വെളിച്ചം നൽകുന്ന വൈദികൻ…

fr_abraham_mathew

വിശ്വാസികൾക്കു മാത്രമല്ല സമൂഹത്തിനാകെ വെളിച്ചം നൽകാനുള്ള ധന്യമായ ദൗത്യമാണ് ഫാ. ഏബ്രഹാം മാത്യു എടയക്കാട്ടിൽ കോറെപ്പിസ്കോപ്പയുടെ വൈദിക ജീവിതം. കണ്ണിനു വെളിച്ചമില്ലാത്ത ആയിരങ്ങൾക്ക് വെളിച്ചം നൽകിയ കാര്യമ്പാടി കണ്ണാശുപത്രിയുടെ ചരിത്രം തന്നെയാണ് ഇദ്ദേഹത്തിന്റെയും ചരിത്രം.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദികരിലൊരാളായ ഫാ. ഏബ്രഹാം മാത്യു എടയക്കാട്ടിൽ വൈദിക വഴിയിൽ അൻപതാണ്ട് പിന്നിടുകയാണ്. വിശിഷ്ട സേവനത്തിന് സഭയുടെ കോറെപ്പിസ്കോപ്പ പദവി ലഭിച്ച ഇദ്ദേഹം മലബാർ ഭദ്രാസനത്തിലും ബത്തേരി ഭദ്രാസനത്തിലും വൈദിക സംഘം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ബത്തേരി ഭദ്രാസന സെക്രട്ടറി പദവി ഉൾപ്പെടെ സഭയുടെ സുപ്രധാന പദവികൾ വഹിച്ചു. ദൈവ വേലയായി തന്നെയാണ് കാര്യമ്പാടി കണ്ണാശുപത്രിയുടെ പ്രവർത്തനങ്ങളെയും ഇദ്ദേഹം കാണുന്നത്. 1972ൽ ഇദ്ദേഹം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ആരംഭിച്ച മലബാർ ഭദ്രാസന മെഡിക്കൽ മിഷനാണ് ഇന്നത്തെ കാര്യമ്പാടി കണ്ണാശുപത്രിയായത്.

തുടക്കം മുതൽ ആശുപത്രിയുടെ ഗവേണിങ് ബോർഡ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലായി 558 നേത്രപരിശോധന ക്യാംപുകൾ നടത്തി ആയിരങ്ങൾക്ക് സൗജന്യചികിത്സ നൽകി. അയ്യായിരത്തിലേറെ പേർക്ക് കണ്ണടകൾ സൗജന്യമായി നൽകി. വൻ ചെലവു വരുന്ന നേത്രശസ്ത്രക്രിയ ഇതിനോടകം ആയിരങ്ങൾക്ക് സൗജന്യമായി ചെയ്തു നൽകി. കാരുണ്യവഴിയിൽ കാര്യമ്പാടി കണ്ണാശുപത്രി നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എടയക്കാട്ടിൽ അച്ചന്റെ കയ്യൊപ്പുണ്ട്. എറണാകുളം ജില്ലയിലെ പിറവംകരയിൽ എടയക്കാട് എ.സി. മാത്യു വൈദ്യന്റെയും അന്നമ്മ മാത്യുവിന്റെയും മകനായ ഇദ്ദേഹം വയനാട്ടിലെ നിരവധി ഇടവകകളിൽ സേവനം ചെയ്തു. പുതിയ ഇടവകകൾ സ്ഥാപിക്കാനും ദേവാലയങ്ങൾ സ്ഥാപിക്കാനും നേതൃത്വം നൽകി.

മലങ്കരസഭയിലെ കക്ഷിവഴക്കുകൾ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾക്കും നേതൃത്വപരമായ പങ്കുവഹിച്ചു. സഭയുമായി സഹകരിക്കുന്ന വിവിധ സംഘടനകളിൽ നിന്നു ഫണ്ടുകൾ സമാഹരിച്ച് നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനും ഭവനരഹിതർക്ക് വീടു വച്ചു നൽകുന്നതിനും ചികിത്സാസഹായവും പഠനസഹായവും നൽകുന്നതിനും ഇദ്ദേഹം പരിശ്രമിച്ചു. ഇപ്പോൾ കണിയാമ്പറ്റ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, തൃക്കൈപ്പറ്റ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി എന്നിവയുടെ വികാരിയാണ്. സാമൂഹികസേവനം തുടരുന്നതിനൊപ്പം തന്നെ കാര്യമ്പാടി കണ്ണാശുപത്രിയെ മലബാറിലെ തന്നെ മികച്ച കണ്ണാശുപത്രിയാക്കുന്നതിനും പണമില്ലാത്തതിനാൽ അന്ധത സഹിക്കേണ്ടിവരുന്നവരെയെല്ലാം വെളിച്ചത്തിന്റെ വഴിയിലേക്കു നയിക്കുകയുമാണ് ഭാവി സ്വപ്നമെന്ന് ഇദ്ദേഹം പറയുന്നു.

Source