മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന ഭരണനിര്‍വ്വഹണ സമിതിയായ മാനേജിംഗ് കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള ഒരുക്കത്തിന്‍റെ മദ്ധ്യത്തിലൂടെ പരിശുദ്ധ സഭ കടന്നുപോകുന്നു. അതിശക്തമായ വെല്ലുവിളികളെ സഭ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഈ മാനേജിംഗ് കമ്മിറ്റി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എല്ലാവര്‍ക്കും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളാകുവാന്‍ ആഗ്രഹമുണ്ടായാല്‍ അത് സ്വാഭാവികം. എന്നാല്‍ ആരെയാണ് സഭാ മാനേജിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കേണ്ടത് എന്നതിന്‍റെ അടിസ്ഥാനം മത്സരിക്കുന്നവരുടെ ആഗ്രഹമല്ല, മറിച്ച് സഭയുടെ ആവശ്യവും തെരഞ്ഞെടുക്കപ്പെടുന്നവരുടെ കാര്യപ്രാപ്തിയുമാണ്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിന് ചില മാനദണ്ഡങ്ങള്‍ അനിവാര്യമാണ്.
1. സഭാവിശ്വാസ ജീവിതത്തിലും കൗദാശിക അനുഭവത്തിലും തീക്ഷ്ണതയുള്ളവര്‍ ആയിരിക്കണം.
2. ഇടവകതല ആത്മീയ പ്രസ്ഥാനങ്ങളിലെ പങ്കാളിത്വവും നേതൃത്വവും വിലയിരുത്തപ്പെടണം.
3. സഭയുടെ ചരിത്രത്തെപ്പറ്റിയും കാതോലിക്കേറ്റിന്‍റെ പ്രസക്തിയെപ്പറ്റിയും പൂര്‍ണ്ണമായ അറിവും ബോധവുമുള്ളവരായിരിക്കണം.
4. സഭാ മാനേജിംഗ് കമ്മിറ്റി സ്ഥാനം ഏതെങ്കിലും രാഷ്ട്രീയ-മത-സാംസ്കാരിക മണ്ഡലത്തിലെ സ്ഥാനമാനങ്ങള്‍ക്കുള്ള കുറുക്കുവഴിയായി കാണുന്നവര്‍ ആയിരിക്കരുത്.
5. സഭയുടെ നീതിക്കായുള്ള പോരാട്ടത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ളവര്‍ തെരഞ്ഞെടുക്കപ്പെടുകയും, സ്വന്തം സ്ഥാനമാനങ്ങളെ സംരക്ഷിക്കുവാന്‍ ഇത്തരം സാഹചര്യങ്ങളില്‍ നിശബ്ദത പാലിക്കുന്നവരെ ഒഴിവാക്കുകയും വേണം.
6. സഭാ മാനേജിംഗ് കമ്മിറ്റി സ്ഥാനം സഭയുടെ ഏതെങ്കിലും സമിതിയിലേക്കുള്ള പാലം മാത്രമാണെന്ന് ചിന്തിക്കുന്നവരെ ഒഴിവാക്കണം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം.
7. മത്സരിക്കുന്നവരുടെ സ്വഭാവം, കുടുംബജീവിതം എന്നിവ വളരെ ഗൗരവത്തോടുകൂടി വിലയിരുത്തണം.
8. മാനേജിംഗ് കമ്മിറ്റി പോലുള്ള ഉത്തരവാദിത്വ സമിതികളില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ചോദ്യമെങ്കിലും ചോദിക്കുവാന്‍ ധൈര്യമില്ലാതെ വെറുതെയിരിക്കുന്നവര്‍ സഭയ്ക്ക് ഭാരമാണ് എന്ന ചിന്ത നമ്മെ കൂടുതലായി ഭരിക്കണം.
9. വ്യക്തി താല്‍പര്യങ്ങള്‍ക്കോ, പ്രാദേശിക താല്‍പര്യങ്ങള്‍ക്കോ, രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ക്കോ അടിമപ്പെടാതെ സഭയുടെ ഭാവി മുന്നില്‍ കണ്ട് ഇടവക പ്രതിനിധികള്‍ സമ്മതിദാന അവകാശം വിനിയോഗിക്കണം.
10. ‘ഞാന്‍ യോഗ്യന്‍’ എന്ന് സ്വയം പ്രഖ്യാപിക്കുന്നവരെ ഒഴിവാക്കുകയും സഭയ്ക്ക് വേണ്ടവരെ നിഷ്പക്ഷമായി വിലയിരുത്തി തെരഞ്ഞെടുക്കുകയും വേണം.
11. സഭാ മാനേജിംഗ് കമ്മിറ്റി സ്ഥാനം ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. കഴിവുള്ളവരും, ആത്മാര്‍ത്ഥതയുള്ളവരും, സേവനതല്പരരുമായ എല്ലാവര്‍ക്കും ആ അവസരം ലഭിക്കണം.
ഇടവകകളെ പ്രതിനിധീകരിച്ച് പരിശുദ്ധ സഭയ്ക്കുവേണ്ടിയാണ് അസ്സോസിയേഷന്‍ പ്രതിനിധികള്‍ വോട്ട് ചെയ്യുന്നത് എന്ന ബോധ്യം ഉള്‍ക്കൊണ്ട് സഭയുടെ ഭാവി മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുവാന്‍ യോഗ്യരായവരെ – വൈദികരെയും, അത്മായക്കാരെയും – തിരഞ്ഞെടുക്കുവാന്‍ സര്‍വ്വശക്തന്‍ ഏവരേയും അനുഗ്രഹിക്കട്ടെ.
(ബഥേല്‍ പത്രിക, 2012 ജനുവരി)
അനുബന്ധം:
അഭിവന്ദ്യ തിരുമേനിയുടെ നിര്‍ദേശങ്ങളോടൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍ കൂടി അസോസിയേഷന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
1. ഇടവകയ്ക്കുവേണ്ടിയാണ് വ്യക്തിപരമായല്ല അസോസിയേഷന്‍ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് എന്ന ബോദ്ധ്യം ഉണ്ടായിരിക്കണം. ആ ബോദ്ധ്യത്തില്‍ സഭയുടെ നന്മയ്ക്കായി വോട്ടവകാശം വിനിയോഗിക്കുക. ഇടവക വികാരിയുമായും സഹപ്രതിനിധികളുമായും ചര്‍ച്ച ചെയ്യുന്നത് നല്ലതാണ്.
2. സ്ഥാനാര്‍ത്ഥികളെപ്പറ്റി വ്യക്തമായി വിലയിരുത്തി വേണം വോട്ടു ചെയ്യുന്നത്. അവര്‍ സ്നേഹപൂര്‍വ്വം അയച്ചുതരുന്ന അഭ്യര്‍ത്ഥനകളും ബയോഡേറ്റായും സസൂക്ഷ്മം വായിച്ച് വിലയിരുത്തി വേണം യോഗ്യരായ വ്യക്തികളെ കണ്ടെത്തുന്നത്. വേണ്ടിവന്നാല്‍ ആവശ്യമായ അന്വേഷണം നടത്തുകയും വേണം.
3. ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിലുപരി ഡിസ്ട്രിക്ട്-ഭദ്രാസന-സഭാ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണം.
4. മുമ്പ് മാനേജിംഗ് കമ്മിറ്റിയില്‍ അംഗമായിട്ടുള്ളവര്‍ വീണ്ടും മത്സരിക്കുമ്പോള്‍ അവരുടെ സംഭാവനകള്‍ വിലയിരുത്തണം.
5. എത്ര തവണ നേരില്‍ കണ്ടു, എത്ര തവണ ഫോണ്‍ ചെയ്തു, ആരെക്കൊണ്ടൊക്കെ ശുപാര്‍ശ ചെയ്തു എന്നുള്ളത് യോഗ്യതയ്ക്കോ അര്‍ഹതയ്ക്കോ മാനദണ്ഡമായി കരുതരുത്.
6. നേരില്‍ കണ്ടില്ല എന്ന കാരണം കൊണ്ടു മാത്രം അര്‍ഹതയും യോഗ്യതയുമുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴിവാക്കപ്പെടരുത്.
7. വീടു സന്ദര്‍ശിച്ചുള്ള വോട്ടുപിടുത്തം സ്ഥാനാര്‍ത്ഥികള്‍ ഒഴിവാക്കണം. വോട്ടര്‍മാര്‍ ഈ പ്രവണത നിരുത്സാഹപ്പെടുത്തണം.
8. തെരഞ്ഞെടുപ്പുകാലത്തെ വോട്ടുപിടുത്തം മാത്രമാണ് പല സ്ഥാനാര്‍ത്ഥികളുടെയും സഭാപ്രവര്‍ത്തനം. ഇങ്ങനെയുള്ളവരെ ഒഴിവാക്കണം. പണം, സമയം, ആരോഗ്യം എന്നിവ ധാരാളമുള്ള ആര്‍ക്കും ജയിക്കാവുന്ന സ്ഥിതി ഉണ്ടാകരുത്.