നിരണം: ഗ്രീക്ക് ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ്പ് മാർ മക്കാറിയോസ് ജൂലൈ 31-ന് ഞായറാഴ്ച്ച വി.മാർത്തോമാശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളി സന്ദർശിച്ചു. അങ്കമാലി ഭദ്രാസനാധിപനും ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റുമായ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അർപ്പിച്ച വി.കുർബ്ബാനയിൽ മാർ മക്കാറിയോസ് സംബന്ധിച്ചു. തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ ഇടവക വികാരി റവ.ഫാ.ജിജി വർഗീസ് സ്വാഗതം ചെയ്തു. അസി. വികാരി റവ.ഫാ. പി.റ്റി.നൈനാൻ ആർച്ച് ബിഷപ്പിനെ ഹാരം അണിയിച്ച് സ്വീകരിച്ചു. ഇരു സഭകളുടെയും ആചാരാനുഷ്ഠാനങ്ങളിലുള്ള സാമ്യവും അതുപോലെ തന്നെ ആരാധനപരമായ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്നും കർത്താവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്ന ഞായറാഴ്ച്ചകളുടെ നിത്യാരാധനയാണ് ആരാധനകളിൽ ശ്രേഷ്ഠം എന്ന് സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന്, ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയുണ്ടായി. കോട്ടയം വൈദിക സെമിനാരി പ്രൊഫസർ റവ.ഫാ.ഏബ്രഹാം തോമസും, റവ.ഫാ.അശ്വിൻ ഫെർണാണ്ടസും ആർച്ച് ബിഷപ്പിനെ അനുഗമിച്ചു. തുടർന്നു, മാർ മക്കാറിയോസും മാർ പോളിക്കാർപ്പോസും ചേർന്ന് ജനങ്ങളെ ആശീർവദിക്കുകയും കൈമുത്തിക്കുകയും ചെയ്തു. ആരാധനയ്ക്കു ശേഷം മാർ മക്കാറിയോസ് A.D. 54-ൽ വി.മാർത്തോമാശ്ലീഹാ നിരണത്ത് പായ്ക്കപ്പലിൽ വന്നിറങ്ങിയ തോമത്ത് കടവ് സന്ദർശിക്കുകയുണ്ടായി.