ഹൂസ്റ്റൺ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക പൊതുയോഗവും വൈദിക സംഘത്തിന്റെ പൊതുയോഗവും ഫെബ്രുവരി 2മുതൽ 4 വരെ ഭദ്രാസന ആസ്ഥാനമായ ഊർശലേം അരമന ചാപ്പലിൽ നടക്കും. ഫെബ്രുവരി 2 ന് വൈകിട്ട് വൈദിക സംഘത്തിന്റെ സമ്മേളനവും 3 ന് വെള്ളിയാഴ്ച മെത്രാസന ഇടവക പൊതുയോഗവും 4 ശനിയാഴ്ച മലങ്കര സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് ഒരു വൈദിക പ്രതിനിധിയേയും രണ്ട് ആത്മായ പ്രതിനിധികളെയും മലങ്കര അസോസിയേഷൻ അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. തുടർന്ന് നടക്കുന്ന ഭദ്രാസന അസംബ്ലി അംഗങ്ങളുടെ യോഗത്തിൽ ഭദ്രാസന സെക്രട്ടറിയെയും 2 വൈദിക പ്രതിനിധികളെയും നാല് ആത്മായ പ്രതിനിധികളെയും ഭദ്രാസന കൗൺസിലിലേക്ക് തിരഞ്ഞെടുക്കുമെന്നു ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് അറിയിച്ചു.
ഭദ്രാസനത്തിലെ ഇടവക വികാരിമാരും പള്ളി പ്രതിപുരുഷന്മാരും അസോസിയേഷൻ അംഗങ്ങളുൾപ്പെടെ ഏകദേശം 200 പ്രതിനിധികൾ പങ്കെടുക്കുന്ന ഭദ്രാസന ഇടവക പൊതുയോഗത്തിന്റെ വിജയത്തിനായി റോയി സി. മാത്യു ജനറൽ കൺവീനറും ഫാ. മാമ്മൻ മാത്യു ചെയർമാനും ഫാ. രാജേഷ് കെ. ജോൺ(അക്കമഡേഷൻ) ഫാ. ജോയൽ മാത്യു (ട്രാൻസ്പോർട്ടേഷൻ) ഫാ. ജേയ്ക്ക് കുര്യൻ(റജിസ്ട്രേഷൻ ആൻഡ് ഇലക്ഷൻ) ഫാ. ഡോ. വി.ഒ.വർഗീസ്(ഫുഡ്) ഫാ. ഐസക് പ്രകാശ് (റിസപ്ഷൻ) ഫാ. പി. എം. ചെറിയാൻ(ലിറ്റർജി) എന്നിവർ കൺവീനർമാരായി വിവിധ സബ് കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു. പ്രസ്തുത സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ഊർജ്ജസ്വലമായി പുരോഗമിക്കുന്നുവെന്ന് ഭദ്രാസന മാനേജർ ഫാ. വർഗീസ് തോമസും പിആർഒ എൽദോ പീറ്ററും സംയുക്തമായി അറിയിച്ചു.

