അമ്മയുടെ ജീവിതം / ഫാ. ബിജു പി. തോമസ്

icon-of-st-mary

വിസ്താര വേളയിൽ പീലാത്തോസ് ക്രിസ്തുവിനെ കൈ ചൂണ്ടി പറഞ്ഞു, ” ഇതാ മനുഷ്യൻ”. ലോകത്തിൽ ജീവിച്ച ഏറ്റം ഉത്തമനായ മനുഷ്യൻ എന്ന് സൂചന.. നമുക്ക് സമ്പൂർണ്ണ മനുഷ്യൻ എന്ന് വിളിക്കാം. പീലാത്തോസ് ഇത്രയും ചിന്തിച്ചിരുന്നോ എന്നറിയില്ല. എന്നാൽ ചില സത്യങ്ങൾ നാം ചിന്തിക്കാതെ പറയുമ്പോൾ പുറത്തുവരുന്നു. ചിന്തിച്ചാൽ പറയില്ല. ഇവിടെ ക്രിസ്തു എന്ന മനുഷ്യനെ പറ്റി പറയുവാനുള്ള ഉദ്യമം അല്ല. യേശു ക്രിസ്തു എന്ന നല്ല മനുഷ്യൻറെ ജനനത്തിലും വളർച്ചയിലും. നിർണ്ണായക പങ്കു വഹിച്ച ആ ‘അമ്മ എത്ര ഭാഗ്യവതി എന്ന് പറയുവാനാണാഗ്രഹിക്കുന്നതു . ക്രിസ്തുവിന്റെ കുരിശിൽ ഒന്ന് തൊടുവാൻ അവസരം ഓർക്കാപ്പുറത്തു, സാഹചര്യത്തിന്റെ സമ്മർദ്ധത്തിൽ കിട്ടിയ കുറേനക്കാരൻ ശീമോൻ എത്ര ഭാഗ്യവാൻ. ക്രിസ്തുവിന്റെ സ്പർശം കിട്ടിയ മരത്തടിയിൽ മുറുകെ പിടിച്ച അവന്റെ കാര്യങ്ങൾ ഒന്ന് കിട്ടിയിരുന്നെങ്കിൽ ഒരു ചുംബനം നൽകി വാഴ്വ് നേടാമായിരുന്നു. ക്രിസ്തുവിന്റെ മുറിവിൽ തൊട്ട വി. തോമാ ശ്ലീഹായുടെ കൈകൾ കണ്ടു നിന്ന ശിഷ്യന്മാർ പിടിച്ചു മുത്തി എന്നാണ് പാരമ്പര്യം, തിരുബലി അർപ്പിക്കുന്ന പുരോഹിതന്മാരുടെ കൈ മുത്തുന്ന രീതി നമുക്ക് നല്കിയല്ലോ.. ലോക സൃഷ്ടാവിനെ ഉദരത്തിൽ വഹിച്ചു, പ്രസവിച്ചു, മടിയിലിരുത്തി താലോലിക്കുവാൻ, തലോടുവാൻ, ശിരസ്സിൽ മുത്തം നൽകുവാൻ, അവസരം ലഭിച്ച ആ അപൂർവ്വ വനിത എത്ര അനുഗ്രഹീതമാണ്. ഒപ്പം വിനീതയാണ്.

ഒരു നല്ല മാതൃത്വത്തിന്റെ മഹത്വം അറിയുന്നത് നല്ല മക്കളിലൂടെയാണ്. ‘യഥാ മാതാ തഥാ പുതൃ’ എന്ന് വേണമെങ്കിൽ പറയാം. ക്രിസ്തുവിനോളം ഒരു നല്ല മകൻ ഈ പ്രപഞ്ചത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോൾ അതിശയോക്തിയിൽ പറയുന്നതല്ല. യേശു ക്രിസ്തുവിൻറെ ജീവിത ശൈലിയും സ്വഭാവ മഹിമയും കണ്ട് ആകൃഷ്ടയായ, സ്വയം മറന്നു പോയ ഒരമ്മ ജനക്കൂട്ടത്തിൽ നിന്നും നിയന്ത്രണം വിട്ടുപോയി. ആ ‘അമ്മ വിളിച്ചു പറഞ്ഞു , “നിന്റെ അമ്മയും നീ കുടിച്ച മുലകളും ഭാഗ്യമുള്ളവ.” നല്ല ഒരു മകന്റെ അമ്മയാകുവാൻ കഴിയാതെ പോയ ദുഃഖവും നിരാശയും ഘനീഭവിച്ച ഒരമ്മയുടെ വിലാപമാകാം ഒരു നല്ല മകനെ കണ്ടപ്പോൾ പുറത്തുവന്നത് എന്ന് പറയുമ്പോൾ തെറ്റിദ്ധരിക്കരുത്. മക്കളുടെ നല്ലതല്ലാത്ത ജീവിതത്തിൽ വിഷമം അനുഭവിക്കുന്ന അനേകം അമ്മമാർ മുൻപിൽ നിൽക്കുന്നതിനാലാണ്.. ക്ഷമിക്കുക. മാതൃത്വത്തിന്റെ ഉത്തമ ഭാവം കന്യക മറിയാമിലെന്നോളം മറ്റാരിലും നാം ഇത്ര നന്നായി കാണുന്നില്ല. ആ മാതൃത്വം വചനിപ്പ് മുതൽ ജനനം, വളർച്ച, യുവത്വം, ആശാരിപ്പണി, തെരുവിലെ അലച്ചിൽ , വഞ്ചികളിലെ ഉറക്കം, തിരസ്കരണം , കഷ്ടത, മരണം, ഉയിർപ്പു എങ്ങനെ പരന്നു വിസ്തൃതമായി കിടക്കുന്നു. അനുപമാണാ ജീവിതം. അതുല്യവും. നല്ല അമ്മമാർ വിരളമായ ലോകത്തിൽ നമുക്കൊരു നല്ല അമ്മയുണ്ട് എന്നെങ്കിലും മാതാവിനെ ചൂണ്ടി പറയരുതോ…
മാതൃത്വത്തിന്റെ അനുകരണനീയ മാതൃക ദൈവമാതാവിനെ ആദരിക്കുനത്തിലൂടെ വീണ്ടെടുക്കാം. ലോക സുഖത്തെ പ്രണയിക്കുന്ന സ്ത്രീത്വത്തിനു മറ്റൊരു മുഖം വി. മറിയാമിലൂടെ നൽകാം. ‘അമ്മ എല്ലാം നൽകി എരിഞ്ഞു തീരുന്നു. പുതിയതിനു ജീവനുണ്ടാകാൻ. ക്രിസ്തുവിൽ പുതിയ സൃഷ്ടിക്കു ജന്മം നൽകുവാൻ സ്വയം കത്തി എരിഞ്ഞ അമ്മേ , പ്രണാമം .