പൗരസ്ത്യ ദേവാലയം വിൽപ്പനക്ക്

For sale

ഇത് ഇന്നലത്തെ മലയാള മനോരമ ഡൽഹി എഡിഷനിൽ  വന്ന ഒരു പരസ്യം. ഇന്ന് റോമൻ കത്തോലിക്കാ സഭക്ക് ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അജ ശോഷണം നമ്മുടെ ഇന്ത്യയിലും പ്രകടമായി തുടങ്ങി എന്നതിന് ഇതിൽ കൂടുതൽ വ്യകതമായ ഒരു തെളിവിന്റെ ആവശ്യമില്ല. ഇത്,നമ്മോട് പറയാതെ പറയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്‌. നാളെ ഒരു പക്ഷെ നമ്മുടെ ഓർത്തഡോൿസ് സുറിയാനി സഭയ്ക്കും കേരളത്തിന് വെളിയിൽ സംഭവിച്ചു കൂടായികയില്ലാത്ത സ്ഥിതിവിശേഷം. ഇനിയെങ്കിലും നാം നിസ്സംഗത പാലിക്കാതെ എന്നെയോ എന്റെ സഭയെയോ ഒരുതരത്തിലും ഇത് ബാധിക്കുകയില്ല അഥവാ എന്തെങ്കിലും സംഭവിച്ചാൽ അത് നേതൃത്വം നോക്കിക്കൊള്ളും എന്നോ, അവരെ പഴിചാരിയോ ഇനിയും മറിനിൽക്കരുത്. നമ്മുടെ വരും തലമുറയെ ഇടവകയോടും അതിലെ അദ്ധ്യാതമീക പ്രസ്‌സ്ഥാനങ്ങളോടും അടുപ്പിച്ചു നിർത്ത തക്ക ഒരു പ്രവർത്തന രേഖ ഇക്കാലത്തിനു അനുസരിച്ചു നമ്മൾ അവലംബിച്ചില്ലാ എങ്കിൽ ശൂന്യമാകുന്നതും പൂപ്പെടുന്നതും ആയ ഓർത്തഡോൿസ് ദേവാലയങ്ങൾ ബാഹ്യ കേരളത്തിൽ അനദിവിദൂര ഭാവിയിൽ നമുക്കു ദൃശ്യമാകും.

ഡൽഹി ഭദ്രാസനത്തിൽ സൺ‌ഡേ സ്കൂൾ തലം മുതൽ എൽഡേഴ്‌സ് ഫോറം വരെ ഇന്ന് നമ്മൾ അനുവർത്തിക്കുന്ന പ്രവർത്തനരേഖ നാളത്തെ സഭയുടെ കെട്ടുപണിക്കു ഒട്ടും യോജിച്ചതല്ല എന്ന് നിസംശയം പറയാൻ 25 വർഷത്തിൽ അധികമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന എനിക്ക് സാധിക്കും. തമ്മിൽ തമ്മിലോ ഇതര യൂണിറ്റുകൾ തമ്മിലോ ഉള്ള മത്സരങ്ങൾ മാത്രമായി ഇന്ന്  അത്മീക പ്രസ്ഥാനങ്ങൾ മാറിക്കഴിഞ്ഞു. ഇത് വിശാലമായ ഒരു കാഴ്ചപ്പാടിൽ നിന്നും മാറി തന്നിലേക്ക് തന്നെ ചുരുങ്ങുന്ന അവസ്ഥാവിശേഷം സംജാതമാക്കി എന്നു മാത്രമല്ല നാളെ എന്റെ സഭയുടെ ശോഭനമായ നിലനിൽപ്പിനു ഞാൻ എങ്ങനെ വർത്തിക്കണമെന്നോ, പുതു തലമുറയെ സഭയുടെ ആത്മീകവും, ഭരണപരവുമായ തലങ്ങളിൽ എങ്ങനെ അടുപ്പിച്ചു നിർത്തണമെന്നോ ചിന്തിക്കുവാനോ പ്രവർത്തിക്കുവാനോ നമ്മളിൽ ഭൂരിഭാഗം പേർക്കും സാധിക്കുന്നില്ല.

ഇത് മർച്ചുമാസം, എല്ലാ ഇടവകയിലും അടുത്ത വർഷത്തെ ഭരവാഹികളെ തിരഞ്ഞെടുക്കുന്ന സമയം. ഇടവകയുടെ ഭരണ സമിതികളിൽ ഏതെങ്കിലും ഒരു സ്ഥാനം എൽക്കുന്നതു പോയിട്ടു നമ്മുടെ പള്ളിയോഗങ്ങളിൽ ഇവിടെ ജനിച്ചു വളർന്ന എത്രപേർ സംബന്ധിക്കുന്നു എന്ന് നാം ശ്രദ്ധിച്ചാൽ, ഭവിയെക്കുറിച്ചു ഒരു ഏകദേശ ധാരണ നമുക്ക് ലഭിക്കും. സ്ഥാനമാനങ്ങൾ ക്കുവേണ്ടി എല്ലാഅർത്ഥത്തിലും കേരളിയ സംസ്കാരത്തിൽ അടിയുറച്ചു നിൽക്കുന്ന നാം കടിപിടി കൂടുമ്പോൾ, തീർത്തും വിഭിന്നമായ ഭാഷ, ദേശ ചുറ്റുപാടിൽ ജനിച്ചു വളർത്തപ്പെട്ട നമ്മുടെ കുട്ടികൾ സഭയുടെ മുഖ്യധാരയിൽ നിന്നും അറിയാതെ മാറ്റപ്പെടുന്നു എന്ന വസ്തുത നാം മനസ്സിലാക്കുന്നുണ്ടോ?.

പൂർണമായ കൈവശവകാശം ഇല്ലങ്കിലും, ബ്രീട്ടീഷ്‌കാർ 200 വർഷങ്ങൾക്കു മുൻപ് പണിതതും പഴയ സെമിനാരിയെക്കാളും പഴക്കമുള്ളതുമായ ദേവാലയം ഡൽഹി ഭദ്രാസനത്തിലെ അമ്പാല എന്ന സ്ഥലത്തു നമുക്കുണ്ട്. പഴമയുടെ പ്രതാപം വിളിച്ചോതുന്നതും അഞ്ചിൽ താഴെ മാത്രം അംഗങ്ങൾ ഉള്ളതുമായ ആ ഇടവക ഇന്നും നിലനിർത്തികൊണ്ടുപോകാൻ നമുക്ക് സാധിക്കുമ്പോഴും, കാലയവനികക്കുള്ളിൽ മറഞ്ഞ ജോർജ് അച്ചൻ തന്റെ പ്രേഷിത കാലത്തു ഉത്തരേൻഡ്യയിൽ തുടങ്ങിവച്ച 42 ദേവാലയങ്ങളിൽ തൊണ്ണൂറു ശതമാനത്തിൽ അധികവും ഇല്ലാതെ ആയതു സഭാ സ്നേഹികളിൽ ഇന്നും ഒരു മൗന നൊമ്പരയി അവശേഷിക്കുന്നു. അവ ഇല്ലാതാകുവാൻ അതാതു ദേശത്തെ സാമൂഹിക സ്ഥിതി വിശേഷവും, ഇതര ക്രിസ്ത്യൻ വിഭാഗങ്ങളുടെ സ്വാധീനവും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയുള്ള നസ്രാണിയുടെ രാജ്യാന്ത കുടിയേറ്റങ്ങളും കാരണമായി. പക്ഷെ ഇപ്പോൾ നമ്മുടെ തലയ്ക്കുമീതെ തൂങ്ങുന്നത് നമ്മുടെ തന്നെ വീണ്ടുവിചാരം ഇല്ലാത്തതും, ഭാവിയെ കാണാതെയുമുള്ള സഭാ പ്രവർത്തനങ്ങളുടെ പരിണിത ഫലങ്ങൾ ആയിരിക്കും. അവ പൂട്ടപ്പെടുന്നതോ, അംഗശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദേവാലയങ്ങളുടെ രൂപത്തിൽ ഭവിച്ചാൽ അതിന് നാം തന്നെ ഉത്തരവാദികൾ.

ജിജി കെ നൈനാൻ, ന്യൂഡൽഹി