രാജിവയ്ക്കാതെ മരണം വരെ ഫാ. ജേക്കബ് മണലില്‍ വൈദികട്രസ്റ്റിയായി തുടര്‍ന്നിരുന്നുവെങ്കില്‍ തെങ്ങുംതോട്ടത്തില്‍ ടി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ (1965 – 1982), കോനാട്ട് ഏബ്രഹാം മല്‍പാന്‍ (1982 – 1987), നൂറനാല്‍ മത്തായി കത്തനാര്‍ (1987 – 2002) എന്നിവരില്‍ ആദ്യത്തെ രണ്ടു പേര്‍ക്കെങ്കിലും വൈദികട്രസ്റ്റിയാകാന്‍ അവസരം ലഭിക്കുമായിരുന്നില്ല.
മലങ്കരസഭയിലെ മാറാകൈസ്ഥാനികള്‍ക്കൊരു വെല്ലുവിളിയാണ് ഫാ. ജേക്കബ് മണലില്‍ (1901 ഒക്ടോബര്‍ 1 – 1993 ജനുവരി 17). ഏഴു വര്‍ഷം മാത്രം (1958 ഡിസംബര്‍ 26 – 1965 ഡിസംബര്‍ 28) വൈദികട്രസ്റ്റിയായിരുന്ന അദ്ദേഹം സ്ഥാനം രാജിവയ്ക്കുകയാണുണ്ടായത്. രാജിവയ്ക്കാതെ മരണം വരെ അദ്ദേഹം വൈദികട്രസ്റ്റിയായി തുടര്‍ന്നിരുന്നുവെങ്കില്‍ തെങ്ങുംതോട്ടത്തില്‍ ടി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ (1965 – 1982), കോനാട്ട് ഏബ്രഹാം മല്‍പാന്‍ (1982 – 1987), നൂറനാല്‍ മത്തായി കത്തനാര്‍ (1987 – 2002) എന്നിവരില്‍ ആദ്യത്തെ രണ്ടു പേര്‍ക്കെങ്കിലും വൈദികട്രസ്റ്റിയാകാന്‍ അവസരം ലഭിക്കുമായിരുന്നില്ല.
ബഹു. മണലില്‍ യാക്കോബ് കത്തനാര്‍ വൈദികട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യവും രാജിവയ്ക്കാനുണ്ടായ കാരണവും തന്‍റെ ഒരു യുവ സുഹൃത്തിന് 08-07-1989-ല്‍ അദ്ദേഹം അയച്ച കത്തില്‍ നിന്ന്:
“ഞാന്‍ വൈദികട്രസ്റ്റി സ്ഥാനമോ വേറെ ഏതെങ്കിലും പ്രത്യേക സ്ഥാനമോ സഭയില്‍ ആഗ്രഹിച്ചിരുന്നില്ല. ആഗ്രഹവും മോഹവും ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഏറ്റവും പ്രായം കൂടിയ മേല്പട്ടക്കാരനായി കഴിയാമായിരുന്നു. ആ സ്ഥാനത്തേക്കും എന്നെ സഭയിലെ പഴയ മാന്യന്മാര്‍ നിര്‍ബന്ധിച്ചതാണ്. 1958-ല്‍, 30 കൊല്ലത്തിലധികം സേവനം ചെയ്തതിന്‍റെയോ മറ്റോ ഓര്‍മ്മ കൊണ്ട് ഗീവറുഗീസ് കക കാതോലിക്കാ ബാവാ എന്നോട് വൈദിക ട്രസ്റ്റി സ്ഥാനം സ്വീകരിക്കണമെന്ന് കല്പിച്ചു. സ്ഥാനമൊന്നും വേണ്ടെന്ന് അറിയിച്ചപ്പോള്‍ ശാസനയായി കല്പിച്ചപ്പോള്‍ ‘ഏല്ക്കാം, 5 കൊല്ലം കഴിയുമ്പോള്‍ ഞാന്‍ മാറും’ എന്നറിയിച്ചപ്പോള്‍ ‘അത് അന്നല്ലയോ’ എന്നു കല്പിച്ചു, സ്വീകരിച്ചു. യോജിച്ച സഭയുടെ ആദ്യ അസോസ്യേഷനുമായിരുന്നു; തെരഞ്ഞെടുത്തു. 64-ല്‍ ബാവാ കാലം ചെയ്തു. പിന്നീടു കൂടിയ 65 ഡിസംബര്‍ അസോസ്യേഷനില്‍ രാജിവച്ചു. എന്നെക്കാള്‍ വളരെ യോഗ്യന്മാരായ പട്ടക്കാര്‍ 58-ലും ഉണ്ടായിരുന്നു. എനിക്ക് ഒട്ടും ആഗ്രഹവുമില്ല. രാജിവച്ചതും മറ്റുള്ളവര്‍ക്ക് ഒരു മാതൃകയും, രവമിരല-ം ഉണ്ടാകട്ടെ എന്നു കരുതിയാണ്. പിന്നീട് ഇപ്പോള്‍ മൂന്നാമത്തെ വൈദികട്രസ്റ്റിയാണ്. എത്രയോ പേര്‍ ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹം നടക്കട്ടെ. ഞാന്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഒരു രോഗിയാണെന്നു തോന്നുന്നു. 88-ാം വയസില്‍ ആണു…. … മരുന്നിലും മറ്റും കഴിയുന്നു.”
ഫാ. ജേക്കബ് മണലില്‍ അനാരോഗ്യം മൂലം വൈദികട്രസ്റ്റി സ്ഥാനം 1965-ല്‍ രാജി വച്ചതായി മലങ്കര ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് എന്ന ദ്വൈവാരികയില്‍ (1989 ഡിസംബര്‍ 28) വന്നിരുന്നു. പിശകു ചൂണ്ടിക്കാട്ടി 05-01-1990 ല്‍ ബഹു. മണലിലച്ചന്‍ അയച്ച കത്തില്‍ നിന്ന്:
“ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്തതും അന്നത്തെ അസോസിയേഷന്‍ പോലും ഓര്‍ക്കാത്തതുമാണു എന്‍റെ ആരോഗ്യം. ഡല്‍ഹിക്കാരന്‍ (സഭാചരിത്രകാരനായ ഡേവിഡ് ദാനിയേല്‍ – എഡിറ്റര്‍) ഊഹിച്ചു എഴുതിയതാകും. വൈദികട്രസ്റ്റിസ്ഥാനത്തു നിന്നും ഞാന്‍ രാജിവച്ചിരിക്കുന്നു എന്നു മാത്രമാണു എഴുതിയിരുന്നത്. അസോസിയേഷന്‍ നോട്ടീസില്‍ വൈദികട്രസ്റ്റിയെ തിരഞ്ഞെടുക്കുന്ന കാര്യം ചേര്‍ത്തിരുന്നില്ല. നോട്ടീസ് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും എഴുതി. എന്‍റെ രാജി സ്വീകരിച്ചു പകരം ആളെ തെരഞ്ഞെടുക്കുവാന്‍ ഉദ്ദേശമില്ലെങ്കില്‍ മേലില്‍ വൈദികട്രസ്റ്റി ഉണ്ടായിരിക്കയില്ലെന്ന് വീണ്ടും അറിയിച്ച ശേഷം … “വൈദികട്രസ്റ്റി” രാജിവച്ചിരിക്കുന്നതിനാല്‍ ആ സ്ഥാനത്തേക്കു ഒരു വൈദികനെ തിരഞ്ഞെടുക്കണമെന്ന് ഒരു പ്രത്യേക നോട്ടീസു കൂടി അയച്ചാണു 1965-ല്‍ അസോസിയേഷന്‍ നടന്നത്. അസോസിയേഷന്‍ കൂടിയപ്പോള്‍ പലരും രാജിവക്കുവാന്‍ കാരണം അറിയണമെന്നു ആവശ്യപ്പെട്ടു. അപ്പോള്‍ കാരണം പറയുവാന്‍ വിളിച്ചു. ട്രസ്റ്റി സ്ഥാനം രാജിവയ്ക്കുന്നതിനു കാരണമൊന്നുമില്ല. കാലാവധി വയ്ക്കുന്നതു ആവശ്യമാണ്. ഗീവറുഗീസ് കക ബാവാ കല്പിച്ചതുകൊണ്ടു സമ്മതിച്ചതാണ്. 5 കൊല്ലമാണു ഞാന്‍ സമ്മതിച്ചത്. അസോസിയേഷന്‍ നടന്നില്ല. ബാവാ 64-ല്‍ കാലം ചെയ്തു. 63 മുതല്‍ അസുഖമായിരുന്നു ബാവായ്ക്ക്. അതുകൊണ്ട് നിര്‍ബന്ധിച്ചില്ല. പിന്നീട് ആദ്യം കൂടിയ അസോസിയേഷന്‍ – കൂടുന്ന വിവരമറിഞ്ഞ് നോട്ടീസിന് ഒരു മാസം മുമ്പു രാജി കത്തു അയച്ചു. നോട്ടീസില്‍ കാണാഞ്ഞതുകൊണ്ടു അറിയിച്ചപ്പോള്‍ അതിനു മാത്രം പ്രത്യേക നോട്ടീസ് അയയ്ക്കുകയായിരുന്നു ചെയ്തത്. ……. വായിക്കുന്നവര്‍ ചുരുക്കമാണ്. ആരും അത് ഓര്‍ക്കുകയില്ല. ഇനി ഒരു തിരുത്തു വേണമെന്ന് എനിക്കു നിര്‍ബന്ധമില്ല. അസോസിയേഷന്‍ മിനിറ്റ്സില്‍ അനാരോഗ്യം മൂലമെന്നു കാണുകയില്ലെന്നറിയാം. ഞാനും കൂടിയിരുന്നു എഴുതിയതാണു മിനിറ്റ്സ്. വന്ന തെറ്റു ചൂണ്ടിക്കാണിച്ചതാണ്. വല്ലവനും വല്ലടത്തും ഇരുന്നു എഴുതിയതാണ്. കാരണം വല്ലതും കാണുമെന്നു ചിന്തിച്ചു “അനാരോഗ്യം” ചേര്‍ത്തതാകാം. ഞാന്‍ എഴുതുകയും തമ്മില്‍ കണ്ടപ്പോള്‍ പറഞ്ഞതും ഓര്‍ത്തില്ലല്ലോ എന്ന് ഓര്‍ത്തു. 65-ലെ മണലില്‍ അച്ചന്‍ 89-ല്‍ ഓടിനടക്കുകയാണല്ലോ എന്നും ഓര്‍ത്തില്ല. ക്ഷമിച്ചിരിക്കുന്നു. വീണ്ടും ഒരു തിരുത്തിനു നിര്‍ബന്ധിക്കുന്നില്ല.”
മാറാസ്ഥാനികള്‍ക്കൊരു മാനസാന്തരമുണ്ടാകാന്‍ മണലിലച്ചന്‍റെ മദ്ധ്യസ്ഥതയില്‍ അഭയം തേടാം.
– ഉലഹന്നാന്‍ വര്‍ക്കി
(മലങ്കര അസോസിയേന്‍ അംഗം)