ആരാധനാ-കൂദാശ ഗാനമത്സരം ‘മാനീസോ’സംഘടിപ്പിച്ചു

മാനീസോ 2016 - Winner

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘മാനീസോ 2016’എന്ന നാമധേയത്തിൽ രണ്ടാമത് ആരാധനാ-കൂദാശ ഗാനമത്സരം സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമ്പരാഗതമായ ആരാധനാ-കൂദാശഗീതങ്ങളുടെ തനിമ നിലനിർത്തി കൊണ്ട്‌, സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയിലെ പ്രാർത്ഥനായോഗങ്ങളെ ഉൾപ്പെടുത്തി, മെയ്‌ 20, വെള്ളിയാഴ്ച്ച വൈകിട്ട്, അബ്ബാസിയ സെന്റ്‌ ജോർജ്ജ്‌ ചാപ്പലിൽ വെച്ച്‌ നടന്ന മത്സരത്തിൽ 13-ഓളം ടീമുകൾ പങ്കെടുത്തു.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടി, അബ്ബാസിയ സെന്റ് ഇഗ്നേഷ്യസ് പ്രാർത്ഥനായോഗം, കാതോലിക്കേറ്റ്‌ രത്നദീപം പുത്തൻകാവിൽ ഗീവർഗ്ഗീസ്‌ മാർ പീലക്സിനോസ്‌ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫി കരസ്ഥ മാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ, സെന്റ് ഗ്രീഗോറിയോസ്-അബ്ബാസിയ, സെന്റ് ബെഹനാൻസ്-അബ്ബാസിയ എന്നീ പ്രാർത്ഥനായോഗങ്ങൾക്ക് യഥാക്രമം, കൊരട്ടി യൂഹാന്നോൻ മാർ സേവേറിയോസ്‌ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും, ഇയ്യോബ്‌ മാർ പീലക്സിനോസ്‌ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും ലഭിച്ചു. സമ്മാനാർഹരായ ടീമംഗങ്ങൾക്ക് വ്യക്തിഗത മെഡലുകളും സമ്മാനിച്ചു.

അഹമ്മദി സെന്റ് തോമസ് ഇടവക മുൻ-വികാരി ഫാ. എബ്രഹാം പി. ജോർജ്ജ് പാറമ്പുഴ, സെന്റ് സ്റ്റീഫൻ സ് ഇടവക വികാരി ഫാ. സഞ്ചു ജോൺ, ഫാ. ഗീവർഗീസ് ജോൺ, അഹമ്മദി ഇടവക ക്വൊയർ മാസ്റ്റർ കുര്യൻ സക്കറിയ എന്നിവർ വിധികർത്താക്കളായിരുന്നു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇടവകവികാരിയും, യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. രാജു തോമസ്‌അദ്ധ്യഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ അനീഷ് തോമസ് സ്വാഗതവും, യുണിറ്റ് സെക്രട്ടറി അജിഷ് തോമസ് നന്ദിയും പ്രകാശിപ്പിച്ചു.  ഇടവക ട്രഷറാർ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോൺ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി എബ്രഹാം , യുണിറ്റ് ലേ വൈസ് പ്രസിഡണ്ട്‌ അബു തോമസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.