പ്രതിഷേധക്കുറിപ്പ്

ഹൂസ്റ്റണ്‍:- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയേയും അതുവഴി പരിശുദ്ധ സഭയെയും താറടിച്ച് കാണിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അമിത താല്പര്യത്തോടെ   എഴുതി പ്രചരിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവിന്‍റെ കല്പന വളച്ചൊടിച്ചും       അവ്യക്തമായ രീതിയില്‍ പൊടിപ്പും തൊങ്ങലും വെച്ചും കഥകള്‍ എഴുതിവിടുന്നതിന് പിന്നില്‍ ചിലരുടെ വ്യക്തിപരമായ താല്പര്യവും, ഭദ്രാസനത്തിന്‍റെ ഉയര്‍ച്ചയിലും ഇപ്പോള്‍ സഭയ്ക്ക് ഉണ്ടായിട്ടുളള കോടതിവിധികളിലും മനോവിഷമമുളളവരുടെ കുത്സിത പ്രവര്‍ത്തികളുമാണുളളത്.
സഭയുടെ ആഭ്യന്തര കാര്യങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ പരിശുദ്ധ കാതോലിക്കാ ബാവായും,   പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസും  ഔദ്യോഗിക സമിതികളുമുണ്ട്. പരിശുദ്ധ സഭയുടെ തീരുമാനങ്ങള്‍ പരിശുദ്ധ പിതാവ് കല്പന വഴി സഭാഗംങ്ങളെ അറിയിക്കുന്ന രീതിയാണ് സഭയ്ക്കുളളത് അതുകൊണ്ട്  സഭയെയും ഭദ്രാസനത്തെയും സ്നേഹിക്കുന്ന വിശ്വാസികള്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അതു പ്രചരിപ്പിക്കുന്നവരെയും സഭയെയും ഭദ്രാസനത്തെയും തകര്‍ക്കുന്നവരെയും അതിന് കൂട്ട് നില്‍ക്കുന്നവരെയും സഭാമക്കള്‍ ഒറ്റപ്പെടുത്തണമെന്നും, ഭദ്രാസനത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സഭാംഗങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും ഭദ്രാസന പി.ആര്‍.ഒ എല്‍ദോ പീറ്റര്‍ അഭ്യര്‍ത്ഥിച്ചു.