ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ –യൂറോപ്പ്– ആഫ്രിക്ക ഭദ്രാസനത്തിലെ ബെൽഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക അംഗം കാൽവിൻ പൂവത്തൂരിന് ശെമ്മാശ പട്ടം നൽകുന്നു. ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മേയ് 7 ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് ഭദ്രാസന മെത്രാപ്പൊ ലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ശെമ്മാശപട്ടം നൽകും.
യുകെയിൽ കുടിയേറിയ ഓർത്തഡോക്സ് വിശ്വാസികളിൽ ആദ്യമായി വൈദികവൃത്തിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തിയാണ് കാൽവിൻ. ലിസ്ബണിലെ ഫോർട്ട്ഹിൽ കോളേജിലെ പഠനത്തിനു ശേഷം ലണ്ടൻ ഗ്രീൻ വിച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടിയതിനുശേഷമാണ് കാൽവിൻ കോട്ടയം വൈദിക സെമിനാരിയിൽ ചേർന്നത്.
ബെൽഫാസ്റ്റിൽ താമസിക്കുന്ന അടൂർ ഇളമണ്ണൂർ പൂവത്തൂർ വീട്ടിൽ ജെയ്സൺ തോമസ് പൂവത്തൂരിന്റെയും ലിനിയുടെയും മകനാണ് കാൽവിൻ. സഹോദരി റിമ. അടൂർ– കടമ്പനാട് ഭദ്രാസനത്തിലെ ഇളമണ്ണൂർ സെന്റ് തോമസ് പള്ളിയായിരുന്നു ഇവരുടെ മാതൃഇടവക.
മലങ്കര ഓർത്തഡോക്സ് സഭ ആദ്യമായിട്ടാണ് യുകെയിൽ ശെമ്മാശപട്ട സ്ഥാനാരോഹണ ശുശ്രൂഷ നടത്തുന്നത്.