മാധ്യമ പ്രേവർത്തകൻ ശ്രീ സനലിന്റെ സംസ്കാരം മുണ്ടക്കയം പള്ളിയിൽ വൻ ജനാവലിയെ സാക്ഷിനിർത്തി അഭി .യൂഹാനോൻ മാർ പോളിക്കാർപ്പോസ് ,അഭി.
യൂഹാനോൻ മാർ ദിയസ്‌കോറോസ് എന്നി പിതാക്കൻമാരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു …നേരിന്റെ ഭാഗത്തു നിന്നു ത്യാഗപൂർണ്ണമായ ജീവിതം സമർപ്പിച്ചു സനൽ പോയത് ഇനിയും പൂർത്തീകരിക്കാത്ത തന്റെ സ്വപ്നങ്ങൾ ബാക്കി വെച്ചു
കോട്ടയം: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനലിനുവേണ്ടി മനം മുരുകി പ്രാര്‍ത്ഥിച്ച എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കികൊണ്ട് മരണത്തിന് കീഴടങ്ങി.
ന്യൂസ് 18 ടിവി ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടര്‍ വണ്ടന്‍പതാല്‍ പുളിക്കച്ചേരില്‍ സനില്‍ഫിലിപ് (33) ആണു മരിച്ചത്. നേരത്തെ റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ടിവി ചാനലുകളിലായി ന്യൂഡല്‍ഹി, കോട്ടയം, ഇടുക്കി, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വൈക്കം ഇന്ത്യോ-അമരിക്കന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ 20ന് കോരുത്തോട് റൂട്ടിലെ പത്തുസെന്റില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് സനിലിനു പരുക്കേറ്റത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം നാളെ(വ്യാഴം)ഉച്ചകഴിഞ്ഞ് രണ്ടിന് പൈങ്ങന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.ഇന്ന് രാവിലെ 11.30മണിയോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം പ്രസ്‌ക്‌ളബ്ബില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും തുടര്‍ന്ന് മുണ്ടക്കയത്തെ വിട്ടിലേയ്ക്ക് മൃതദേഹം കൊണ്ടു പോകും.
Deepu Mattappally with Sanil Philip.
മലയാള വാര്‍ത്താമാധ്യമരംഗത്ത് സ്വന്തം ഇടം കുറഞ്ഞ കാലം കൊണ്ട് അടയാളപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുള്ള മുണ്ടക്കയംകാരനാണ് സനില്‍ ഫിലിപ്പ്. ജയ്ഹിന്ദില്‍ തുടങ്ങി റിപ്പോര്‍ട്ടര്‍ ചാനല്‍ ,തുടര്‍ന്ന് നൃൂസ് 18 ചാനല്‍ വരെ.ഓട്ടോറിക്ഷ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
സജീവതയായിരുന്നു സനിലിന്റെ ജീവിതനയം. ഇടപെടലുകള്‍ ആയിരുന്നു കൊടിയടയാളം. ശ്രദ്ധിക്കപ്പെടാതിരുന്ന നൂറുകണക്കിന് സംഭവങ്ങള്‍ സനില്‍ പൊടിതട്ടി, വിളക്കി സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. അതില്‍ പലതിനും പരിഹാരമായപ്പോള്‍ പല ജീവിതങ്ങളും ചലനാത്മകങ്ങളുമായി.
പ്രമുഖരുടെ ചുറ്റുവട്ട വാര്‍ത്തകളോ രാജ്യാന്തര പ്രശ്‌നങ്ങളോ ആയിരുന്നില്ല സനിലിന്റെ വാര്‍ത്താവിഭവങ്ങള്‍. ജീവിതവേഗത്തിനിടയില്‍ കിതച്ചു തളര്‍ന്ന അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സനില്‍ സ്വന്തം വേദന പോലെ ഏറ്റെടുത്തു. കണ്ടതും പരിചയിച്ചതും വളര്‍ന്നതുമെല്ലാം അത്തരം ചുറ്റുപാടിലായിരുന്നതിനാല്‍ സനിലിന് അതെല്ലാം നിര്‍ബന്ധപൂര്‍വ്വം കൊടുക്കേണ്ട വാര്‍ത്തകളുമായി.
സാമ്പത്തിക പരാധീനത കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കുടുംബപശ്ചാത്തലത്തിലായിരുന്നു സനിലിന്റെ ജീവിതം മുന്നോട്ടുപോയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിൽ ബിഎ ചരിത്രവിദ്യാര്‍ഥിയായിരിക്കെ, കോളേജ് യൂണിയന്‍ ചെയര്‍മാനായി. ബിരുദത്തിനു ശേഷം കോട്ടയം പ്രസ്‌ക്ലബില്‍ ജേണലിസം കോഴ്‌സിന് ചേരാന്‍ സാമ്പത്തികക്ലേശം വിലങ്ങുതടിയായപ്പോള്‍, തുണയായി വന്നത് പൈങ്ങന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി പി. കെ. കുര്യാക്കോസ് എന്ന ഷാജി അച്ചൻ.
സനിലിന്റെ വാര്‍ത്തകളുടെ സൂത്രവാക്യം സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിക്കൊടുത്തു. സമയവും കാലവും നേരവും ഒന്നുമില്ലാത്ത റിപ്പോര്‍ട്ടിങ്. ഒരു വാര്‍ത്ത അറിഞ്ഞാല്‍ അതിനൊരു തീര്‍പ്പുണ്ടാവുന്നതു വരെ പുറകെ ഭ്രാന്തമായ ഓട്ടം. വിവിധ ദൃശൃമാധ്യമങ്ങളിലായി ഡല്‍ഹി, കൊച്ചി, ഇടുക്കി, കോട്ടയം എന്നിവടങ്ങളിലെല്ലാം ജോലി ചെയ്തു.
കഞ്ചാവുകേസുകള്‍ സാധാരണ വാര്‍ത്തയായി അസ്തമിക്കുമ്പോള്‍ ജീവസ്സുറ്റ ദൃശ്യങ്ങള്‍ക്കായി സനല്‍ പോലീസിനൊപ്പം സഞ്ചരിച്ചു. കോട്ടയം നഗരപ്രാന്തത്തിലെ ഒരു സ്‌കൂളിലെ കുട്ടികളെ ഉപയോഗിച്ചുളള കഞ്ചാവുവില്‍പനയുടെ ഭീകരത ജനങ്ങളിലേക്ക് എത്തിച്ചത് ഇതിലൂടെയാണ്. വടവാതൂര്‍ സപ്ലൈകോയില്‍ പുലര്‍ച്ചെ ആരുമറിയാതെ പഴകിയ സാധനങ്ങള്‍ നശിപ്പിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ഉറക്കം ഉപേക്ഷിച്ച് കാത്തിരുന്ന് അതിന്റെ ദൃശ്യങ്ങളടക്കം വെളിച്ചത്തു കൊണ്ടുവന്നതും സനിലിലെ റിപ്പോര്‍ട്ടറാണ്. സഹകരണബാങ്ക് തട്ടിപ്പ്, പാലായിലെ അനാഥമന്ദിരത്തിന് പിന്നിലെ ദുരൂഹതകള്‍, ഇങ്ങനെ പല സംഭവങ്ങളുടെയും പുറകെ നിരന്തരം യാത്രചെയ്ത് സനല്‍ ഫിലിപ്പ്, ചോദ്യങ്ങള്‍ ചോദിച്ചു… ഉത്തരങ്ങളും കണ്ടെത്തി. അത് അധികാരികള്‍ കണ്ടു, ചിലര്‍ കേട്ടു, ചിലതിന് പരിഹാരമായി, പരിഹാരം കാണാത്തതിന് പിന്നാലെ സനില്‍ മടുപ്പില്ലാതെ വീണ്ടും ഓടി.
വാര്‍ത്താസമ്മേളനങ്ങളിലും സനിലിന്റ ചോദ്യശരങ്ങളുണ്ടാവും. രാഷ്ട്രീയ, സാമുദായിക, സാമൂഹിക പരിഗണനകള്‍ക്ക് അവിടെ ഇടമില്ല. എന്തും ചോദിക്കാനുള്ള ആര്‍ജ്ജവം സനല്‍ എന്ന റിപ്പോര്‍ട്ടറുടെ സവിശേഷതയായി.