ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ സന്ദേശം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ക്രിസ്തുവിന്‍റെ സന്ദേശം ഒരു കാലത്തും ഒറ്റവാക്കിലൊതുക്കാന്‍ ആവാത്തതു തന്നെ. എന്നാല്‍ ഇന്ന് ദാരിദ്ര്യവും അജ്ഞതയും യുദ്ധഭീതിയും അഴിമതിയും നടമാടുന്ന ലോകത്തില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്നൊരു സന്ദേശത്തിന് വല്ല പ്രസക്തിയുമുണ്ടോ എന്ന് ക്രിസ്ത്യാനികള്‍ തന്നെ ഇരുന്നു ചിന്തിക്കേണ്ടതാണ്.
ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നത് ഇന്നത്തെ ജനങ്ങള്‍ക്ക് ബോധ്യമാവണമെങ്കില്‍ മരണത്തിന്‍റെയും അന്ധകാരത്തിന്‍റെയും ശക്തികളെ അടിച്ചോടിക്കുന്ന ഒരു ശക്തി ക്രിസ്ത്യാനികളില്‍ നിന്നുണ്ടാവണം.
ഇന്നു നമ്മുടെ നാട്ടിലുള്ള കൈക്കൂലിയിലും അഴിമതിയിലും മറ്റാരുടെയും പിറകിലല്ല ക്രിസ്ത്യാനികള്‍. ഈ പ്രലോഭനങ്ങള്‍ക്കെതിരെ ധാര്‍മ്മികശക്തിയോടെ മല്ലിടുന്ന മനുഷ്യര്‍ ക്രിസ്ത്യാനികളുടെയിടയിലെന്നപോലെ മറ്റു സമുദായങ്ങളിലുമുണ്ട്. എങ്കിലും ധാര്‍മികതയ്ക്കുവേണ്ടി സ്വന്ത താല്‍പര്യങ്ങളെ ബലികഴിക്കുവാനുള്ള ശക്തിയാണല്ലോ ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ പ്രത്യേകത. ആ ക്രൂശിന്‍റെ ശക്തി ക്രിസ്ത്യാനികളില്‍ ധാരാളമായി കാണുമ്പോഴേ, ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ചുള്ള അവരുടെ പ്രഖ്യാപനത്തിന് കാര്യമായ അര്‍ഥമുണ്ടാകൂ.
ക്രൂശില്ലാതെ ഉയിര്‍ത്തെഴുന്നേല്‍പില്ല എന്നതാണു ക്രിസ്തീയ സന്ദേശം. ഉയിര്‍പ്പിന്‍റെ ധാര്‍മികശക്തി മനുഷ്യരാശിയില്‍ പടരണമെങ്കില്‍ ക്രൂശു വഹിക്കാന്‍ തയാറുള്ള ക്രിസ്ത്യാനികള്‍ ധാരാളമുണ്ടാകണം. ധാര്‍മികതയ്ക്കു വേണ്ടി ത്യാഗം അനുഷ്ഠിക്കുന്ന മനുഷ്യര്‍ ക്രിസ്ത്യാനികളുടെയിടയിലും മറ്റു സമുദായങ്ങളിലുമുണ്ട്. എങ്കിലും അധര്‍മ്മത്തിനെതിരായ ഒരു സമഗ്രമായ ആക്രോശനം നമ്മുടെ ഭാരതീയ ജനതയില്‍ നിന്ന് ഇപ്പോഴും ഉയരുന്നില്ല എന്നതാണ് പരിതാപകരമായിത്തോന്നുന്നത്.
ആന്തുലെ അനേക ലക്ഷങ്ങള്‍ അടിച്ചമര്‍ത്തിയെന്നു പറയുമ്പോഴോ, മന്ത്രിമാര്‍ കൈക്കൂലി വാങ്ങി പണക്കാരായി എന്നു കേള്‍ക്കുമ്പോഴോ നമുക്കുണ്ടാകുന്ന വികാരമെന്താണ്? അവര്‍ സമര്‍ഥരായതുകൊണ്ട് അവര്‍ക്കതു സാധിച്ചു എന്നൊരു ചിന്തയല്ലാതെ, എത്ര വലിയവനായാലും അഴിമതിയും കൈക്കൂലിയും കൊണ്ടു പണമുണ്ടാക്കുന്നവനെ ശരിയായി ശിക്ഷിക്കണമെന്നൊരു തോന്നല്‍ അധികം മനുഷ്യര്‍ക്കുമുണ്ടാവുന്നില്ല. പത്രങ്ങളിലും ആ രീതിയില്‍ വളരെയൊന്നും കാണുന്നില്ല.
ബീഹാറിലും മറ്റു പ്രദേശങ്ങളിലും ഗിരിജനങ്ങളെയും ഹരിജനങ്ങളെയും നിര്‍ദയം മര്‍ദിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഭൂവുടമകളെപ്പറ്റി നമുക്കുണ്ടാവുന്ന രോഷത്തിന്‍റെ പരിമാണം എത്രയോ ചെറിയതാണ്. കേരളത്തില്‍ പാവപ്പെട്ടവരെ അത്രതന്നെ നിഷ്കരുണം പീഡിപ്പിക്കുവാന്‍ സാധ്യമല്ലെന്നത് വാസ്തവം തന്നെ. എന്നാല്‍ അധ്വാനിക്കാതെ പണമുണ്ടാക്കുക എന്നതല്ലേ ഇന്ന് നമ്മിലധികം പേരുടെയും ജീവിതലക്ഷ്യം?
ക്രിസ്തുവിന്‍റെ ക്രൂശ് വഹിക്കുക എന്നു പറഞ്ഞാല്‍ ഇന്ന് അഴിമതിക്കും ചൂഷണത്തിനുമെതിരെ ശബ്ദമുയര്‍ത്തുകയാണ്. രാഷ്ട്രീയക്കാരുടെ ഇടയില്‍ മാത്രമല്ല ഇന്ന് അഴിമതി നടമാടുന്നത്. അവരുടെയിടയിലും സത്യസന്ധതയും ധാര്‍മികബോധവുമുള്ള കുറെപ്പേരുണ്ട്. പക്ഷേ ക്രൈസ്തവ സഭകളിലും സഭയുടെ വകയായി നടത്തപ്പെടുന്ന സ്ഥാപനങ്ങളിലും കാണുന്ന ധാര്‍മികതയുടെ നിലവാരം എത്രയോ താഴ്ന്നതാണ്?
ക്രിസ്തുവിന്‍റെ ക്രൂശു വഹിക്കുക എന്നു പറഞ്ഞാല്‍ അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ‘സംഭാവന’ വാങ്ങി നടത്തുന്ന സ്ഥാപനങ്ങള്‍ നടന്നില്ലെന്നു വരും. പലര്‍ക്കും തൊഴിലില്ലാതായി എന്നു വരും. വളരെപ്പേര്‍ക്ക് കോളജില്‍ പഠിക്കാന്‍ സാധിച്ചില്ലെന്നു വരും. പക്ഷേ ആ കുരിശു വഹിക്കാതെ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് കൊണ്ടാടുന്നതില്‍ അസാംഗത്യമില്ലേ എന്ന് എല്ലാ ക്രിസ്ത്യാനികളും അവരുടെ നേതാക്കന്മാരും ചിന്തിക്കേണ്ടതാണ്.
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ സന്ദേശം ആനന്ദത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശമാണ്. പക്ഷേ, ഉയിര്‍ത്തെഴുന്നേല്പിലേക്കുള്ള വഴി ക്രൂശില്‍ക്കൂടെയല്ലേ? കുറെ ത്യാഗങ്ങള്‍ മനുഷ്യരും സ്ഥാപനങ്ങളും അനുഷ്ഠിക്കാതെ ഒരു സമൂല പരിവര്‍ത്തനം നമ്മുടെ സമൂഹത്തിലുണ്ടാകുമോ? അതിന് നാം തയ്യാറുണ്ടോ എന്നതാണ് സമൂഹത്തില്‍ ധാര്‍മികതയുടെ പതനത്തെപ്പറ്റി നാം വിലപിക്കുമ്പോഴൊക്കെ ചിന്തിക്കേണ്ടത്.
ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു. പക്ഷേ, മനുഷ്യരാശിയിലിന്നും മരണമാണു നടമാടുന്നത്. ലോകത്തില്‍ സമാധാനമില്ല. ധനികനും ദരിദ്രനും തമ്മിലുള്ള വിടവ് അകന്നകന്നു വരുന്നു. കോടിക്കണക്കിനു ജനങ്ങള്‍ ഉണ്ണാനും ഉടുക്കാനുമില്ലാതെ കഷ്ടപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ പോലും തൊഴിലില്ലാത്തവരുടെ സംഖ്യ അനുദിനം വര്‍ധിച്ചുവരുന്നു.
രാഷ്ട്രീയത്തിലും ഗവണ്‍മെന്‍റിലും അഴിമതി അഴിഞ്ഞാടുന്നു. പണമുള്ളവര്‍ക്ക് മനഃസമാധാനമില്ല. സ്വന്ത സുഖവും ആഗ്രഹപൂരണവും തേടിപ്പോയ മനുഷ്യര്‍ സ്വാര്‍ഥത്തിന്‍റെ വലിയ കിണറ്റില്‍ വീണുകിടന്ന് നിലവിളിക്കുന്നു. അവനെ വലിച്ചു കയറ്റാനാളില്ല.
സുഖമോഹവും സ്നേഹരാഹിത്യവും ഒരുമിച്ചാണ് മരണത്തെ മാടിവിളിച്ചുകൊണ്ടുവരുന്നത്. മനുഷ്യരാശിയുടെ രോഗം മാറണമെങ്കില്‍ ക്രിസ്തുഭഗവാന്‍ കാണിച്ചുതന്ന ത്യാഗാത്മകമായ സ്നേഹത്തിന്‍റെ പന്ഥാവില്‍ ചരിപ്പാന്‍ വ്യക്തികളും സമൂഹങ്ങളും തയാറാകണം.
സമുദായങ്ങള്‍ പരസ്പരം മല്‍സരിച്ച്, തങ്ങളെത്തന്നെ ഉയര്‍ത്തിക്കാട്ടി വീമ്പടിക്കാന്‍ ശ്രമിക്കാതെ പരസേവനത്തില്‍ വ്യഗ്രരാകുമ്പോള്‍ അവരറിയാതെ അവര്‍ക്ക് മഹത്വമുണ്ടായിക്കൊള്ളും. മറ്റുള്ളവര്‍ക്കുവേണ്ടി, തങ്ങളുടെ ജീവന്‍ നല്‍കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല. അതാണ് ക്രൂശിന്‍റെ മാര്‍ഗം. ദരിദ്രന്‍റെ ഉന്നമനത്തിലും മര്‍ദിതനെയും ചൂഷിതനെയും സംരക്ഷിക്കുന്നതിലും നാം ജീവിതലക്ഷ്യപൂരണം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോള്‍ ക്രൂശിന്‍റെയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെയും ശക്തിയുള്ള സന്ദേശത്തിനു സാംഗത്യമുണ്ടാകും.
(മലയാള മനോരമ സണ്‍ഡേ സപ്ലിമെന്‍റ്, 11 ഏപ്രില്‍ 1982)