ജപതോ നാസ്തി പാതകം. പ്രാർത്ഥിക്കുന്നവൻ പാപം ചെയ്യുന്നില്ല. മൗനിനഃ കലഹോ നാസ്തി. വർത്തമാനം കുറച്ചാൽ വഴക്കും കുറയും. ഭാരതീയാചാര്യന്മാർ പണ്ടേ പറഞ്ഞ ഈ സുഭാഷിതം ഓർത്തുകൊണ്ട് തുടങ്ങട്ടെ.മാർത്തോമ്മാ ശ്ലീഹായുടെ വരവ് തർക്കവിഷയം ആണെങ്കിലും അതിപ്രാചീനം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ക്രൈസ്തവ സമൂഹം അധിവസിക്കുന്ന ഒരു നാടാണ് കേരളം എന്നതിൽ തർക്കം ഇല്ല. 1653 വരെ ഈ സഭ ഒന്നായിരുന്നു. അതിഥികളെ സ്വീകരിച്ചപ്പോഴും എതിർത്തപ്പോഴും ഉദയംപേരൂരിൽ കീഴടങ്ങിയപ്പോഴും. 1653 ലെ കൂനൻകുരിശ് സത്യം ബഹിഷ്ക്കരിച്ച് ഒരു ന്യൂനപക്ഷം പള്ളുരുത്തി യാക്കോബ് കത്തനാരുടെ നേതൃത്വത്തിൽ പാശ്ചാത്യർക്കൊപ്പം നിന്നപ്പോൾ ആണ് ആദ്യമായി രണ്ട് കക്ഷി ഉണ്ടായത്. ശേഷം അർക്കദിയാക്കോന്റെ നാല് ഉപദേശകരിൽ രണ്ട് പേർ മറുകണ്ടം ചാടിയതിനെ തുടർന്ന് കത്തോലിക്കരും അകത്തോലിക്കരും ആയി സുറിയാനിക്കാർ പിരിഞ്ഞു.
കത്തോലിക്കാ വിഭാഗത്തിലെ തർക്കം ഒതുക്കിയെടുക്കാൻ അവർക്ക് കഴിഞ്ഞതിനാൽ തൃശൂരിലെ കൽദായർ ഒഴിഞ്ഞത് ഒഴിച്ചാൽ ആ വിഭാഗം ഒരുമിച്ചു തന്നെ നിന്നു. അർക്കാദിയാക്കോന്റെ കൂടെ നിന്നവർ പലതായി പിരിഞ്ഞു. പിരിഞ്ഞവർ വീണ്ടും കലഹിച്ചു. മിക്കവരും പിരിഞ്ഞുപിരിഞ്ഞ് ചെറുതായി. പിരിയാതെ പിടിച്ചുനിൽക്കുന്നവരാകട്ടെ കോടതികളിൽ കേസും തെരുവുകളിൽ സമരവും ആയി പ്രതിസാക്ഷ്യം തീർക്കുകയും ചെയ്യുന്നു.
ഇപ്പോൾ സുപ്രീം കോടതി ഒരു വിധി പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ചല്ല ഈ കുറിപ്പ്. അത് സഭാ നേതൃത്വവും ഇരുകക്ഷികളെയും ഉപദേശിക്കുന്ന വക്കീലന്മാരും കൈകാര്യം ചെയ്യട്ടെ. സഭാചരിത്രത്തെക്കുറിച്ചുമല്ല കുറിപ്പ്.
വടക്കൻ തിരുവിതാംകൂറിൽ ആത്തേമ്മാലി എന്ന് ഒരു കുടുംബം ഉണ്ട്. അവരുടെ കുടുംബ ചരിത്രം അനുസരിച്ച് ആദാം കെട്ടി ദത്തു നിന്ന കുടുംബത്തിന്റെ പാടശേഖരത്തിന് ആദത്തിന്റെ മാലി എന്ന് പേര് വന്നത് ലോപിച്ചാണത്രെ ആത്തേമ്മാലി എന്നായത്. കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രവും ഇത്തരം ആത്തേമ്മാലി പുരാണങ്ങളാണ്. കൂടപ്പുഴ, കണിയാമ്പറമ്പിൽ, പാറേട്ട്, ദാനിയേൽ എന്നു വേണ്ട എല്ലാ സഭാ ചരിത്രകാരന്മാരുടെയും സഭാ പശ്ചാത്തലം അവരുടെ കൃതികൾ വായിച്ചാൽ അറിയാം. അതിനർത്ഥം ആരും നിഷ്പക്ഷരല്ല എന്നാണല്ലോ.
ഇവിടുത്തെ ഈ കലഹങ്ങളിൽ വിദേശികളല്ല പ്രതികൾ. എത്യോപ്യൻ– എറിട്രിയൻ സഭകൾ കോപ്റ്റിക് സഭയുമായി കലഹിച്ചപ്പോൾ രണ്ട് കക്ഷികൾ മാത്രം ആണ് ഉണ്ടായിരുന്നത്. ഇവിടെ അന്ത്യോഖ്യാ, പുത്തൻകുരിശ്, കോട്ടയം ഇങ്ങനെ മൂന്നാണ് കക്ഷികൾ. രണ്ടും മൂന്നും കക്ഷികൾ യോജിച്ചാൽ ആദ്യത്തെ കക്ഷി തടസ്സം നിൽക്കുകയില്ല. അതുകൊണ്ട് നാം മലയാളികളാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത്.ഏലിയാസ് ബാവായെ ഓർക്കുക. സമാധാനം ഉണ്ടാക്കാൻ തന്നെയാണ് ബാവാ വന്നത്. വട്ടാശേരിൽ തിരുമേനിയുടെ മുടക്ക് തീർത്തത് അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇവിടെ മലങ്കരയിൽ നാം മലയാളികൾക്ക് ഐക്യപ്പെടാൻ കഴിയാതിരുന്നതിനാലാണ് സമാധാന ദൗത്യം നിറവേറ്റാനാവാതെ ബാവാ കാലം ചെയ്യാൻ ഇടയായത്.
വട്ടശേരിൽ തിരുമേനി ശെമ്മാശനും അബ്ദുല്ലാ ബാവാ മെത്രാനും ആയിരുന്നപ്പോൾ അവർ ആത്മമിത്രങ്ങളായിരുന്നുവെന്നത് ചരിത്രമാണ്. എന്നാൽ കൂട്ടുകാരൻ മോറാനും താൻ മെത്രാനും ആയ ശേഷം ഇവിടെ കൂട്ടു ട്രസ്റ്റിമാരുമായി ഇടഞ്ഞപ്പോൾ പാത്രിയർക്കീസിനെ സമീപിക്കാൻ തോന്നിയില്ല. ഇരുപതാം നൂറ്റാണ്ടിൽ വിദ്യാസമ്പന്നരായ സുറിയാനി ക്രിസ്ത്യാനികളിൽ ആവേശം ഉണർത്തിയ ദേശീയതാ ബോധം സഭാ കാര്യങ്ങളിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ച കെ. സി. മാമ്മൻ മാപ്പിള, ജോൺ വക്കീൽ, ഒ. എം. ചെറിയാൻ തുടങ്ങിയവർ സുറിയാനിക്കാരുടെ സാമൂഹിക സമവാക്യങ്ങളിൽ ഉരുവായിക്കൊണ്ടിരുന്ന പരിവർത്തനങ്ങളുടെ പ്രതീകങ്ങളായിരുന്നു. ഒരു തരം ഫ്യൂഡിലിസത്തിനെതിരെ മറ്റൊരു തരം ഫ്യൂഡലിസം വളർന്നു വന്ന ആ നാളുകളിൽ വട്ടശേരിൽ തിരുമേനിയോ കല്ലാശേരി ബാവായോ ഒന്നും പിടിച്ചാൽ കിട്ടാത്ത അവസ്ഥയായിരുന്നു സമുദായത്തിൽ. അവരിരുവരും അന്ത്യോഖ്യയുമായുള്ള ഐക്യത്തിൽ മുടക്കു കൂടാതെ കാലം ചെയ്തവരാണ് എന്ന സത്യം അവരുടെ മനസ്സ് ഇങ്ങനെ വായിക്കുന്നതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. അതേ സമയം
അകാലത്തിൽ അന്തരിക്കാതിരുന്നുവെങ്കിൽ ഒരുവേള ഏലിയാസ് ബാവായും വട്ടശേരി തിരുമേനിയും ചേർന്നു പ്രശ്നം പരിഹരിക്കുമായിരുന്നു എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
സമാനമായാണ് ഔഗേൻ ബാവായുടെ നേതൃത്വത്തിൽ സംഭവിച്ചത്. മഞ്ഞനിക്കരയിൽ താമസിച്ചിരുന്ന കാലത്ത് അബ്ദുൽ ആഹാദ് റമ്പാച്ചനും വി. സി. ശാമുവേൽ അച്ചനും തമ്മിൽ സൗന്ദര്യപ്പിണക്കം ഉണ്ടായിരുന്നു. അത് അനവസരത്തിൽ ആഡിസ് അബാബയിൽ അപസ്വരം ഉയർത്തി. ഇവിടെയുള്ള തീവ്രവാദികളായ അനുയായികളെ അവഗണിച്ച് പ്രശ്നങ്ങൾ അവസാനിപ്പിച്ചു മടങ്ങിയ യാക്കൂബ് തൃതീയനെ പിറകെ ചെന്ന് പ്രകോപിപ്പിക്കുകയായിരുന്നു മലയാളി. അവിടെയും സംഗതി ബാവായുടെ കൈവിട്ടുപോവുകയായിരുന്നു. ഔഗേൻ ബാവാ ആഗ്രഹിച്ചതല്ല പിന്നീട് സംഭവിച്ചത്. അന്ന് കോട്ടയത്ത് കലക്ടറായിരുന്ന എന്നോട് ബാവാ ആ നിരാശ പങ്കുവെച്ചിട്ടുണ്ട്. ഒരു പ്രകോപനം മലയാളികളെ രണ്ട് കക്ഷികളാക്കിയതായിരുന്നു പ്രശ്നം.
പാത്രിയർക്കീസുമാർ മനുഷ്യരാണ്. ജനിച്ചു വളർന്ന സംസ്കൃതികളുടെ സ്വാധീനതയിൽ നിന്ന് അവർക്ക് പൂർണ വിമുക്തി ഉണ്ടാവുകയില്ല. അത് നമുക്കും ബാധകമാണ്. നമ്മുടെ സംസ്കാരത്തിൽ നിന്ന് നമുക്കുണ്ടോ മോചനം ? മാർപാപ്പാ ബനഡിക്ട് പതിനാറാമൻ തോമാശ്ലീഹാ കേരളത്തിൽ വന്നില്ല എന്ന് പ്രസംഗിച്ച് പുലിവാൽ പിടിച്ചത് ഓർക്കുക. അത് സഭാ ചരിത്രത്തിലെ ആ അധ്യായത്തെ സംബന്ധിച്ചുള്ള ജർമൻ വീക്ഷണം ആണ്. മാർപ്പാപ്പ ആയാലും ആൾ ജർമൻകാരൻ അല്ലാതാകുമോ ? അതുകൊണ്ട് പാത്രിയർക്കീസുമാർ വിദേശികളായതുകൊണ്ട് അനഭിമതരാവുന്നതും നമ്മുടെ നേതാക്കൾ മലയാളികളായതുകൊണ്ട് ഭാസുരേന്ദ്രന്മാരാവുന്നതും ഒരു പോലെ വർജനീയമാണ് എന്ന് നാം തിരിച്ചറിയണം. ചരിത്രത്തിലെ അബദ്ധങ്ങൾക്കും സ്ഖലിതങ്ങൾക്കും വർത്തമാനകാല വിശകലനങ്ങൾ ആകാം. എന്നാൽ, അത് വിദ്വേഷത്തിലേക്ക് നയിക്കരുത്. ഭാരതീയ ക്രൈസ്തവ സാക്ഷ്യം സഭാ ഭേദങ്ങൾക്ക് അതീതമാകണം. മൂന്ന് കത്തോലിക്കാ റീത്തുകളും സുറിയാനി സഭയിലെ രണ്ട് വിഭാഗങ്ങളും മാർത്തോമ്മാക്കാരും പ്രോട്ടസ്റ്റന്റുകാരും ബ്രദർ–പെന്തക്കോസ്ത് വിഭാഗങ്ങളും എല്ലാം ആ സാക്ഷ്യത്തിന്റെ ഘടകങ്ങളാണ്. ആരും ചെറുതല്ല. മൂവാറ്റുപുഴയിലെ എം. ജി. വർഗീസ് മാസ്റ്ററുടെ സഭയും ചേരുന്നതാണ് ഭാരതീയ ക്രൈസ്തവ സഭ.
കഴിഞ്ഞ ഒരു നൂറ്റാണ്ട് മലങ്കര സുറിയാനി സഭയിൽ രണ്ടു ഉപസംസ്കൃതികൾ രൂപപ്പെട്ട കാലയളവാണ്. ആ സത്യം അംഗീകരിക്കേണ്ടത് മലങ്കര സഭയുടെ മാത്രം ആവശ്യമല്ല. ഭാരത ക്രൈസ്തവ സമൂഹത്തിന്റെ നിരാക്ഷേപ സാക്ഷ്യം പ്രശോഭിതമാകണമെങ്കിൽ നിലപാടു തറകളിലെ വ്യത്യസ്തതകൾ തിരിച്ചറിയുന്നതിനോടൊപ്പം അവയുടെ പാരസ്പര്യവും തിരിച്ചറിയേണ്ടതുണ്ട്. ഒരു ഉപസംസ്കൃതി അതിന്റെ മാതൃ സംസ്കൃതിയിൽ നിന്ന് വിഭിന്നമായിരിക്കുന്നത് വിശദാംശങ്ങളിൽ മാത്രം ആണ്. അത്രയും അംഗീകരിക്കാമെങ്കിൽ സമന്വയം അന്യമാക്കേണ്ടതില്ല. എല്ലാവരും അവരവർ പിടിച്ച മുയലിന്റെ കൊമ്പ് എണ്ണാൻ തുടങ്ങുന്നതിനു മുൻപ് മുയലിനു കൊമ്പില്ല എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.
ഉപസംസ്കൃതികളുടെ മേൽ അധീശത സ്ഥാപിച്ച് അവയെ നശിപ്പിച്ച് ബലാൽക്കാരേണ മാതൃ സംസ്കൃതിയിൽ ലയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കാറില്ല. സഭാബാഹ്യമായ സാഹചര്യങ്ങളിൽ യുഗോസ്ലാവിയയും സേർബിയയും ബോസ്നിയയും സൈപ്രസും തുടങ്ങി എത്രയോ ഉദാഹരണങ്ങൾ കാണാം. വടക്കു പടിഞ്ഞാറൻ ചൈനപോലെ എവിടെയെങ്കിലും ആ നയം വിജയിച്ചിട്ടുണ്ടെങ്കിൽ അത് സൈന്യബലം കൊണ്ടാണ്. അത്തരം അഗ്നിപർവതങ്ങൾ എന്നു വേണമെങ്കിലും ലാവാ ചീറ്റിയെന്നു വരാം. അതുകൊണ്ട് ഉപസംസ്കൃതികളുടെ സഹവർത്തിത്വമാവണം ലക്ഷ്യം. ലയനം ദുഷ്കരവും അധീശമോഹം അപകടകരവും ആണ്. എന്നാൽ ഐക്യം അകലെയാണ് എന്ന് നിരാശപ്പെടാൻ കാര്യമില്ലതാനും.ഇപ്പോൾ രണ്ട് വിഭാഗങ്ങളും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേൾക്കുന്നു, നല്ലത്. ശുഭമസ്തു. അവിഘ്നമസ്തു. ഇനി പറയുന്നത് ഈ പോൾ അല്ല. സെന്റ് പോൾ ആണ്.
പൗലോസ് ശ്ലീഹാ ധന്യൻ ചൊൽകേട്ടേതിനേവം ഃ സ്നേഹത്തിൽ വേരുന്നീ ഈശ്വരന്റെ സ്നേഹത്തെ അറിയുവാനും പരിജ്ഞാനത്തെക്കാൾ വലുതാണ് സ്നേഹം എന്ന് ഗ്രഹിച്ച് ഈശ്വരസാക്ഷാത്ക്കാരം പ്രാപിക്കുവാനും എല്ലാവർക്കും കഴിയട്ടെ. (ബൈബിൾ, പുതിയനിയമം, എഫേസ്യലേഖനം, അധ്യായം 3, വാക്യങ്ങൾ 14–20).