ഒരു നന്മയുടെ കഥ

mosc_kandanad_diocese

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ദൈവ പുത്രന്റെ നാമത്തിൽ പത്തു വർഷമായി ഒരു വിശ്വാസി സമൂഹം ഊട്ടുന്നത് ആയിരങ്ങളെ. വിശക്കുന്നവർക്ക് അന്നമാണ് ദൈവം. അതിനാൽ തന്നെ രോഗക്കിടക്കയിൽ പ്രാർത്ഥനയേക്കാൽ ആവശ്യം ഭക്ഷണം തന്നെയാണ് എന്ന തിരിച്ചറിവിലാണ് മലങ്കര ഓർത്തഡോക്‌സ് സഭയുടെ കീഴിലുള്ള കണ്ടനാട് വെസ്റ്റ് ഭദ്രാസന സമൂഹമാണ് പത്തു വർഷമായി ഈ പുണ്യകർമം ചെയ്യുന്നത്.
എറണാകുളം, ഇടുക്കി ജില്ലകളിലായി 14 സർക്കാർ ആശുപത്രിയിലാണ് മുടങ്ങാതെ ഉച്ചഭക്ഷണം നൽകുന്നത്. വളകോട്, കടയിരുപ്പ്, വാളകം, മൂവാറ്റുപുഴ, വാരപ്പെട്ടി, തൊടുപുഴ, രാമമംഗലം, മണ്ണത്തൂർ, പണ്ടപ്പിള്ളി, പാലക്കുഴ, പാലച്ചുവട്, പിറവം, മുളന്തുരുത്തി, പാമ്പാക്കുട എന്നിവിടങ്ങളിലാണ് ഭക്ഷണവിതരണം. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എന്നുവേണ്ട, ആശുപത്രിമുറ്റത്ത് എത്തുന്നവർക്കെല്ലാം പാത്രംനിറയെ ചൂടുള്ള കഞ്ഞിയും കറിയും അച്ചാറും കിട്ടും.
രാവിലെ പത്തിനും പന്ത്രണ്ടിനുമിടയിൽ ആശുപത്രികളിൽ ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുള്ള വാനുകളെത്തും. പാത്രങ്ങളുമായി കാത്തുനിൽക്കുന്നവർ നിരനിരയായി എത്തും. ആരും തിരക്കുണ്ടാക്കാറില്ല. പത്തുവർഷമായി ഹർത്താലുകൾക്കുപോലും മുടക്കമില്ലാതെ വാനുകൾ രോഗികൾക്കരികിലെത്തും. ഇടമലയാറിൽ വെള്ളംപൊങ്ങി വഴിയടഞ്ഞ ഒരേയൊരു ദിവസം മാത്രമാണ്, പത്തുവർഷത്തിനിടയിൽ ഈ മഹാദാനം മുടങ്ങിയത്.
പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസമാണ് ഈ പദ്ധതി. വിശ്വാസികളും സന്മനസ്സുള്ളവരും പണവും അരിയും പയറുമെല്ലാം ട്രസ്റ്റിന് സംഭാവനയായി നൽകും. ഇരുപതിനായിരത്തോളം രൂപ ഓരോ ദിവസവും െചലവാകുന്നുണ്ട്. മീൻപാറ അരമനയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. കടല, പയർ തുടങ്ങിയ കറികളാണ് കഞ്ഞിക്കൊപ്പം നൽകുന്നത്. 2005 നവംബറിൽ മാത്യൂസ് മാർ സേവേറിയൂസ് തിരുമേനിയാണ് ഈ അന്നദാനത്തിനു തുടക്കമിട്ടത്. കാലംചെയ്ത മാർ പക്കോമിയൂസ് തിരുമേനിയുടെ പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റിക്കാണ് നടത്തിപ്പുചുമതല.
ഭിക്ഷയെടുത്തുജീവിക്കുന്ന ഒരു വയോധികൻ അഞ്ചുകിലോ അരിയുമായി കഴിഞ്ഞദിവസം അരമനയിലെത്തി. നട്ടെല്ലിനു പരിക്കേറ്റ് ആറുമാസം പിറവത്തെ ആശുപത്രിയിൽ കഴിഞ്ഞസമയത്ത് അന്നം നൽകിയവരെക്കണ്ട് തന്റെ വലിയ സമ്പാദ്യം ഏല്പിച്ച് നന്ദിപറയാനെത്തിയതായിരുന്നു ആ പാവം. രോഗികൾക്ക് കാരുണ്യത്തിന്റെ രുചി പകരുകയാണ് ഭദ്രാസനം. കണ്ടനാട് മോഡൽ എങ്ങും വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് ഓർത്തഡോക്‌സ് സഭ.

Source