മലങ്കര ഒാര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ മെത്രാഭിഷേക രജതജൂബിലി നിറവില്‍. രജത ജൂബിലി ആഘോഷത്തിന് മാതൃ ഇടവകയായ വാഴൂര്‍ പള്ളിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 14-ന് വാഴൂര്‍ പള്ളിയിലാണ് ചടങ്ങുകള്‍. രാവിലെ ഏഴിന് പള്ളിക്കവാടത്തില്‍ മെത്രാപ്പോലീത്തായെ സണ്‍ഡേസ്കൂള്‍ കുട്ടികളും ശുശ്രൂഷകരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും. 7.15-ന് പ്രഭാത നമസ്ക്കാരം, 8.15-ന് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാന. 10.15-ന് പൊതുസമ്മേളനം വികാരി ഫാ. അലക്സി മാത്യൂസ് അദ്ധ്യക്ഷത വഹിക്കും.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസ് മുഖ്യപ്രഭാഷണവും മെത്രാപ്പോലീത്തായുടെ ഗുരു ടി.ടി. ചാക്കോ മുഖ്യ സന്ദേശവും നല്‍കും. മംഗളപത്ര സമര്‍പ്പണം സി.എം. സ്കറിയായും ഇടവകയുടെ സ്നേഹോപകാരം ട്രസ്റ്റി മനോജ് തോമസും സമര്‍പ്പിക്കും. 19-ന് ഉദ്ഘാടനം ചെയ്യുന്ന ഡോ. മാത്യൂസ് മാര്‍ സേവേറിയോസിന്‍റെ ജീവകാരുണ്യ പ്രസ്ഥാനമായ പ്രസന്നം സെന്‍ററിന് മാതൃ ഇടവകയുടെ സമ്മാനം ചടങ്ങില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന് . ചടങ്ങുകള്‍ക്ക് വികാരി ഫാ. അലക്സി മാത്യൂസ്, ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി അജീഷ് ഏബ്രഹാം ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.