യാക്കോബായ ഭരണഘടന: ഒരു അവലോകനം

2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഇന്ന് 16-ാം ജന്മദിനം ആഘോഷിക്കുന്ന മലങ്കരയിലെ വിഘടിത വിഭാഗം ഭരണഘടനയെക്കുറിച്ചുള്ള പഴയ ഒരു ലേഖനം കാണുക.

“യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ” എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന മുന്‍ പാത്രിയര്‍ക്കീസു കക്ഷി 2002 ജൂലൈ ആറിന് ഒരു ഭരണഘടന ഉണ്ടാക്കി. (ഈ ലേഖനത്തില്‍ യാക്കോബായ ഭരണഘടന എന്നു പറയുന്നത് ഇതാണ്). ഇതു തയ്യാറാക്കിയവര്‍ അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ 1998ലെ ഭരണഘടന കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല.
അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടന 1998 സെപ്റ്റംബര്‍ 22 മുതല്‍ 26 വരെ കൂടിയ സഭയുടെ പരിശുദ്ധ സുന്നഹദോസ് പാസ്സാക്കിയതാണ്. മുമ്പ് പാസ്സാക്കിയ ഭരണഘടന ഭേദഗതി ചെയ്താണത്രേ ഇത് നടപ്പാക്കിയത്. (ഈ ലേഖനത്തില്‍ അന്ത്യോഖ്യന്‍ ഭരണഘടന എന്നു പറയുന്നത് ഇതാണ്). ഇതു പാസ്സാക്കുമ്പോള്‍ മലങ്കരയില്‍ ശ്രേഷ്ഠ കാതോലിക്കാ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇവിടുത്തെ യാക്കോബായ മെത്രാപ്പോലീത്താമാര്‍ക്കു കൂടി പങ്കാളിത്തമുള്ള “ആകമാന സുന്നഹദോസ്” പോലും ഇതിനു വേണ്ടി കൂടിയിട്ടില്ല.
ഡമാസ്കസില്‍ 1981 നവംബര്‍ 17 മുതല്‍ 22 വരെ കൂടിയ ‘ആകമാന സുന്നഹദോസ്’ അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ സിംഹാസനത്തിന്‍ കീഴുള്ള ഇന്ത്യയിലെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നടപടിക്രമം എന്ന പേരില്‍ ഒരു ഭരണനടപടിക്രമം പാസ്സാക്കി. (ഈ ലേഖനത്തില്‍ നടപടിക്രമം എന്നു പറയുന്നത് ഇതാണ്). ഈ സുന്നഹദോസില്‍ മലങ്കരയില്‍ നിന്ന് ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും ഏബ്രഹാം മാര്‍ ക്ലിമീസ് ഉള്‍പ്പെടെ ഏട്ട് മെത്രാപ്പോലീത്താമാരും സംബന്ധിച്ചിരുന്നു. (കേരളത്തില്‍ ശ്രേഷ്ഠ ബാവാ ഉള്‍പ്പെടെ അന്ന് ആകെ 12 മേല്‍പ്പട്ടക്കാരുണ്ടായിരുന്നു). 1981ലെ ഭരണനടപടിക്രമത്തില്‍ യാക്കോബായ വിഭാഗത്തിനും ശ്രേഷ്ഠ കാതോലിക്കായ്ക്കും നല്‍കിയിരുന്ന അവകാശങ്ങള്‍ പോലും പിന്നീടുള്ള ഭരണഘടനകളിലില്ല. “ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കായുടെ പ്രാദേശിക അധികാരത്തിന്‍ കീഴിലുള്ള ഭൂപരമായ വിസ്തൃതി ഇന്‍ഡ്യയും ഇന്‍ഡ്യയ്ക്ക് കിഴക്കുള്ള ഏഷ്യന്‍ പ്രദേശങ്ങളും ആകുന്നു” എന്ന് നടപടിക്രമത്തില്‍ (അദ്ധ്യായം 1: 5) പറയുമ്പോള്‍ യാക്കോബായ ഭരണഘടനയില്‍ (വകുപ്പ് 2) “അദ്ദേഹത്തിന്‍റെ അധികാര പരിധി ഇന്ത്യ മുഴുവനും ആകുന്നു. എന്നാല്‍ …… പാത്രിയര്‍ക്കീസിന്‍റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ ഇന്‍ഡ്യയിലുള്ള പള്ളികള്‍, സ്ഥാപനങ്ങള്‍ മുതലായവ അപ്രകാരം തന്നെ ഇരിക്കുന്നതാണ്” എന്നു കാണുന്നു. അന്ത്യോഖ്യന്‍ ഭരണഘടന (4, 5 വകുപ്പുകള്‍) അനുസരിച്ചും അദ്ദേഹത്തിന് ഇന്ത്യയിലെ എല്ലാ പള്ളികളുടെ മേലും അധികാരമില്ല.
ഒരു കാലത്ത് യാക്കോബായ സഭ എന്നു കൂടി അറിയപ്പെട്ടിരുന്ന അന്ത്യോഖ്യന്‍ സുറിയാനി സഭ ഇന്ന് സിറിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നാണ് അറിയപ്പെടുന്നത്. മലങ്കര സുറിയാനി സഭയും ഒരു കാലത്ത് യാക്കോബായ സഭ എന്നു കൂടി അറിയപ്പെട്ടിരുന്നതിനാല്‍ തങ്ങള്‍ പുരാതന സഭയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരാണെന്നു കാണിക്കാനും ‘യാക്കോബായ പള്ളി’കളെല്ലാം സ്വന്തമാണെന്നു വരുത്തിത്തീര്‍ക്കാനുമാണ് ഈ പേര് ഇപ്പോഴും ഉപയോഗിക്കുന്നത്. ലോകത്ത് മറ്റൊരു സഭയും ഈ പേരില്‍ ഇന്ന് അറിയപ്പെടുന്നില്ല. അതുകൊണ്ട് “യാക്കോബായ” എന്ന പേരു പോലും 1998ലെ അന്ത്യോഖ്യന്‍ ഭരണഘടനയിലില്ല. എന്നാല്‍ തങ്ങള്‍ ഉപേക്ഷിച്ചു കളഞ്ഞ “മലങ്കര” എന്ന പേര് ഈ ഭരണഘടനയിലുണ്ടു താനും. “ആകമാന സുറിയാനി സഭ”യെ ഒരിടത്തു മാത്രം കാണാം (വകുപ്പ് 7). ആകമാന/ആഗോള സുറിയാനിസഭ എന്നത് അര്‍ത്ഥമില്ലാത്ത ഒരു നവീന ആശയമാണ്; അത് എഴുപതുകളിലുണ്ടായ ഒരു സങ്കല്‍പ്പ സൃഷ്ടിയാണ്. 1934-ല്‍ പാസ്സാക്കിയ സഭാഭരണഘടനയനുസരിച്ച് ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗമാണ് (ഉശ്ശശെീി) മലങ്കരസഭ; ഭാഗം (ജമൃേ) അല്ല. ഭാഗം, വിഭാഗം എന്നീ പദങ്ങളുടെ അര്‍ത്ഥം വ്യത്യസ്തമാണ്. ഈ ഭരണഘടനയില്‍ (വകുപ്പ് 108) പറയുന്ന ആകമാന സുന്നഹദോസിന്‍റെ ആശയം വേറെയാണ്.

അന്ത്യോഖ്യന്‍ ഭരണഘടനയനുസരിച്ച് His Beatitude Mor Baselius . . . Catholicos of the East and Metropolitan of Malankara എന്നാണ് ശ്രേഷ്ഠ കാതോലിക്കായുടെ ഔദ്യോഗിക സ്ഥാനനാമം (വകുപ്പ് 8). ഇതില്‍ ശ്രേഷ്ഠ കാതോലിക്കായെ സുറിയാനി ഭാഷയില്‍ “മഫ്രിയാനാ” എന്നും “കാതോലിക്കാ” എന്നും വിശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ യാക്കോബായ ഭരണഘടനയില്‍ പൗരസ്ത്യ കാതോലിക്കാ എന്ന് വിശേഷിപ്പിക്കുന്നില്ല. “ശ്രേഷ്ഠ കാതോലിക്കാ ….. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവന്‍ ആകുന്നു” (വകുപ്പ് 14 എഫ്) എന്നാണ് കാണുന്നത്. “….We (the Patriarch) are now pleased to appoint His Beatitude Mor Baselios Thomas I as the Catholicos of the Jacobite Syrian Christian Church in India which is an integral part of the Universal Syrian Orthodox Church and is comprised of all churches which are members of the Jacobite Syrian Christian Association. Catholicos Mor Baselios Thomas I will be the Regional Head of our Church in India…..” എന്നാണ് ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്കായുടെ സുസ്താത്തിക്കോനില്‍ (No E – 160/02) കാണുന്നത്. എന്നാല്‍ ഇവയില്‍ നിന്നു വ്യത്യസ്തമായി Catholicos of the East, Catholicos of India തുടങ്ങിയ പല സ്ഥാനനാമങ്ങളാണ് ഇപ്പോള്‍ അദ്ദേഹം ഉപയോഗിച്ചു കാണുന്നത്.
ഒന്നാം തുബ്ദേനില്‍ സ്മരിക്കുന്ന ‘മാര്‍ ബസേലിയോസ്’ എന്ന പേര് മുമ്പ് തിഗ്രീസിലെ മഫ്രിയാനാമാരുടെയും ഇപ്പോള്‍ പൗരസ്ത്യ കാതോലിക്കായുടെയും സ്ഥാനനാമമാണ്. പുരാതന കാലത്ത് അന്ത്യോഖ്യാ പാത്രിയര്‍ക്കേറ്റില്‍ ഈ പേര് സ്മരിക്കുമായിരുന്നു. ഇപ്പോള്‍ ഇല്ലെന്നാണ് അറിയുന്നത്. അതേസമയം അലക്സന്ത്രിയാ പാത്രിയര്‍ക്കീസിന്‍റെ (കോപ്റ്റിക് പോപ്പ്) പേര് സ്മരിക്കുന്നുമുണ്ട്. (അത് അനുകരണീയമായ ഒരു മാതൃകയാണ്). മലങ്കര സഭയ്ക്ക് അന്ത്യോഖ്യന്‍ സഭ എന്തു പരിഗണനയാണ് നല്‍കുന്നത് എന്നതിന്‍റെ സൂചനയാണിത്.
“പാത്രിയര്‍ക്കീസിനും കാതോലിക്കായ്ക്കും മെത്രാപ്പോലീത്തായ്ക്കും മൂറോന്‍ കൂദാശ നടത്താന്‍ അധികാരമുണ്ട്” എന്ന് ഹൂദായ കാനോനില്‍ (3:1) പറയുന്നു. തിഗ്രീസിലെ മഫ്രിയാനാമാര്‍ വി. മൂറോന്‍ കൂദാശ നടത്തിയിട്ടുള്ളതായി സഭാചരിത്രത്തിലുണ്ട്. നടപടിക്രമത്തില്‍ “അടിയന്തിരമായി വരുന്ന പക്ഷം ……. ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കായ്ക്ക് വി. മൂറോന്‍ കൂദാശ നടത്താവുന്നതാകുന്നു” (അദ്ധ്യായം 1: 9) എന്നും പറയുന്നു. എന്നാല്‍ അന്ത്യോഖ്യന്‍ (വകുപ്പ് 15) – യാക്കോബായ (വകുപ്പ് 9) ഭരണഘടനകളും ശ്രേഷ്ഠ കാതോലിക്കായുടെ സുസ്താത്തിക്കോനും അനുസരിച്ച് മൂറോന്‍ കൂദാശ നടത്തുന്നതിന് ശ്രേഷ്ഠ കാതോലിക്കായ്ക്ക് അധികാരമില്ല. മലങ്കര സഭ യോജിച്ചു നിന്ന കാലത്ത് പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ (യാക്കോബായക്കാരുടെ ഭാഷയില്‍ “ശ്രേഷ്ഠ” ഔഗേന്‍ “മഫ്രിയാനാ” ബാവാ) 1967-ല്‍ വി. മൂറോന്‍ കൂദാശ നടത്തിയ കാര്യം സഭാചരിത്രത്തില്‍ നിന്നു മായിക്കാന്‍ ശ്രമിക്കുന്നത് ഇതുകൊണ്ടായിരിക്കാം.
കേരളത്തിലെ യാക്കോബായ വിഭാഗം ഒഴികെയുള്ള അന്ത്യോഖ്യന്‍ സഭയ്ക്ക്, മലങ്കര സഭയിലെ ഒരു ഭദ്രാസനത്തിന്‍റെ വലിപ്പം പോലുമില്ല. അതേസമയം അന്ത്യോഖ്യന്‍ സഭയിലെ 31 അതിഭദ്രാസനങ്ങളില്‍ ഒന്നുമാത്രമാണ് ശ്രേഷ്ഠ കാതോലിക്കായുടെ കീഴിലുള്ള യാക്കോബായ വിഭാഗം (നമ്പര്‍ 31). ക്നാനായ ആര്‍ച്ചുഡയോസീസും (നമ്പര്‍ 30) വടക്കേ അമേരിക്കയിലെ മലങ്കര പാത്രിയാര്‍ക്കല്‍ വികാരിയേറ്റും (നമ്പര്‍ 19) മാത്രമാണ് മലയാളികള്‍ ഉള്‍പ്പെടുന്ന മറ്റു രണ്ടെണ്ണം. സുവിശേഷ സമാജം ഉള്‍പ്പെടെയുള്ളവ ഇവയ്ക്ക് പുറത്താണ്. അന്ത്യോഖ്യന്‍ ഭരണഘടനയുടെ (4, 5 വകുപ്പുകള്‍) പ്രസക്ത ഭാഗങ്ങള്‍ കാണുക.

Article 4. The Archdioceses of the Apostolic See of Antioch are :
…………..
19. North America of Malankara, a Patriarchal Vicariate, located in New York. It covers the United States of America and Canada.
…………….
30. Knanaya, an Archdiocese, located in Chingavanam, Kerala. It covers all the Knanaya churches in / out of India.
31. Catholicate of the East, its headquarter is Kerala. It covers all the Syrian Orthodox Archdioceses in India, except the Knanaya Archdiocese, the churches of the Patriarchal See, and the Evangelical Ministry Associations in India.
Article 5. All churches, their organizations and Evangelical Ministry Associations, not included in the Syrian Archdioceses mentioned in Article 4, are governed directly by H. H. the Patriarch.

അന്ത്യോഖ്യന്‍ – യാക്കോബായ ഭരണഘടനകള്‍ തമ്മില്‍ ഒട്ടേറെ പൊരുത്തക്കേടുകളുണ്ട്. അവയില്‍ ചിലതു മാത്രം ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു.
പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ തെരഞ്ഞെടുപ്പിനെപ്പറ്റി 2002ലെ യാക്കോബായ ഭരണഘടന (18, 21 വകുപ്പുകള്‍) ഇപ്രകാരം പറയുന്നു.
18. പാത്രിയര്‍ക്കാ സ്ഥാനം ഒഴിവ് വരുമ്പോള്‍ പുതിയ പാത്രിയര്‍ക്കാ സ്ഥാനിയെ ആകമാന സുന്നഹദോസ് കൂടി തെരഞ്ഞെടുക്കേണ്ടതാണ്.
21. പാത്രിയര്‍ക്കാ സ്ഥാനം ഒഴിവ് വരുമ്പോള്‍ പുതിയ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുക്കുന്നതിനു കൂടുന്ന ആകമാന സുന്നഹദോസില്‍ ശ്രേഷ്ഠ കാതോലിക്കായും, പ്രാദേശിക സുന്നഹദോസിലെ മെത്രാപ്പോലീത്താമാരും, എപ്പിസ്ക്കോപ്പമാരും അംഗങ്ങളായിരിക്കുന്നതും, എന്നാല്‍ അവരില്‍ ഭദ്രാസന ഭരണ ചുമതലയുള്ളവര്‍ക്കു മാത്രം വോട്ടവകാശം ഉണ്ടായിരിക്കുന്നതുമാകുന്നു.
“പാത്രിയര്‍ക്കാ സ്ഥാനം ഒഴിവ് വരുമ്പോള്‍ പുതിയ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുക്കുന്നതിനു കൂടുന്ന ആകമാന സുന്നഹദോസില്‍ ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കോസും മലങ്കര സുന്നഹദോസിലെ മെത്രാപ്പോലീത്താമാരും എപ്പിസ്ക്കോപ്പാമാരും അംഗങ്ങളായിരിക്കുന്നതും ഭദ്രാസന ഭരണ ചുമതലയുള്ളവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതുമാകുന്നു. എന്നാല്‍ മലങ്കര സുന്നഹദോസിലെ അംഗങ്ങള്‍ പാത്രിയര്‍ക്കാ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചു കൂടാത്തതാകുന്നു. പോസ്റ്റല്‍ വോട്ട് സ്വീകാര്യമാണ്” എന്നാണ് 1981ലെ നടപടിക്രമത്തില്‍ (അദ്ധ്യായം 2: 4) പറയുന്നത്.
എന്നാല്‍ 1998ലെ അന്ത്യോഖ്യന്‍ ഭരണഘടന 36-ാം വകുപ്പില്‍ കാണുന്നത് ഇപ്രകാരമാണ്.

Article 36. The following shall participate in the election of the new Patriarch :
1- His Beatitude the Catholicos, the Metropolitan of the Knanaya Archdiocese, the Metropolitans of the churches of the Antiochian Apostolic See in India, and the Metropolitan of North America of the Malankara Archdiocese. All above shall elect but may not be elected.
2- Their Eminence the Archdioceses Metropolitans, the Metropolitan Patriarchal Assistant, and the Metropolitans Patriarchal Vicars who are appointed to archdioceses.

ഇതനുസരിച്ച് ഇന്ത്യാക്കാരായ ശ്രേഷ്ഠ കാതോലിക്കായ്ക്കും ക്നാനായ അതിഭദ്രാസനം, സിംഹാസന പള്ളികള്‍, വടക്കേ അമേരിക്കയിലെ മലങ്കര അതിഭദ്രാസനം എന്നിവയുടെ മെത്രാപ്പോലീത്താമാര്‍ക്കും മാത്രമാണ് വോട്ടവകാശം. എന്നാല്‍ മലയാളികളായ ഇവര്‍ക്കു സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരിക്കുന്നു. ഈ വിവരങ്ങള്‍ യാക്കോബായ ഭരണഘടന മറച്ചുവച്ചിരിക്കുന്നു.
അന്ത്യോഖ്യന്‍ – മലങ്കര സഭകള്‍ ഉള്‍പ്പെടുന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാ കുടുംബത്തില്‍പ്പെടുന്ന അര്‍മേനിയന്‍ സഭയില്‍, അര്‍മേനിയായിലെ എച്മിയാഡ്സിന്‍ ആസ്ഥാനമായുള്ള സുപ്രീം കാതോലിക്കോസേറ്റും ലബാനോനിലെ ആന്‍റിലിയാസ് ആസ്ഥാനമായുള്ള സിലീഷ്യന്‍ കാതോലിക്കോസേറ്റും അതോടൊപ്പം ജറൂസലേമിലും കോണ്‍സ്റ്റാന്‍റിനോപ്പിളിലും (ഇസ്താംബൂള്‍) ഓരോ പാത്രിയര്‍ക്കേറ്റുമുണ്ട്. പരസ്പര സംസര്‍ഗമുള്ള ഇരു കാതോലിക്കേറ്റുകളും സ്വതന്ത്രമാണെങ്കിലും സുപ്രീം കാതോലിക്കോസിന്‍റെ പ്രഥമസ്ഥാനം സിലീഷ്യന്‍ കാതോലിക്കോസ് അംഗീകരിക്കുന്നുണ്ട്. രണ്ടു പാത്രിയര്‍ക്കീസുമാര്‍ സുപ്രീം കാതോലിക്കായുടെ കീഴിലാണ്. സമന്മാരില്‍ രണ്ടാമനായ സിലീഷ്യന്‍ കാതോലിക്കായും കീഴ്സ്ഥാനികളായ പാത്രിയര്‍ക്കീസുമാരും ഉള്‍പ്പെടെ അര്‍മേനിയന്‍ സഭയിലെ ഏതൊരു മേല്‍പ്പട്ടക്കാരനും സമന്മാരില്‍ ഒന്നാമനായ എക്മിയാഡ്സിനിലെ സുപ്രീം കാതോലിക്കാ ആകുന്നതിന് തടസ്സമില്ല. അതുപോലെ ഒരു കാതോലിക്കായുടെ തെരഞ്ഞെടുപ്പില്‍ മറ്റെ കാതോലിക്കായുടെ പ്രതിനിധികള്‍ക്കും വോട്ടവകാശമുണ്ട്. നേരത്തെ (1983-1995) സിലീഷ്യന്‍ കാതോലിക്കായായിരുന്ന കരേക്കിന്‍ സര്‍ക്കീസിയാന്‍ ആണ് 1995-ല്‍ സുപ്രീം കാതോലിക്കായായി തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് പാത്രിയര്‍ക്കീസുമാര്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും സിലീഷ്യന്‍ കാതോലിക്കാ സുപ്രീം കാതോലിക്കായാകുന്നത് ആദ്യമായിട്ടാണ്.
റോമന്‍ കത്തോലിക്കാ സഭയില്‍ ലോകത്തുള്ള 80 വയസില്‍ താഴെയുള്ള ഏത് കര്‍ദിനാളിനും മാര്‍പാപ്പായെ തെരഞ്ഞെടുക്കാനും മാര്‍പാപ്പായാകാനും യോഗ്യതയുണ്ട്. അതേസമയം കീഴ്ഘടകമായിരുന്നിട്ടുകൂടി ഇങ്ങനെയൊരു കാര്യം “ആകമാന സുറിയാനി സഭ”യില്‍ പെട്ടുപോയ ‘യാക്കോബായ’ക്കാര്‍ക്ക് പ്രതീക്ഷിക്കാനാവുമോ?
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ പരമാധികാരിയായി അംഗീകരിക്കുന്ന മലങ്കരയിലെ യാക്കോബായ വിഭാഗത്തിന് – അവര്‍ യഥാര്‍ത്ഥ അന്ത്യോഖ്യന്‍ സഭാംഗങ്ങളെക്കാള്‍ പല മടങ്ങ് കൂടുതലാണെങ്കിലും – അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ തെരഞ്ഞെടുപ്പില്‍ കാര്യമായ പങ്കാളിത്തമില്ലെന്നു ചുരുക്കം. മലങ്കര അസോസിയേഷനില്‍ ആനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ടിരുന്നവര്‍ പാത്രിയര്‍ക്കാ തെരഞ്ഞെടുപ്പില്‍ ഇത് ആവശ്യപ്പെട്ടാല്‍ എത്ര നന്നായിരുന്നു. ഇന്ത്യയിലെ യാക്കോബായ വിഭാഗത്തിന്‍റെ അങ്കമാലി ഭദ്രാസനത്തിലെ വിശ്വാസികളുടെ എണ്ണത്തെക്കാള്‍ കുറവാണ് യാക്കോബായ വിഭാഗം ഒഴികെയുള്ള അന്ത്യോഖ്യന്‍ സഭയുടെ ആകെ വിശ്വാസികളുടെ എണ്ണം.
അന്ത്യോഖ്യന്‍ ഭരണഘടന 100-ാം വകുപ്പില്‍ “Article 100. When deemed necessary, H. H. the Patriarch calls for a General Synod, headed by His Holiness, where all members of both Synods of Damascus and India, including His Beatitude the Catholicos will attend under the presidency of H.H. the Patriarch”

എന്നു മാത്രമാണ് “ആകമാന സുന്നഹദോസി”നെ പറ്റി പറയുന്നത്. പാത്രിയര്‍ക്കാ തെരഞ്ഞെടുപ്പ് അതിന്‍റെ ചുമതലയില്‍ വരുന്നില്ല. യാക്കോബായ ഭരണഘടന 15, 16 വകുപ്പുകള്‍ ഇതിനോടു ചേര്‍ന്നു വരുന്നു.
15. പ. പാത്രിയര്‍ക്കീസ് ബാവാ വിളിച്ചു കൂട്ടുന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ ആത്മീയ മോലദ്ധ്യക്ഷന്‍മാരുടെ യോഗമാകുന്നു ആകമാന സുന്നഹദോസ്.
16. പ. പാത്രിയര്‍ക്കീസ് ബാവാ അദ്ധ്യക്ഷനായുള്ള ആകമാന സുന്നഹദോസില്‍ ശ്രേഷ്ഠ കാതോലിക്കായും, സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും എപ്പിസ്കോപ്പമാരും അംഗങ്ങളായിരിക്കുന്നതാണ്.
പാത്രിയര്‍ക്കാ തെരഞ്ഞെടുപ്പില്‍ തുല്യമായ പങ്കാളിത്തം നിഷേധിക്കുന്നത് 1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ 17-ാമത്തെ നിശ്ചയത്തിനു വിരുദ്ധമാണ്. ആ നിശ്ചയത്തിന്‍റെ പ്രസ്ക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.
“……. സകല കാര്യങ്ങളിലും പരദേശ ഇടവകകളും മലങ്കര ഇടവകയും എപ്പോഴും യോജിച്ചു രണ്ടു വകക്കാര്‍ക്കും അന്ത്യോഖ്യാ സിംഹാസനത്തിങ്കലേക്കുള്ള അവകാശം സമവും സംബന്ധം തുല്യവും ആയിരിക്കുകയും ഇവിടുത്തെ മജലീസ്സും (കമ്മട്ടി) അവിടുത്തെ മജലീസ്സും അന്യോന്നതയോടെ ഇരിക്കുകയും കമ്മട്ടിയുടെ അനുമതിയോടു കൂടി നമ്മുടെ സഭയ്ക്കും സമുദായത്തിനും വേണ്ടി ചെയ്യപ്പെടുന്ന സകല ഏര്‍പ്പാടുകളും സാധുവായിരിക്കുകയും ചെയ്യണമെന്ന് നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.”
ഒരു സഭയെന്ന നിലയില്‍ മലങ്കരസഭയുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും അതേസമയം ഇടവക പള്ളികള്‍ സ്വതന്ത്രമാണെന്നു വാദിക്കുകയും ചെയ്യുന്നവര്‍ അന്ത്യോഖ്യന്‍ ഭരണഘടനയുടെ താഴെ പറയുന്ന 155-ാം വകുപ്പ് മനസ്സിരുത്തി വായിച്ചാല്‍ കൊള്ളാം.

Article 155. The Syrian Orthodox Church of Antioch owns all its churches, monasteries, worship places, cemeteries, schools, real estate and endowments. This includes all the possessions and properties of its churches and centers such as manuscripts, printed books, vessels, clerical vests, furniture of the Patriarchate and the Archdioceses. The ownership of these properties and assets can never be disputed or contested by any body whatsoever. If an individual or a group of individuals separates from the Syrian Orthodox Church of Antioch and joins another denomination, they shall have absolutely no right to claim any of the above mentioned properties or possessions. Any claim filed by anybody, be it an individual or a group, large or small, shall be positively and absolutely mull and void.

യാക്കോബായ ഭരണഘടന 190-ാം വകുപ്പ് കാണുക.
190. ആത്മീയ കാര്യങ്ങള്‍ ഒഴിച്ചുള്ള എല്ലാ കാര്യങ്ങളിലും ഇടവക പള്ളികള്‍ക്കു സ്വയം ഭരണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലപാട് അന്ത്യോഖ്യന്‍ സഭയുടെ നിലപാടിനു സമാനമാണെന്നു കാണാം.
ഇനിയും ധാരാളം പൊരുത്തക്കോടുകള്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞേക്കാം. അന്ത്യോഖ്യന്‍ ഭരണഘടന 157-ാം വകുപ്പ്

Article 157. Any article that contradicts with the provisions of this Constitution will be considered invalid null and void.

ഇതനുസരിച്ച് 2002ലെ യാക്കോബായ ഭരണഘടന പൂര്‍ണമായോ ഭാഗീകമായോ അസാധുവാണ്.
ചുരുക്കത്തില്‍ 1934-ലെ ഭരണഘടനയെ തള്ളിക്കളഞ്ഞവര്‍ ഇപ്പോള്‍ ‘എലിയെ പേടിച്ച് ഇല്ലം ചുട്ടതുപോലെ’യായി. പള്ളിയും വസ്തുക്കളും പാത്രിയര്‍ക്കീസിന്! ആ സ്ഥാനത്തേക്ക് മത്സരിക്കാനോ വോട്ടു ചെയ്യാനോ അവകാശവുമില്ല!!

(കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ എഴുതിയ “സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടന: ഒരു പഠനം” (ഡയോസിസന്‍ ബുള്ളറ്റിന്‍ 2009 ഡിസംബര്‍ 15 / മലങ്കര സഭാ പത്രിക 2010 മാര്‍ച്ച് ലക്കങ്ങള്‍) എന്ന ലേഖനം കാണുക).