ഭാവനയല്ല ചരിത്രം / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര നസ്രാണികളുടെ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനവും ബഹുമാനവുമുണ്ട് കുന്നംകുളത്തിന്. മാര്‍ത്തോമ്മാ ശ്ലീഹായുടെ മലങ്കരയിലെ ആദ്യ സഭകളില്‍ ഒന്നായ കുന്നംകുളം നസ്രാണികള്‍ എല്ലാക്കാലവും തീവ്രസഭാഭക്തരും ജാത്യാഭിമാനികളുമായിരുന്നു. നാലു മലങ്കര മെത്രാപ്പോലീത്താമാരെ സംഭാവന ചെയ്ത കുന്നംകുളം അവര്‍ക്കുവേണ്ടി ജീവന്‍ കളയാനും അന്നും ഇന്നും തയാറാണ്. ഇക്കാര്യത്തിലൊന്നും ആര്‍ക്കും സംശയമില്ല.
എന്നാല്‍ കുന്നംകുളം നസ്രാണികള്‍ ഇന്ന് അപഹാസ്യരാവുകയാണ്. മുഖവുര വേണ്ടാത്ത കുന്നംകുളം നസ്രാണികളേയും പഴയ സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് ദ്വിതീയനേയും മഹത്വവല്‍ക്കരിക്കാന്‍വേണ്ടി ഫാ. ഡോ. ജോസഫ് ചീരന്‍ സ്വയംകൃതികളായ ചരിത്രാഭാസങ്ങള്‍ പടച്ചുവിടുന്നതാണ് ഇന്നു കുന്നംകുളംകാരെ പരിഹാസപാത്രങ്ങളാക്കുന്നത്. കാല്‍ നൂറ്റാണ്ടായി – കൃത്യമായി പറഞ്ഞാല്‍ പഴയ സെമിനാരിയുടെ 175-ാം വാര്‍ഷികം മുതല്‍ – ഫാ. ഡോ. ജോസഫ് ചീരന്‍ ഇതിനായി മലങ്കരസഭാപിതാക്കന്മാരെ പാടെ തമസ്ക്കരിക്കുകയും സഭാചരിത്രം അടിസ്ഥാനമൊന്നുമില്ലാതെ തിരുത്തിയെഴുതുകയുമാണ്. അതിന്‍റെ പരിസമാപ്തിയാണ് 2016 ഒക്ടോബര്‍ ലക്കം സണ്‍ഡേസ്കൂള്‍ മാസികയില്‍ അദ്ദേഹം എഴുതിയ മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച ആര്‍ത്താറ്റ് വി. ദൈവമാതാവിന്‍റ പള്ളി എന്ന ലേഖനം.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചരിത്രം രചിക്കപ്പെടുന്നത്. ചരിത്രശകലങ്ങളെ കണ്ടെത്തുന്നതിനു നിശിതമായ അന്വേഷണബുദ്ധി ആവശ്യമാണ്. തെളിവുകളെ കൂട്ടിച്ചേര്‍ത്തു ചരിത്രമാക്കുന്നത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. ഐതിഹ്യങ്ങളിലും അലിഖിത വായ്മൊഴി വഴക്കങ്ങളിലും ചരിത്രതന്തുക്കള്‍ ലോലമായെങ്കിലും മറഞ്ഞു കിടപ്പുണ്ടാകുമെന്നു രാഹുല്‍ സാംക്ത്യായനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. 1946-ല്‍ ആര്‍ത്താറ്റുപള്ളി കൈക്കാരനായ പനക്കല്‍ സി. കുഞ്ഞാത്തു അതുവരെ ലഭ്യമായ രേഖകളും പാരമ്പര്യങ്ങളും അവലംബിച്ച് ആര്‍ത്താറ്റുപള്ളിയുടെ വിശദമായ ചരിത്രം എഴുതിയിട്ടുണ്ട്. അഡ്വ. ഡോ. പി. സി. മാത്യു പുലിക്കോട്ടിലും ഈ മേഖലയില്‍ രചനകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അവയൊന്നുമല്ല ഫാ. ചീരന്‍റെ ലേഖനത്തെ നയിക്കുന്നത്. വെറും ഭാവനാവിലാസവും സ്വന്തം വെളിപാടുകളും മാത്രം. അതു ചരിത്രമല്ല; കഥ എന്ന സാഹിത്യ ശാഖയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
ഇത്തരം വിശ്വാമിത്രസൃഷ്ടികളോട് ഈ ലേഖകന്‍ പ്രതികരിക്കാറില്ല. പക്ഷേ നാളത്തെ സഭയായ സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരെ വഴിനടത്തുന്ന അദ്ധ്യാപകര്‍ക്കും ഉണ്ടായ തെറ്റിദ്ധാരണ തിരുത്താന്‍ മാത്രമാണ് ഈ കുറിപ്പെഴുതുന്നത്. സണ്‍ഡേസ്കൂള്‍ മാസികയില്‍ വന്ന ലേഖനത്തെ പദാനുപദം ഖണ്ഡിക്കാനല്ല ഇവിടെ ശ്രമം. മറിച്ച് ഫാ. ഡോ. ചീരന്‍ സൃഷ്ടിക്കാനുദ്ദേശിക്കുന്ന നവചരിത്രവും അതിനവലംബിക്കുന്ന ഭാവനാവിലാസവും ഒന്നു തുറന്നു കാട്ടുവാന്‍ മാത്രമാണ്. സ്വല്‍പ്പം ഹാസ്യരൂപേണ പറഞ്ഞാല്‍; മാര്‍ത്തോമ്മാശ്ലീഹാ പൊന്നാനിയില്‍ കപ്പലിറങ്ങി കുന്നംകുളത്ത് പള്ളിസ്ഥാപിച്ചശേഷം അവിടെനിന്നു തന്നെ കപ്പല്‍ കയറി മറ്റൊരിടത്തും ഇറങ്ങാതെ മൈലാപ്പൂരിലെത്തി രക്തസാക്ഷിയായെന്നും, അതിനു തെക്കുള്ള നസ്രാണികളൊക്കെ കുന്നംകുളത്തുനിന്നും അടയ്ക്കാ കച്ചവടത്തിനു പോയവരുടെ സന്തതിപരമ്പരകളാണെന്നും, രണ്ടു പുലിക്കോട്ടില്‍ മെത്രാച്ചന്മാര്‍ ഒഴികെയുള്ള മലങ്കര സഭാപിതാക്കന്മാരൊക്കെ സഭാദ്രോഹികളും പട്ടത്വതികവില്ലാത്തവരും ആയിരുന്നു എന്നുമാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഫാ. ചീരന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനു തെളിവു സൃഷ്ടിക്കാനാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വെളിപാടുകള്‍ പടച്ചുണ്ടാക്കുന്നത്.
മലങ്കരസഭയിലെ പുരാതന പള്ളികളെ പരിചയപ്പെടുത്തുന്ന സണ്‍ഡേസ്കൂള്‍ മാസികയുടെ പംക്തി ഈ വിഷപ്രചരണത്തിനു വേദിയാക്കി എന്നത് അത്യന്തം പ്രതിഷേധാര്‍ഹമായ ഒരു നടപടിയാണ്. പരാമര്‍ശിത ലേഖനത്തിലെ ഏതാനും ചില ചരിത്രാസംബന്ധങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കട്ടെ.
1. ക്രിസ്തുവര്‍ഷം ഒന്നാം ശതകത്തിലെ അറബിക്കടല്‍ വ്യാപാര ത്തെപ്പറ്റി വിശദമായ പഠനം നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. അതിലൊന്നും പൊന്നാനി കടന്നുവരുന്നില്ല. തോമാശ്ലീഹാ കൊടുങ്ങ ല്ലൂരില്‍ കപ്പലിറങ്ങി എന്ന പരാമര്‍ശനംപോലും ചരിത്രദൃഷ്ട്യാ ദുര്‍ബലമാണ്. അന്നത്തെ മുഖ്യതുറമുഖം – മുസിരിസ് – കൊടുങ്ങല്ലൂരിന് തെക്കുഭാഗത്താണ്. വടക്കന്‍പറവൂരിന് അടുത്തു വരാം. പറവൂരിനടുത്ത് ഇപ്പോള്‍ പട്ടണം പര്യവേഷണം നടക്കുന്ന സ്ഥലം ആയിക്കൂടെന്നുമില്ല.
2. ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് ഒരു തുറമുഖം അക്കാലത്ത് ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പക്ഷേ അതിന്‍റെ സ്ഥാനം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. പട്ടാമ്പിയാണ് എന്ന് ഒരു ആധുനിക വാദമുണ്ട്. പക്ഷേ അത് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. എവിടെയാണെങ്കിലും അത് കുന്നംകുളം ഒരു പൂര്‍വിക നസ്രാണി ആവാസ ഭൂമിയാകുന്നതിന് പ്രതിബന്ധമല്ല.
3. ഏഴും ഏഴരയുമൊക്കെ പില്‍ക്കാല സൃഷ്ടികളാണെങ്കിലും അക്കാലത്തെ തുറമുഖ നഗരങ്ങളോടു ബന്ധപ്പെട്ട പറവൂര്‍ (കോട്ടക്കാവ്), നിരണം (നെല്‍ക്കിണ്ട), കൊല്ലം, തിരുവിതാംകോട് (കോട്ടാര്‍) ഇവയുടെ മാര്‍ത്തോമ്മന്‍ പൈതൃകം തമസ്ക്കരിക്കാനാവില്ല.
4. കുരിശുപള്ളിയും ചാപ്പലുമൊക്കെ മദ്ധ്യകാലഘട്ടത്തില്‍ പോലും നസ്രാണികള്‍ക്ക് അപരിചിതമായിരുന്നു. ആദിമ ക്രൈസ്തവ സമൂഹങ്ങള്‍ വ്യാപാരാഭിവൃദ്ധിക്കായി പുതിയ അങ്ങാടികള്‍ സ്ഥാപിച്ച് കുടിയേറുകയും അവിടെ ക്രമേണ പള്ളികള്‍ രൂപപ്പെട്ടു വരികയുമായിരുന്നു പതിനെട്ടാം നൂറ്റാണ്ടു വരെയും നസ്രാണികളുടെ പതിവ്. അപ്രകാരം കുന്നംകുളം നസ്രാണികള്‍ എന്നോ പ്രാരംഭമിട്ടവയാവാം പഴഞ്ഞി, പാലയൂര്‍ അങ്ങാടികളും പള്ളികളും. തലപ്പള്ളി രാജവംശത്തിന് ആ പേര് ലഭിച്ചത് ആര്‍ത്താറ്റ് പള്ളി തലപ്പള്ളി ആയതിനാലാണെന്നുള്ള പരാമര്‍ശനവും ക്നായിത്തൊമ്മന്‍ ബന്ധവുമൊക്കെ ഹാസ്യസാഹിത്യത്തില്‍ മാത്രം ഉള്‍പ്പെടുത്തേണ്ടവയാണ്. ക്നായിത്തൊമ്മന്‍റെ കാലത്തെപ്പറ്റിയൊക്കെ വിശദമായ അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ട്.
5. ശക്തന്‍ തമ്പുരാന്‍ നറുക്കിട്ട് വീതംവെച്ചത് ആര്‍ത്താറ്റുപള്ളിയും പാലയൂര്‍ പള്ളിയുമല്ല. പള്ളിയും അതിനു മുമ്പിലെ കല്‍ക്കുരിശും പള്ളിപ്പറമ്പുമാണ്. ആര്‍ത്താറ്റ് പള്ളിക്ക് തൊട്ടു തെക്കുവശമിരിക്കുന്ന റോമന്‍ കത്തോലിക്കാ പള്ളിയും അവരുടെ കൈവശമിരിക്കുന്ന കല്‍ക്കുരിശും തന്നെ ഇതിനുള്ള പ്രധാന തെളിവ്. ഈ സംഭവത്തിനു നൂറ്റാണ്ടു മുമ്പുതന്നെ പാലയൂര്‍പള്ളി സ്വന്തം വികാരിയും പൊറോത്തി ക്കാരും ഉള്ള സ്വതന്ത്ര നില കൈവരിച്ചിരുന്നതിനു രേഖകളുണ്ട്.
6. ആര്‍ത്താറ്റ് എന്ന പദത്തിന് അയര്‍ത്ത് (എതിര്‍ത്ത്) അറ്റ (നശിച്ച/ മുടിഞ്ഞ) എന്ന അര്‍ത്ഥമാണ് ഇതഃപര്യന്തം കല്പിച്ചിരുന്നത്. അതുപോലും ഭാഷാശാസ്ത്രപരമായും ചരിത്രപരമായും ദുര്‍ബലമാണ്. അതിനിടയിലാണ് ആട്ടിയിറക്കി എന്ന അടിസ്ഥാനരഹിതമായ നവീന അര്‍ത്ഥകല്പന അവതരിപ്പിക്കുന്നത്!
7. കുന്നംകുളത്ത് റോമന്‍ കത്തോലിക്കാ വിഭാഗം ഉണ്ടാകുന്നത് 1663-ലെ പറമ്പില്‍ ചാണ്ടിയുടെ ചതിയുടെ അനന്തരഫലമായാണ്. അത് ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം ജീവിച്ചിരുന്ന നിരപരാധിയായ അഞ്ചാം മാര്‍ത്തോമ്മായുടെ തലയില്‍ കെട്ടിവെക്കുന്നത് ഒന്നു മുതല്‍ എട്ടു വരെയുള്ള മാര്‍ത്തോമ്മാ മെത്രാന്മാരെ താറടിക്കാനും മലങ്കരസഭാ ചരിത്രത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള കാല്‍ നൂറ്റാണ്ടു കാലത്തെ ഫാ. ഡോ. ചീരന്‍റെ പരിശ്രമത്തിന്‍റെ ഭാഗമായി മാത്രമാണ്.
പഴയ സെമിനാരി സ്ഥാപകനായ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍, എം. ഡി. സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ എന്നിവരെ യഥാക്രമം മാര്‍ ദീവന്നാസ്യോസ് പ്രഥമനും ദ്വിതീയനും ആക്കിയതും മാര്‍ത്തോമ്മാ മെത്രാന്മാരെ, വിശിഷ്യാ വലിയ മാര്‍ ദീവന്നാസ്യോസിനെ, തമസ്ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്.
8. 1806-ലെ ആര്‍ത്താറ്റ് പടിയോല അന്നത്തെ ജാതിക്കുതലവനായ വലിയ മാര്‍ ദീവന്നാസ്യോസ് ഒന്നാമന് ആര്‍ത്താറ്റ് പള്ളിക്കാരായ ഒരു വിഭാഗം എഴുതിക്കൊടുത്ത അമാലോഗിയാ ആണ്. ഇത് മലങ്കര സഭയുടെ മാഗ്നാക്കാര്‍ട്ടാ ആണെന്നതും നിരാക്ഷേപമാണ്. ആര്‍ത്താറ്റ് പടിയോലയെ മലങ്കരയുടെ മാഗ്നാക്കാര്‍ട്ടാ എന്ന് ആദ്യം വിശേഷിപ്പിച്ചത് ഈ ലേഖകനാണ്. പക്ഷേ അത് മാര്‍ ദീവന്നാസ്യോസ് പ്രഥമന്‍ എന്ന മാര്‍ത്തോമ്മാ ആറാമനുള്ള ഭീഷണിക്കത്ത് ഒന്നുമായിരുന്നില്ല. കാട്ടുമങ്ങാടന്‍റെ കുത്തിത്തിരിപ്പു മൂലവും ചില കുടുംബപ്പോരു മൂലവും ഭിന്നതയിലായിരുന്ന ആര്‍ത്താറ്റ് പള്ളിയിലെ ഔദ്യോഗികപക്ഷം നടത്തിയ വിശ്വാസ പ്രഖ്യാപനമാണ് ആര്‍ത്താറ്റ് പടിയോല.
പിന്നീട് മാര്‍ ദീവന്നാസ്യോസ് ദ്വിതീയനായ പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ ആര്‍ത്താറ്റ് പടിയോലയെ അനുകൂലിച്ചിരുന്നില്ല. അങ്ങിനെ ചെയ്തിരുന്നുയെങ്കില്‍ അദ്ദേഹം ഒരു അവസരവാദിയായിരുന്നു എന്ന് മുദ്ര കുത്തേണ്ടി വരും. പക്ഷേ ചരിത്രം മറിച്ച് അദ്ദേഹത്തെ ഒരു ആദര്‍ശധീരനായി ആണ് രേഖപ്പെടുത്തുന്നത്. അതാണ് സത്യവും.
9. 1811-ല്‍ ഡോ. ക്ലോഡിയസ് ബുക്കാനന്‍ അച്ചടിച്ച മലയാളം ഏവന്‍ഗെലിയോന്‍റെ പരിഭാഷകന്‍ കായംകുളം പീലിപ്പോസ് റമ്പാനാണ്. വലിയ മാര്‍ ദീവന്നാസ്യോസിന്‍റെ മേല്‍നോട്ടത്തില്‍ കണ്ടനാട്ട് ആരംഭിച്ച ഈ പരിഭാഷാ പ്രക്രിയയില്‍ അദ്ദേഹത്തെ സഹായിച്ചത് അങ്കമാലി ചക്കരയകത്തൂട്ട് ഇട്ടൂപ്പ് കത്തനാര്‍, മാവേലിക്കര വല്യപെരുമ്പിഴെ കൊച്ചിട്ടി തരകന്‍, തിമ്മയ്യാ പിള്ള എന്നിവര്‍ മാത്രമാണ്.
10. ഉത്തമ സന്യാസിയും പഴയ സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ തന്നെ മേല്പട്ടസ്ഥാനത്തേക്കും മലങ്കരസഭാദ്ധ്യക്ഷ പദവിയിലേയ്ക്കും ഉയര്‍ത്തുവാന്‍ സമ്മതിച്ചത് സഹചര്യങ്ങളുടെ അനിവാര്യമായ സമ്മര്‍ദ്ദം കൊണ്ടായിരുന്നു. പാരമ്പര്യവാഴ്ച അവസാനിപ്പിക്കാന്‍ അദ്ദേഹം വിപ്ലവമൊന്നും അഴിച്ചുവിട്ടില്ല. സ്വയം നേതാവായി പ്രഖ്യാപിച്ചുമില്ല. മേലധികാരത്തെ അനുസരിക്കുകയും അതേസമയം അവരുടെ നടപ്പുദോഷത്തെ വിമര്‍ശിക്കുകയും ചെയ്ത പരമ സ്വാത്വികനായിരുന്നു മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍.
മുകളില്‍ പറഞ്ഞ വാദഗതികളൊക്കെ ശാസ്ത്രീയമായിത്തന്നെ തെളിയിക്കാന്‍ പറ്റും എന്ന ഉറപ്പുള്ളതിനാലാണ് ഫാ. ഡോ. ചീരന്‍റെ വിദ്വേഷപ്രസംഗത്തിനു വെല്ലുവിളി ഉയര്‍ത്തുന്നത്. ഇന്ന് കുന്നംകുളത്തിനോ പുലിക്കോട്ടില്‍ മെത്രാച്ചന്മാര്‍ക്കോ വല്ല അപമാനവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഫാ. ഡോ. ചീരന്‍റെ ഇത്തരം വികൃതികള്‍ക്കാണ്.
കുന്നംകുളത്തെയോ മാര്‍ ദീവന്നാസ്യോസ് ദ്വിതീയനേയോ മഹത്വവല്‍ക്കരിക്കാന്‍ അമ്മൂമ്മക്കഥകളെഴുതി ഫാ. ഡോ. ജോസഫ് ചീരന്‍ ബുദ്ധിമുട്ടണമെന്നില്ല. അവരുടെ മഹത്വവും അദ്വിതീയസ്ഥാനവും നസ്രാണികള്‍ക്കൊക്കെ പണ്ടേ പരിചിതവും ബഹുമാനിതവുമാണ്. കുന്നംകുളംകാരെ വെറും പരിഹാസകഥാപാത്രങ്ങളാക്കാനേ ഇത്തരം നവീന ചരിത്രസൃഷ്ടിക്കുള്ള ശ്രമം ഉപകരിക്കൂ. കാല്‍നൂറ്റാണ്ടായി അദ്ദേഹം തുടരുന്ന ഈ പ്രഹസനം ഇനിയെങ്കിലും അവസാനിപ്പിക്കുകയാവും കുന്നംകുളത്തിനു നല്ലത്. പ്രത്യേകിച്ചും മലങ്കരസഭാദ്ധ്യക്ഷന്‍ കുന്നംകുളം സ്വദേശിയായിരിക്കുന്ന ഈ കാലത്ത് ഇത്തരം വികലഭാവനകള്‍ ചരിത്രം എന്ന നിലയില്‍ പ്രസിദ്ധീകരിക്കുന്നത് അദ്ദേഹത്തെക്കൂടി പ്രതിരോധത്തിലാക്കുമെന്ന് സണ്‍ഡേസ്കൂള്‍ മാസികയുടെ പിന്നണി പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടിയിരുന്നു.
(സണ്‍ഡേസ്കൂള്‍ മാസിക, ജനുവരി – മാര്‍ച്ച് 2017)