ഒരു വടക്കന്‍ വീരഗാഥ / ഡോ. എം. കുര്യന്‍ തോമസ്

നസ്രാണി സമൂഹത്തിന് കാലോചിതമായ ആധുനികത കരഗതമാക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് മലങ്കരസഭാദ്ധ്യക്ഷന്മാരായിരുന്ന പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും തുടര്‍ന്ന് പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമനും നസ്രാണി കത്തനാര്‍മാരെ കല്‍ക്കട്ടായില്‍ ഉപരിപഠനത്തിന് അയച്ചത്. സ്വന്തം ചിലവിലും സഭാസഹായത്തോടെയും ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ അപ്രകാരം ഉപരിപഠനം നടത്തിയവരില്‍നിന്നും അനേകം പ്രഗല്‍ഭ വൈദികാദ്ധ്യക്ഷന്മാര്‍ സഭയില്‍ ഉയര്‍ന്നുവന്നു. അപ്രകാരം ഉപരിപഠനം നടത്തിയവരില്‍ ഏറ്റവും പ്രമുഖന്‍ മാവേലിക്കര പണിക്കരുവീട്ടില്‍ പി. ഗീവര്‍ഗീസ് കത്തനാരായിരുന്നു എന്നതില്‍ രണ്ടുപക്ഷമില്ല.
സമുദായ ചിലവില്‍ പഠിച്ചുവളര്‍ന്ന പണിക്കരു കത്തനാര്‍ പിന്നീട് സഭ സ്ഥാപിച്ച ബഥനി ആശ്രമത്തിന്‍റെ ഈവാനിയോസ് മെത്രാപ്പോലീത്തായായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ സ്വന്ത സഭയേയും, തന്നെ പുത്രതുല്യം സ്നേഹിച്ച സഭാദ്ധ്യക്ഷന്‍ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിനേയും ചതിച്ച് അദ്ദേഹം സഭാഭൃംശനം ചെയ്ത് 1930-ല്‍ റോമന്‍ കത്തോലിക്കനായി. തനിക്ക് മലങ്കരസഭ നല്‍കിയ ബഹുമാന്യത തന്‍റെ സ്വന്ത വ്യക്തിമാഹാത്മ്യമാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തിയ മാര്‍ ഈവാനിയോസ്, തന്നെപ്പോലെ പിതൃത്വം പരിത്യജിച്ച് നസ്രാണികളെല്ലാം തന്‍റെ പിന്നാലെ വിശ്വാസഘാതകരായി റോമന്‍ കത്തോലിക്കാ സഭയില്‍ ചേക്കേറുമെന്നു പ്രതീക്ഷിച്ചു. പക്ഷേ മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും, പണം വാരിയെറിഞ്ഞിട്ടും മാര്‍ ഈവാനിയോസിന്‍റെ മോഹഭംഗം നിലനില്‍ക്കുന്നു എന്നു ചുരുക്കത്തില്‍ ഇതിന്‍റെ ആത്യന്തിക ഫലത്തെ വിലയിരുത്താം.
മാര്‍ ഈവാനിയോസിന്‍റെ വിശ്വാസവഞ്ചന തന്നെ പൂര്‍ണ്ണമായി വിശ്വസിക്കുകയും പുത്രതുല്യം സ്നേഹിക്കുകയും ചെയ്ത മാര്‍ ദീവന്നാസ്യോസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചെങ്കിലും സഭാദ്ധ്യക്ഷനെന്ന നിലയില്‍ അദ്ദേഹവും മലങ്കരസഭയും മാര്‍ ഈവാനിയോസിന്‍റെ റോമാസഭാലിംഗനത്തെ നിസംഗതയോടെയാണ് കണ്ടത്. ഉയര്‍ന്ന പിതൃത്വബോധമുള്ള മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടുമായ നസ്രാണിക്ക് 1663-ല്‍ പറമ്പില്‍ ചാണ്ടി ചെയ്തതിന്‍റെ ആവര്‍ത്തനമായ മാര്‍ ഈവാനിയോസിന്‍റെ ചതി അതിനേക്കാള്‍ തികച്ചും നിസാരമായ ഒന്നായിരുന്നു. പുകഞ്ഞ കൊള്ളി പുറത്ത് എന്നു മാത്രമായിരുന്നു നസ്രാണിക്ക് മാര്‍ ഈവാനിയോസിന്‍റെ റോമാസഭാ പ്രവേശനം. മലങ്കരസഭയിലെ ആദ്യ എം.എ. ക്കാരന്‍ കത്തനാര്‍ എന്ന മാര്‍ ഈവാനിയോസിന്‍റെ ഹുങ്കിനെ എം.എ. ക്കാരന്‍ പോയാല്‍ എം.എ., ബി.ഡി. ക്കാരന്‍ എന്ന നിലയില്‍ നിസാരമായാണ് മലങ്കരസഭ നേരിട്ടത്. വൈദിക പാരമ്പര്യമുള്ള പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കുടുംബത്തില്‍ തോമ്മാ കത്തനാരുടെ പുത്രനും എം.എ., ബി.ഡി. ബിരുദധാരിയുമായ ഗീവര്‍ഗീസ് കത്തനാരെ 1930 നവംബര്‍ 3-ന് കേവലം 33-ാം വയസില്‍ മാര്‍ പീലക്സീനോസ് എന്ന പേരില്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്കുയര്‍ത്തിയാണ് മാര്‍ ഈവാനിയോസിന്‍റെ ചതിയോട് നസ്രാണി പ്രതികരിച്ചത്. പുത്തന്‍കാവില്‍ കൊച്ചുതിരുമേനി എന്ന പേരില്‍ നസ്രാണിപരിഷ അദ്ദേഹത്തെ നെഞ്ചിലേറ്റി ലാളിച്ചപ്പോള്‍ മുഖം നഷ്ടപ്പെട്ടത് മറുകണ്ടം ചാടിയ എം.എ.ക്കാരന്‍ മെത്രാനായിരുന്നു. മാര്‍ ഈവാനിയോസും പിന്‍ഗാമികളും സ്വപ്നത്തില്‍മാത്രം കണ്ട അത്യുന്നത മഹാപുരോഹിതസ്ഥാനമായ കാതോലിക്കേറ്റിന്‍റെ കാവല്‍ഭടന്‍ എന്ന വ്യക്തിമുദ്ര പതിപ്പിച്ചാണ് ആ യുവസേനാനി കടന്നുപോയത്.
പക്ഷേ ഇതുകൊണ്ടു മാത്രം നസ്രാണി, വിശിഷ്യാ നസ്രാണിത്വത്തിന്‍റെ ചാവേര്‍ഭടന്മാരായ കുന്നംകുളംകാര്‍, തൃപ്തരല്ലായിരുന്നു. തങ്ങളുടെ നസ്രാണിത്വവും മലങ്കര മെത്രാപ്പോലീത്തായോടുള്ള വിധേയത്വവും പരസ്യമായി പ്രകടിപ്പിക്കുവാന്‍ ഒരവസരത്തിനു അവര്‍ തരം പാര്‍ത്തിരിക്കുകയായിരുന്നു എന്നു പറയുന്നതിലും തെറ്റില്ല. കാരണം, പരമ്പരാഗതമായി ദേശീയ വൈദികനേതൃത്വത്തിനു മാത്രം കീഴ്വഴങ്ങിയും അതിന്‍റെ നിലനില്‍പ്പിനായി പോരാടിയും ഉള്ള ചരിത്രം മാത്രമാണ് കുന്നംകുളം നസ്രാണിക്കുള്ളത്. മാര്‍ ഈവാനിയോസിന്‍റെ ചതിക്കുശേഷം അത്തരമൊരവസരം അവര്‍ക്കു ലഭിച്ചത് 1932-ലാണ്. അത് അവര്‍ ഭംഗിയായി വിനിയോഗിക്കുകയും ചെയ്തു. മലങ്കരസഭയില്‍ തനിക്കു ലഭിക്കാതെപോയ കാതോലിക്കാ സ്ഥാനം മോഹിച്ച് 1930-ല്‍ റോമാസഭയില്‍ ചേക്കേറിയ മാര്‍ ഈവാനിയോസിനെ രണ്ടുവര്‍ഷം പുറവരമ്പത്തിരുത്തിയശേഷം കൊല്ലത്തെ ലത്തീന്‍ രൂപതയില്‍ നിന്ന് തിരുവനന്തപുരം അതിരൂപത സൃഷ്ടിച്ച് അതിന്‍റെ ആര്‍ച്ച്ബിഷപ്പായി റോമാ സഭ നിയമിച്ചതും 1932-ലാണെന്ന് ഓര്‍ക്കണം.
1932-ല്‍ കുന്നംകുളം-പഴഞ്ഞി പള്ളികളിലെ സന്ദര്‍ശനാര്‍ത്ഥം പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്തായും പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയും കുന്നംകുളത്ത് എഴുന്നള്ളി. തക്കംപാര്‍ത്തിരുന്ന കുന്നംകുളം നസ്രാണികള്‍ തങ്ങളുടെ പൗരുഷം തെളിയിക്കാന്‍ ഈ അവസരം മുതലെടുത്തു. മാപ്പിളശക്തിയുടെ പ്രകടനമായിരുന്ന അന്നത്തെ സ്വീകരണത്തെപ്പറ്റി അഡ്വ. ഡോ. പി. സി. മാത്യു പുലിക്കോട്ടില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു.
… 1932 നവംബറില്‍ മല്ലപ്പള്ളിത്തിരുമേനി പുത്തന്‍കാവില്‍ മാര്‍ പീലക്സിനോസ് തിരുമേനിയുമൊന്നിച്ച് കുന്നംകുളം സന്ദര്‍ശിച്ചു. കൂടെ ചെറിയമഠത്തില്‍ സ്കറിയാ മല്പാനുമുണ്ടായിരുന്നു. അതിഗംഭീരമായ ഒരു എതിരേല്പാണ് തിരുമേനിമാര്‍ക്ക് കുന്നംകുളം ജനാവലി നല്‍കിയത്. സ്വീകരണ ഘോഷയാത്രയ്ക്ക് ഒരു മൈല്‍ നീളമുണ്ടായിരുന്നുവെന്ന് ശെമ്മാശ്ശനായി വട്ടശ്ശേരില്‍ തിരുമേനിയുടെ കൂടെ അന്നുണ്ടായിരുന്ന മണലില്‍ യാക്കോബ് കത്തനാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലം ചെയ്ത അച്ചന്‍ എന്ന് കുന്നംകുളത്തുകാര്‍ ഭക്തിബഹുമാനപൂര്‍വ്വം പറയുന്ന പുലിക്കോട്ടില്‍ ഒന്നാമത്തെ മെത്രാപ്പോലീത്തായായ യൌസേഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ (സെമിനാരി സ്ഥാപകന്‍) ഓര്‍മ്മപ്പെരുന്നാള്‍ കുന്നംകുളം പുത്തന്‍പള്ളിയില്‍ വിപുലമായ രീതിയില്‍ കൊണ്ടാടുന്നതിലേക്കായിട്ടാണ് തിരുമേനിമാര്‍ ആഗതരായത്.
അന്നത്തെ കുന്നംകുളം പട്ടണത്തിലെ യുവതലമുറയില്‍പ്പെട്ട രണ്ട് ബറ്റാലിയന്‍ നസ്രാണി ‘യോദ്ധാക്കള്‍’ തിരുമേനിമാര്‍ക്ക് ഘോഷയാത്രയില്‍ അകമ്പടി സേവിച്ചു. പടച്ചട്ട അണിഞ്ഞ് തോക്കുകള്‍ ചുമലില്‍ ചായ്ച്ചുവെച്ച് പഴയപള്ളിയുടെ വിശാലമായ അങ്കണത്തില്‍ അണിനിരന്നുനിന്ന അവരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ വലിയ തിരുമേനി പരിശോധിച്ചു. മല്ലപ്പള്ളിത്തിരുമേനിയും, പുത്തന്‍കാവ് തിരുമേനിയും, യൂണിഫോം ഇട്ട് തോക്കുകള്‍ പിടിച്ചുനില്‍ക്കുന്ന ആ നസ്രാണി ഭടന്മാരുടെ മുന്‍നിരയില്‍ സിംഹാസനങ്ങളില്‍ ഉപവിഷ്ടരായിരുന്നു ഒരു ഗ്രൂപ്പ്ഫോട്ടോ എടുത്തു. എഴുപതു വര്‍ഷം മുന്‍പ് എടുത്ത ആ ചിത്രം ഒരു ചരിത്രരേഖയായി പലരും സൂക്ഷിക്കുന്നുണ്ട്. അതില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംശവടിയും പിടിച്ച് സെക്രട്ടറി മണലില്‍ യാക്കോബ് ശെമ്മാശ്ശനും, പുത്തന്‍കാവ് തിരുമേനിയുടെ അംശവടിയും പിടിച്ച് സെക്രട്ടറി എം. ജെ. സ്കറിയാ ശെമ്മാശ്ശനും നില്ക്കുന്നതായി കാണാം. ഈ ചിത്രം കുന്നംകുളത്തെ പല പഴയ വീടുകളുടേയും ചുമരിനെ അലങ്കരിക്കുന്നുണ്ട്. …
പുരാതന കാലംമുതല്‍ സുസജ്ജരും ആയോധനപ്രവീണരുമായ നസ്രാണിപ്പട ഉണ്ടായിരുന്നതായി രേഖകളുണ്ട്. തന്‍റെ ആവാസസ്ഥാനത്തിന്‍റെ ഭരണാധികാരിയോടു മാത്രം കൂറു പുലര്‍ത്തിയിരുന്ന പ്രാദേശിക നസ്രാണിപ്പടകള്‍ പക്ഷേ ജാത്യാഭിമാനം സംരക്ഷിക്കാന്‍ രാഷ്ട്രീയാതിര്‍ത്തികള്‍ക്ക് അതീതമായി സംഘടിച്ചിരുന്നു എന്നും ചരിത്രമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ജാതിക്കു കത്തനാര്‍ മാത്രമായിരുന്നു അവര്‍ക്ക് മേലധികാരി. 18-19 നൂറ്റാണ്ടുകളിലുണ്ടായ കേരളത്തിലെ രാഷ്ട്രീയ വ്യതിയാനങ്ങള്‍ നസ്രാണിപ്പടയുടെ സാന്നിദ്ധ്യത്തെ അപ്രസക്തമാക്കി. അതോടെ നസ്രാണി ആയോധനപരിശീലനരംഗത്തുനിന്നും പിന്മാറുകയും ചെയ്തു. എന്നാല്‍ നസ്രാണിപ്പരിഷയുടെ സംഘശാക്തീകരണത്തിനും ജാതിക്കു കത്തനാരുടെ ബഹുമാനത്തിനുമായി നസ്രാണി സംഘടിക്കുമെന്ന് 1932-ല്‍ കുന്നംകുളത്തുകാര്‍ തെളിയിച്ചു. അന്നത്തെ കാലത്ത് ആവശ്യത്തിനു കാക്കി യൂണിഫോമും തൊപ്പിയും തോക്കുകളും സംഘടിപ്പിച്ച് നാമമാത്രമായെങ്കിലും നസ്രാണിപ്പടയെ അവര്‍ പുനര്‍ജ്ജീവിപ്പിച്ചതിനെ ആത്മീയ അധിനിവേശ ശക്തികള്‍ക്ക് ശക്തമായ ഒരു താക്കീത് എന്ന നിലയില്‍ മാത്രമേ കാണാനാവൂ.
ജാതിക്കു കത്തനാരായ മലങ്കര മെത്രാപ്പോലീത്തായോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ 1932-ല്‍ കുന്നംകുളം നസ്രാണികള്‍ നടത്തിയ പരേഡിന്‍റെ മറ്റൊരു രൂപമായിരുന്നു 2008-ലെ കോട്ടയം മഹാസമ്മേളനം. തങ്ങളുടെ ജാതിക്കുതലവന്‍, പരിമിതശബ്ദനായ പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍, കേവലം ഒരു കല്പന പുറപ്പെടുവിച്ചപ്പോള്‍ കോട്ടയത്തു തടിച്ചുകൂടിയ നസ്രാണികള്‍ യൂണിഫോം ഇല്ലെങ്കിലും പ്രകടിപ്പിച്ചത് ഇതേ വികാരമാണ്. അവിടെ ഇല്ലാതെ പോയത് പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയെപ്പോലെ ഒരു നസ്രാണി സിംഹത്തിന്‍റെ ഗര്‍ജ്ജനം മാത്രമായിരുന്നു.
(ബഥേല്‍പത്രിക, ഒക്ടോബര്‍ 2014)