പുതിയ മുത്തുകള്‍ക്ക് അവസരം കൊടുക്കുക / പ്രദീപ് മാത്യു

മലങ്കരസഭയില്‍ ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ രണ്ടുവട്ടം പൂര്‍ത്തീകരിച്ചവര്‍ വീണ്ടും ആ സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ തയ്യാറാകുന്നത് അപലപനീയവും സഭാസ്നേഹികളെ വേദനിപ്പിക്കുന്നതുമായ ഒരു പ്രവണതയാണെന്ന് പറയാതെ വയ്യ. ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ആ സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ സാധിക്കാത്തവിധത്തില്‍ ഒരു ഭരണഘടനാ ഭേദഗതി പാസ്സാക്കിയെടുക്കുവാന്‍ സാധിച്ചാല്‍ വലിയൊരു നേട്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം കര്‍മ്മശേഷിയും നേതൃപാടവവും കൈമുതലായ നിരവധി മക്കളാല്‍ അനുഗൃഹീതമാണ് പ. സഭ. പുതിയ ആളുകള്‍ വരുമ്പോള്‍ വ്യത്യസ്തമായ ചിന്താധാരകളും പ്രവര്‍ത്തനരീതികളും കൈവരിക്കും. ആധുനിക യുഗത്തില്‍ സഭയുടെ മുന്നോട്ടുള്ള സുഗമമായ പ്രയാണത്തിന് സഹായമാകുകയും ചെയ്യും.
ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്നു പറയുന്നതുപോലെ മലങ്കരസഭയാകുന്ന മഹാസാഗരത്തില്‍ ധാരാളം മുത്തുകളും പവിഴങ്ങളുമുണ്ട്. അവയില്‍ വിരലിലെണ്ണാവുന്നവയെ മാത്രമേ നാം പ്രയോജനപ്പെടുത്തുന്നുള്ളു. ബാക്കിയുള്ളവരുടെ സേവനം സഭയ്ക്ക് നഷ്ടമാവുന്നു. ആളുകള്‍ മാറിമാറി വന്നാല്‍ ഈ ദുരവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരമാകും. വ്യാജ മുത്തുകള്‍ സഭാഭരണത്തിന്‍റെ ഇടനാഴികളില്‍ കടന്നുകൂടി സ്വൈരവിഹാരം നടത്തി സഭയെ ക്ഷീണിപ്പിക്കുന്നതില്‍ നിന്നും രക്ഷ നേടുകയും ചെയ്യാം. ഒരു വെടിക്കു രണ്ടു പക്ഷി.
അതുപോലെതന്നെ ട്രസ്റ്റി സ്ഥാനങ്ങള്‍ ഓരോ പ്രാവശ്യവും ഏതെങ്കിലും അഞ്ചു ഭദ്രാസനങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമായി നിജപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് ഇത്തവണ തിരുവനന്തപുരം മുതല്‍ തുമ്പമണ്‍ വരെയുള്ള അഞ്ചു ഭദ്രാസനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കു മാത്രമായും അടുത്ത തവണ അടുത്ത അഞ്ച് ഭദ്രാസനങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമായും സംവരണം ചെയ്യാം. ഇതുവഴി പുതിയ ആളുകളുടെ സേവനം പ. സഭയ്ക്ക് പ്രയോജനപ്പെടുത്തുകയും, അനാവശ്യമായ മത്സര പ്രവണതകള്‍ക്കറുതി വരുത്തുകയും ചെയ്യാം. അങ്ങനെ പുതിയ ഊര്‍ജ്ജവും കരുത്തുമായി സഭയെ ഉത്തുംഗശൃംഗങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ തക്കവിധത്തില്‍ സഭാഭരണഘടന ഭേദഗതി ചെയ്യുവാന്‍ പുതിയ ഭരണസമിതിക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

പ്രദീപ് മാത്യു
അസ്സോസിയേഷന്‍ മെമ്പര്‍
വാകത്താനം വലിയപള്ളി