ഇടവക പെരുന്നാളാഘോഷം ഒഴിവാക്കി; ആലീസിനൊരു വീടായി

കറുകച്ചാൽ∙ നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ആലീസിന് ലഭിച്ചത് സ്വപ്ന ഭവനം.ഇടവക വലിയ പെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കി മിച്ചംപിടിച്ച പണവും ഇടവകക്കാർ നൽകിയ സംഭാവനയും ഉപയോഗിച്ചാണ് ഇടവകാംഗമായ കല്ലടയിൽ ആലീസിന് സ്ഥലം വാങ്ങി വീടു നിർമ്മിച്ചു നൽകിയത്.

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലി ഭവനദാന പദ്ധതിയുടെ സഹകരണവും പദ്ധതിക്ക് മുതൽക്കൂട്ടായി. പാമ്പാടി പൊത്തൻപുറത്ത് അഞ്ചു സെന്റ് സ്ഥലം മൂന്നുലക്ഷം രൂപയ്ക്ക് വാങ്ങി.തുടർന്ന് അഞ്ചര ലക്ഷത്തോളം രൂപ മുടക്കി മൂന്നു മുറികളടങ്ങുന്ന വീടു നിർമിക്കുകയായിരുന്നു.

ആലീസിന്റെ ഭർത്താവ് നാലുവർഷം മുൻപു മരിച്ചു. രണ്ടു പെൺമക്കൾ മാത്രമാണ് ഉള്ളത്. ഇവരുടെ അവസ്ഥ അറിഞ്ഞാണ് ഇടവക ജനം വീടു നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിനായി പെരുന്നാളിന്റെ വെടിക്കെട്ടടക്കമുള്ള ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു. വീടിന്റെ താക്കോൽ ദാനവും വെഞ്ചരിപ്പും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിച്ചു. വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളക്കലിന്റെ നേതൃത്വത്തിലാണ് രണ്ടു മാസങ്ങൾകൊണ്ട് വീട് നിർമാണം പൂർത്തീകരിച്ചത്.