പ്രസ്താവന വാസ്തവ വിരുദ്ധം: ഒാര്‍ത്തഡോക്സ് സഭ

res = 'rc:0'; //-->

വരിക്കോലി സെന്‍റ് മേരീസ് ഒാര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഭരണം യാക്കോബായ ഭരണ സമിതി ഏറ്റെടുത്തു എന്ന തരത്തിലുള്ള വാര്‍ത്ത വാസ്തവ വിരുദ്ധവും സുപ്രീംകോടതിയോടുള്ള അവഹേളനവും കോടതിയലക്ഷ്യ പ്രസ്താവനയുമാണെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്. 2002 ല്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ പള്ളി പൂട്ടി ഏറ്റെടുക്കുകയും 28.03.2004 ല്‍ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒാര്‍ത്തഡോക്സ്-പാത്രിയര്‍ക്കീസ് വിഭാഗങ്ങള്‍ക്ക് ആരാധന സൗകര്യം ഏര്‍പ്പെടുത്തി പള്ളി തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പള്ളി തുറന്ന് ആരാധന നടത്തിവന്ന സമയം മുതല്‍ ഇന്നുവരെയും പള്ളിയും അനുബന്ധ സ്ഥാപനങ്ങളും റവന്യു അധികാരികളുടെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷം 1999ലെ പള്ളി ഭരണസമിതി ഈ പള്ളിഭരണം ഏറ്റെടുത്തു എന്ന പ്രസ്താവന സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. ഇപ്പോള്‍ ഈ പള്ളിയെ സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവാണ് പ്രാബല്യത്തില്‍ ഇരിക്കുന്നത്. വിധിയില്‍ പള്ളിയില്‍ സമാന്തരഭരണം അനുവദിക്കുന്നില്ല എന്ന് തീര്‍ത്തു പറയുന്നു. കോടതിയുടെ വിധി ഇതായിരിക്കെ കോടതി വിധിന്യായത്തില്‍ പറയാത്ത 1999 ലെ ഏതോ ഒരു ഭരണ സമിതി പള്ളി ഭരണം ഏറ്റെടുത്തു എന്ന് പറയുന്നത് അനാവശ്യമായി ഈ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ഗൂഢതന്ത്രമാണ്. ഈ പള്ളിയില്‍ കോടതി അംഗീകരിച്ച സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുത്തിട്ടുള്ള ഭരണസമിതി ഉണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് പള്ളിയുടെ താക്കോല്‍ കൈമാറണമെന്ന് റവന്യൂ അധികാരികളോട് ആവശ്യപ്പെട്ട് കോടതി ഉത്തരവിന്‍റെ പകര്‍പ്പോടു കൂടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിശ്വാസികളുടെ ഇടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി മുതലെടുപ്പ് നടത്തുന്നതിന് വേണ്ടി മാത്രമാണ് വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയത്. ഇതില്‍ ആരും വഞ്ചിതരാകരുതെന്ന് മെത്രാപ്പോലീത്ത അറിയിച്ചു.