“കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ …” / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

Verghis_John
സഭാഭരണഘടന 46, 71 വകുപ്പുകളില്‍ ഭേദഗതി അനിവാര്യം
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിലേക്ക് ഇടവകകളില്‍ നിന്നുള്ള പ്രാതിനിധ്യം നിശ്ചയിക്കുന്നതിന് സഭാഭരണഘടന ഏഴാം വകുപ്പനുസരിച്ചുള്ള അംഗങ്ങളുടെ എണ്ണവും പേരുകളും ആവശ്യപ്പെട്ടുകൊണ്ട് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് കല്‍പന (240/01.10.2016) ലഭിച്ചതോടെ വൈദികര്‍ പതിവു പോലെ ആശയക്കുഴപ്പത്തിലായി. 2001 മുതല്‍ ഇതു തന്നെയായിരുന്നു സ്ഥിതി.
“മലങ്കര അസോസിയേഷനിലേക്ക് ഇടവക തലങ്ങളില്‍ സഭാഭരണഘടന പ്രകാരം അര്‍ഹതയുള്ള ഇടവകയോഗാംഗങ്ങളുടെ സംഖ്യ അനുസരിച്ച് പ്രതിനിധികളെ പുതിയതായി തെരഞ്ഞെടുക്കേണ്ടത് ആവശ്യമാകയാല്‍ നാം ഈ കല്‍പന പുറപ്പെടുവിക്കുന്നു” എന്ന് കല്‍പനയിലും “ഭരണഘടന 7-ാം വകുപ്പനുസരിച്ചുള്ള ഇടവകയോഗാംഗങ്ങളുടെ വിവരങ്ങള്‍” എന്നു ഫോം എയിലും പറഞ്ഞിരുന്നു.
ഇടവകയിലെ പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീപുരുഷന്മാരുടെയും സംഖ്യയാണോ കുമ്പസാരിച്ചവരുടെ സംഖ്യയാണോ (മിക്ക ഇടവകകളിലും ഇല്ലാത്ത ഇടവകയോഗ രജിസ്റ്റര്‍ എന്നു പറയപ്പെടുന്ന രജിസ്റ്ററില്‍ പേരുള്ള) യോഗ്യരായ ഇടവകാംഗങ്ങളുടെ മാത്രം സംഖ്യയാണോ നല്‍കേണ്ടത് എന്നുള്ളതാണ് അച്ചന്മാരെ ആശയക്കുഴപ്പത്തിലാക്കിയത്. ഒരു ഇടവകയില്‍ 21 വയസ് പൂര്‍ത്തിയായ 1100 സ്ത്രീപുരുഷന്മാരുണ്ടെങ്കില്‍ കുമ്പസാരിച്ചവര്‍ 800-ം 7-ാം വകുപ്പനുസരിച്ചുള്ള ഇടവകയോഗാംഗങ്ങളുടെ സംഖ്യ 300-ം ആയിരിക്കും. അപ്പോള്‍ ആ ഇടവകയുടെ പ്രാതിനിധ്യം നിശ്ചയിക്കുന്നതിന് അടിസ്ഥാനമാക്കുന്നത് 1100 നെയാണോ 800 നെയാണോ 300 നെയാണോ ? 1100 ആണെങ്കില്‍ നാല് പ്രതിനിധികളുണ്ടാകും; 800 ആണെങ്കില്‍ മൂന്നും 300 ആണെങ്കില്‍ രണ്ടും. കണ്‍ഫ്യൂഷന്‍ ഉണ്ടായതിന് അച്ചന്മാരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലല്ലോ. സഭാ-മെത്രാസന കേന്ദ്രങ്ങളില്‍ അന്വേഷിച്ചപ്പോള്‍ “മുന്‍പതിവു പോലെ ചെയ്യുക” എന്നായിരുന്നു മറുപടി. അവസരം കിട്ടിയപ്പോള്‍ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ലീഗല്‍ കമ്മീഷനെ കുറ്റപ്പെടുത്തിയവരുമുണ്ട്.
ഇടവകയുടെ പ്രാതിനിധ്യം നിശ്ചയിക്കുന്നത് ആ ഇടവകയിലെ 21 വയസ് പൂര്‍ത്തിയായ പുരുഷന്മാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും സുപ്രീം കോടതി ഉത്തരവു പ്രകാരമാണ് 7-ാം വകുപ്പനുസരിച്ചെന്നു കല്‍പനയില്‍ പറയുന്നതെന്നുമായിരുന്നു 2002 അസോസിയേഷനു വേണ്ടി 2001ല്‍ കണക്കെടുത്തപ്പോള്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശം. 2006-2007ലെ സ്ഥിതിയും ഇതുതന്നെയായിരുന്നു. 2011ലെ ഭരണഘടനാ ഭേദഗതിക്കു ശേഷം 21 വയസ് പൂര്‍ത്തിയായ എല്ലാ അംഗങ്ങളുടെയും (സ്ത്രീപുരുഷന്മാര്‍) അടിസ്ഥാനത്തില്‍ 2012 അസോസിയേഷന്‍റെ പ്രാതിനിധ്യം നിശ്ചയിച്ചു. അപ്പോഴും കല്‍പനയിലെ നിര്‍ദേശം 7-ാം വകുപ്പനുസരിച്ചെന്നു തന്നെയായിരുന്നു. ഇത്തവണ 2012ലെ അവസ്ഥ ആവര്‍ത്തിച്ചുവെന്നു മാത്രം. മെത്രാസന ഇടവകയോഗത്തിന്‍റെ പ്രാതിനിധ്യം നിശ്ചയിക്കുമ്പോഴും ഇതേ പ്രശ്നമുണ്ട്.
മെത്രാസന ഇടവകയോഗം, മലങ്കര അസോസിയേഷന്‍ എന്നിവയിലേക്കുള്ള ഇടവകയില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം (പ്രാതിനിധ്യം) നിശ്ചയിക്കുന്ന സഭാഭരണഘടനാവകുപ്പുകളില്‍ (46 യ, 71 ര) 2011 ലെ ഭേദഗതിയിലൂടെ പ്രാതിനിധ്യത്തിന് ഫലത്തില്‍ മാറ്റമുണ്ടായിട്ടില്ല (2006ലും 2011ലും ഭേദഗതി ചെയ്ത സഭാഭരണഘടനകള്‍ താരതമ്യം ചെയ്യുക). “100 അംഗങ്ങള്‍ വരെ ഒരു അയ്മേനി” എന്നതിനു പകരം “200 അംഗങ്ങള്‍ വരെ ഒരു പ്രതിനിധി” …. “2000ന് മുകളില്‍ അംഗങ്ങള്‍ 10 അയ്മേനികള്‍” എന്നതിനു പകരം “4000ന് മുകളില്‍ (അംഗങ്ങള്‍) 10 പ്രതിനിധികള്‍” എന്നു ചേര്‍ത്തു. ഇടവകയോഗത്തില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ അംഗങ്ങളുടെ സംഖ്യ ഇരട്ടിയായെങ്കിലും പ്രതിനിധികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാതെ അതേപടി നിലനിര്‍ത്തുകയാണുണ്ടായത്. സ്ത്രീകള്‍ കൂടി ഉള്‍പ്പെടുന്ന ഇടവകയോഗത്തില്‍ നിന്ന് പുരുഷന്മാര്‍ മാത്രം തെരഞ്ഞെടുക്കപ്പെടുന്നതിന് “തെരഞ്ഞെടുക്കപ്പെടുന്ന അയ്മേനികള്‍” എന്നതിനു പകരം “തെരഞ്ഞെടുക്കപ്പെടുന്ന പുരുഷന്മാര്‍” എന്നും ഭേദഗതി ചെയ്തു.
1997ലെ സുപ്രീം കോടതി ഉത്തരവു പ്രകാരമാണത്രെ ഇടവകയോഗാംഗങ്ങളുടെ സംഖ്യ അടിസ്ഥാനമാക്കുന്നത്. താല്‍ക്കാലിക അയോഗ്യതയുള്ളവര്‍ (കുമ്പസാരിക്കാത്തവരും കുടിശികയുള്ളവരും) ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഈ സംഖ്യ ഒരിക്കലും ഇടവകയുടെ അംഗബലത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. പ്രായപൂര്‍ത്തിയായ 2500 സ്ത്രീപുരുഷന്മാരുള്ള ഒരു ഇടവകയിലെ ഇടവകയോഗാംഗങ്ങളുടെ എണ്ണം ഇന്ന് 1500 ആണെങ്കില്‍ അടുത്ത കൊല്ലം 2000 ആയിരിക്കും. വീണ്ടും ഒരു കൊല്ലം കഴിയുമ്പോള്‍ 1000 ആയിരിക്കും. അതേസമയം പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാരുടെ സംഖ്യയില്‍ കാര്യമായ മാറ്റമുണ്ടാകുകയില്ല.
നമ്മുടെ രാജ്യത്ത് നിയോജകമണ്ഡല അതിര്‍ത്തിനിര്‍ണയം നടത്തുന്നത് വോട്ടര്‍മാരുടെ സംഖ്യയെ അടിസ്ഥാനമാക്കിയല്ല; തൊട്ടുമുമ്പ് നടത്തിയ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ 18 വയസ് പൂര്‍ത്തിയായതു കൊണ്ടോ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളതുകൊണ്ടോ മാത്രം ഒരാള്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയണമെന്നില്ല. അര്‍ഹരായ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നത് പ്രായപൂര്‍ത്തിയാകാത്തവരുടേത് ഉള്‍പ്പെടെ എല്ലാവരുടെയും പ്രതിനിധിയെയാണ്.
സഭയെ സംബന്ധിച്ചിടത്തോളം (ഇടവകരജിസ്റ്ററില്‍ പേരുള്ള) എല്ലാ ഇടവകാംഗങ്ങളുടെയും സംഖ്യയെ അടിസ്ഥാനമാക്കുന്നതാണ് അഭികാമ്യമെങ്കിലും പ്രായപൂര്‍ത്തിയായ ഇടവകാംഗങ്ങളുടെ സംഖ്യയെ അടിസ്ഥാനമാക്കുന്നതാണ് കൂടുതല്‍ സൗകര്യവും പ്രായോഗികവും. (ഇത് 2011 മുതലുള്ള സ്ഥിതി; അതിനു മുമ്പ് പ്രായപര്‍ത്തിയായ പുരുഷന്മാരുടെ മാത്രം സംഖ്യ). 2006, 2011 വര്‍ഷങ്ങളില്‍ സഭാഭരണഘടന ഭേദഗതി ചെയ്ത അവസരങ്ങളില്‍ ഇക്കാര്യം ഈയുള്ളവന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തി. പക്ഷേ, “സുപ്രീം കോടതി ഉത്തരവല്ലേ, അതിനെ മറികടക്കാന്‍ സാധിക്കുമോ?” എന്നായിരുന്നു മറുപടി. സഭാഭരണഘടനാഭേദഗതിയിലൂടെ ഇതിനെ മറികടക്കാം എന്നായിരുന്നു ചില സീനിയര്‍ വക്കീലന്മാരുടെ അഭിപ്രായം.
പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ലീഗല്‍ കമ്മീഷന്‍ 2016 ജനുവരി 19ന് യോഗം ചേര്‍ന്നപ്പോള്‍ പ്രത്യേക ക്ഷണിതാവായിരുന്ന ഈയുള്ളവന്‍ ഈ വിഷയം ഉന്നയിച്ചു. അതനുസരിച്ച് മെത്രാസന ഇടവകയോഗം, മലങ്കര അസോസിയേഷന്‍ എന്നിവയിലേക്കുള്ള ഇടവകയില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം (പ്രാതിനിധ്യം) നിശ്ചയിക്കുന്ന സഭാഭരണഘടനാവകുപ്പുകളില്‍ (46 യ, 71 ര) “ഇടവകയോഗത്തിലെ അംഗങ്ങളുടെ സംഖ്യ അനുസരിച്ച്” എന്നതിനു പകരം “ഇടവകയിലെ 21 വയസ് പ്രായം തികഞ്ഞ എല്ലാ സ്ത്രീപുരുഷന്മാരുടെയും സംഖ്യ അനുസരിച്ച്” എന്ന ഭേദഗതി വരുത്തേണ്ടതാണെന്ന് ലീഗല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഈ ഭേദഗതി നിര്‍ദേശത്തിന് 4-ാം വകുപ്പുമായി പൊരുത്തക്കേടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. മറ്റു വകുപ്പുകളുമായി പൊരുത്തക്കേടുണ്ടെങ്കില്‍ അതും പരിഹരിക്കേണ്ടതായിട്ടുണ്ട്.
പക്ഷേ, ഇതു നടപ്പാക്കണമെങ്കില്‍ സഭാഭരണഘടന (വകുപ്പ് 127) അനുസരിച്ച് റൂള്‍ കമ്മറ്റി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയില്‍ ഭേദഗതി സമര്‍പ്പിക്കേണ്ടതും മാനേജിംഗ് കമ്മറ്റി പാസ്സാക്കേണ്ടതുമാണ്. നിര്‍ഭാഗ്യവശാല്‍ റൂള്‍ കമ്മറ്റി 2011നു ശേഷം കൂടിയിട്ടില്ല. അതുകൊണ്ട് പഴയ അവസ്ഥയ്ക്ക് ഇതുവരെ ഒരു മാറ്റമുണ്ടായിട്ടില്ല.
ആവശ്യമായ ഗൃഹപാഠം ചെയ്യാതെ ലാഘവത്തോടെയും ധൃതിയായും 2006ലും 2011ലും സഭാഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ (ഉദാ:- 6, 7 വകുപ്പുകള്‍) പല പൊരുത്തക്കേടുകളും സംഭവിച്ചിട്ടുണ്ടെന്നാണ് നിയമപണ്ഡിതമതം. സഭ യോജിച്ചുനിന്ന കാലത്ത് രണ്ടര വര്‍ഷത്തെ നിരന്തരമായ തയ്യാറെടുപ്പുകളോടെയും ചര്‍ച്ചകളിലൂടെയുമാണ് 1967ല്‍ സഭാഭരണഘടന (വകുപ്പുകള്‍ 6 – 44) ഭേദഗതി ചെയ്തത് എന്ന കാര്യം ഈ അവസരത്തില്‍ സ്മരിക്കുന്നു.

ഇടവകയോഗാംഗത്വം അടിസ്ഥാനയോഗ്യതയാക്കണം
തെരഞ്ഞെടുപ്പിലൂടെയോ നാമനിര്‍ദേശത്തിലൂടെയോ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയില്‍ (വര്‍ക്കിംഗ് കമ്മറ്റിയിലും) അംഗമാകുന്നതിനുള്ള അടിസ്ഥാന യോഗ്യത ഇടവകയോഗത്തിലെ അംഗത്വമായിരിക്കണം. ഇതു പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നുള്ളതാണ് വസ്തുത.
ഡോ. എം. കുര്യന്‍ തോമസ് നിങ്ങളുടെ പൗരത്വം എവിടെയാകുന്നു ? എന്ന ലേഖനത്തില്‍ (ബഥേല്‍ പത്രിക 2015 ഡിസംബര്‍ പേജ് 10 – 12) ഉന്നയിക്കുന്ന പ്രസക്തമായ ഒരു പ്രശ്നമുണ്ട്. “… ഈ കാരണത്താല്‍ ഇടവകയോഗത്തില്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാതെ ഭദ്രാസന കൗണ്‍സില്‍, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി എന്നിവയിലേക്കു മത്സരിക്കുന്നവര്‍ നിശ്ചിത ദിവസം ഇടവകയോഗത്തിലെ സക്രീയ അംഗമാണെന്ന സാക്ഷ്യപത്രം കൂടി നാമനിര്‍ദേശ പത്രികയോടൊപ്പം ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അംഗമായിരിക്കണം എന്നതിനാല്‍ ഭദ്രാസന പൊതുയോഗം/മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല….. ഇത്രയുമൊക്കെ നിബന്ധനകളുണ്ടായിട്ടും അടിസ്ഥാനയോഗ്യതയെപ്പറ്റിയുള്ള ഈ നിയമം നിര്‍ബാധം ലംഘിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സഭാഭരണഘടനയുടെ 71-ാം വകുപ്പിന്‍റെ മറവിലാണ് ഇതു നടക്കുന്നത്. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നിലവിലുള്ള മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടുമെന്നു ഈ വകുപ്പ് വ്യക്തമാക്കുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ മാനേജിംഗ് കമ്മറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്ന അസോസിയേഷന്‍ യോഗത്തില്‍ ഇവര്‍ക്കു പങ്കെടുക്കാം. ആ അടിസ്ഥാനത്തില്‍ വീണ്ടും മാനേജിംഗ് കമ്മറ്റി മെമ്പറാകാം. അടിസ്ഥാന യോഗ്യതയായ ഇടവക യോഗത്തിലെ സജീവ അംഗത്വം ഇവിടെ പരിഗണിക്കുന്നില്ല. ചുരുക്കത്തില്‍, ഒരിക്കല്‍ മാനേജിംഗ് കമ്മറ്റി മെമ്പറായാല്‍ പള്ളിയുടെ മാസവരി പോലും കൊടുക്കാതെ ശിഷ്ടായുസ് സുഖമായി സഭ ഭരിച്ചു കഴിയാം! രണ്ടാമത്തെ കൂട്ടര്‍ മാനേജിംഗ് കമ്മറ്റിയിലെ നോമിനേറ്റഡ് അംഗങ്ങളാണ്….. ഇപ്രകാരം കടന്നു കൂടുന്നവരുടെ അടിസ്ഥാന യോഗ്യത പരിശോധിക്കുന്നില്ല… ഇതു രണ്ടും വ്യക്തമായ ഭരണഘടനാ ലംഘനങ്ങളാണ്. ഇരു കൂട്ടരും നിശ്ചിത തീയതിയില്‍ സ്വന്തം ഇടവകയില്‍ സജീവ അംഗമാണെന്ന് സാക്ഷ്യപത്രം ഹാജരാക്കാന്‍ നിയമപ്രകാരം ബാദ്ധ്യസ്ഥരാണ്….”
ചുരുക്കത്തില്‍, ഒരിക്കല്‍ മാനേജിംഗ് കമ്മറ്റിയംഗമായാല്‍ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ മിടുക്കുണ്ടെങ്കില്‍, കുമ്പസാരിക്കാത്തവനും കുടിശിഖയുള്ളവനും സ്വന്തം ഇടവകയോടു ബന്ധമില്ലാത്തവനും ന്യൂ ജനറേഷന്‍ വിഭാഗങ്ങളില്‍ കൂടി നടക്കുന്നവനും ലിവിംഗ് ടുഗതര്‍കാരനും ക്രിമിനല്‍ പശ്ചാത്തലമുള്ളവനും മരണം വരെ ആ സ്ഥാനത്തു തുടരാം. ഒരിക്കല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി ഞങ്ങളോട് ഇക്കാര്യം പങ്കുവച്ചിരുന്നു.
“നിലവിലുള്ള മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ അടുത്ത അസോസിയേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലായെങ്കില്‍, അടുത്ത മാനേജിംഗ് കമ്മറ്റിയിലേക്കു വീണ്ടും മത്സരിക്കണമെങ്കില്‍ ഭരണഘടന ഏഴാം വകുപ്പ് അനുസരിച്ചുള്ള യോഗ്യതയുയുണ്ടായിരിക്കണം; അസോസിയേഷന്‍ അംഗങ്ങള്‍ അല്ലാത്തവര്‍ മാനേജിംഗ് കമ്മറ്റിയിലേക്കു മത്സരിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഇവര്‍ക്കും ബാധകമായിരിക്കണം” എന്നു പരിശുദ്ധ കാതോലിക്കാ ബാവായുടെ ആഗ്രഹം കൂടി പരിഗണിച്ച് ലീഗല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. നോമിനേഷനു വേണ്ടി മെത്രാസന തലത്തില്‍ നടക്കുന്ന വോട്ടിംഗിന് സ്വീകരിക്കുന്ന നാമനിര്‍ദേശ പത്രികയോടൊപ്പം ഇടവക വികാരിയുടെ സാക്ഷ്യപത്രം കൂടി ഇങ്ങനെയുള്ള മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. ലീഗല്‍ കമ്മീഷന്‍റെ ഈ ശുപാര്‍ശ നടപ്പായിട്ടില്ല. (എന്തുകൊണ്ട് എന്നു ദയവായി ചോദിക്കരുത്!). അതുകൊണ്ട് പഴയ അവസ്ഥയ്ക്ക് ഇതുവരെ ഒരു മാറ്റമുണ്ടായിട്ടില്ല.
ലീഗല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ചില തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ നടപ്പാക്കണമെങ്കില്‍ താഴെ പറയുന്ന ഭരണഘടനാ ഭേദഗതികള്‍ അത്യാവശ്യമാണ്.
(1) മേല്‍പട്ട സ്ഥാനത്തേക്കുള്ള വിജയിയെ നിശ്ചയിക്കുന്നത് ഹാജരുള്ള അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കുന്നതിനു പകരം സാധുവായ വോട്ടിനെ (്മഹശറ ്ീലേ) അടിസ്ഥാനമാക്കിയായിരിക്കണം. “അസോസിയേഷനില്‍ ഹാജരുള്ള” എന്ന വാചകം ഭരണഘടന 113-ാം വകുപ്പില്‍ നിന്നു നീക്കം ചെയ്താല്‍ മതിയാകും.
(2) മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് മേല്‍പട്ടക്കാരനും, മേല്‍പട്ടസ്ഥാനത്തേക്ക് അവിവാഹിത/സന്യാസി പട്ടക്കാരനുമാണ് തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന് സഭാഭരണഘടനയില്‍ വ്യക്തമാക്കണം (97, 113 വകുപ്പുകള്‍).
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി, യോഗ്യതയും അര്‍പ്പണമനോഭാവവുമുള്ള അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് റൂള്‍ കമ്മറ്റി രൂപീകരിക്കുമെന്നും ആ കമ്മറ്റി വിളിച്ചുകൂട്ടുമെന്നും മുകളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.