മാനേജിംഗ് കമ്മിറ്റി: ഇന്നലെ, ഇന്ന്, നാളെ / ഫാ. സി. ഒ. ജോര്‍ജ് (സഭാ മാനേജിംഗ് കമ്മിറ്റിയംഗം)

photo12

മലങ്കര മഹാ ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുവാനുള്ള പ്രക്രിയ സഭയുടെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണല്ലോ. 4000-ല്‍ അധികം അംഗസംഖ്യയുള്ള അസ്സോസിയേഷന് സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നേരിട്ടു നടത്തുവാനുള്ള പ്രായോഗിക വൈഷമ്യം മൂലമാണ് അസ്സോസിയേഷന്‍ തെരഞ്ഞെടുക്കുന്ന മാനേജിംഗ് കമ്മിറ്റിയെ സഭയുടെ വലിയ ഉത്തരവാദിത്വം ഏല്പിച്ചിരിക്കുന്നത്. സഭയുടെ ഭരണഘടന വിഭാവനം ചെയ്തവര്‍ എത്രമാത്രം ബുദ്ധിപരമായും ദീര്‍ഘദൃഷ്ടിയോടും കൂടിയാണ് സഭയുടെ നടപടിചട്ടങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത് എന്ന് അവധാനതയോടുകൂടി പഠിക്കുന്ന ഏവര്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കും. അസ്സോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് അതിനു യോഗ്യരായവരെ കണ്ടുപിടിച്ച് തെരഞ്ഞെടുത്തു വിടുവാന്‍ ഇടവകകള്‍ക്കും ഭദ്രാസനങ്ങള്‍ക്കും മലങ്കര മഹാഇടവക യോഗത്തിനും ബാദ്ധ്യതയുണ്ട്.
മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും സമര്‍ത്ഥരും നിസ്വാര്‍ത്ഥമതികളും പ്രാര്‍ത്ഥനാജീവിതമുള്ളവരും സഭാസ്നേഹികളുമായ വ്യക്തികളുടെ നീണ്ടനിര നമുക്കു ദര്‍ശിക്കുവാന്‍ കഴിയും. നാലര ദശാബ്ദത്തിലേറെ കോട്ടയത്തു താമസിക്കുന്ന ഒരു സഭാംഗമെന്ന നിലയില്‍ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുവാനും അവലോകനം ചെയ്യുവാനും അവസരം ലഭിച്ചിട്ടുണ്ട്. 1969-ലാണ് ഞാന്‍ വൈദിക വിദ്യാഭ്യാസത്തിനായി പഴയസെമിനാരിയില്‍ ചേരുന്നത്. സാധാരണയായി മാനേജിംഗ് കമ്മിറ്റി അന്ന് പഴയസെമിനാരിയുടെ രണ്ടാം നിലയിലുള്ള “കമ്മിറ്റി മാളിക”യിലാണ് യോഗം ചേര്‍ന്നിരുന്നത്. ഒരു ദേവാലയം പോലെ വിരിച്ചൊരുക്കപ്പെട്ട മാളിക. ആത്മിക ചൈതന്യം പരിലസിക്കുന്ന പുണ്യപിതാക്കന്മാരുടെ, ഉത്തമന്മാരായ ഭരണകര്‍ത്താക്കളുടെ മനോഹര ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഒരു പുണ്യസ്ഥലം. മാനേജിംഗ് കമ്മിറ്റി കൂടുന്നതിന് ഒരാഴ്ച മുമ്പെങ്കിലും സെമിനാരിയില്‍ യോഗത്തിന്‍റെ തയ്യാറെടുപ്പുകള്‍ ആരംഭിക്കും. തിരുമേനിമാര്‍ക്കും വിദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന അംഗങ്ങള്‍ക്കും താമസത്തിനും വിശ്രമത്തിനും സൗകര്യം ഒരുക്കുന്നതിനും കമ്മറ്റി മാളിക സജ്ജീകരിക്കുന്നതിനുമുള്ള ചുമതലകള്‍ ഏറെയും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു.
കാതോലിക്കാബാവാ തിരുമേനി ഉള്‍പ്പെടെ 11 തിരുമേനിമാരും ക്നാനായ ഭദ്രാസനം ഉള്‍പ്പെടെ 10 ഭദ്രാസനങ്ങളുമാണ് അന്ന് മലങ്കരസഭയില്‍ ഉണ്ടായിരുന്നത്. സഭയിലെ പ്രഗത്ഭരായ വൈദികരെയും അതിസമര്‍ത്ഥരായ അത്മായക്കാരെയുമാണ് അന്ന് വിവിധ ഭദ്രാസനങ്ങള്‍ തെരഞ്ഞെടുത്തയച്ചിരുന്നത്. ഏറെയും മത്സരവും വോട്ടിങ്ങും ഇല്ലാതെ ഏകകണ്ഠമായി തീരുമാനിക്കപ്പെട്ടവര്‍. നോമിനേറ്റു ചെയ്യപ്പെട്ടവര്‍ എല്ലാം സഭയുടെ വിവിധ തലത്തിലെ പ്രതിഭകള്‍. ഡോ. എ. റ്റി. മര്‍ക്കോസ്, ഡോ. ചാക്കോ ജോര്‍ജ്, ജസ്റ്റീസ് കൊച്ചുതൊമ്മന്‍, കോരുതു ജഡ്ജി, അഡ്വ. കെ. ചെറിയാന്‍ വട്ടക്കുന്നേല്‍, അഡ്വ. എം. ഏബ്രഹാം, കുര്യന്‍ ഏബ്രഹാം ഉപ്പൂട്ടില്‍, പി. റ്റി. തോമസ് പാലാമ്പടം, ഈ. ജെ. ജോസഫ് എറികാട്ട്, ഇലഞ്ഞിക്കല്‍ ഇ. ജോണ്‍ ജേക്കബ്, പത്മശ്രീ കെ. എം. ചെറിയാന്‍, പി. ജെ. കോശി, മത്തായി മാത്യൂസ്, പത്മഭൂഷണ്‍ കെ. എം. മാത്യു അങ്ങനെ സഭയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ശ്രേഷ്ഠ കൂട്ടം. മാനേജിംഗ് കമ്മിറ്റി നടക്കുന്ന ദിവസം രാവിലെ കൃത്യസമയത്ത് ചാപ്പലിലെ പ്രാര്‍ത്ഥനയ്ക്കുശേഷം പഴയസെമിനാരിയുടെ രണ്ടാം നിലയിലേക്കുള്ള ഇടുങ്ങിയ ചവിട്ടുപടികളിലൂടെ യന്ത്രപ്പടികളെക്കാള്‍ അനായാസമായി കയറിപ്പോകുന്ന മേല്പട്ടക്കാരും വൈദികരുമടങ്ങിയ സഭാമക്കള്‍ സഭയുടെ കെട്ടുപണിക്കായി ദൈവം ഞങ്ങളെ നിയോഗിച്ചിരിക്കുന്നു എന്ന ദൈവികമായ ഉള്‍വിളിയാലാണ് കമ്മിറ്റി മാളികയിലെത്തുന്നത്. അവിടെ ആരവങ്ങളും ആക്രോശങ്ങളുമില്ലായിരുന്നു. ചോദ്യോത്തര കോലാഹലമില്ല. പ്രമേയങ്ങളുടെ പെരുമഴയില്ല. വളരെ അച്ചടക്കത്തോടെ വിഷയങ്ങള്‍ ആലോചിച്ചു തീരുമാനങ്ങളെടുത്ത് അംഗങ്ങള്‍ കമ്മിറ്റി മാളികയ്ക്കു പുറത്തേക്കു വരുമ്പോള്‍ ഒരു ദേവാലയത്തില്‍ നിന്ന് ആരാധന കഴിഞ്ഞു വരുന്ന ഭക്തജനങ്ങളുടെ സംതൃപ്തിയാണ് അംഗങ്ങളുടെ മുഖത്തു നിഴലിച്ചിരുന്നത്. മലങ്കരസഭയുടെ ഭരണപരിഷ്ക്കാര രംഗത്ത് വിപ്ലവകരമായ സംഭാവനകളാണ് അന്ന് ലഭിച്ചത്. ഭരണഘടനാ ഭേദഗതികള്‍, അസോസിയേഷന്‍ നടപടിചട്ടങ്ങള്‍, മാനേജിംഗ് കമ്മിറ്റി പെരുമാറ്റ സംഹിത എല്ലാം അന്നാണ് രൂപപ്പെട്ടത്. ബലഹീനനെന്നു സ്വയം വിശേഷിപ്പിച്ചിരുന്ന പരിശുദ്ധ ഔഗേന്‍ ബാവാ തിരുമേനിയോടൊപ്പം അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായ വട്ടക്കുന്നേല്‍ ബാവാ തിരുമേനിയുടെ നേതൃത്വവും ധിഷണാശാലികളായ അനേകം കമ്മിറ്റി അംഗങ്ങളുടെയും അദ്ധ്വാനവുമാണ് അതിനു നിദാനമായത്.
മലങ്കര സഭാസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘മലങ്കരദീപം’ എന്ന പ്രസിദ്ധീകരണത്തിന്‍റെ ചുമതലക്കാരനെന്ന നിലയില്‍ ഒരു നിരീക്ഷകനായും 1987-ല്‍ നോമിനേറ്റഡ് അംഗമെന്ന നിലയിലും സഭാ മാനേജിംഗ് കമ്മിറ്റിയില്‍ ഞാന്‍ സംബന്ധിച്ചിരുന്നു. 2012-ല്‍ തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ മാനേജിംഗ് കമ്മിറ്റിയംഗമായി.
1975-നു ശേഷമുള്ള നാല്പതില്‍പരം വര്‍ഷത്തെ കാലവിളംബം സഭാ മാനേജിംഗ് കമ്മിറ്റിയെ സമൂലമായ രൂപാന്തരത്തിലേക്കു നയിച്ചു. മാനേജിംഗ് കമ്മിറ്റി യോഗസ്ഥലം പൗരാണികത വിളിച്ചോതുന്ന പഴയസെമിനാരി നാലുകെട്ടിലെ രണ്ടാം നിലയിലുള്ള മാനേജിംഗ് കമ്മിറ്റി മാളികയില്‍ നിന്നും താഴത്തെ നിലയിലെ കോണ്‍ക്രീറ്റു കെട്ടിടത്തിലേക്കു മാറി. 10 ഭദ്രാസനങ്ങള്‍ 30 ആയി മാറി. 11 തിരുമേനിമാരുടെ സ്ഥാനത്ത് 27 പേര്‍ സ്ഥാനികളായി. നോമിനേറ്റ് ചെയ്യപ്പെടുന്ന പ്രതിഭകളുടെ സ്ഥാനം പല പ്രതിമകളും കയ്യടക്കി. ഗൂഢമായ ലക്ഷ്യങ്ങള്‍ നടത്തിയെടുക്കുവാന്‍ കോര്‍ണര്‍ മീറ്റിംഗുകളും ഗ്രൂപ്പുയോഗങ്ങളും രഹസ്യസങ്കേതങ്ങളില്‍ കൂടി. ഭീഷണിയും വെല്ലുവിളികളും ഉയര്‍ന്നു. ചില അംഗങ്ങളുടെ സുരക്ഷിതത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. മേല്പട്ടക്കാരെപ്പോലും അപമാനിക്കുന്ന രീതിയിലുള്ള സംസാരത്തിന് ചിലര്‍ ഒരുമ്പെട്ടു. മാനേജിംഗ് കമ്മിറ്റി യോഗങ്ങളില്‍ സംബന്ധിക്കാത്ത അംഗങ്ങളുടെ സംഖ്യ, സംബന്ധിക്കുന്നവരുടെ സംഖ്യക്കു മുകളിലായി. ഈ ദുഃസ്ഥിതി മാറണം. മാനേജിംഗ് കമ്മിറ്റിയുടെ ആദ്യകാല അനുഭവങ്ങളിലേക്കു നാം തിരികെ ചെല്ലണം. നിഗൂഢലക്ഷ്യങ്ങളും സ്വാര്‍ത്ഥതാല്പര്യങ്ങളും പാര്‍ലമെന്‍ററി വ്യാമോഹവും ഉള്ളവര്‍ ഒഴിവാക്കപ്പെടണം. ഓരോ ഇടവകയില്‍ നിന്നും മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിലേക്കു തെരഞ്ഞെടുത്തയയ്ക്കപ്പെടുന്ന പ്രതിനിധികള്‍ ദൈവസഭയുടെ കെട്ടുപണിക്കായി ലഭിച്ചിരിക്കുന്ന ദൈവനിയോഗമാണിതെന്നു മനസ്സിലാക്കണം. അതിലൂടെ ഒരു നല്ല മാനേജിംഗ് കമ്മിറ്റിയും സഭാസ്ഥാനികളും തെരഞ്ഞെടുക്കപ്പെടട്ടെ.