കോണ്‍ഫറന്‍സ് ജനറല്‍ കമ്മിറ്റി കൂടി, സൗജന്യനിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

FYCPlainfield1
വറുഗീസ് പ്ലാമൂട്ടില്‍

ന്യൂജേഴ്‌സി: പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 12 മുതല്‍ 15 വരെ നടത്തപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം ജനുവരി 29 ഞായറാഴ്ച ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവാസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നോര്‍ത്ത് പ്ലെയ്ന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൂടി. എല്ലാ കമ്മിറ്റികളുടെയും അധ്യക്ഷന്മാരും ഒട്ടു മിക്ക അംഗങ്ങളും പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ ഇതുവരെയുണ്ടായ പുരോഗതിയെ പറ്റി കമ്മിറ്റിയെ അറിയിച്ചു.
ജനുവരി രണ്ടിന് ആരംഭിച്ച രജിസ്‌ട്രേഷന്‍ തുടങ്ങിയതിനു ശേഷം ഈ ദിവസം വരെ 560 പേര്‍ രജിസ്‌ട്രേഷന്‍ നടത്തിയെന്ന വിവരം ഹര്‍ഷാരവത്തോടെയാണ് കമ്മിറ്റി എതിരേറ്റത് (ഈ വാര്‍ത്ത തയ്യാറാക്കുമ്പോഴേയ്ക്കും രജിസ്‌ട്രേഷന്‍ 600 കവിഞ്ഞു.) മുന്നൂറു മുറികളാണ് കലഹാരി റിസോര്‍ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ കോണ്‍ട്രാക്ട് ചെയ്തിരിക്കുന്നത്. 180 മുറികള്‍ ഇതിനോടകം ഫില്‍ ചെയ്തു കഴിഞ്ഞു. ശേഷിച്ച മുറികള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന ഇന്ന്, ജനുവരി 31-ന് ഫില്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിനു കീഴിലുള്ള നോര്‍ത്ത് കരോളിന മുതല്‍ ബോസ്റ്റണ്‍ വരെയും കാനഡ വരെയുമുള്ള ഇടവകകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ വന്നിട്ടുണ്ട്. തുടര്‍ന്ന്, ട്രഷറാര്‍ ജീമോന്‍ വറുഗീസ് 3,15,000 ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ ബാധ്യതകള്‍ വരാതിരിക്കാന്‍ സൗജന്യനിരക്കിലുള്ള രജിസ്‌ട്രേഷന്‍ ആയതിനാല്‍ സുവനിയര്‍ കമ്മിറ്റിയെയാണ് ഫിനാന്‍സ് കമ്മിറ്റി ഉറ്റു നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ഫിലിപ്പ് ജോര്‍ജ് ചെയര്‍പേഴ്‌സണ്‍ ആയ സുവനിയര്‍ ബിസിനസ്സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും ചെയ്തു. സുവനിയറിന്റെ എഡിറ്റോറിയല്‍ പരമായ കാര്യങ്ങളെപ്പറ്റി ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ് വിശദീകരിച്ചു.
ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം നടന്നുവരുന്ന ഇടവക സന്ദര്‍ശനങ്ങളെപ്പറ്റി കമ്മിറ്റിയംഗം മാത്യു വറുഗീസ് സംസാരിച്ചു. തുടര്‍ന്ന് ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ കമ്മിറ്റിയംഗങ്ങളെ പരിചയപ്പെടുത്തി. പിന്നീട് നടന്ന ചോദ്യോത്തര വേളയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിജയത്തിനു വേണ്ടി എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തു.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി കോണ്‍ഫറന്‍സിനു തൊട്ടു മുന്‍പുള്ള തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റിസോര്‍ട്ടിലെ വാട്ടര്‍ പാര്‍ക്ക് പ്രവേശനം ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ നിരക്കില്‍ ആനുകൂല്യം ഏര്‍പ്പെടുത്തിയതില്‍ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു. മാര്‍ നിക്കോളോവോസും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി. ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തുകയും ടീം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുകയും ചെയ്തു. ഓരോ കമ്മിറ്റികളുടെയും സബ് കമ്മിറ്റികള്‍ സമയാനുസരണം കൂടുകയും ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിലേക്ക് വേണ്ടുന്ന ആക്ഷന്‍ പ്ലാനുകള്‍ അടുത്ത ജനറല്‍കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസ്‌കൗണ്ട് നിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഇന്ന്, ജനുവരി 31-ന് അവസാനിക്കും. കുടുംബങ്ങളായി വരുന്നവര്‍ക്ക് വന്‍ തോതിലുള്ള ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ ഈ സൗജന്യനിരക്ക് എല്ലാവരും പരമാവധി ഇന്നു തന്നെ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.