വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മാവേലിക്കര ഭദ്രാസനം

PHOTO = (1)

വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകള്‍ പരിഗണിച്ച് മാവേലിക്കര ഭദ്രാസനത്തിലെ വൈദീകരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനം വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി 2017 ജനുവരി 21 മുതല്‍ ആരംഭിച്ചതായി ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി, ഭദ്രാസന സെക്രട്ടറി റവ. ഫാ. എബി ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഭദ്രാസന കൗണ്‍സില്‍ നടത്തിയ വിശദമായ റിപ്പോര്‍ട്ട് ഭദ്രാസന പൊതുയോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ച് പരി. ബാവതിരുമേനിയുടെ അനുവാദത്തോടെ നടപ്പില്‍ വരുത്തുകയായിരുന്നു. പ്രസ്തുത പദ്ധതിയിലൂടെ വൈദീകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മൊത്തമായോ ഒരാള്‍ക്കോ പ്രതിവര്‍ഷം 3,00,000 രൂപയുടെ മെഡിക്ളെയിം ലഭിക്കും. കേരളത്തില്‍ തന്നെ 600 ഓളം നെറ്റ് വര്‍ക്ക് ഹോസ്പിറ്റലുകളില്‍ ക്വാഷ് ലെസ്സ് സൗകര്യവും ഉണ്ട്. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഭദ്രാസനങ്ങളിലെ മുഴുവന്‍ വൈദീകരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. പ്രീമിയത്തിന്‍റെ പകുതി തുക മാവേലിക്കര ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന പക്കോമിയോസ് തിരുമേനിയുടെ ഫണ്ടിലെ പലിശയില്‍ നിന്നും ബാക്കി പകുതി തുക വൈദീകരില്‍ നിന്നും സമാഹരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.