അരനാഴികനേരത്തിന് അര നൂറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ്

parappurathu

മലയാള നോവല്‍ സാഹിത്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച അരനാഴികനേരം എന്ന നോവലിന് 50 വയസു തികയുന്നു. പാറപ്പുറത്ത് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ ഇ മത്തായിയുടെ (1924-1981) ഏറ്റവും പ്രശസ്തമായ നോവലാണ് പ്രസിദ്ധീകരിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുന്നത്. മലയാളഭാഷയില്‍ ബോധധാരാ സമ്പ്രദായത്തില്‍ എഴുതപ്പെട്ട ആദ്യനോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അരനാഴികനേരത്തിന്റെ ആദ്യപതിപ്പ് 1967 മാര്‍ച്ചില്‍ പുറത്തിറക്കിയത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ്.  മാവേലിക്കര കുന്നംകരയില്‍ കിഴക്കെപൈനുംമൂട്ടില്‍ കുഞ്ഞുനൈനാ ഈശോയുടേയും ശോശാമ്മയുടേയും പുത്രനായി 1924 നവംബര്‍ 14-നു ജനിച്ച മത്തായി, ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പത്തൊമ്പതാം വയസില്‍ പട്ടാളത്തില്‍ ചേര്‍ന്നു. 21 വര്‍ഷത്തെ സേവനത്തിനുശേഷം 1965-ല്‍ റിട്ടയര്‍ ചെയ്തു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്ടര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു 1981 ഡിസംബര്‍ 30-ന് അന്തരിച്ചു. മാവേലിക്കര കുന്നം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കബറടക്കി. പട്ടാള ജീവിതകാലത്ത് ക്യാമ്പുകളിലെ ആഘോഷങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ നാടകങ്ങള്‍ എഴുതിയായിരുന്നു മത്തായിയുടെ സാഹിത്യ ജീവിതത്തിന്റെ തുടക്കം. തുടര്‍ന്നു ചെറുകഥാ- നോവല്‍ രചനകളിലേയ്ക്കു തിരിഞ്ഞു. അക്കാലത്താണ് പാറപ്പുറത്ത് എന്ന തൂലികാനാമം സ്വീകരിച്ചത്. പ്രകാശധാര എന്ന ആദ്യ ചെറുകഥാ സമാഹാരം 1952-ലും ആദ്യ നോവലായ നിണമണിഞ്ഞ കാല്‍പാടുകള്‍ 1955-ലും പ്രസിദ്ധീകരിച്ചു. ചെറുകഥയ്ക്കും, നോവലിനും രണ്ടു പ്രാവശ്യം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1966-ല്‍ നാലാള്‍ നാലുവഴി എന്ന കഥാസമാഹാരത്തിനും 1971-ല്‍ അരനാഴികനേരത്തിനും. മൊത്തം 14 ചെറുകഥാ സമാഹാരങ്ങളും 20 നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഏഴു നോവലുകള്‍ സിനിമയാക്കി. മരിക്കാത്ത ഓര്‍മ്മകള്‍ എന്ന സ്മരണയും വെളിച്ചം കുറഞ്ഞ വഴികള്‍ എന്ന നാടകവും പ്രസിദ്ധീകരിച്ച പാറപ്പുറത്തിന്റെ അവസാന ചെറുകഥാസമാഹാരമായ കീഴടങ്ങല്‍, നോവലായ കാണാപ്പൊന്ന് എന്നിവ അദ്ദേഹത്തിന്റെ മരണാനന്തരം 1982-ലാണ് പ്രസിദ്ധീകരിച്ചത്. ഇവയ്ക്കു പുറമെ തന്റെ നോവലുകളടക്കം 14 സിനിമകള്‍ക്ക് തിരക്കഥയും 18 സിനിമകളുടെ സംഭാഷണവും പാറപ്പുറത്ത് രചിച്ചിട്ടുണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു നസ്രാണികുടുംബത്തിലെ തൊണ്ണൂറുകാരനായ കാരണവര്‍ കുഞ്ഞോനാച്ചന്റെ ആസന്നമരണചിന്തകളാണ് അരനാഴികനേരത്തിലെ പ്രതിപാദ്യം…. തൊണ്ണൂറുവയസായ കുഞ്ഞോനാച്ചന്‍ പനച്ചമൂടു കവലയില്‍ തളര്‍ന്നുവീണു. വ്യസനിക്കാനൊന്നുമില്ല. ‘ഇല്ലായ്മ ‘യില്‍നിന്ന് ഒരു ജീവിതം കെട്ടിപ്പെടുത്തു. ജീവിതായോധനത്തിലെ എല്ലാ അഭ്യാസങ്ങളും വശമാക്കി- പയറ്റിനോക്കി. എല്ലാം കൊതിതീരെ കണ്ടു – അനുഭവിച്ചു. മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഒക്കെയായി. വലിയോരു കുടുംബത്തിന്റെ മൂപ്പനായി. ബൈബിളിലെ ജീവിതദര്‍ശനത്തിന്റെ കണ്ണാടിയിലൂടെ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരണത്തിന്റെ മറുപുറം കണ്ടു. അന്തിമയാത്രയ്ക്കു സ്വയം ഒരുങ്ങി. തനിക്കിനി ഏറിയാല്‍ അരനാഴികനേരം…(ആദ്യ പതിപ്പിന്റെ പിന്‍പുറ ലിഖിതം) ഗ്രന്ഥകര്‍ത്താവ് ചേര്‍ത്തിരിക്കുന്ന അരനാഴികനേരത്തിന്റെ മുഖമൊഴി സഭാപ്രസംഗി 1. 13-14 വാക്യങ്ങളാണ്…. ആകാശത്തിനു കീഴില്‍ സംഭവിക്കുന്നതൊക്കയും ജ്ഞാനത്തോടെ ആരായേണ്ടതിനു ഞാന്‍ മനസുവെച്ചു; അതു ദൈവം മനുഷ്യര്‍ക്കു കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടുതന്നെ. സൂര്യനു കീഴെ നടക്കുന്ന സകല പ്രവര്‍ത്തികളും ഞാന്‍ കണ്ടിട്ടുണ്ട്; അവയൊക്കയും മായയും വൃഥാ പ്രയത്നവുമത്രെ…. ഈ പരാമര്‍ശനംതന്നെ അരനാഴികനേരത്തിന്റെ അഗാധമായ ബൈബിള്‍ അടിസ്ഥാനമാണ് വ്യക്തമാക്കുന്നത്. തന്റെ ഓര്‍മ്മകളിലൂടെ തലമുറകളുടെ കഥപറയുന്ന കുഞ്ഞോനാച്ചന്‍ എന്ന മുഖ്യകഥാപാത്രവും അതുവഴി അരനാഴികനേരം എന്ന നോവലും രൂപപ്പെട്ട പന്ഥാവ് ഒന്നാംപതിപ്പിനു 1967 മാര്‍ച്ച് 15-നു പാറപ്പുറത്ത് എഴുതിയ ആമുഖത്തില്‍ വളരെ കുറുക്കി പ്രതിപാദിക്കുന്നുണ്ട്…. കുഞ്ഞോനാച്ചന്‍, കുറെക്കാലമായി എന്റെ മനസിന്റെ ഉമ്മറത്തു പായ്വിരിച്ച്- ഒരു പച്ചക്കമ്പിളി വിരിച്ചു കിടക്കുന്നു. പരിഷ്‌ക്കാരവും പ്രതാപവും ഉള്ള പലരും ഇതിനിടെ ഇവിടെ വന്നുപോയി. അവരെയൊക്കെ സ്വീകരിച്ചു സല്‍ക്കരിക്കുമ്പോഴും ഓര്‍മ്മ കുഞ്ഞോനാച്ചനോടൊപ്പമായിരുന്നു. മറക്കുന്നതെങ്ങനെ? തിരിച്ചറിവായ നാള്‍തൊട്ടു പല പേരിലും രൂപത്തിലും ഈ കഥാപാത്രം എന്റെ ജീവിതവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒരു തലമുറയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് കുഞ്ഞോനാച്ചന്‍. ഈ കഥയില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന വ്യക്തിസ്വഭാവങ്ങളും, ബന്ധങ്ങളും, ജീവിതവീക്ഷണവും, കഥ അനാവരണം ചെയ്യുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും, ഞാന്‍ ജനിച്ചുവളര്‍ന്ന സമൂദായത്തിന്റെയും എന്റെ നാട്ടിന്‍പുറത്തിന്റെയും സവിശേഷത ഉള്‍ക്കൊള്ളുന്നതാണ്…. എന്നിങ്ങനെ പാറപ്പുറത്ത്, കുഞ്ഞോനാച്ചന്റെയും അരനാഴികനേരത്തിന്റെയും തലക്കുറി എഴുതുമ്പോള്‍ അരനാഴികനേരത്തിന്റെ ഗാഡമായ ഓര്‍ത്തഡോക്സ് നസ്രാണി വേരുകളിലാണ് ചെന്നെത്തിനില്‍ക്കുന്നത്.

ara_nazhika_neram

നോവല്‍ എന്ന നിലയില്‍ വന്‍വിജയംനേടിയ അരനാഴികനേരം 1970-ല്‍ സിനിമയാക്കി. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ സംഭാഷണം എഴുതിയതും പാറപ്പുറത്തു തന്നെയാണ്. കുഞ്ഞോനാച്ചനെ അവിസ്മരണീയനാക്കിയ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കൂടാതെ പാറപ്പുറത്ത്, കെ എസ് സേതുമാധവന്‍ എന്നിവര്‍ യഥാക്രമം കഥ, സംവിധാനം ഇവയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കി. ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പാറപ്പുറത്ത് അഭ്രപാളിയിലും ഈ സിനിമയിലൂടെ തിരനോട്ടം നടത്തി.  നസ്രാണി പശ്ചാത്തലത്തില്‍ സൃഷ്ടിച്ച എക്കാലത്തയും ഏറ്റവും മികച്ച മലയാള ചലച്ചിത്രമായാണ് അരനാഴികനേരത്തെ നിരൂപകര്‍ വിലയിരുത്തുന്നത്. സമയമാം രഥത്തില്‍… എന്ന കീര്‍ത്തനം പ്രശസ്തമാകുന്നത് ഈ ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നതോടെയാണ്.   1890-കളിലെ നസ്രാണി ജീവിതരേഖയാണ് കന്നുകുഴിയില്‍ കൊച്ചുതൊമ്മന്‍ അപ്പോത്തിക്കീരിയുടെ പരിഷ്‌ക്കാരപ്പാതി. അതേപോലെ അതിനു ശേഷമുള്ള മുക്കാല്‍ നൂറ്റാണ്ടുകാലത്തെ മധ്യതിരുവിതാംകൂര്‍ നസ്രാണി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് അരനാഴികനേരം. ആദ്യപ്രസിദ്ധീകരണത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ അരനാഴികനേരം പുനര്‍വായനയ്ക്കു വിധേയമാകേണ്ടിയിരിക്കുന്നു. ഒപ്പം പാറപ്പുറത്തിന്റെ ഇതര കൃതികളും.