യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ്

F&Yconf.4
വറുഗീസ് പ്ലാമൂട്ടില്‍

യോങ്കേഴ്‌സ് (ന്യൂയോര്‍ക്ക്): ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനുവരി 29 ഞായറാഴ്ച ഇടവകയില്‍ എത്തിയ കോണ്‍ഫറന്‍സ് പ്രതിനിധിസംഘത്തിന് ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ സ്വാഗതം അരുളി. അമേരിക്കന്‍ ഭദ്രാസനത്തിന്റെ തറവാടാണ് യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയെന്നും കോണ്‍ഫറന്‍സിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ ഈ ഇടവകയില്‍നിന്നായിരുന്നുവെന്നും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് വന്‍ വിജയമാക്കുവാന്‍ ഇടവകയിലെ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ പ്രസ്താവിച്ചു. സുവനീര്‍ ചീഫ് എഡിറ്റര്‍ എബി കുറിയാക്കോസ് കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങള്‍ നല്‍കി. ഇടവക പി. ആര്‍. ഓ. മാത്യു ജോര്‍ജില്‍നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ രജിസ്‌ട്രേഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു. ഇടവകയില്‍നിന്നും നിരവധി ആളുകള്‍ നേരിട്ടും ഓണ്‍ലൈന്‍ വഴിയായും കോണ്‍ഫറന്‍സിലേക്ക് രജിസ്റ്റര്‍ ചെയ്തു. സൂവനീര്‍ ഫൈനാന്‍സ് കമ്മറ്റിയംഗങ്ങളായ ഫിലിപ്പോസ് സാമുവേല്‍, കുറിയാക്കോസ് തര്യന്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. കോണ്‍ഫറന്‍സിന്റെ വിജയത്തിന് ഇടവകാംഗങ്ങള്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.