കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇൻഡ്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഓണം പൊന്നോണം 2016’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 7-നു അബ്ബാസിയ സെന്റ് അൽഫോൺസാ ഹാളിൽ നടന്ന ചടങ്ങുകൾ, കുവൈറ്റ് മഹാഇടവക വികാരിയും, പ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. രാജു തോമസ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു.
ഇടവക സഹവികാരിയും വൈസ് പ്രസിഡണ്ടുമായ ഫാ. ജേക്കബ് തോമസ്, ഫാ കോശി മാത്യു, ഇടവക ട്രഷറാർ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോൺ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി എബ്രഹാം, യുവജന പ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് അബു തോമസ് എന്നിവർ പ്രസംഗിച്ചു. പ്രസ്ഥാനം സെക്രട്ടറി അജീഷ് തോമസ് സ്വാഗതവും കൺവീനർ സുമോദ് മാത്യു നന്ദിയും ആശംസിച്ചു,
ഓണാഘോഷങ്ങളോടനുബന്ധിച്ച് മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ഗാനമേള, കോമഡി ഷോ, യുവജനപ്രസ്ഥാനം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. വിഭവസമൃദ്ധമായ സദ്യയോടുകൂടി ഓണഘോഷപരിപാടികൾ സമാപിച്ചു.