മലങ്കരയില്‍ സമാധാനവും ഐക്യവും അനിവാര്യം / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ

ചരിത്രം സൃഷ്ടിച്ച കാതോലിക്കേറ്റ് ശതാബ്ദി സമ്മേളനത്തില്‍ പ. പൗലോസ് ദ്വിതീയന്‍റെ ആഹ്വാനം.

മലങ്കരസഭ നീതിയും ന്യായപാലനവുമാണ് ആഗ്രഹിക്കുന്നതെന്നും നമുക്ക് സമാധാനത്തിലേക്കു ചുവടു വയ്ക്കാമെന്നും പൊറുക്കുവാനും ക്ഷമിക്കുവാനും ഒരുക്കമാണെന്നും ക്രിയാത്മകമായ ആത്മിക പ്രതികരണം സന്മനസോടെ സ്വാഗതം ചെയ്യുന്നു എന്നും മലങ്കരസഭയുടെ പരമാധ്യക്ഷനായ പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ പ്രഖ്യാപനം ചെയ്തു. കാതോലിക്കേറ്റിന്‍റെ പ്രൗഢഗംഭീരവും ഭക്തിനിര്‍ഭരവുമായ ശതാബ്ദി ആഘോഷം സംബന്ധിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ 2012 നവംബര്‍ 25-ന് ചേര്‍ന്ന വമ്പിച്ച അഖില മലങ്കര സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം ചെയ്യുകയായിരുന്നു പ. ബാവാ.
ദൈവത്തിന്‍റെ മഹത്വത്തെ സദാ വര്‍ണ്ണിക്കുന്ന നീലാകാശത്തെയും സമീപത്തെ ആഴിപ്പരപ്പില്‍ നിന്നു നിലയ്ക്കാതെ ഒഴുകിയെത്തി ജനലക്ഷങ്ങള്‍ക്ക് ഹൃദ്യമായ ആത്മിക കുളിരേകിയ വിമല സായാഹ്ന സമീരണനെയും സാക്ഷിനിറുത്തി സഭാംഗങ്ങള്‍ കൃതജ്ഞതയുടെയും ആഹ്ളാദത്തിന്‍റെയും തേരിലേറിയിരുന്ന കാഴ്ച അനുപമസുന്ദരവും ശരീരമനസ്സുകളെയും ആത്മാക്കളെയും ഇമ്പങ്ങളുടെ പറുദീസയിലേക്കു ഉയര്‍ത്തുന്നതിനും തികച്ചും പര്യാപ്തമായിരുന്നു. ഭാരത ദേശീയസഭയുടെ ആശയും ആഗ്രഹവും പ്രതീക്ഷയും സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഇതുപോലെ ഒന്നിച്ചു പ്രതിഫലിച്ച മറ്റൊരു മഹാസമ്മേളനം ഇതാദ്യമാണ് നടന്നതെന്നു തറപ്പിച്ചു പറയാം. പ. ബാവായുടെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.


കാതോലിക്കേറ്റ് ശതാബ്ദി പ്രഭാഷണം

വാത്സല്യ മക്കളെ,
ഇതൊരു ധന്യനിമിഷമാണ്. മലങ്കരസഭയുടെ ചരിത്രത്തിലെ അപൂര്‍വ്വസുഭഗതയാണ്. ഈ വേദിയെ അലങ്കരിക്കുന്ന മഹാത്മാക്കളുടെ നിറസാന്നിദ്ധ്യം ഇതിന്‍റെ ഗരിമയും മഹിമയും വാനോളമുയര്‍ത്തുന്നു. സനാതനവും പൂര്‍വ്വികവുമായ നമ്മുടെ പാരമ്പര്യത്തിനും സംസ്കൃതിയ്ക്കും ഉതകുംവിധം സന്നിഹിതരായിരിക്കുന്ന മഹാതേജസ്വികളെ ആദരിക്കുക എന്നത് നമ്മുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യമാണെന്ന് നാം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.
കര്‍ത്താവില്‍ വാത്സല്യമുള്ളവരെ,
ക്രിസ്തുവിന്‍റെ സഭയുടെ ബലഹീന ദാസനായി മാര്‍ത്തോമ്മായുടെ ശ്ലൈഹിക സിംഹാസനത്തില്‍ ശുശ്രൂഷിക്കുമ്പോള്‍ നമുക്ക് ഒരേ സമയം ഒരു ഭാരവും ഒരു സ്വപ്നവുമുണ്ട്. അഞ്ഞൂറ് വര്‍ഷങ്ങളോളം നീളുന്ന നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രം, അഥവാ നമ്മുടെ സാമൂഹിക ജീവിത ചരിത്രം ശേഷിപ്പിച്ചിരിക്കുന്ന മുറിവുകളാണ് നമ്മെ ഭാരപ്പെടുത്തുന്നത്. ദൈവരാജ്യത്തിനായുള്ള വലിയ ദര്‍ശനത്തോടെ പരിശുദ്ധ സഭയുടെ കെട്ടുപണി നിര്‍വ്വഹിക്കുന്നതിനേക്കാളും സ്വയ പ്രതിരോധത്തിനും സ്വാതന്ത്ര്യ പോരാട്ടത്തിനും നമ്മുടെ ശ്രദ്ധയൂന്നുന്നതിന് ഒരു പരിധിയോളം നാം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
നിശ്ചയമായും അതിബലവത്തായ അധീശത്വങ്ങള്‍ക്കും പ്രതികൂല സാഹചര്യങ്ങള്‍ക്കും നാം ഇരയായിട്ടുണ്ട്. നാം ഒരിക്കലും കലഹങ്ങളും വ്യവഹാരങ്ങളും കാംക്ഷിക്കുന്നില്ല. അധികാരവും സമ്പത്തും അന്വേഷിക്കുന്നില്ല. മറിച്ച് നീതിയും ന്യായപാലനവുമാണ് ആഗ്രഹിക്കുന്നത്. ഏതെങ്കിലുംതരത്തിലുള്ള അവിഹിതമായ അവകാശമോ ആനുകൂല്യമോ അല്ല, എന്നാല്‍ നമുക്ക് അര്‍ഹമായത് മാത്രമാണ് ആവശ്യപ്പെട്ടത്. മഹത്തായ നമ്മുടെ ജനാധിപത്യവും അതിന്‍റെ നിയമസംഹിതയും സകല പൗരന്മാര്‍ക്കും, എല്ലാ തരത്തിലുമുള്ള അക്രമങ്ങളില്‍ നിന്നും, ദുര പൂണ്ട ബാഹ്യശക്തികളുടെ കടന്നുകയറ്റത്തില്‍ നിന്നും, നിയമപരമായ സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. നാം അഭ്യര്‍ത്ഥിക്കുന്നത്, ഇന്ത്യന്‍ പൗരന്മാരെന്ന നിലയിലുള്ള നീതിപൂര്‍വ്വമായ ഈ പരിരക്ഷയാണ്. ഭാരതത്തിന്‍റെ പരമോന്നത കോടതി നമ്മുടെ നിലപാടുകളെ ആവര്‍ത്തിച്ച് ശരിവച്ചിരിക്കുന്നു.
ഭരണകര്‍ത്താക്കളോട് ഒരു വാക്ക്, ഞങ്ങള്‍ സമാധാനപ്രിയരാകുന്നു. ഞങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് യാതൊരുവിധ അവിശുദ്ധമാര്‍ഗ്ഗവും അവലംബിക്കേണ്ടതില്ല. ഈ രാജ്യത്തിന്‍റെ നിയമം അനുവദിക്കുന്ന അര്‍ഹതപ്പെട്ട നീതി, നിഷേധിക്കപ്പെടാതിരിപ്പാനും, സമൂഹത്തിലെ ഭിന്നതയെ ദൂരീകരിപ്പാനും അകൈതവമായ ധീരതയോടും ഇച്ഛാശക്തിയോടും പ്രവര്‍ത്തിക്കുക.
മലങ്കരയുടെ വാത്സല്യമക്കളെ,
നമുക്ക് ഒരു സ്വപ്നമുണ്ട്. നാം നിങ്ങളേവരോടുമായിട്ടാകുന്നു പറയുന്നത്. സമ്മേളിച്ചിരിക്കുന്നവരോടും എത്തിച്ചേരാന്‍ കഴിയാതെ പോയവരോടും ദൂരസ്ഥരോടും സമീപസ്ഥരോടും ഒപ്പം നില്‍ക്കുന്നവരോടും വിഘടിച്ചുനില്‍ക്കുന്നവരോടുമായിട്ടാകുന്നു ഈ ആഹ്വാനം.
നാം ഒന്നാണ്. ഒരേ രക്തവും ഒരേ കുടുംബവും.
നമുക്ക് ഒരേ വിശ്വാസവും ഒരേ ആരാധനയും.
നമുക്ക് സമാധാനം വേണം. നാം ഒരു കൂടാരത്തില്‍ വസിക്കുന്നവരാകണം. ഒരു ശരീരമായി ദൈവത്തെ ആരാധിക്കുന്നവരാകണം.
നിങ്ങള്‍ നിങ്ങളോടു തന്നെ ചോദിക്കുക. ആരാണ് നമ്മുടെ ഐക്യം തകര്‍ത്തത്? ആരാണ് നമ്മുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തെ ഭയപ്പെടുന്നത്?
ക്രിസ്തുവില്‍ നമ്മെ ജനിപ്പിച്ചവനായ മാര്‍ത്തോമ്മായുടെ പാവനമാര്‍ഗ്ഗത്തിന്‍റെ യശസ്സ് കളങ്കപ്പെടുത്തുവാന്‍ കുത്സിത ശ്രമങ്ങള്‍ നടത്തുന്നത് ആരാണ്?
എല്ലാ ധാരണകളെയും ഉഭയസമ്മതങ്ങളെയും കാറ്റില്‍ പറത്തുന്നതാരാണ്?
വിസ്മരിക്കരുത്: ഐക്യത്തിന്‍റെ മധുരം നാം ഒരിക്കല്‍ നുകര്‍ന്നതാണ്. എത്രയോ അനുഗ്രഹീതമായ അനുഭവമായിരുന്നു!
ഈ കഴിഞ്ഞ ഞായറാഴ്ച നാം കെയ്റോയിലായിരുന്നു. അലക്സാന്ത്രിയന്‍ പാത്രിയര്‍ക്കീസും പോപ്പുമായ തെവോദ്രോസ് രണ്ടാമന്‍റെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കുന്നതിനുള്ള ക്ഷണമനുസരിച്ച് അവിടെ എത്തിയതാണ്. ലോകത്തിലെ വിവിധ സഭാമേലദ്ധ്യക്ഷന്മാരോടും, അന്ത്യോഖ്യയുടെ പ. ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായോടും ചേര്‍ന്ന് നാമും പ. മദ്ബഹായില്‍, ദിവ്യമായ ആ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. നമ്മുടെ കര്‍ത്താവ് ഓര്‍മ്മിപ്പിക്കുന്ന പൂര്‍ണ്ണ സഹോദര സ്നേഹത്തോടെ നാം അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കുകയുണ്ടായി.
മലങ്കര മെത്രാപ്പോലീത്തായുടെയും കാതോലിക്കായുടെയും സിംഹാസനത്തിലെ പരിശുദ്ധരായ പൂര്‍വ്വഗാമികളെപ്പോലെ, സകല മനോവിനയത്തോടും നാം പറയുന്നു. മലങ്കരയില്‍ സമാധാനവും ഐക്യവും പുലരുന്നതിന് നാം ആഗ്രഹിക്കുന്നു
നമ്മുടെ പ്രിയ മക്കളെ,
നിങ്ങളുടെ പ്രധാന ഇടയന്‍റെ വാത്സല്യത്തോടും ഹൃദയഭാരത്തോടും നാം നിങ്ങളെ പ്രബോധിപ്പിക്കുന്നു. നമുക്ക് സമാധാനത്തിലേക്ക് ചുവടു വയ്ക്കാം. അനുരഞ്ജനത്തിന്‍റെയും ക്ഷമയുടെയും സൗഖ്യദാനത്തിന്‍റെയും പുതുയുഗ കാഹളങ്ങളായിത്തീരാം. സമാധാനപ്രഭുവായ ക്രിസ്തുവിന്‍റെ സാക്ഷ്യമുള്ള അനുകാരികളാകാം. പൊറുക്കുവാനും ക്ഷമിക്കുവാനും ഒരുക്കമാണ്. ക്രിയാത്മകമായ ആത്മീയ പ്രതികരണം സന്മനസ്സോടെ നാം സ്വാഗതം ചെയ്യുന്നു.
ഭാരതസഭയുടെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി മഹാരഥികളായ പൂര്‍വ്വികന്മാര്‍ ചൊരിഞ്ഞ കണ്ണീര്‍ പ്രവാഹങ്ങളോടും നമ്മുടെ ആറ്റുപുറത്ത് വര്‍ക്കി ആശാന്‍ എന്ന ആനപ്പാപ്പി മുതല്‍ മലങ്കര വര്‍ഗ്ഗീസ് വരെയുള്ള ധീരവീരന്മാരായ സഭാംഗങ്ങളുടെ രക്തസാക്ഷിത്വങ്ങളോടും നമുക്ക് ഭാരമേറിയ ആത്മീയ ഉത്തരവാദിത്വമുണ്ട്. മഹാജ്ഞാനം കൊണ്ടും സുധീരമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ നമുക്ക് വേണ്ടതെല്ലാം നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായും കാനോനികമായും അജപാലനപരമായും നമ്മെ സജ്ജരാക്കി ഒരുമയോടെ സഹവസിക്കുന്നതിന് പ്രാപ്തരാക്കി. സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കുന്നതിലെ ഐശ്വര്യത്തിനും സൗന്ദര്യത്തിനും എതിരു നില്‍ക്കുന്നവരുണ്ടാകും. അക്രമത്തിനും അനൈക്യത്തിനും മനഃപൂര്‍വ്വം പ്രേരിപ്പിക്കുന്ന, അത്തരം ആളുകള്‍ ചുരുക്കമാണ്. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം നമ്മെ കയ്പുള്ളവരാക്കിയിട്ടില്ല. ക്രിസ്തുവെന്ന ദൃഷ്ടാന്തത്തെ പിന്തുടരുക, രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കാട്ടിത്തന്നതുപോലെയും ക്രിസ്തീയ മാതൃക പിന്‍പറ്റിയും ജീവിക്കുക. ഹൃദയപൂര്‍വ്വം ക്ഷമിക്കുക. നമ്മെ അധീനപ്പെടുത്തുവാന്‍ ശ്രമിച്ചവരോടുള്ള വിദ്വേഷത്തെ വെടിയുക. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നമ്മെ ഭരമേല്‍പ്പിച്ചിട്ടുള്ളത് ചരിത്രത്തിന്‍റെ ഈ നിമിഷങ്ങളില്‍ വര്‍ത്തമാനകാല സാഹചര്യത്തില്‍ നാം ധ്യാനിക്കേണ്ടതുണ്ട് എന്ന് നാം ഓര്‍മ്മിപ്പിക്കട്ടെ. തന്‍റെ പരസ്യ ശുശ്രൂഷയുടെ ആരംഭത്തില്‍ താന്‍ എഴുന്നേറ്റ് യെശയ്യാവിന്‍റെ പുസ്തകത്തില്‍ നിന്ന് വായിക്കുന്നു: “ദരിദ്രന്മാരോട് സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവ് എന്നെ അഭിഷേകം ചെയ്കയാല്‍ അവന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്; ബദ്ധന്മാര്‍ക്ക് വിടുതലും കുരുടന്മാര്‍ക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ച് അയപ്പാനും കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു.’
പ്രിയമക്കളെ, അനീതിയുടെയും ദാരിദ്ര്യത്തിന്‍റെയും, കഷ്ടതയുടെയും, സംഘര്‍ഷങ്ങളുടെയും, യുദ്ധങ്ങളുടെയും ഈ ലോകത്ത് നമ്മുടെ പവിത്രമായ ഉത്തരവാദിത്വം ഇതാണ്.