക്കു പോയാല്‍ അദ്ദേഹം നമുക്ക് കാപ്പി തരും. മറ്റാര്‍ക്കും കിട്ടിയില്ലെങ്കിലും നമുക്കു കണിശമാ. അദ്ദേഹം ബഥേലിലും വരാറുണ്ട്. നാം അദ്ദേഹത്തോട് ചോദിച്ചു ‘ആബൂനാ നിങ്ങളും ഞാനും തമ്മില്‍ പട്ടത്വത്തിനു വ്യത്യാസം ഉണ്ടോ?’ അദ്ദേഹം പറഞ്ഞു. ‘അന്ത്യോക്യാ പാത്രിയര്‍ക്കീസും കാതോലിക്കായും നടത്തുന്ന പട്ടംകൊട ശുശ്രൂഷാക്രമം ഒന്നുതന്നെയാണെങ്കിലും നിങ്ങളുടെ പട്ടം ശരിയല്ല! ഞാന്‍ പറഞ്ഞു. ‘ഓ..ഹോ.. അതു ശരി തന്നെ! ഞാന്‍ പാത്രിയര്‍ക്കീസില്‍ നിന്നു പട്ടമേറ്റാല്‍ ഞാനും നിങ്ങളും തമ്മില്‍ പട്ടത്വത്തില്‍ വ്യത്യാസമുണ്ടോ?’ അദ്ദേഹം പറഞ്ഞു. ‘ഒട്ടും തന്നെ വ്യത്യാസമില്ല.’ ഞാന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു. ‘എന്നാല്‍ നിങ്ങളെ എന്താണ് ബാവാ എന്നും, എന്നെ മെത്രാന്‍ എന്നും ആളുകള്‍ വിളിക്കുന്നത്?’ ‘ആളുകള്‍ വിളിക്കുന്നതിന് ഞാനാണോ ഉത്തരവാദി’ എന്നും പറഞ്ഞുംകൊണ്ടു ഒരു പച്ചച്ചിരി പുറത്തു പ്രകാശിപ്പിച്ചു. നമ്മുടെ അറിവില്ലായ്മ ആ പുഞ്ചിരിയില്‍ അന്തര്‍ലീനമായിരുന്നു. ഏതെങ്കിലും ഒരു ചുമപ്പു വസ്ത്രധാരി ശീമയില്‍ നിന്നു മലങ്കരയില്‍ വന്നാല്‍ നാം തന്നെ അവരെ വിളിക്കുകയാണ്. ‘വാ വാ’ എന്ന്. ഏതൊരു ശീമമെത്രാന്‍ വന്നാലും ‘വാവാ’. ആ ‘വാവാ’ മാര്‍ ഒസ്താത്തിയോസിനും മാര്‍ യൂലിയോസിനും സംബോധനയായി. യൂലിയോസ്സ് ‘വാവാ.’
നമുക്കുതന്നെ സ്വയാധികാരം ഉണ്ടെന്നും പാത്രിയര്‍ക്കാസിംഹാസന ത്തേക്കാള്‍ പഴക്കംകൂടിയതാണ് വിശുദ്ധ കാതോലിക്കാ സിംഹാസനം എന്നും നാം മനസ്സിലാക്കാതെ ശീമക്കാര്‍ അവരുടെ അധികാരം മലങ്കരയില്‍ ചെലുത്തുവാന്‍ പതുങ്ങി പതുങ്ങി വരുമ്പോള്‍ നാം അവരെ വാ – വാ എന്നു സംബോധന ചെയ്തു സ്വീകരിക്കുന്നു. അങ്ങനെ ശീമയിലെ മെത്രാന്‍ മലങ്കരയില്‍ ‘വാ-വാ’ന്മാര്‍ ആയിത്തീരുന്നു.

ഞാന്‍ മറ്റൊരു ദിവസം മാര്‍ യൂലിയോസിനോട് ചോദിച്ചു. ‘മഞ്ഞനിക്കരെ പഠിപ്പിക്കുന്ന കാനോന്‍ ഏതാണെന്ന്.’ യൂലിയോസിന്‍റെ മറുപടി ഹൂദായകാനോന്‍ എന്നായിരുന്നു ‘ആബൂനാ അതില്‍ കാതോലി ക്കായുടെ അധികാരത്തെക്കുറിച്ചു വായിച്ചിട്ടില്ലേ!’ മറുപടിയില്ല. ‘നിങ്ങളുടെ 18 അക്കം കാനോനില്‍ തന്നെ. കാതോലിക്കായുടെ അധികാരത്തെക്കുറിച്ചു വായിച്ചിട്ടില്ലേ?’ മറുപടി ഇല്ല; വെറും ഒരു പച്ചച്ചിരി മാത്രം.
പ്രിയരേ! കണ്ണുണ്ടായിട്ടും അവര്‍ കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല. പാവപ്പെട്ട മലങ്കരജനങ്ങള്‍ എന്തറിഞ്ഞു! അധികം ഏല്പിക്കപ്പെട്ടവരോടു അധികം ചോദിക്കും. അതിനാല്‍ കാനോന്‍ വ്യാഖ്യാനിക്കുന്ന മേല്‍പ്പട്ടക്കാര്‍ തന്നെ വായിക്കട്ടെ, ചിന്തിക്കട്ടെ, പിന്നീടു ജനങ്ങളെ പഠിപ്പിക്കട്ടെ!

എന്‍റെ പ്രസംഗം ഞാന്‍ അവസാനിപ്പിക്കുന്നു. വളരെ, അധികം പറയണമെന്നു എനിക്കു ആഗ്രഹമുണ്ട്. എന്നാല്‍ ഒന്നു രണ്ടു കാര്യങ്ങള്‍ എന്നെ വിഷമപ്പെടുത്തുന്നു. ആ സ്ത്രീയുടെ തലയില്‍ ഞാന്‍ പറയുന്ന ചരിത്രമൊന്നും തന്നെ കയറുന്നില്ല എന്നു തോന്നും താടിയില്‍ കയ്യും കുത്തിനില്ക്കുന്ന ആ നില്പു കണ്ടാല്‍. ഈ ചരിത്രം തുടര്‍ന്നാല്‍ വല്ല പുരുഷനും അപ്രകാരം തന്നെ ഇനി നിന്നേക്കും. രണ്ടാമതായി മൈക്ക് അതിന്‍റെ ജോലിയും നിര്‍ത്തിവച്ചു. എന്‍റെ നെഞ്ചുവേദനയും വര്‍ദ്ധിക്കുന്നു. പ്രിയരെ നാം നാളെ കോട്ടയത്തേക്കു പോകണമെന്നു ആഗ്രഹിക്കുന്നു. നിങ്ങള്‍ എനിക്കു ചെയ്തു തന്ന സകല സാഹചര്യങ്ങള്‍ക്കും നന്ദി പറഞ്ഞു കൊള്ളുന്നു. അവസാനമായി ഞാന്‍ പറയുന്നു വട്ടശ്ശേരില്‍ തിരുമേനിയുടെ അന്ത്യമൊഴികള്‍ നിങ്ങള്‍ വായിച്ചിരിക്കുമല്ലോ. ആ മൊഴികള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും മാഞ്ഞുപോകരുത്. മലങ്കരസഭയുടെ നിലനില്പിനു വേണ്ടി അശ്രാന്തം പരിശ്രമിച്ച രണ്ടു മഹാപുരുഷന്മാരെ ദൈവം നിയോഗിച്ചയച്ച ഒരു പട്ടണമാണ് ഇത്. നമ്മുടെ സഭയോട് ഏതൊരു ശക്തി എതിര്‍ത്താലും അതിനെ നേരിടുവാന്‍ തക്കവണ്ണം നാം ദൈവത്തോടു പ്രാര്‍ത്ഥിക്കയും ദൈവത്തില്‍ ആശ്രയിച്ചു പ്രവര്‍ത്തിക്കുകയും വേണം. څഇവശഹറ ശെ വേല ളമവേലൃ ീള വേല ാമി.’ ഇന്നത്തെ യുവാക്കന്മാരാണു സഭയെ പരിപാലിക്കേണ്ടത്. ഇന്നു സഭയില്‍ പ്രവര്‍ത്തനം നടത്തുന്നവരില്‍ പ്രായം ചെന്നവരും ഒരു പക്ഷേ “ഞാനും നാളെയോ മറ്റന്നാളോ മരിച്ചുപോയേക്കാം.” അതിനാല്‍ യുവാക്കന്മാര്‍ സഭാ സ്നേഹികളായി സഭാസേവനത്തിനു കച്ച കെട്ടണം. ഞാന്‍ മുമ്പു പറഞ്ഞതു പോലെ അന്ത്യോക്യാ സിംഹാസന ത്തേക്കാള്‍ 94 വയസ്സു കൂടുതല്‍ പ്രായം ഉണ്ട് കാതോലിക്കാ സിംഹാസനത്തിന്. പാത്രിയര്‍ക്കീസിന്‍റെ സമാധികാരം കാതോലിക്കായ്ക്കും ഉണ്ട്. ഇതാണ് നിഖ്യാ സുന്നഹദോസ് നിശ്ചയം. ഇവയൊന്നും നിങ്ങള്‍ മറന്നുപോകരുത്.

ഇപ്പോള്‍ വിശുദ്ധ കാതോലിക്കാ സിംഹാസനത്തില്‍ വാഴുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആയുരാരോഗ്യത്തിനു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. പരിശുദ്ധ കാതോലിക്കാ ബാവാ നീണാള്‍ വാഴട്ടെ. നമുക്കു പ്രാര്‍ത്ഥിക്കാം. ആകാശത്തിലുള്ള ഞങ്ങളുടെ പിതാവേ…..