സഭയുടെ ഭാവിക്ക് അനുയോജ്യരെ തിരഞ്ഞെടുക്കുക: കാതോലിക്കാ ബാവാ
കോട്ടയം∙ തികച്ചും ദൈവികമായ നടത്തിപ്പും തിരഞ്ഞെടുപ്പുമാണു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ നാളെ നടക്കാൻ പോകുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ദൈവഹിതം എന്താണെന്നു തിരിച്ചറിഞ്ഞ് അർഹരായവരെ തിരഞ്ഞെടുക്കാനുള്ള തിരിച്ചറിവാണ് അതിലെ ഓരോ അംഗത്തിനും ഉണ്ടാകേണ്ടതെന്നും പരിശുദ്ധ ബാവാ ഓർമിപ്പിച്ചു.
സഭയുടെ ഭാവിക്ക് അനുയോജ്യരായവരെ ദൈവഹിത പ്രകാരം മനഃസാക്ഷിക്ക് അനുസരിച്ചു തിരഞ്ഞെടുക്കുക എന്നതാണ് ഓരോരുത്തരുടെയും ഉത്തരവാദിത്തം. ദൈവഹിതമാണ് ഇവിടെ നിറവേറപ്പെടേണ്ടത്. അതിനായുള്ള ഒരു മാനുഷിക പ്രക്രിയ മാത്രമാണു നാളെ നടക്കുന്നത്. രാഷ്ട്രീയ തലത്തിലോ മറ്റേതെങ്കിലും സ്ഥാനമോഹങ്ങൾ തരപ്പെടുത്താനോ ഉള്ള ഒരു തിരഞ്ഞെടുപ്പായി ഇതു മാറാൻ ഇടയാകരുതെന്ന പ്രാർഥനയാണ് തന്റേതെന്നും പരിശുദ്ധ ബാവാ പറഞ്ഞു.
സഭയുടെ ഏറ്റവും സുപ്രധാനമായ സമിതിയാണിത്. വൈദികർ ഉൾപ്പെടെ നാലായിരത്തിലധികം അംഗങ്ങൾ സമ്മേളിച്ച് സഭയുടെ നേതൃനിരയെ തിരഞ്ഞെടുക്കുകയാണ്. എപ്പിസ്കോപ്പൽ സ്വഭാവം സഭ നിലനിർത്തുമ്പോൾ തന്നെ ജനാധിപത്യ ഭാവവും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്രയും അംഗങ്ങൾ ഒന്നിച്ചുചേർന്ന് ഒരു സഭയുടെ സ്ഥാനികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ലോകത്തുണ്ടോയെന്നതു സംശയമാണ്. ദൈവഹിതപ്രകാരം ആരോടും വിരോധമില്ലാതെ; എന്നാൽ സഭയുടെ നടത്തിപ്പിന് യോജ്യമാകുന്നവർ മുന്നോട്ടുവരട്ടെയെന്നു മാത്രമാണ് എന്റെ പ്രാർഥനയും ആശംസയുമെന്ന് ബാവാ പറഞ്ഞു.