മലങ്കരസഭാ കേസില്‍ 2017 ജൂലൈ 3-ന് ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധിയെ മാനിക്കാതെ പഴയതുപോലെ കൈയ്യൂക്കുകൊണ്ട് നീതി നിഷേധം തുടരാന്‍ മൂന്‍ യാക്കോബായ വിഭാഗത്തിലെ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഇതിനെ പരിശുദ്ധ ഓര്‍ത്തഡോക്‌സ് സഭ ഗൗരവമായി ആണ് കാണുന്നത്.
തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളിലൂടെയും കൈയ്യാങ്കളിയിലൂടെയും ബഹു. സുപ്രീം കോടതി വിധി മറകടക്കാനുള്ള ശ്രമം നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം സഭ ശക്തമായി നേരിടും. നിയമവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുംമുമ്പ് കോടതിവധി എന്തെന്നു വ്യക്തമായി മനസിലാക്കണം. മോഹഭംഗം സംഭവിച്ച ചില നേതാക്കളുടെ വ്യാജപ്രചരണത്തില്‍ കുടുങ്ങി സഭാമക്കള്‍ വഞ്ചിതരായി നിയമ നടപടികള്‍ക്കു വിധേയരാകരുത്.
ഒരു സഭ, ഒരു നിയമം എന്ന ബഹു. സുപ്രീം കോടതി വിധി ഉള്‍ക്കൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആഹ്വാനം അനുസരിച്ച് സഭയില്‍ വിഭാഗീയത അവസാനിപ്പിക്കാന്‍ എല്ലാവരും തയാറാകണം.
വടക്കന്‍ ഭദ്രാസനങ്ങളിലെ ചില ഇടവകകളില്‍ ഇന്ന് നടന്ന കൈയേറ്റശ്രമങ്ങളെ വളരെ ഗൗരവത്തോടുകൂടി സഭ കാണുന്നു. ഇത്തരം സംഭവങ്ങളില്‍ ശക്തമായ രീതിയില്‍ത്തന്നെ പരിശുദ്ധ സഭ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം പ്രതികരിക്കും. ആരുടേയെങ്കിലും ആഹ്വാനത്തില്‍ പ്രചോദിതരായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാതിരിക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ സഭാംഗങ്ങള്‍ ശ്രദ്ധിക്കണം.
അക്രമമാര്‍ഗ്ഗം വെടിഞ്ഞ് ബഹു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍, മലങ്കര സഭാദ്ധ്യക്ഷനായ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കല്പന ഉള്‍ക്കൊണ്ട് മാതൃസഭയുടെ കുടക്കീഴിലേയ്ക്ക് എല്ലാവരും മടങ്ങി വരണം എന്ന് ആഹ്വാനം ചെയ്യുന്നു.
ബിജു ഉമ്മൻ
അസോസിയേഷൻ സെക്രട്ടറി
മലങ്കര ഓർത്തഡോൿസ് സഭ