ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’ (teleportation) എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്‍റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ് ഇല്ലാതാവുകയും “പുതിയൊരു ഒറിജിനല്‍” വളരെ വിദൂരത്തില്‍ നിമിഷംകൊണ്ട് രൂപപ്പെടുകയും ചെയ്യുന്നു. മറ്റൊരു ഉദാഹരണം. അമേരിക്കയില്‍ ഒരു ഫോണ്‍ബൂത്തില്‍ കയറുന്ന സായ്പ് അവിടെ അപ്രത്യക്ഷമാവുകയും, ഞൊടിയിടയില്‍ അനന്തപുരിയില്‍ ഒരു ഫോണ്‍ബൂത്തില്‍ നിന്ന് കൂളായി ഇറങ്ങിവരികയും ചെയ്യുന്നു. ഇത്തരം രസകരമായ സങ്കല്‍പ്പത്തെയാണ് ടെലിപോര്‍ട്ടേഷന്‍ (വിദൂരസംവഹനം) എന്ന പേരില്‍ സൂചിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷന് പ്രിയങ്കരമാണ് ഇത്തരം സങ്കല്‍പ്പങ്ങള്‍.
നിങ്ങള്‍ക്ക് ഒരു സാധനം വളരെ ദൂരെയുള്ള ഒരു രാജ്യത്തേക്ക് അയക്കണമെങ്കില്‍, അത് ഭദ്രമായി പൊതിഞ്ഞുകെട്ടി, അനേക ദിവസങ്ങളോ, മാസങ്ങളോ എടുത്ത് വണ്ടിയിലും വള്ളത്തിലും വിമാനത്തിലുമൊക്കെയാണല്ലോ എത്തിക്കുന്നത്. ഇങ്ങനെ അയക്കുന്ന സാധനങ്ങള്‍ ഒരു നിമിഷംകൊണ്ട് ഭൂമിയില്‍ എവിടെ വേണമെങ്കിലും എത്തിക്കാമെന്ന അവസ്ഥ വന്നാല്‍ നമ്മുടെ കാര്‍ഗോ വിമാനങ്ങളും കപ്പലുകളും പോസ്റ്റല്‍ വകുപ്പുമെല്ലാം തൊഴില്‍രഹിതമാകും. ഇപ്പോഴത്തെ കമ്യൂണിക്കേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ സംവിധാനങ്ങളെല്ലാം അപ്രസക്തമാവും.
വെറും സങ്കല്‍പ്പമെന്ന് ഒരിക്കല്‍ തോന്നിയിരുന്ന ഈ ആശയത്തെ, വളരെ ഗൗരവമായിട്ട് എടുത്താണ് ക്വാണ്ടം ഫിസിക്സില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഊര്‍ജ്ജമായി മാറുന്ന ദ്രവ്യത്തിന്‍റെ അതിസൂക്ഷ്മതലങ്ങളില്‍ വ്യവഹരിക്കുന്ന ക്വാണ്ടം സിദ്ധാന്തമനുസരിച്ച് ഇത്തരം ടെലിപോര്‍ട്ടേഷന്‍ തത്ത്വത്തില്‍ സാദ്ധ്യമാണ്. മാത്രവുമല്ല, കുറെ മാസങ്ങള്‍ക്കു മുമ്പ് ഫോട്ടോണ്‍ കണികകളെ ഇങ്ങനെ വിദൂരസംവഹനം നടത്തി, ഇതിന്‍റെ പ്രായോഗികസാദ്ധ്യത വളരെ ചെറിയ അളവിലാണെങ്കിലും തെളിയിക്കുകയും ചെയ്തു.
ഇത് അത്ഭുതമെന്ന് വിചാരിക്കേണ്ട. മൂന്നുനാലു ദശകങ്ങള്‍ക്കു മുമ്പ് ഫാക്സ് യന്ത്രം പ്രചാരത്തില്‍ വന്നപ്പോള്‍ പലര്‍ക്കും അതു ഒരു അത്ഭുതമായിരുന്നു. ഞാന്‍ കൈ കൊണ്ട് എഴുതിയ ഒരു എഴുത്തോ അച്ചടിച്ച ഒരു കടലാസോ ഫാക്സ് മെഷീനില്‍ കയറ്റി ഏതാനും മിനിറ്റുകള്‍ക്കകം ലോകത്തിന്‍റെ വേറൊരുഭാഗത്ത് എത്തിക്കാന്‍ സാധിക്കും. പല പത്രങ്ങളും പുതിയ എഡിഷനുകള്‍ തുടങ്ങിയത് അങ്ങനെയായിരുന്നു. അന്ന് അത് ഒരു അത്ഭുതമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും കളിപ്പാട്ടം പോലെയായി ഫാക്സ് മെഷീന്‍. അതോടൊപ്പം കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും വന്നു. നമ്മുടെ എഴുത്തുകളോ രേഖകളോ ലേഖനങ്ങളോ ഒക്കെ കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്ത് അയക്കാന്‍ പറ്റും, അത് ഒരാള്‍ക്കല്ല ഇന്‍റര്‍നെറ്റ് കണക്ഷനുള്ള കോടാനുകോടി ആളുകള്‍ക്ക് ഒരേ സമയം അയക്കാന്‍ സാധിക്കും. ഇതും അത്ഭുതമായാണ് ആദ്യം കണ്ടത്. പക്ഷേ ഇപ്പോള്‍ നമ്മുടെ വിസ്മയം ഇല്ലാതായി. ഫാക്സിലും കമ്പ്യൂട്ടറിലും ദ്വിമാന ചിത്രങ്ങളോ രേഖകളോ ആണ് നാം അയക്കുന്നത്. എന്നാല്‍ ടെലിപോര്‍ട്ടേഷന്‍ ഉന്നംവയ്ക്കുന്നത് ത്രിമാന രൂപങ്ങള്‍, അതായത് നാം സാധാരണ ഉപയോഗിക്കുന്നതായ വസ്തുക്കള്‍ അയക്കണം എന്നാണ്. അത് ഇപ്പോള്‍ അത്ഭുതകരമായ സങ്കല്‍പ്പമായിട്ടാണ് നാം കരുതുന്നത്. പക്ഷേ അതും വാസ്തവത്തില്‍ പ്രായോഗികം ആയേക്കാം എന്നത് ചരിത്രപാഠം.
ക്വാണ്ടം സിദ്ധാന്തം അനുസരിച്ച് എങ്ങനെയാണ് ഇതു നടക്കുന്നത് എന്ന് അറിവുള്ളവര്‍ ഒരുപക്ഷേ നമുക്കു പറഞ്ഞുതരും. അതല്ല നമ്മുടെ വിഷയം. 1935-ലാണ് EPR Paradox എന്ന പേരില്‍ ഒരു പുതിയ ആശയം വന്നത്. EPR എന്നു പറഞ്ഞാല്‍ Einstein, Podolosky, Rosen എന്നീ മൂന്നു ശാസ്ത്രജ്ഞന്മാരുടെ പേരുകളുടെ ആദ്യക്ഷരങ്ങളാണ്. ക്വാണ്ടം സിദ്ധാന്തത്തോട് അനുഭാവമില്ലാതിരുന്ന ഐന്‍സ്റ്റീനിന്‍റെ പ്രത്യേകമായ താല്‍പര്യം അതിന്‍റെ പുറകിലുണ്ട്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ട് കണികകളെ (Particles) പ്രത്യേക സംവിധാനം ഉപയോഗിച്ച് പരസ്പരം വളരെ വളരെ അകലേക്ക് അകറ്റുന്നു എന്നു വിചാരിക്കുക. ഒന്ന് ഇവിടെയാണെങ്കില്‍ മറ്റത് ഭൂമിയുടെ മറുവശത്തായിരിക്കും. ഒന്ന് ഭൂമിയിലാണെങ്കില്‍ മറ്റേത് ചന്ദ്രനിലാണെന്ന് സങ്കല്‍പ്പിക്കുക. ഇതില്‍ ഒരു കണികയെ നാം നിരീക്ഷിക്കുന്നു, അഥവാ അളക്കുന്നു. അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ അതിനോട് ഇടപെടുന്നു എന്ന് വിചാരിക്കുക. അതേനിമിഷം വളരെ വളരെ ദൂരത്തിലുള്ള അതിന്‍റെ ഇണ കണികയ്ക്കും അതേ അനുഭവമുണ്ടാകുന്നു. അതിന്‍റെ കാരണം സാധാരണ ശാസ്ത്രത്തിന് വ്യക്തമല്ല. ഈ പരസ്പരബന്ധം എങ്ങനെ ഉണ്ടാകുന്നു എന്നതാണ് ചോദ്യം. സാധാരണ ഫിസിക്സിലെ നിയമമനുസരിച്ച് അതിന് ഒരു മാധ്യമം ആവശ്യമാണ്. ഇവിടെ സ്ഥലകാലങ്ങളുടെ മാധ്യമമില്ലാതെ അതിവിദൂരതയില്‍ രണ്ട് കണികകള്‍ തമ്മില്‍ പരസ്പരം പ്രതികരിക്കുന്നു എന്നതാണതിന്‍റെ വൈരുധ്യം.
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഡെന്‍മാര്‍ക്കുകാരനായ നീല്‍സ് ബോര്‍ ക്വാണ്ടം സിദ്ധാന്തം ഉന്നയിച്ചപ്പോള്‍ വാസ്തവത്തില്‍ സ്ഥലകാലങ്ങളെ അവഗണിക്കുന്ന പ്രവണത അതിനുണ്ടായിരുന്നു. അതുകൊണ്ട്, “സ്ഥലകാല”ങ്ങളെക്കുറിച്ച് പുതിയ ആപേക്ഷികതാ സിദ്ധാന്തമുണ്ടാക്കിയ ഐന്‍സ്റ്റീനിന് ക്വാണ്ടം സിദ്ധാന്തത്തോട് ആദ്യം വലിയ പ്രതിപത്തി ഇല്ലായിരുന്നു. മാധ്യമമില്ലാതെ രണ്ടു കണികകള്‍ വളരെ അകന്നുനിന്ന് സമാനമായി പ്രതികരിക്കുന്നു എന്ന പ്രതിഭാസത്തെ, അദ്ദേഹം ഇംഗ്ലീഷില്‍ spooky action at a distance എന്നാണ് വിശേഷിപ്പിച്ചത്. ഏതാണ്ട് ഇന്ദ്രജാലം പോലെയോ, പ്രേതബാധപോലെ പോലെയോ യുക്തിസഹമല്ലാത്ത ഒന്ന്. അത് ശാസ്ത്രീയമല്ല, പക്ഷേ അങ്ങനെ നടക്കുന്നുണ്ട് എന്ന് നിഷേധിക്കാനും വയ്യ. അതുകൊണ്ട് ഇത് പറഞ്ഞ ക്വാണ്ടം സിദ്ധാന്തം അപൂര്‍ണ്ണമാണ്, ആ സിദ്ധാന്തം പൂര്‍ണമായി ആവിഷ്ക്കരിക്കപ്പെടുമ്പോള്‍, ഈ പ്രതിഭാസം യുക്തിപരമായി വ്യക്തമാകും എന്നാണ് ഐന്‍സ്റ്റീന്‍ ചിന്തിച്ചത്.
ക്വാണ്ടം സിദ്ധാന്തത്തിന്‍റെ അപൂര്‍ണ്ണത കാണിക്കാനാണ് EPR Paradox അദ്ദേഹം കൊണ്ടുവന്നത്. അത് ഒരു സാങ്കല്‍പ്പിക പരീക്ഷണമായിരുന്നു. ഇംഗ്ലീഷില്‍ “thought experiment” എന്നു പറയും. എന്നാല്‍ 30 വര്‍ഷങ്ങള്‍ക്കുശേഷം ജോണ്‍ ബെല്‍ എന്ന ഭൗതിക ശാസ്ത്രജ്ഞന്‍ യഥാര്‍ത്ഥ പരീക്ഷണം നടത്തി അത് തെളിയിച്ചു. ഇങ്ങനെ ഒരു പ്രതിഭാസം വാസ്തവത്തില്‍ ഉണ്ട്; കണികകള്‍ തമ്മില്‍ മാധ്യമമില്ലാതെ തന്നെ ബന്ധപ്പെടുന്നു; അതുപോലെതന്നെ ഒന്നിനെ നാം നിരീക്ഷിക്കുമ്പോള്‍ അതിന്‍റെ അനുഭവം മറ്റേതിനും ഉണ്ടാകുന്നു. അപ്പോള്‍ ആ പ്രതിഭാസം നിലനില്‍ക്കുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ആശയവിനിമയം (Communication) നടക്കുന്നുണ്ട് എന്ന് ബെല്‍ പരീക്ഷണം വ്യക്തമാക്കി. അതുപോലെതന്നെ ഈ കണികകളെ സ്ഥലകാലങ്ങളുടെ മാധ്യമമില്ലാതെ വിദൂരതയിലേക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്യാം (സംവഹിക്കാം). വാസ്തവത്തില്‍ അതാണ് ടെലിപോര്‍ട്ടേഷന്‍ എന്ന ആശയത്തിലേക്ക് വഴിതെളിച്ചത്. ഇത് ഇപ്പോള്‍ അത്ഭുതമാണ്, ഈ അത്ഭുതത്തിനു പുറകില്‍ സാധാരണ യുക്തിക്കു ചേരുന്ന ഒരു വിശദീകരണം നല്‍കാന്‍ ഇപ്പോള്‍ ശാസ്ത്രത്തിന് ആവില്ല.
എന്തിനാണ് ഈ പുതിയ ആശയം ഇവിടെ സൂചിപ്പിച്ചത് എന്നു ചോദിച്ചാല്‍, പഴയ മതവിശ്വാസത്തിലും പുതിയ ശാസ്ത്രത്തിലുമുള്ള ചില സമാനതകള്‍ ചൂണ്ടിക്കാണിക്കാനാണ്. ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് ഒരു അത്ഭുതമാണ്, ആ അത്ഭുതമാണ് ക്രിസ്തീയ വിശ്വാസത്തിന്‍റെ കേന്ദ്രം. പൗലോസ് അപ്പോസ്തോലന്‍ പറഞ്ഞതുപോലെ ‘യേശുക്രിസ്തു ഉയിര്‍ത്തിട്ടില്ല എങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം’ (1 കൊരി. 15:17). അതിന്‍റെ അര്‍ത്ഥം ക്രിസ്തീയ വിശ്വാസത്തിന്‍റെ ആണിക്കല്ല്, ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവാണ്, ഉയിര്‍പ്പ് നിര്‍ണ്ണായകമാണ് എന്നാണ്. സാധാരണ വ്യാഖ്യാനങ്ങളില്‍, സുവിശേഷങ്ങളില്‍ പറയുന്ന ഒഴിഞ്ഞ കല്ലറ (Empty tomb) ക്രിസ്തുവിന്‍റെ ഉയിര്‍പ്പിന്‍റെ തെളിവായി ക്രിസ്തീയ വിശ്വാസികള്‍ കരുതുന്നു. കര്‍ത്താവിന്‍റെ ആരാധകരായ സ്ത്രീകളാണ് ആദ്യം ഒഴിഞ്ഞ കല്ലറ കണ്ടത്. അവരുടെ സാക്ഷ്യം അനുസരിച്ച് പത്രോസും യോഹന്നാനുമൊക്കെ അതു പോയി കണ്ടു. കല്ലറയില്‍ അടക്കംചെയ്ത ക്രിസ്തുവിന്‍റെ ശരീരം അവിടെ ഇല്ല എന്നാണ് അവര്‍ മനസ്സിലാക്കിയത്. ഒരു ദൂതന്‍ സ്ത്രീകളോട് ക്രിസ്തു ഉയിര്‍ത്തു എന്ന് അറിയിക്കയും ചെയ്തു. അപ്പോള്‍ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് അവര്‍ പ്രഘോഷിച്ചു. ആ പ്രഘോഷണമാണ് ക്രിസ്തീയ വിശ്വാസത്തിന്‍റെ നാരായവേരായി കരുതപ്പെടുന്നത്.
എന്നാല്‍ കല്ലറയില്‍ നിന്ന് അപ്രത്യക്ഷനായ ക്രിസ്തു വാതിലുകളും ജനലുകളും ഭദ്രമായി അടച്ച മുറിയില്‍ അപ്പോസ്തോലന്മാര്‍ക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു എന്നാണ് സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നത്. അങ്ങനെയുള്ള ഒരു സംഭവം – ഒരിടത്ത് അപ്രത്യക്ഷമാകുകയും, വേറൊരിടത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സംഭവം – വിശ്വാസികള്‍ മാത്രം വിശ്വസിക്കുന്ന ഒന്നാണ്. അത് അന്ധവിശ്വാസമാണ്, അസത്യമാണ് എന്ന് പറഞ്ഞ് തള്ളിക്കളയുന്ന ധാരാളം ആളുകള്‍ ലോകത്തില്‍ ഉണ്ട്. അത്ഭുതം എന്ന് കരുതുന്ന സംഗതി അവിടെ നടന്നു എന്നാണ് വിശ്വാസികള്‍ കരുതുന്നത്. ശാസ്ത്രംകൊണ്ട് വിശ്വാസത്തെ തെളിയിക്കാനോ, വിശ്വാസംകൊണ്ട് ശാസ്ത്രത്തെ ചെറുതാക്കാനോ അല്ല ഇക്കാര്യം ഇവിടെ സൂചിപ്പിക്കുന്നത്. ടെലിപോര്‍ട്ടേഷന്‍ എന്ന ശാസ്ത്രത്തിലെ ഒരു സങ്കല്‍പ്പം വിരോധാഭാസമായി, നിലനില്‍ക്കുന്നു. അതേസമയം അതിനു പ്രായോഗികമായ ഒരു യാഥാര്‍ത്ഥ്യം ഉണ്ട് എന്ന് കണ്ടതുപോലെ തന്നെ, ക്രിസ്തീയ വിശ്വാസത്തിലും അത്ഭുതം എന്ന് വ്യവഹരിക്കപ്പെടുന്ന ചില സംഗതികളെ പുതിയ ശാസ്ത്രം ഏതാണ്ട് ഒരളവില്‍ ന്യായീകരിക്കുന്നതുപോലെ, തോന്നുന്നു. ഇത് ഒരു സൂചന മാത്രമാണ്. ഒരു തെളിവായി എടുക്കാനല്ല ഇത് പറയുന്നത്.
നമ്മുടെ ഈ സ്ഥൂല ലോകത്തില്‍ ഭൗതികമായി നാം കാണുകയും ഇടപെടുകയും ചെയ്യുന്ന “യഥാര്‍ത്ഥ” ലോകത്തിന്‍റെ അടിസ്ഥാനമായുള്ളത് അതി സൂക്ഷ്മമായ ക്വാണ്ടം ലോകമാണ്. അണുഗര്‍ഭത്തിനുള്ളിലെ കണികകളും ഉപകണികകളും അവയുടെ പ്രവചനവിധേയമല്ലാത്ത ഊര്‍ജ്ജ വ്യവഹാരങ്ങളും അനിശ്ചിതമായ സംഭവ്യതകളുമൊക്കെയാണ് ക്വാണ്ടം ഫിസിക്സിന്‍റെ തട്ടകം. നാം സാധാരണ യാഥാര്‍ത്ഥ്യമായി കരുതുന്ന ദ്രവ്യപ്രപഞ്ചം ഉറപ്പുള്ളതാണ്, ഉപകരണങ്ങള്‍കൊണ്ട് മാറ്റിമറിക്കാവുന്നതാണ്. പക്ഷേ, ഇങ്ങനെ ഉറപ്പുള്ള ദ്രവ്യപ്രപഞ്ചത്തിന്‍റെ അടിയില്‍, അല്ലെങ്കില്‍ ഉള്ളിന്‍റെ ഉള്ളില്‍, ഒട്ടുംതന്നെ പ്രവചനവിധേയമല്ലാത്ത, നിയാമകമല്ലാത്ത ഒരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ട്. ഉദാഹരണമായി നമ്മള്‍ ഒരു നൂറു നിലയുള്ള കെട്ടിടത്തില്‍ നില്‍ക്കുന്നു എന്നു വിചാരിക്കുക. അതിശക്തമായി പണിതിരിക്കുന്ന ഒന്നാണ്. നമുക്കതില്‍ ഭയമില്ല, ഈ കെട്ടിടം താഴെ പോകില്ല എന്നു നമുക്കറിയാം. പക്ഷേ, അതു പണിത ശില്പി വന്നു പറയുകയാണ്, ഇതിങ്ങനെ കോണ്‍ക്രീറ്റ് കൊണ്ടും ലോഹംകൊണ്ടും ദൃഢമായി പണിതിട്ടുണ്ട്; പക്ഷേ, ഇതിന് ശരിയായ അടിസ്ഥാനം ഒന്നുമില്ല; ഒരു കുഴമ്പുരൂപത്തിലുള്ള ദ്രാവകത്തിലാണ് ഈ കെട്ടിടം ഇട്ടിരിക്കുന്നത്, വെള്ളംപോലെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകുന്ന ദ്രാവകത്തിലാണ് ഇത് കിടക്കുന്നത് എന്നു പറഞ്ഞാല്‍ നമ്മുടെ ഉള്ളൊന്ന് കാളും. വീണ്ടും അതില്‍ കയറാന്‍ നാം ഒരിക്കല്‍കൂടി ആലോചിച്ചു എന്നു വരാം. ഏതാണ്ട് ഇതുപോലെയാണ് നാം കാണുന്ന ഉറപ്പുള്ള പ്രപഞ്ചം, ഐസക്ക് ന്യൂട്ടന്‍റെ തത്വങ്ങളനുസരിച്ച് ഭൗതിക ബലങ്ങളും അതിന്‍റെ ആകര്‍ഷണ, വികര്‍ഷണങ്ങളും നാം ഭംഗിയായി സാധാരണ ഫിസിക്സില്‍ പഠിക്കുന്നുണ്ട്. പക്ഷേ, ഇതിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഉള്ള യാഥാര്‍ത്ഥ്യം ഈ നിയമങ്ങള്‍ക്ക് ഒന്നും വിധേയമാകാത്ത ഒന്നാണ് എന്ന് നാം അറിയുമ്പോള്‍ അത് വലിയ വൈരുധ്യമായിത്തോന്നാം. ഈ വൈരുദ്ധ്യം വിസ്മയം ഉണ്ടാക്കുന്നതാണ്. ഈ വിസ്മയം നാം നിലനിര്‍ത്തണം എന്നു മാത്രമെ വിശ്വാസത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും താരതമ്യത്തിന്‍റെ ഫലമായി പറയുവാന്‍ സാധിക്കുകയുള്ളു. ആദ്യമെ സൂചിപ്പിച്ചതുപോലെ, ഒന്ന് മറ്റൊന്നിനെ തെളിയിക്കുന്നു എന്നോ നിരാകരിക്കുന്നു എന്നോ പറയാനാവില്ല. വിസ്മയിക്കാനുള്ള മനുഷ്യന്‍റെ ശേഷി ശാസ്ത്രത്തിലും മതത്തിലും ഒരുപോലെയാണ്.
യേശുക്രിസ്തു ഒരിക്കല്‍ പറഞ്ഞു, ‘ആരെങ്കിലും തന്‍റെ ഹൃദയത്തില്‍ സംശയിക്കാതെ, താന്‍ പറയുന്നത് സംഭവിക്കും എന്ന് വിശ്വസിച്ചുകൊണ്ട് ഈ മലയോട് നീങ്ങി കടലില്‍ ചാടിപ്പോക എന്നു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ സംഭവിക്കും എന്നു സത്യമായിട്ട് ഞാന്‍ പറയുന്നു’ (മര്‍ക്കോ. 11:23). ക്വാണ്ടം തലത്തില്‍ ഇങ്ങനെ ഒരു സംഭവം സംഭവിക്കാനുള്ള സാധ്യത (probability) തത്വത്തില്‍ നിലനില്‍ക്കുന്നു. ടെലിപോര്‍ട്ടേഷന്‍ എന്ന ആശയം ക്വാണ്ടം യാഥാര്‍ത്ഥ്യത്തിന്‍റെ സാധ്യതയെ സൂചിപ്പിക്കുന്നു എന്ന് പറയാം. നിരീക്ഷകന്‍റെ വിശ്വാസവും ബോധ്യവും ക്വാണ്ടം ശാസ്ത്ര പരീക്ഷണങ്ങളില്‍ പ്രബലമായ സ്വാധീനം ചെലുത്തുന്നു. നാം സ്കൂളില്‍ പരിചയിക്കുന്ന ക്ലാസ്സിക്കല്‍ ഭൗതികസിദ്ധാന്തം പഠിപ്പിക്കുന്നതുപോലെ വസ്തുനിഷ്ഠവും, നിരീക്ഷകനില്‍ നിന്ന് വേറിട്ടതുമായ ഒരു യാഥാര്‍ത്ഥ്യം ക്വാണ്ടം തലത്തില്‍ ഇല്ല. നമ്മുടെ സാധാരണ ലോകത്തിലാണ് ന്യൂട്ടന്‍റെ തത്വങ്ങള്‍ – വിവിധ ബലങ്ങള്‍, ആകര്‍ഷണ വികര്‍ഷണങ്ങള്‍ – ബാധകമായിട്ടുള്ളത്. അതിസൂക്ഷ്മമായ ക്വാണ്ടം തലത്തില്‍ അവ നിലനില്‍ക്കുന്നില്ല. ഏറ്റവും അത്ഭുതകരമായ സംഗതി ഉറച്ചതും പ്രവചനവിധേയവുമായ നമ്മുടെ “യഥാര്‍ത്ഥ” ലോകത്തിന്‍റെ അടിയില്‍ ഈ നിയമങ്ങളൊന്നും ബാധകമല്ലാത്ത മറ്റൊരു മൗലിക യാഥാര്‍ത്ഥ്യമുണ്ട് എന്നതാണ്. അതുകൊണ്ട് ക്രിസ്തുവിന്‍റെ ഉയിര്‍പ്പില്‍ സംഭവിച്ചതെന്താണ് എന്ന് നമുക്ക് ശാസ്ത്രീയമായി വ്യക്തമാക്കാന്‍ കഴിയില്ല, എങ്കിലും ക്വാണ്ടം സിദ്ധാന്തത്തില്‍ പറയുന്നതനുസരിച്ച് ഇതൊക്കെ സംഭവ്യതയില്‍പ്പെട്ടതാണ്, അസംഭവ്യമല്ല എന്ന് നമുക്ക് പറയാം.