കുവൈറ്റ് : ‘എല്ലാവർക്കും നന്മ ചെയ്യുവിൻ’എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 8 മുതൽ ആരംഭിച്ച ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല വേദപഠന ക്ലാസുകൾക്ക് സമാപനം കുറിച്ചു.
ജൂൺ 22, വ്യാഴാഴ്ച വൈകിട്ട് സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന കുട്ടികളുടെ വർണ്ണശബളമായ ഘോഷയാത്രയെ തുടർന്ന് ഓ.വി.ബി.എസ്. ഗായക സംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ, സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ.ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഓ.വി.ബി.എസ്. സൂപ്രണ്ട് ജോബി ജോൺ കളീക്കൽ സ്വാഗതവും, മഹാഇടവക സെക്രട്ടറി എബ്രഹാം അലക്സ് നന്ദിയും രേഖപ്പെടുത്തി.
ഓ.വി.ബി.എസ്. ഡയറക്ടർ ഫാ. ചെറിയാൻ ജോസഫ്, ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജ്, സ്റ്റാർ സെലക്ഷൻ കമ്മിറ്റി കോർഡിനേറ്ററും, സണ്ഡേസ്ക്കൂൾ അഡ്വൈസറുമായ പി.സി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ഓ.വി.ബി. എസ്. ഡെപ്യൂട്ടി സൂപ്രണ്ട് സാമുവേൽ ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. ഓ.വി.ബി.എസ്. സ്റ്റാർ-2017 ആയി ഫെബിൻ ജോൺ ബിജുവിനേയും, റണ്ണർ-അപ്പായി അലോണ എബിയെയും തെരഞ്ഞെടുത്തു.
സണ്ഡേസ്ക്കൂൾ ഹെഡ്ഗേൾ ഐറിൻ സാറാ രാജേഷ്, എം.ജി.ഓ.സി.എസ്.എം. ട്രഷറാർ കാരൺ എലിസബത്ത് ജോർജ്ജ് എന്നിവർ ചേർന്ന് പതാക താഴ്ത്തിയതോടു കൂടി യോഗനടപടികൾ അവസാനിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഷിനോ മറിയം സഖറിയ, റേച്ചൽ സിബു എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു.
ഇടവക ആക്ടിംഗ് ട്രഷറാർ സിബു അലക്സ് ചാക്കോ, സണ്ഡേസ്ക്കൂൾ സെക്രട്ടറി ഷാബു മാത്യു, ജോയിന്റ് സെക്രട്ടറി ഉഷാ ജോൺ, ട്രഷറാർ ഫിലിപ്സ് ജോൺ, ഓ.വി.ബി.എസ്. കൊയർ മാസ്റ്റർ ജെസ്സി ജെയ്സൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.